വിവർത്തനം : ഡോ രോഷ്നി സ്വപ്ന
മിരോസ്ലാ ലൈയുക് ന്റെ കവിതകൾ
Myrosla Laiuk
1
വെളുപ്പ്
നീലിച്ച
ഒരു തടാകത്തിനടുത്തുള്ള
ഇരുണ്ട രാത്രിയുടെ
നടുവിൽ
ഒരു മഞ്ഞ ഇരുമ്പ് വണ്ടി വന്നു നിന്ന്
എന്നെ കൂട്ടിക്കൊണ്ടുപോകുന്നു.
എവിടെയാണെന്നത്
എനിക്ക്
പ്രശ്നമല്ല-
ഞാൻ ഈ കൈവരി
പിടിക്കും
ഒഴിഞ്ഞ കുപ്പി പോലെ
ഈ ലോകത്ത്
തടഞ്ഞു വീഴാതിരിക്കാൻ…
വീണു ചിതറാതിരിക്കാൻ…
ശ്രമിക്കും.
കച്ചവടക്കടലിലേക്ക്…
എന്നെ കൊണ്ട് പോകുകയാണ്
എനിക്കറിയാവുന്നതും
എന്നാൽ
കാണാൻ കഴിയാത്തതുമായ
കെട്ടിടങ്ങൾ
കടന്നുപോയി…
കഴിഞ്ഞ നൂറ്റാണ്ടിൽ
കൊഴിഞ്ഞുപോയ
പോപ്ലർ മരങ്ങൾ കടന്നു പോയി
ഉറങ്ങുന്ന ആളുകളെ
മറികടന്നുപോയി….
അങ്ങോട്ടും ഇങ്ങോട്ടും
പായുന്ന
മൂന്ന്
കീരികളെ
കടന്നു പോയി.
അതെല്ലാം എന്റേതായിരുന്നു!
അതെല്ലാം എന്റേതായിരുന്നു?
ഈ വിരലുകൾ മാത്രം എന്റേതായിരുന്നില്ല
വെളുത്ത ഈ
അഞ്ച്
വിരലുകൾ
2
ദ്വീപ്
വിജനമായ
ഒരു പർവത നഗരത്തിൽ
ഞാൻ
കാറ്റിന്റെ പുഴകളെ
കണ്ടു
മേഘങ്ങളുടെയും
പർവതശിഖരങ്ങളുടെയുമിടയിൽ ഓടിക്കളിക്കുന്നു.
കാറ്റിന്റെ
കല്ലുകൾ കൊണ്ട്
കാറ്റുമീനുകളെ കൊണ്ടുപോകുന്നു-
മുങ്ങിമരിച്ച
കാറ്റിന്റെ കടൽക്കളകളെ
കാറ്റുമനുഷ്യർ!
ഒരു ദിവസം ഞാൻ
ആകാശത്തിന്റെ
മേൽക്കൂരയിലേക്ക്
കയറും
ഏറ്റവും ഉയരമുള്ള
അംബരചുംബികൾക്കൊപ്പം
ഒരു കാറ്റ് ചാമരം കെട്ടി
ഞാൻ കപ്പൽ കയറും.
ഭൂഖണ്ഡത്തിന്റെ അവസാനം വരെ
കാറ്റിന്റെ കടൽ എവിടെയാണ്
തുടങ്ങുന്നത്?
അതിന്റെ അരികിൽ
ഒരു ദ്വീപുണ്ട് –
നിങ്ങൾക്ക്
അതിനെക്കുറിച്ച്
ഒന്നും അറിയില്ല.
3
കാരമുള്ള് വിതക്കുക
എന്റെ പേര്
എന്നിൽ നിന്ന്
ഒഴിവാക്കുക.
വിതക്കുക കാരമുള്ള്…
എനിക്ക്
നീയാകണം
കുറുക്കന്മാരെയും
മാനുകളെയും
അവരുടെ
കാലുകൾ കോർത്ത്
എനിക്ക്
പിടിക്കണം
അല്ലാതെ
അവരെ പേടിപ്പിക്കാൻ വേണ്ടിയല്ല
തൂവലുകളെപ്പോൽ
കനം കുറഞ്ഞു
കെട്ടിരിക്കുന്നവരോട്
എനിക്ക് പറയാൻ
എന്റെ വേരുകൾ കണ്ട
സ്വപ്നങ്ങൾ ഉണ്ട്
നരച്ച പാമ്പിനെ
എന്റെ മടിയിൽ
ഒളിപ്പിക്കാനും
അവളുടെ കുട്ടികളെ
പൊതിഞ്ഞു പിടിക്കാനും
എനിക്ക് ആഗ്രഹമുണ്ട്
ഭൂമിക്കടിയിൽ
വണ്ടിൻ കൂട്ടങ്ങൾ
മേഞ്ഞുനടക്കുന്നിടം….!
ചുവന്ന വയറുകളുള്ള
നിശാശലഭങ്ങൾ….!
ചാരനിറത്തിലുള്ള
ചിറകുകൾ അപ്രത്യക്ഷമാകുന്നു.
ഒരു വെട്ടുകിളിയുടെ ഹൃദയമിടിപ്പ്
എങ്ങനെ
ഒരു പുല്ലാങ്കുഴൽ തുളയിലൂടെ
കടന്നു പോകുന്നു?
കരടികൾക്കും
കാക്കകൾക്കും
കൈകൊണ്ട്
ഭക്ഷണം നൽകണം എനിക്ക്
എനിക്ക് ഞാനാകണം
ബോറിസ് കേർസൻസ്കിയുടെ കവിതകൾ
Boris Khersonsky
1.
കൈറി
കർത്താവേ,
ഞങ്ങളോട്
കരുണയുണ്ടാകണമേ,
നീ
ഞങ്ങൾക്കുള്ളവനെങ്കിൽ
ആർക്കാണ്
ഞങ്ങൾക്ക് എതിരായി
നിൽക്കാൻ കഴിയുക?
ക്രിസ്തുവേ,
ഞങ്ങളോട് കരുണയുണ്ടാകണമേ
പ്രത്യേകിച്ചും
നമ്മുടെ മണിക്കൂറുകൾ
എണ്ണപ്പെട്ടിട്ടുണ്ടെങ്കിൽ.
കർത്താവേ,
ഞങ്ങളോട് കരുണയുണ്ടാകണമേ,
പ്രത്യേകിച്ച് യുദ്ധത്തിന്റെ നാളുകളിൽ…
കൈറി എലിസൺ.
ക്രിസ്റ്റെ എലിസൺ
കൈറി എലിസൺ
2
ധർമ്മ സിദ്ധാന്തം
ദൈവം മാത്രമാണ് സത്യം
എന്ന് ഞാൻ വിശ്വസിക്കുന്നു,
അവൻ സ്വന്തം ഉടമസ്ഥനാണ്.
അവൻ സൃഷ്ടിച്ച
സമാധാനമാണ് അവൻ,
അവൻ ലോകത്തെ
പ്രകാശിപ്പിക്കുന്ന
പ്രകാശമാണ്,
യുദ്ധക്കൊടികൾ പറക്കുമ്പോൾ
അവനാണ്
അവരുടെ കാറ്റ്.
കറുത്ത കോൺക്രീറ്റ് തുളകളിൽ നിന്ന്
റോക്കറ്റുകൾ പറക്കുന്നു.
അദൃശ്യലോകം
കാഴ്ചയിൽ ലോകത്തെ ആക്രമിക്കുന്നു.
പ്രപഞ്ചത്തിൽ
ഈ ദൈവം ജഡമായിത്തീർന്നു
എന്ന് ഞാൻ വിശ്വസിക്കുന്നു.
ശിൽപത്തിലും
ക്യാൻവാസിലും
കുരിശിലും തറച്ചതാണ്
കൃത്യസമയത്ത്
ഉയിർത്തെണീറ്റതാണ്,എന്നിട്ടും
സമയത്തിനുള്ളിൽ,
സ്ഥലത്തിന് പുറത്ത്,
ഒരു കുന്നിൻ മുകളിൽ,
രണ്ട് കള്ളന്മാർക്കിടയിൽ,
ഭൂമിയോളം
പക്ഷേ, പ്രധാന ദൂതന്റെ
ഞാണിന്മേൽ
കളിക്കുമ്പോൾ,
ശവക്കുഴികൾ
ഉടനെ തുറക്കും.
അസ്ഥികൂടങ്ങൾ
നമ്മുടെ കൺമുന്നിൽ
ഉയർന്നുവരും
അവർ പേശികളും
പിന്നീട് ചർമ്മത്തിന്റെ
ഒരു മൂടലും വളർത്തും,
ആ വിഭ്രമത്തിലവർ
യുദ്ധക്കളം
ചവിട്ടുകയും ചെയ്യും
എല്ലായ്‌പ്പോഴും,
എന്നേക്കും,
എല്ലാ കാലാവസ്ഥകളുടെയും
കിടങ്ങുകളുടെയും
കിടങ്ങുകൾക്ക്,
വിഹിതങ്ങൾക്ക്
..
വാസിൽ മഖ്നോയുടെ കവിതകൾ
vasil makhno
1
താളപ്പെരുക്കം
അമ്മേ
ആഫ്രിക്കാ
നിന്റെ ജാസിന്റെ
താളം തീർക്കുന്ന ഭാഷയിൽ…
ശബ്ദങ്ങളുടെ പെരുമഴയിൽ –
വിറയ്ക്കുകയാണ്
നിന്റെ
ബഹുസ്വരതയിൽ -…
കിളിമഞ്ചാരോയിലെ
ശാന്തമായ മഞ്ഞിൽ -…
സാക്‌സഫോണിന്റെ
ആനക്കൊമ്പ് പോലുള്ള.
കുഴലിൽ നിന്ന്
ആത്മീയതയുടെ
വാഞ്ഛ ഒഴുകുന്നു.
എച്ചിൽകുഴിയിൽ –
ഉപേക്ഷിക്കപ്പെട്ട
കെട്ടിടങ്ങളുടെ ദുർഗന്ധം -…
നിങ്ങളുടെ കുട്ടികളുടെ
അടങ്ങാത്ത
വിശപ്പിന്റെ
ഒരിക്കലും ശമിക്കാത്ത
കുടലിലൂടെ
നിങ്ങളെപ്പോഴും
പ്രതീക്ഷിക്കുന്ന
പെൺമക്കളിലൂടെ…
ആഫ്രിക്കാ…
നിങ്ങളുടെ കണ്ണിലെ കറുത്ത ഒലിവ് –
മുടിയുടെ കറുത്ത മഴ
നിങ്ങളുടെ പെൺമക്കൾ..
2
ജലഗീതം
ഓരോ മഴവില്ലും
വെള്ളം കുടിക്കുന്നു.
മത്സ്യം കാറ്റിൽ പറക്കുന്നു
ലോകത്തിലെ
ആഴമേറിയ സമുദ്രങ്ങൾ
തമോദ്വാരം –
ചിന്തയുടെ പൊടിപടലം –
നമ്മുടെ കയ്യിൽ നിന്ന്
മീൻ വഴുതി –
അഞ്ച് അപ്പത്തിന്
പകരമായി,മാറുന്നു
സങ്കടകരമായ
ഒരു നോട്ടത്തിന്
പകരമായി
വെളുത്ത നിറം പൂശിയ
കപ്പൽ പോലെ വിളറി….
കടലാമകളെപ്പോലെ
മറിഞ്ഞുകിടക്കുന്ന
വള്ളങ്ങളിലാണ്
മത്സ്യത്തൊഴിലാളികൾ
എത്തുന്നത്
പഴയ കാലത്തെക്കുറിച്ച്
പിറുപിറുക്കുന്നവർ:
വെള്ളത്തിന്റെ തുള്ളി,
നനഞ്ഞ മണം,
ഉപ്പിന്റെ തരികൾ
വിചിത്രമായ കണ്ണാടി മീനുകൾ
കടൽ തീരത്തെ മൂടുന്നു.
തോണികളുടെ കരച്ചിൽ…
– കാറ്റ് അവരുടെ വാരിയെല്ലുകൾ
ഉണക്കുന്നു
പച്ച വലകൾ…
മരമല്ല…
നിഴലിൽ ചുഴല് പോലെ…
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.