അനഘ സുരേഷ്
കൊച്ചി മുസരീസ് ബിനാലെയുടെ മുഖ്യ വേദികളിലൊന്നായ ഫോര്‍ട്ട് കൊച്ചിയുടെ ചുമരുകളിലെ പോസ്റ്ററുകളില്‍ കണ്ണുടക്കാത്തവരുണ്ടാവില്ല. ഇത് ആരുടെ ചിത്രങ്ങളാണ്, ജീവസ്സുറ്റ ആ ചിത്രങ്ങള്‍ ഒന്നു കൂടെ നേരില്‍ കാണണം എന്നീ ചിന്തകള്‍ കൊണ്ട് മനസ്സ് നിറയുന്നവര്‍ക്ക് നേരെ ഇസ്ലാമിക് കള്‍ച്ചറല്‍ ഹെറിറ്റേജ് സെന്ററിലേക്ക് ചെല്ലാം. അവിടെ നിന്നറിയാം ഈ ചിത്രത്തിന്റെ സൃഷ്ടാവിനെയും സൃഷ്ടികളെയും. ബിനാലെ ക്യാമ്പെയിന്‍ ഫോട്ടോഗ്രാഫര്‍, കൊണ്ടോട്ടിക്കാരനായ ബിജു ഇബ്രാഹിം എടുത്ത മുപ്പത്തിയൊമ്പത് സമുദായങ്ങളുടെ സാംസ്‌കാരിക വൈവിധ്യവും സ്‌നേഹകൂട്ടായ്മയും പ്രകടമാക്കുന്ന ഫോട്ടോകളാണ് പ്രദര്‍ശനത്തിലുള്ളത്.
മട്ടാഞ്ചേരിയിലെയും ഫോര്‍ട്ട് കൊച്ചിയിലെയും ജീവിതങ്ങളാണ് ബിജുവിന് ഫ്രെയിമുകളായത്. കൊച്ചിയുടെ വൈവിധ്യമാണ് കറുപ്പിലും വെളുപ്പിലുമായി വിരിഞ്ഞ ചിത്രങ്ങളൊക്കെയും പറയുന്നത്. ‘ട്രാന്‍സെന്‍ഡന്‍സ് കൊച്ചി’ എന്ന് പേരിട്ടിരിക്കുന്ന ചിത്ര പ്രദര്‍ശനം ഡിസംബര്‍ 12ന് ആരംഭിച്ചു. 2017ല്‍ ഉരു റസിഡന്റ്‌സി ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ എടുത്ത ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ ചിത്രങ്ങളും ആയിരത്തൊന്ന് രാവുകളേക്കാള്‍ നീണ്ട കഥകളുടെ വാതായനങ്ങളാണ് തുറന്നിടുന്നത്. മാര്‍ച്ച് 29ന് പ്രദര്‍ശനം സമാപിക്കും.
ഫോട്ടോ: ബിജു ഇബ്രാഹിം എഫ്ബി പേജ്