(ഡോ.ആസാദിൻ്റെ ഉടലഴിക്കുമ്പോൾ എന്ന കവിതാ സമാഹാരത്തിൻ്റെ വായന )
ഡോ. സന്തോഷ് വള്ളിക്കാട്
കവിതയിലേക്ക് ആസാദ് വീണ്ടും വരുന്നു. അസാദ് മലയാറ്റിലിൻ്റെ രണ്ടാം വരവ് ഉടലഴിച്ചു വെച്ചാണ്. ഉടൽ ഉയിരാകുന്ന ജീവിതാവബോധത്തിൻ്റെ നേർക്കാഴ്ച്ചയാണ് ” ഉടലഴിക്കുമ്പോൾ ” എന്ന കവിതാ സമാഹാരത്തിലെ കവിതകൾ .ഈ ഉടൽ ബോധ്യങ്ങൾ ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷം ആസാദിൻ്റ കവിതയുടെ കരുത്തായി മാറുന്നതും പുതിയ ചിന്തയുടെ ഉടലറിവായി മാറുന്നതും കാണാം ഈ സമാഹാരത്തിൽ.
ശരീരം ഒരു ഭാഷയാണ്. ആശയ സംവേദനം സാധ്യമാക്കുന്നതോടൊപ്പം മനുഷ്യാവസ്ഥകളുടെ പ്രതിഫലനം കൂടിയാണ് ആ ഉടൽ. ആശയവിനിമയത്തിലെ ഭാഷയിൽ നിന്ന് വ്യത്യസ്തമായി അത്ര പെട്ടന്ന് ഒളിച്ചുവെക്കാനോ കള്ളം പറയാനോ കഴിയാത്തതുമാണ് ശരീരഭാഷ. അധികാരത്തിൻ്റെയും അക്രമണത്തിൻ്റെയും ഇരയുടെയും വേട്ടക്കാരൻ്റെയും ഉടൽ ഭാഷകളിൽ ഈ വ്യത്യസ്തത നിഴലിക്കും.
“ഉടൽ പോലെ ഭ്രമിപ്പിക്കുന്നില്ല മറ്റൊന്നു,മതു
വാസനാ പാഠങ്ങളെ മൂടുമൊരു മേൽഭാഷ”
ഉടൽപ്രപഞ്ചത്തെ പൂർണ്ണമായി ആവിഷ്ക്കരിക്കാൻ കഴിയാത്ത ഭാഷയെക്കുറിച്ചാണ് ” മറുഭാഷ” യിൽ കവി സൂചിപ്പിക്കുന്നത്. ഇതിൽ അനുഭവ ശരീരത്തിൻ്റെ ഭാഷയെ കവി ആശ്ലേഷിക്കുന്നുണ്ട്.
“ഉടലിൽ കാണുന്നില്ല ജാതിയും ലിംഗവും
വംശ ചിഹ്നവും എന്തു പേരിട്ടു വിളിച്ചി –
ട്ടെന്തെ, ന്തിലും സന്ദേഹം ”
ഉടലിൻ്റെ ഉടുപ്പായ ഭാഷയിൽ കാണുന്ന ഓരോ സാമൂഹിക ചിഹ്നങ്ങളേയും ഈ കവിതകൾ വിശകലന വിധേയമാക്കുന്നു.
” ഉടുപ്പുമാറ്റുമ്പോൾ
നടപ്പു മാറുന്നു ” എന്നു പറയുന്ന കവി
” അവളെയടുപ്പിച്ചോൻ വ-
ന്നഴിച്ചില്ല ചാർത്തുകൾ ” എന്നും കൂട്ടിച്ചേർക്കുന്നു. ഉടുപ്പും ഉടലും തമ്മിലുള്ള സംഘർഷങ്ങൾ അങ്ങനെ കവിതയുടെ മുഖ്യധാരയായി പരിണമണമിക്കുന്നു.
ബന്ധങ്ങളുടെ അതിർവരമ്പുകളെ മറികടന്നു കൊണ്ട് ഭാഷയിലൂടെ ഉടൽ രൂപങ്ങളെ ആവിഷ്ക്കരിക്കാൻ ദൃശ്യ ബിംബങ്ങളെ ഉൾച്ചേർക്കാൻ പല കവിതകളിലും കവി പരിശ്രമിക്കുന്നുണ്ട്. ഉടൽ ഒരു രതി ചിഹ്നത്തിനപ്പുറം മനുഷ്യൻ്റെ സ്വത്വാവിഷ്ക്കാരത്തിൻ്റെ രൂപകമെന്നതിനുമപ്പുറം നമ്മിലേക്ക് നോക്കി നമ്മോട് തന്നെ സംവദിക്കുന്ന അനുഭവമായി മാറുന്നു.
ഈ സമാഹാരത്തിലെ കവിതയിലെ ഭാഷ ആശ്ചര്യമുളമാക്കുന്നതാണ്. അത് ഒരു മഹാഖ്യാനമാണ്. മേഘവിസ്ഫോടനമാണ്. എല്ലാ സങ്കല്പനങ്ങളേയും ഭാഷയിലൂടെ അവതരിപ്പിക്കാൻ ശ്രമിക്കുമ്പോഴുള്ള വിനിമയ പ്രതിസന്ധിയുടെ പരിഹാരം കാണുന്ന ഭാഷ കൂടിയാണിത്. “മഴ തോരുമ്പോൾ ” എന്ന ആദ്യ കവിത തന്നെ ഇതിന് ഉദാഹരണമാണ്. മാവു മഴ, പ്ലാവു മഴ, നെല്ലിമഴ തുടങ്ങി സൈബർ മഴയിലൂടെ മഴപ്പൊരുൾ തേടുന്ന ദൃശ്യാനുഭവത്തെ കോർത്തെടുക്കുന്നു.
“ഒട്ടിക്കിടക്കുമിലകൾ പോലല്ലയോ
ഇരുവരമർന്നു കിടക്കുന്നൂ
ഇരുഗാത്രമില്ലവയൊറ്റപ്പടർപ്പിലേ
യ്ക്കൊരു നാളമായിയെരിഞ്ഞൂ ” (ഒട്ടൽ )
ഇങ്ങനെ ശരീരവും ഭാഷയും തമ്മിലുള്ള ഒട്ടൽ സാധ്യമാക്കുകയാണ് അനുഭവലോകത്ത് ഈ സമാഹാരത്തിലെ ഓരോ കവിതയും
“എനിക്കിനി ഒന്നും പറയാനില്ല
അത്രയേറെ പറഞ്ഞു കഴിഞ്ഞു
വെള്ളത്തിലെ വര
മാഞ്ഞു പോയിരിക്കുന്നു.
അതിലൂടെ ഒരു മീൻ
ചാടിച്ചാടി കടന്നു പോയി ”
നേരിൻ്റെ മാർഗ്ഗത്തിൽ പാച്ചിലും പറച്ചിലുമായി കടന്നു പോയ കാലത്തെ “വാസ്തവം” എന്ന കവിത ഓർക്കുന്നു. വെള്ളത്തിൽ വരച്ച വരകൾ പോലെ അവ മാഞ്ഞു പോകുന്നു – ഈ അപരത്തെ കണ്ടെത്തിയാണ് ആസാദ് എന്ന കവി തിരിച്ചെത്തുന്നത് എന്നതാണ് വാസ്തവം.
“നീ സംസാരിച്ചുകൊണ്ടിരുന്നത്
എനിക്ക് പരിഭാഷപ്പെടുത്തുക വയ്യ
അവൾ പറഞ്ഞു
നിനക്ക് പറയാനുള്ളതെല്ലാം
നിൻ്റെ ഉടലിളക്കങ്ങളിലുണ്ട് ”
” നഗ്നം “എന്ന കവിത ഒരു ഒളിമറയുമില്ലാതെ ശരീര ഭാഷയെ വ്യാഖ്യാനിക്കുന്നു. ഉടൽ മഴയെ കുറിച്ച് “മഴ തോരുമ്പോൾ ” എന്ന കവിതയിൽ ആവിഷ്കരിക്കുന്നത് വാക്കിലേക്ക് പകർത്താൻ കഴിയാത്ത ജലധാരയായിട്ടാണ്.
മനുഷ്യൻ്റെ ഉടൽ നീതിബോധത്തെ വ്യാഖ്യാനിക്കാൻ ശ്രമിക്കുകയാണ് ആസാദ് ഈ കവിതകളിലൂടെ. ഒറ്റപ്പെടലിൻ്റെ നിസ്സഹായതയും, മണ്ണിലേക്കും പ്രകൃതിയിലേക്കും വികസിക്കുന്ന മാനവികതയും ഈ കവിതകളെ വേറിട്ടുനിർത്തുന്നു .
“അകത്തവനെ ഞാൻ തളയ്ക്കുകയില്ല
പുറത്തവനെ ഞാൻ അയയ്ക്കുകയുമില്ല” എന്ന് ബുദ്ധനെ പുറത്തു നിർത്തി ചിന്തയിൽ ഉടലിൻ്റെ അകംപുറം കണ്ടെത്താനും കവി ശ്രമിക്കുന്നു.
“അവനെഴുന്നേൽക്കുന്നതെന്നിലേ. ഞാ-
നവനിൽ തുറക്കുന്ന വാതിൽ
അവനമർത്തിയൊളിപ്പിച്ച പെൺമയിൽ
നിർഭയമാഴ്ത്തി ഞാനെന്നെ ” – “ഒട്ടൽ ” എന്ന കവിതയിൽ ആൺ-പെൺ രാഷ്ട്രീയബോധ്യത്തെ വ്യാഖ്യാനിക്കാനും ആ വാതിൽ തുറക്കാനും കഴിയുന്നുണ്ട് കവിയ്ക്ക് .
അവനോളം ഒറ്റയല്ല
കാണായ ഒറ്റയൊന്നും (ഒറ്റ)
തെറ്റായ വഴികളോളം
നേർവഴികളേതുണ്ട് ( ചോദ്യവും ഉത്തരവും )
എനിക്ക് കൈമോശം വന്നതെന്തോ
നീ ഒളിപ്പിച്ചതുപോലെ ( അത് )
തുടങ്ങി ഒട്ടേറെ ചിന്തകൾ തത്വജ്ഞാനിയുടെ വെളിപാടുകളായി കവിമൊഴിയിൽ ഉതിരുന്നുണ്ട് ഈ സമാഹാരത്തിലുടനീളം .
“ഉടലിൻ്റെ നാനാർത്ഥങ്ങൾ ” എന്ന പി.എം. ഗിരീഷിൻ്റെ പഠനവും ” പുറംന്തോടു പിളർക്കുന്ന ധാന്യക്കുതിപ്പുകൾ ” എന്ന കെ.ഇ. എൻ്റെ വായനയും ഈ സമാഹാരത്തിൻ്റെ ശോഭയാണ്. സജിത. ആർ .ശങ്കർ ,ഗയ ഹദിയ തുടങ്ങിയവരുടെ വരകൾ കവിതയോടൊപ്പം ഉടലഴിച്ചിട്ട് തിമിർക്കുകയാണ് ഇവിടെ.
ഉടലഴിക്കുമ്പോൾ വെളിപ്പെടുന്നത് സ്വന്തം സ്വത്വമാണ് . നമ്മുടെ ഭാഷയാണ് ,നമ്മുടെ രോഷമാണ് . ഉടലഴിക്കുമ്പോൾ കീഴ്മേൽ മറിയുന്നത് നമ്മുടെ മിഥ്യാവിചാരങ്ങളാണ് . ഉടലഴിക്കുമ്പോൾ അടങ്ങുന്നത് നമ്മുടെ ശബ്ദകോലാഹലങ്ങളാണ് . നാം നമ്മിലേക്ക് തന്നെ ഒളിഞ്ഞുനോക്കുന്നത് അപ്പോഴാണ് . ഉടലഴിക്കുമ്പോൾ നമ്മുടെ മൊഴിയുടെ സൗന്ദര്യത്തെ നാം ആവാഹിക്കുന്നു. നമ്മുടെ ഔപചാരികതകളെ കാറ്റിൽ പറത്തുന്നു . ഉടലിൽനിന്ന് അറ്റു പോകാതെ നാം പ്രണയത്തെ കണ്ടെത്തുന്നു. നമ്മുടെ പ്രതിരോധത്തെ കണ്ടെത്തുന്നു. ഉടൽ വഴികളിൽ പിന്തുടർന്ന ചിന്തകളെ തകിടം മറിച്ച് മനസ്സിനെ സ്വതന്ത്രമാക്കി പറക്കാൻ വിട്ട് കൈകൊട്ടി ചിരിക്കുന്നു. വ്യർത്ഥചിന്തകളെ പോലും വിസ്മയമാകുന്നു. മൊഴികളെ മധുരോദാരമാക്കുന്നു . ഉടൽ ഭ്രമങ്ങളിലെ ദുർബലങ്ങളായ ശബ്ദങ്ങളെ തിരിച്ചറിയുന്നു. വൈരൂപ്യത്തിലെ സൗന്ദര്യത്തെ കണ്ടെത്തുന്നു. കറുപ്പും വെളുപ്പും ഒന്നാകുന്നു.
ഉടലഴിക്കുമ്പോൾ വാക്കിലെ വീറിനെ കണ്ടെത്തുന്നു . ചുട്ടുകൊന്നവൻ്റെ കാവ്യങ്ങളെ ഈണമാക്കുന്നു . വേരുകളിലെ വേവ് തിരിച്ചറിയുന്നു .
“ഒരു പൂ നിറച്ചതിൽ
പൂക്കാലമെരിയുന്നു
ഒരു വാക്കു പൊലിച്ചതിൽ
ആകാശമെരിയുന്നു
എൻ്റെ വേരുകളിൽ തീ
പടർന്നു കേറും പോലെ
എൻ്റെ പച്ചയിൽ പ്രാണ
നാരുകൾ പിടയുമ്പോലെ ” (വേവ് )
ആകാശവും ഭൂമിയും തൊട്ട വാക്കുകളിലൂടെ ഇവിടെ കവിത പിറക്കുന്നു.
“അകത്തൊരാകാശമെന്നെ പുണരുന്നു
പുറത്തുള്ള സൂര്യനെ തണുപ്പിച്ചെടുക്കുന്നു ” ഈ കവിതകളിലെ ആസ്വാദനത്തിൻ്റെ കെമിസ്ട്രി ഇതുതന്നെയാണ്.
“ഒന്നിച്ചുതന്നെ കൈകോർത്തു പോകുവാ
നൊറ്റ വാക്കിൻ്റെ അരികിൽ പിടിച്ചവർ
തെറ്റു വാക്കിൽ തെറിച്ചു പോകുമ്പോഴും
ഒറ്റവാക്കിൽ തളർത്തു പൊന്തുന്നോർ” (അസ്തമയം ) എന്ന് ആസാദിലെ കവിയെ തന്നെ അഭിസംബോധന ചെയ്യാൻ ഉടലഴിക്കുമ്പോൾ എന്ന സമാഹാരം വായിക്കുന്നവർക്ക് കഴിയും.
ഉടലഴിക്കുമ്പോൾ എന്നിലേക്കുള്ള അറിയാ കുതിപ്പുകളെ അമർത്തിയൊളിപ്പിക്കാതെ കണ്ടെത്താനാവും. മൊഴി മാറുന്ന രൂപങ്ങകങ്ങളെ കണ്ടെത്താനാവും. പ്രണയ ദേശങ്ങളെ കണ്ടെത്തി അതിൽ പതിഞ്ഞ സൂര്യശിരസ്സുകൾ ഓർത്തെടുക്കാനാകും . എന്നിട്ട് കവിയെപോലെ
“ഉടലുമാറുമ്പോ
ളുടലല്ലേ മാറി?
ഉടലകത്തിരു
ന്നിരുളല്ലേ പാടി? ”
എന്ന് നമ്മളും പാടി പോകും
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.