പനി ചലനങ്ങൾ

0
491
arteria_Kavitha_jabir noushad

കവിത

ജാബിർ നൗഷാദ്

മൂടൽ മഞ്ഞുപോലെയാകാശം
നിലാവ് തെളിക്കുന്ന
തണുത്ത രാത്രിയിൽ
പിറവിയെ പഴിച്ചിരിക്കുന്ന
പനി വിരിഞ്ഞയുടൽ,
നിറം മങ്ങിയുറുമ്പു കടിച്ചു നീലിച്ച
ആദാമിന്റെ ആപ്പിൾ കഷ്ണം.
നാവികനെ കാത്ത് കടൽതീരത്തിരിക്കുന്ന
മത്സ്യകന്യകയുടെ കണ്ണുകൾ,
ശപിക്കപ്പെട്ട കാഴ്ച.
ഇലകളുടെ നിഴലിൽ നിന്നും
കിളിർത്തു വരുന്ന വെളുത്ത പൂവ്,
കാറ്റ് തട്ടി ആകാശത്തേക്ക്
കൊഴിയുമ്പോൾ ഞാൻ
കഥയെഴുതുന്നു.

അന്ത്യമില്ലാത്ത പനി പോലൊരു
വരി സ്‌മൃതിയിൽ നിന്നും
പൊള്ളി വീഴുന്നു.
ഇളം പച്ച ഞരമ്പുകൾ,
ഇരുട്ടിലൂടെയുള്ള നീണ്ട നടത്തം
കഴിഞ്ഞു തെളിഞ്ഞു വരുന്നു.
കടലിൽ നിന്നൊരു കാറ്റുയർന്ന്
പനിച്ചിരിക്കുന്നവരുടെ
ജനാലയിലേക്ക് തിരിക്കുന്നു.
ഉടലാകെ വേദനിക്കുമ്പോഴും
ഉടലാകെ ഉടഞ്ഞുപോകുമ്പോഴും
കൈയെത്തി ജനാല തുറക്കുന്നു.
പലകുറി പറഞ്ഞു മുഷിഞ്ഞ
കഥയുമായ് പുതിയൊരു കാറ്റ്
അകത്ത് കയറുന്നു.

തണുപ്പ്,
തുടിക്കുന്ന ചുണ്ടിലാരോ
ചുംബിക്കുന്നു.
വിറയ്ക്കുന്ന മേനിയെയാരോ
കെട്ടിപ്പിടിക്കുന്നു.
ഒരു സങ്കല്പത്തിന്റെ കെണിയിൽ
പാദങ്ങളുരസി ഞാൻ തീ കായുന്നു.
ഉറക്കമുണർന്നൊരു
നട്ടുച്ചയിലേക്ക് പെറ്റു വീഴുന്നു
അഞ്ചര വയസ്സിലെ വെയിലിനിത്ര
ഉഗ്രതയില്ലെന്നിരിക്കെ
ഉള്ളു പൊള്ളാതെ
ഉറവ വറ്റാതെ
ഇളം ചൂടിലിരു കുഞ്ഞു
കാലിട്ടിളക്കി പകലിനെ
കറക്കി വേർത്തയുടുപ്പുമായ്
കടലിലെത്തുമ്പോൾ
കഥ തീരുന്നു
കവിത തുടങ്ങുന്നു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here