HomeTHE ARTERIASEQUEL 60അച്ഛൻ്റെ മകന്‍

അച്ഛൻ്റെ മകന്‍

Published on

spot_img

കഥ

അശോകന്‍ സി.വി

ദീര്‍ഘകാലത്തെ വ്യവഹാരത്തിനുശേഷം കേസ് വിധിയായി. ആദ്യം മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന്. പിന്നെ ജില്ലാകോടതിയില്‍ നിന്ന്. പിന്നീട് ഹൈക്കോടതിയില്‍ നിന്ന്. ഇപ്പോളിതാ സുപ്രീം കോടതിയില്‍ നിന്നും. ഓരോ തവണ താന്‍ ജയിക്കുമ്പോഴും സര്‍ക്കാര്‍ അപ്പീല്‍ പോകും. ഇപ്പോള്‍ ചിലവ് സഹിതം മേല്‍ക്കോടതിയില്‍നിന്നും അനുകൂലവിധി വന്നിരിക്കുന്നു. വൈകിയാണെങ്കിലും വലിയ നിയമപോരാട്ടത്തിനൊടുവില്‍ സ്വന്തമായത് നഗരമദ്ധ്യത്തിലെ രണ്ടരയേക്കറാണ്. പതിനേഴ് കൊല്ലം നീണ്ട പോരാട്ടം. അയാള്‍ വീട്ടിലെ സന്തോഷം ആസ്വദിച്ച് നിന്നു. ഒരു യുദ്ധം ജയിച്ച് വന്ന പോരാളിയെ നോക്കുംവിധം ഭാര്യയും മക്കളും നാരായണനെ നോക്കിനിന്നു. മജിസ്ട്രേറ്റ് കോടതിയിലെ അനുകൂല വിധി വന്നതോടെത്തന്നെ പാര്‍ട്ടി അയാളെ പുറത്താക്കി. ജില്ലാകോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്നതിന് മുമ്പ് തന്നെ പാര്‍ട്ടി കണ്‍ട്രോള്‍ കമ്മീഷന് പരാതി നല്‍കി. കണ്‍ട്രോള്‍ കമ്മീഷന്‍ പാര്‍ട്ടി നടപടി ശരിവച്ചു. തന്നെ കേള്‍ക്കാതെ ഏകപക്ഷീയമായി സ്വീകരിച്ച പാര്‍ട്ടി നടപടി ശരിയല്ലെന്ന് ഒരിക്കല്‍ കൂടി ഭരണഘടന വായിച്ച് ഉറപ്പ് വരുത്തിയ ശേഷമാണ് അയാള്‍ സാവധാനം ജില്ലാകോടതിയില്‍ ഭൂമിവ്യവഹാരം ഫയല്‍ ചെയ്തത്.

മകന് പഠിക്കാന്‍ ലോണിനായി നാട്ടിലെ സഹകരണ സംഘത്തില്‍ അപേക്ഷ നല്‍കി. വിദ്യാഭ്യാസ ലോണ്‍ നല്‍കാന്‍ തങ്ങള്‍ക്കാവില്ല, നിങ്ങള്‍ ലീഡ് ബാങ്കിനെ സമീപിക്കൂ എന്നായിരുന്നു സെക്രട്ടറി സഖാവിന്‍റെ മറുപടി. ആ ബാങ്കും നിരവധി നടത്തങ്ങള്‍ക്ക് ശേഷം അഫിലിയേഷന്‍ വെല്ലുവിളി നേരിടുന്ന ഒരു സ്ഥാപനത്തില്‍ പഠിക്കാന്‍ ലോണ്‍ തരാന്‍ നിര്‍വ്വാഹമില്ല എന്ന മറുപടിയിലൊതുക്കി. ഒരു വാതില്‍ അടയുമ്പോള്‍ മറ്റൊരുവാതില്‍ തുറന്നല്ലേ മതിയാകൂ. വീടിന്‍റെ ആധാരം എടുത്ത് വീണ്ടും സഹകരണ സംഘത്തിലെത്തി. നികുതിച്ചീട്ടും കുടിക്കടവും മറ്റു നൂലാമാലകളും കടന്നപ്പോള്‍ അടിയാധാരത്തിന്‍റെ പകര്‍പ്പ് വേണമെന്ന് സെക്രട്ടറി വിധിച്ചു. തറവാട്ടില്‍ ചെന്ന് പൊടിപിടിച്ച അടിയാധാരത്തിന്‍റെയും ഒപ്പം ഭാഗപത്രത്തിൻ്റെയും പകര്‍പ്പെടുത്ത് വരുന്ന വഴിയാണ് വില്ലേജ് ഓഫീസില്‍ വെറുതെ കയറി സുഹൃത്ത് പ്രേം ശങ്കറിനെ കണ്ടത്. പി.ഡി.സിക്ക് കൂടെ പഠിച്ചയാളാണ്. മൂന്ന് പ്രാവശ്യം ചുരുങ്ങിയകാലം കൊണ്ട് സസ്പെന്‍ഷന്‍ വാങ്ങിയ ഭൂമിരേഖകളുടെ കാര്യത്തിലെ അതിവിദഗ്ദ്ധനാണയാള്‍. അവനെ കണ്ട് അടിയാധാരം ഇതുതന്നെയല്ലേ എന്ന് നോക്കി ഉറപ്പിക്കാന്‍ കയറിയതാണ്. അവന്‍ എല്ലാ രേഖകളും പരിശോധിച്ചു. അത് കഴിഞ്ഞ് വില്ലേജ് ഓഫീസിലെ ചില രേഖകളുമായി ഒത്ത് നോക്കുന്നതും കണ്ടു. ഇത് തന്നെയാണെന്ന് പറഞ്ഞ് രേഖകളുടെ ഒരു പകര്‍പ്പ് വില്ലേജ് ഓഫീസിലെ സിറോക്സ് മെഷ്യനില്‍ നിന്നെടുത്ത് എന്നെ മടക്കി. ബാങ്കിലെത്തി അടിയാധാര പകര്‍പ്പ് നല്‍കി ലോണിനായി കാത്തു. നാലാം ദിവസം ലോണ്‍ പാസായി. ഒരാഴ്ച കഴിഞ്ഞ് വൈകുന്നേരം പ്രേം ശങ്കര്‍ വീട്ടിലെത്തി. ഒരു ആയിരത്തി നൂറ്റിയെഴുപതുരൂപ തരാന്‍ ആവശ്യപ്പെട്ടപ്പോള്‍ എന്തെങ്കിലും പിരിവാകുമെന്ന് ശങ്കിച്ച് കൈയിലുള്ള പണം എണ്ണിനോക്കി. പണം കൊടുത്തപ്പോള്‍ ഒരു നികുതിച്ചീട്ട് തന്നു. പതിനൊന്നുകൊല്ലം മുമ്പ് മരിച്ചുപോയ അച്ഛന്‍റെ പേരില്‍ രണ്ടരയേക്കര്‍ സ്ഥലത്തിന് നികുതിയടച്ച രശീത്. ഞാന്‍ അത്ഭുതത്തോടെ അവനെ നോക്കിനിന്നു. ഭാഗവിഹിതമായി അച്ഛന് ലഭിച്ച ഭൂമിയാണത്. ഇപ്പോള്‍ അവിടെ ഒന്നേ മൂക്കാല്‍ ഏക്കറയില്‍ പൊതു കളിസ്ഥലവും കൃഷിഭവനും അംഗനവാടിയും പ്രൈമറി ഹെല്‍ത്ത് സെന്‍ററും പ്രവര്‍ത്തിക്കുന്നു. ഇരുപത്തഞ്ച് സെന്‍റോളം സ്ഥലം ഉപയോഗിക്കാതെ കിടക്കുന്നു. അതെല്ലാമുള്ള ഭൂമി അച്ഛന് സ്വന്തം. ഇപ്പോള്‍ അച്ഛന്‍റെ ഏക മകനായ ഞാനാണ് അതിന്‍റെ അവകാശിയെന്ന് അവന്‍ പറഞ്ഞത് എനിക്ക് തീരെ വിശ്വസിക്കാനായില്ല. അച്ഛന് അങ്ങനെയൊരു ഭൂമിയുണ്ടായിരുന്നെന്ന് അമ്മയോ അച്ഛനോ പറഞ്ഞ് കേട്ടിട്ടില്ല. പാര്‍ട്ടി നേതാവായ അച്ഛന്‍ അത് സര്‍ക്കാരിലേയ്ക്ക് നല്‍കിയതായി വില്ലേജ് ഓഫീസില്‍ രേഖയുമില്ല. അതിനാലാണ് അച്ഛന്‍റെ പേരില്‍ കഴിഞ്ഞ മുപ്പത് കൊല്ലത്തെ നികുതിയടച്ച് അവന്‍ തന്നിരിക്കുന്നത്.

ഈ ഭൂമി ഞാന്‍ നിനക്ക് വാങ്ങിത്തരാം. അതില്‍ പത്ത് സെന്‍റ് സ്ഥലം എനിക്ക് തരണമെന്ന് പ്രേം ശങ്കര്‍. രണ്ടര ഏക്കര്‍ സ്ഥലം കിട്ടുമ്പോള്‍ പത്ത് സെന്‍റോ. എനിക്കെന്നല്ല ആര്‍ക്കും ആലോചിക്കാനുണ്ടാവില്ല. ദീര്‍ഘകാലത്തെ അവൻ്റെ അദ്ധ്വാനം കൊണ്ട് ലാന്‍റ്  ട്രിബ്യൂണലില്‍ നിന്ന് പട്ടയവും രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് ചില പകര്‍പ്പുകളുമെടുത്ത് സംഗതി ശരിയാണെന്ന് അയാള്‍ ഒരിക്കൽ കൂടി തെളിയിച്ചു.

ഇനി കോടതിയിലാണ് പോകേണ്ടത്. അതിനുമുമ്പ് പാര്‍ട്ടി കമ്മിറ്റിയില്‍ നിന്ന് അനുമതി വാങ്ങണം. സർക്കാരിനെതിരെയുള്ള കേസല്ലേ. ഭരണകക്ഷിക്കാരനായ ഒരാൾ ഭരണകൂടത്തിനെതിരെ പോരാടുമ്പോൾ കീഴ് വഴക്കം പാലിക്കേണ്ടേ?. പാർട്ടി അയാൾക്ക് അനുമതി നിഷേധിച്ചു. സിവില്‍ കേസുകളിലെ അഗ്രഗണ്യനാണ് അഡ്വ. രാമന്‍ നായര്‍. വലിയ ഫീസാണ്. ഞാനും പ്രേം ശങ്കറും അദ്ദേഹത്തെ സമീപിച്ചു. ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ രേഖകളായതുകൊണ്ട് വക്കീലും പ്രേം ശങ്കറിന്‍റെ വാദങ്ങള്‍ അംഗീകരിച്ചു. വിസ്താരങ്ങളും പ്രമാണ പരിശോധനകളും കഴിഞ്ഞതോടെ
ആദ്യത്തെ അനുകൂല കോടതിവിധി വന്നു. പിന്നെയാണ് മേല്‍ക്കോടതികളിലേയ്ക്കുള്ള യാത്രകള്‍ ആരംഭിച്ചത്. ഒന്നാമത്തെ വിധി വന്നതോടെയാണ് പാര്‍ട്ടിയെ അപമാനിച്ചതിനും ഭരണകൂടത്തെ ധിക്കരിച്ചതിനും അയാളെ പാര്‍ട്ടി പുറത്താക്കിയത്. അവസാന വിധി വന്നുകഴിഞ്ഞു. നിലവിലുളള ഗ്രൗണ്ട്, കൃഷി ഓഫീസ്, അംഗനവാടി, ഹെല്‍ത്ത് സെന്‍റര്‍ കെട്ടിടങ്ങളും കുഴിക്കൂര്‍ ചമയങ്ങളും ഇനി തനിക്ക് സ്വന്തം. പാര്‍ട്ടിയും നാട്ടുകാരും ഇളകി. ഗ്രൗണ്ട് സംരക്ഷണ കമ്മിറ്റി നിലവില്‍ വന്നു. അയാളുമായി സംസാരിക്കാന്‍ സംസ്ഥാന നേതാക്കള്‍ വരെ എത്തി. ഗ്രൗണ്ടിന് മിതമായ വില നിശ്ചയിച്ച് പൊതുപിരിവിട്ട് ഒരേക്കറിന് പണം തരാമെന്ന് വരെയായി. മാര്‍ക്കറ്റ് വിലയായ സെന്‍റിന് പത്ത് ലക്ഷം തരാന്‍ കഴിയില്ല. രണ്ട് ലക്ഷം വീതം സെന്‍റിന് തരാമെന്ന് വരെ വാഗ്ദാനമായി. എല്ലാ വാഗ്ദാനങ്ങളും അയാള്‍ നിരസിച്ചു.

അച്ഛന്‍റെ പഴയ അലമാരിയില്‍ നിന്നും പാര്‍ട്ടി ഭരണഘടന ഒരിക്കല്‍ കൂടി എടുത്ത് അയാള്‍ വായിച്ചു. അതിനടുത്ത് അച്ഛന്‍റെ 1985-ലെ ഡയറിയാണ്. പൊടിപിടിച്ച ഡയറിയുടെ അവസാന പേജില്‍ സഖാവിന്‍റെ ദിനാന്ത്യ കണക്കുകള്‍:

21-12-1985 കൊണ്ടോട്ടി ബസ് 6.70
ബീഡി ചായ 3.30
എസ്.എഫ് ജാഥക്ക് മാല 8.00
22-12- ഗ്വാളിയോര്‍ റയോണ്‍സ് പട്ടിണി ജാഥയ്ക്ക് സ്വീകരണമാല 3.00
കര്‍ഷകതൊഴിലാളി കണ്‍വെന്‍ഷന്‍ 2.00

ചിലവുകണക്കുകള്‍ക്കിടയില്‍ വരവ് തിരഞ്ഞു. കോളേജ് അദ്ധ്യാപകനായിരുന്ന വല്യച്ഛന്‍റെ പേരില്‍ 100 രൂപയുടെ വരവ് ഇരുപതാം തീയതിയിലെ പേജില്‍ കണ്ടു.

അച്ഛന്‍റെ പുസ്തകശേഖരത്തില്‍ കൂടുതലും പാര്‍ട്ടി പുസ്തകങ്ങളാണ്. അതിനിടയിലാണ് കണ്ട പഴയ സോവിയറ്റ് യൂണിയന്‍ പ്രസിദ്ധീകരിച്ച ലിയോ ടോള്‍സ്റ്റോയിയുടെ കഥകള്‍ കണ്ടത്.

പുസ്തകമെടുത്ത് അച്ഛന്‍റെ ചാരുകസേരയില്‍ ഇരുന്നു. ആദ്യ കഥയില്‍ തുടങ്ങി…..

“ഒരാള്‍ക്കെത്ര ഭൂമി വേണം….”

കലക്ട്രേറ്റില്‍ ഏറെ കാത്ത് നിന്നാണ് ജില്ലാ കലക്ടറെ കാണാനായത്. ഹിന്ദിക്കാരനായ അദ്ദേഹത്തോട് മലയാളത്തില്‍ സംസാരിച്ചുതുടങ്ങുമ്പോള്‍ അയാള്‍ക്ക് മനസ്സിലാവുമോ എന്ന് ശങ്കിച്ചു. നന്നായി മനസ്സിലാവും. അയാള്‍ മുറിഞ്ഞ മലയാളത്തില്‍ തന്നെ മനസ്സിലായി എന്ന് പറഞ്ഞു. അത്രമേല്‍ വിവാദ നായകനാണല്ലോ താനിപ്പോൾ.

സര്‍വ്വീസിലിരിക്കെ മരിച്ച പ്രേം ശങ്കറിന്‍റെ ഭാര്യ ലതയുടെ പേരില്‍ പത്ത് സെന്‍റും രണ്ട് മക്കളുടെയും ഭാര്യയുടെയും പേരില്‍ അയ്യഞ്ച് സെന്‍റ് സ്ഥലം വീതവും രജിസ്റ്റര്‍ ചെയ്ത് നല്‍കി ബാക്കി ഭൂമി നിരുപാധികം സര്‍ക്കാരിന് നല്‍കാമെന്ന് അയാള്‍ അറിയിച്ചു.

കലക്ടര്‍ അയാളെ വിചിത്രജീവിയെ കണ്ട അത്ഭുതത്തോടെ നോക്കി നിന്നു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

വികെ നാരായണ ഭട്ടതിരി പുരസ്‌കാരം രാമചന്ദ്രയ്യര്‍ക്ക്

വടക്കാഞ്ചേരി: വികെ നാരായണ ഭട്ടതിരി പുരസ്‌കാരം വായന ലഹരിയാക്കിയ പനങ്ങാട്ടുകര സ്വദേശി ശ്രീകൃഷ്ണ വിലാസത്തില്‍ രാമചന്ദ്രയ്യര്‍ക്ക് സമ്മാനിക്കും. കേരളവര്‍മ പബ്ലിക്ക്...

മദ്യപാനത്തിലും മദ്യവരുമാനത്തിലും കേരളം ഒന്നാം നമ്പറല്ല!

Editor's View കേരളത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് മദ്യമാണെന്നും മദ്യപാനത്തില്‍ മലയാളികളെ തോല്‍പ്പിക്കാനാവില്ലെന്നും പൊതുവേ അക്ഷേപമുണ്ട്. എന്നാല്‍ ഈ അക്ഷേപങ്ങള്‍ക്കിടയിലെ...

ഉയരം കൂടും തോറും…

(കവിത) നീതു കെ ആര്‍ മണ്ണിടിഞ്ഞു...മലയിടിഞ്ഞു... പുതഞ്ഞു പോയ ജീവനുമേലേ വാർത്തയുടെ മലവെള്ളപ്പാച്ചിൽ. കഷ്ടം കഷ്ടമെന്ന് പൂതലിച്ച വിലാപക്കുറ്റിയിലിരുന്നു നുണയുന്ന കട്ടനിൽ ഉപ്പു ചുവയ്ക്കുന്നു.. ഒരു ദ്രുത കവിതയിലും...

തീവണ്ടിക്ക് ഒരു പാട്ടിന്റെ വേഗം

(കവിത) അമലു വഴിയാത്രയിൽ കാണാത്ത നഗരത്തിന്റെ മറുമുഖം കെട്ടിടങ്ങളുടെ നിറം മങ്ങിയ പിന്നാമ്പുറങ്ങൾ ചെത്തിമിനുക്കാത്ത പുറംപോക്കുകൾ വിചിത്രങ്ങളായ ഫ്രെയ്മുകൾ നോക്കിനിൽക്കെ മിന്നിമായുന്ന നഗരം ആരോ പറയുന്നു 'റെയിൽപാളങ്ങൾ നഗരത്തിന്റെ ഞരമ്പുകളെന്ന് ത്വക്കിനുള്ളിലൂടെ അതങ്ങനെ ഇരമ്പങ്ങളെ വഹിക്കുന്നുവെന്ന്' തീവണ്ടിത്താളത്തിൽ നഗരം കിതക്കുന്നു കുതിക്കുന്നു കുതിപ്പിൽ...

More like this

വികെ നാരായണ ഭട്ടതിരി പുരസ്‌കാരം രാമചന്ദ്രയ്യര്‍ക്ക്

വടക്കാഞ്ചേരി: വികെ നാരായണ ഭട്ടതിരി പുരസ്‌കാരം വായന ലഹരിയാക്കിയ പനങ്ങാട്ടുകര സ്വദേശി ശ്രീകൃഷ്ണ വിലാസത്തില്‍ രാമചന്ദ്രയ്യര്‍ക്ക് സമ്മാനിക്കും. കേരളവര്‍മ പബ്ലിക്ക്...

മദ്യപാനത്തിലും മദ്യവരുമാനത്തിലും കേരളം ഒന്നാം നമ്പറല്ല!

Editor's View കേരളത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് മദ്യമാണെന്നും മദ്യപാനത്തില്‍ മലയാളികളെ തോല്‍പ്പിക്കാനാവില്ലെന്നും പൊതുവേ അക്ഷേപമുണ്ട്. എന്നാല്‍ ഈ അക്ഷേപങ്ങള്‍ക്കിടയിലെ...

ഉയരം കൂടും തോറും…

(കവിത) നീതു കെ ആര്‍ മണ്ണിടിഞ്ഞു...മലയിടിഞ്ഞു... പുതഞ്ഞു പോയ ജീവനുമേലേ വാർത്തയുടെ മലവെള്ളപ്പാച്ചിൽ. കഷ്ടം കഷ്ടമെന്ന് പൂതലിച്ച വിലാപക്കുറ്റിയിലിരുന്നു നുണയുന്ന കട്ടനിൽ ഉപ്പു ചുവയ്ക്കുന്നു.. ഒരു ദ്രുത കവിതയിലും...