വിമീഷ് മണിയൂർ
കടം വാങ്ങിയ ഒന്ന്
പണ്ട് നൂറിൽ നിന്ന് ഇരുപത്തൊമ്പത് കുറയ്ക്കുന്നതിനു വേണ്ടി ഇടത്തേ അറ്റത്തു നിന്ന് കടം വാങ്ങിയ ഒന്നിന് വേണ്ടി എണ്ണൽ സംഖ്യയിലെ ഒന്ന് രാവിലെ എന്നെ കാണാൻ വന്നു.
പതിനാറ് വർഷവും നാല് മാസവും 12 ദിവസവും കഴിഞ്ഞാണ് നിന്നെ കണ്ടു കിട്ടിയതെന്ന് ഒന്ന് ഓർമ്മിപ്പിച്ചു.
ഒന്ന് പറഞ്ഞു: എൻ്റെ കാര്യം കഷ്ടമാണ്. നീ അന്ന് കണക്ക് ക്ലാസിൽ വെച്ച് കടം വാങ്ങിയതിനു ശേഷം ഉണ്ടായിരുന്ന വിലയും പോയി. ഇപ്പോൾ കൂട്ടാനും കുറക്കാനും പോലും ആരും വിളിക്കാത്ത അവസ്ഥയാണ്. നീ അന്ന് പാതിക്ക് വെച്ച് കണക്ക് നിർത്തിയതുകൊണ്ട് മറ്റൊരു പണിക്കും എനിക്ക് പോവാനും സാധിച്ചില്ല.
ഞാൻ പറഞ്ഞു: ഒന്നേ, നിൻ്റെ അവസ്ഥ മനസ്സിലായി. ടീച്ചറ് പറഞ്ഞ് പഠിപ്പിച്ച പോലെ ഞാനും കടം വാങ്ങിയെന്നേയുള്ളൂ. അന്ന് ഏതോ പരിപാടിക്ക് പങ്കെടുക്കാനുള്ളതു കൊണ്ട് എനിക്കാ കണക്ക് മുഴുമിക്കാനും കഴിഞ്ഞില്ല. ഒന്നും മനപൂർവ്വമല്ല.
ഒന്ന് പറഞ്ഞു: അന്ന് കടം വാങ്ങിയ ഒന്ന് കണക്ക് മുഴുവനാക്കി ഇനിയെങ്കിലും എനിക്ക് തിരിച്ചു തരുമോ? എൻ്റെ കൈയ്യിൽ ആകെ അതേയുള്ളൂ.
ഞാൻ പറഞ്ഞു: ആ കണക്ക് ഞാൻ മറന്നു. ഇനിയിപ്പോൾ കഷ്ടപ്പെട്ട് കണ്ടുപിടിച്ച് ശരിയാക്കിയിട്ട് എന്തിനാണ് ? എൻ്റെ ഇപ്പോഴെത്തെ പണിയും ആ കണക്കും തമ്മിൽ കുടുംബശ്രീ ബന്ധം പോലുമില്ല.
ഒന്ന് എഴുന്നേറ്റ് പോവാനൊരുങ്ങി. ഞാൻ മുഷിഞ്ഞു നിന്ന ഭാര്യയെ നോക്കി. അവൾ പോക്കറ്റിൽ നിന്ന് പത്തു രൂപ എടുത്ത് വന്നു. മടക്കി ഒന്നിൻ്റെ കൈയ്യിൽ വെച്ചു കൊടുത്തു. വേണ്ട, ഞാൻ പോയിക്കോളാം. ഒന്ന് ഒന്നും മിണ്ടാതെ ഇറങ്ങി നടന്നു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.