കൈ ചേർത്ത് പിടിച്ച് വാവൂൽമല കയറാം

0
571

ശരണ്യ എം ചാരു 

സഞ്ചാരികൾ യാത്ര ചെയ്യാനുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നത് പലവിധത്തിലാണ്. ചിലർക്ക് റൊമാന്റിക് സ്ഥലം വേണം, ചിലർക്ക് ബീച്ച് സൈഡ്, മറ്റുചിലർക്ക് നല്ല തണുപ്പ് കിട്ടുന്ന സ്ഥലം, ചിലരാകട്ടെ സാഹസിക യാത്രകൾ ഇഷ്‌ടപ്പെടുന്നവരാണ്. ഇങ്ങനെ ഏതുതരം സ്ഥലവും തിരഞ്ഞെടുത്ത് യാത്ര ചെയ്യാവുന്ന അനുഗ്രഹീതയിടമാണ് നമ്മുടെ കൊച്ചു കേരളമെന്നത് മലയാളികൾക്ക് അഭിമാനിക്കാവുന്ന കാര്യമാണ്.

സാഹസികതയും കാനനഭംഗിയും ഇഷ്‌ടപ്പെടുന്നവർ മിക്കവാറും ട്രക്കിങ് സ്പോട്ടുകളായിരിക്കും യാത്രയ്ക്കായി തിരഞ്ഞെടുക്കുക. മാനസികമായും ശാരീരികമായും മുൻകരുതലുകൾ എടുക്കേണ്ട ഒരു യാത്രയാണ് ട്രക്കിങ്. കേരളത്തിൽ ഏറ്റവും മികച്ച ട്രക്കിങ് നടത്താൻ കഴിയുന്ന സ്ഥലങ്ങളാണ് കോഴിക്കോട്, മലപ്പുറം ജില്ലകളുടെ അതിർത്തിയിലായി സ്ഥിതി ചെയ്യുന്ന വെള്ളരിമല, വാവുൽ മല തുടങ്ങിയവ. സമുദ്രനിരപ്പിൽ നിന്നും 2339 മീറ്റർ മുകളിലായി സ്ഥിതിചെയ്യുന്ന പശ്ചിമഘട്ടത്തിലെ അതിമനോഹരമായൊരു ഇടമാണ് ഇതിൽ വാവുൽ മല.

കോഴിക്കോട് നിന്നും അൻപത് കിലോമീറ്ററോളം ദൂരം സഞ്ചരിച്ചാൽ വെള്ളരിമലയിൽ എത്തും. സഹ്യാദ്രിയോട് അടുത്ത് കിടക്കുന്ന മുത്തപ്പൻപുഴ ഗ്രാമത്തിൽ നിന്നുമാണ് വെള്ളരിമലയിലേക്കുള്ള ട്രക്കിങ് ആരംഭിക്കുന്നത്. സാധാരണ ഇവിടേക്ക് വരുന്ന ആൾക്കാർ രണ്ട് മൂന്നു ദിവസത്തെ യാത്രയ്ക്ക് തയ്യാറായി എത്തുന്നവരാണ്. കാരണം  വെള്ളരിമലയും വാവുൽ മലയും മസ്തകപ്പാറയുമൊക്കെ കീഴടക്കണമെങ്കിൽ എത്ര ഫയൽവാന്മാർ ആണെങ്കിലും രണ്ട് ദിവസം കുറഞ്ഞത് വേണം.

ഇരുവഞ്ഞിപ്പുഴ ഉത്ഭവിക്കുന്ന മലനിരകളിലേക്കാണ് ഇവിടുത്തെ ട്രക്കിങ് എത്തിപ്പെടുന്നത്. കാണാനും ആസ്വദിക്കാനും അനുഭവിക്കാനും നിരവധി ഘടകങ്ങൾ ഈ ട്രക്കിങ്ങിനിടയിൽ സഞ്ചാരികളെ കാത്തിരിക്കുന്നു. മുത്തപ്പൻപുഴ അല്ലെങ്കിൽ ആനക്കാംപൊയിൽ നിന്നും ആവശ്യത്തിന് വേണ്ട വെള്ളവും ഭക്ഷണവും കയ്യിൽ കരുതിയില്ലെങ്കിൽ യാത്ര ചെയ്യുന്നവര് പെട്ടത് തന്നെ. പിന്നീടങ്ങോട് ജനവാസമുള്ള മേഖലയല്ല. എങ്ങും കാട് മാത്രമാണ്. വിശന്നാലോ, ദാഹിച്ചാലോ മലയിറങ്ങി താഴെ എത്തും വരെ സഹിക്കുക തന്നെയേ മാർഗമുള്ളൂ. വെള്ളരിമലയിലേക്കാണ് മിക്കവരും ട്രക്കിങ് ആരംഭിക്കാറ്. അതിനരികിൽ തന്നെ ആണ് തലയുയർത്തി നിൽക്കുന്ന വാവുൽ മല. കോടമഞ്ഞു പൊതിഞ്ഞ നിരവധി പർവതനിരകളും ഗൂഢവനവും വന്യമൃഗങ്ങളുടെ സാന്നിധ്യവും സാഹസിക യാത്രികരെ കൂടുതൽ ആവേശത്തിലാക്കും വണ്ണം അവിടെ കാത്തിരിപ്പുണ്ട്.

ആനപിണ്ഡങ്ങളിൽ തുടങ്ങി വന്യ മൃഗങ്ങളുടെ കാൽപ്പാടുകൾ വരെ വഴിയിൽ കാണാം.  വനസൗന്ദര്യവും തണുപ്പും ആസ്വദിച്ച് കാട്ടരുവികളോട് കിന്നാരം പറഞ്ഞ് പോകുന്ന യാത്ര മനോഹരമാണ്. ചെറുമലകൾക്ക് തൊപ്പി പോലെ അലംകൃതമായ മേഘക്കെട്ടുകൾ ഏതൊരു യാത്രികന്റെയും മനസിൽ മറക്കാനാവാത്ത മനോഹര ദൃശ്യങ്ങളുടെ ഒപ്പിയെടുക്കലാകും. ചെറിയ കിടങ്ങുകൾ കണ്ട്, വനത്തിന്റെ തണുപ്പും സുഗന്ധവും ആസ്വദിച്ച് വാവുൽമല ട്രക്കിങ് പൂർത്തിയാക്കി ഇറങ്ങാം.

ട്രക്കിങ്ങിന് പോകുന്നവർക്ക് ടെന്റ് അടിക്കാനുള്ള സൗകര്യവുമുണ്ട് മലമുകളിൽ. അതല്ലെങ്കിൽ താമസത്തിന് ചില സ്വകാര്യ റിസോർട്ടുകളും പുതുതായി ആരംഭിച്ചിട്ടുണ്ട്. സ്ഥലത്തെക്കുറിച്ച് കൂടുതൽ അറിവില്ലാത്തവരാണ് പോകുന്നതെങ്കിൽ ഗൈഡിനെ കൂട്ടുന്നത് നന്നായിരിക്കും. നാട്ടുകാരോട് അന്വേഷിച്ചാൽ സ്ഥലത്തെക്കുറിച്ചുള്ള നിരവധി കഥകളും മിത്തുകളും അറിയാൻ സാധിക്കും. ശാരിരികക്ഷമതയുള്ളവർ ട്രക്കിങ് തിരഞ്ഞെടുക്കുന്നതാകും നല്ലത്. കാരണം മണിക്കൂറുകൾ നീണ്ട് ട്രക്കിങിന് ശേഷം മലമുകളിലെത്തുമ്പോൾ കിട്ടുന്ന ഫീൽ ഒന്ന് വേറെ തന്നെയാണ്. വന്യമൃഗങ്ങള്‍ തെളിച്ച വഴിയിലൂടെ കാടുകയറുമ്പോഴാണ് ട്രക്കിങിന്റെ യഥാർത്ഥ അനുഭവം ലഭിക്കുന്നത്. കുത്തനെയുള്ള തീരെ വീതി കുറഞ്ഞ വഴികളും മനം കുളിർപ്പിക്കുന്ന കാഴ്ചകളും, കേതന്‍ പാറ, റെക് പാറ, മസ്തകപാറ എന്നിവയെല്ലാം കടന്ന് അവിടെ നിന്നും തിരിച്ചിറങ്ങുമ്പോൾ മനസ്സ്‌ കുളിരുന്ന, പറഞ്ഞറിയിക്കാൻ പറ്റാത്ത യാത്രയുടെ മനോഹരാനുഭവം മനസ്സിൽ നിറയും.

LEAVE A REPLY

Please enter your comment!
Please enter your name here