വിമീഷ് മണിയൂർ
പാട്ട്
ആകാശവാണിയിൽ നിന്ന് പറത്തി വിട്ട യേശുദാസിൻ്റെ ഒരു പാട്ട് ഒരു റേഡിയോ കണ്ടുകിട്ടാതെ ചുറ്റിത്തിരിഞ്ഞ് വിയർത്ത് ഒരു മരത്തിൻ്റെ കൊമ്പത്ത് തൂങ്ങിക്കിടന്ന് ഇത്തിരി നേരം ഉറങ്ങിക്കളയാമെന്നു വെച്ചു. എണീറ്റപ്പോൾ രാത്രിയായിരുന്നു. നല്ല വിശപ്പുണ്ടായിരുന്നു. തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ കേറി കാര്യം പറഞ്ഞു. ഇന്നൊരു രാത്രി സെല്ലിൽ കിടക്കാൻ പറഞ്ഞു. അങ്ങനെയെങ്കിൽ അങ്ങനെ. പുലരും വരെ ആ മുറിയിലെ കൊതുകുകളോട് വർത്തമാനം പറഞ്ഞിരുന്നു .പിറ്റേന്ന് വരുമ്പം പോലീസുകാരൻ്റെ കൈയ്യിൽ ഒരു റേഡിയോ. വേഗത്തിൽ സെല്ല് തുറന്ന് അതിൻ്റെ ഉള്ളിൽ കേറി വായ തുറന്നു; പൂക്കൾ…. പനിനീർ പൂക്കൾ
അത്ഭുതം
ഒരിക്കൽ ഒരു പാഷൻ ഫ്രൂട്ടിൻ്റെ വള്ളി ജീവിച്ചിരുന്നു. പന്തലിലൂടെ ഇഴഞ്ഞ് നടന്ന് ഒരിടത്ത് അതൊരു മുട്ടയിട്ടു. അതിൻ്റെമേലെ അടയിരുന്നു. മുട്ട വിരിഞ്ഞ് ഫാഷൻ ഫ്രൂട്ടിൻ്റെ കുഞ്ഞുങ്ങൾ ഇറങ്ങി വരുന്നത് അതിനെ പടർന്നു കേറി വലുതാവാൻ സഹായിച്ച മരം സ്വപ്നം കണ്ടു. ഒരു ദിവസം ഒരു കാക്ക വന്ന് കൊത്തി മുട്ട താഴെ വീണു. വള്ളി പന്തലിൽ കിടന്ന് കുറെ കരഞ്ഞു. നിലത്ത് വീണ മുട്ട ഒരു കുട്ടി എടുത്ത് കൊണ്ടുപോയി ഓംലെറ്റുണ്ടാക്കി. അതിൻ്റെ മണം വന്നപ്പോൾ വള്ളിക്ക് ഓക്കാനിച്ചു. അടുത്ത ദിവസം കണ്ണു തുറന്നപ്പോൾ വീണ്ടും ഒരത്ഭുതം ഇട്ടുവെച്ചിരിക്കുന്നു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല