The Reader’s View
അന്‍വര്‍ ഹുസൈന്‍
രമണനു ശേഷം മലയാളി ഏറ്റവും കൂടുതൽ വായിച്ച പുസ്തകമാണ് ബെന്യാമിൻ്റെ ആടുജീവിതം. നൂറ്റി അമ്പത് എഡിഷനുൾ പിന്നിട്ട ഈ നോവൽ ലക്ഷക്കണക്കിനാളുകൾ വായിക്കുകയും വിവിധ ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെടുകയുമുണ്ടായി.
ആടുജീവിതം എന്തുകൊണ്ടാണ് ഇത്ര കൊണ്ടാടപ്പെട്ടത്? നോവലിൻ്റെ ഭാഷാഗരിമയോ ശിൽപ്പ ഭംഗിയോ ഒന്നുമല്ല ഇതിനെ ജനപ്രിയമാക്കിയത്. ഈ നോവൽ പച്ചയായ ജീവിതത്തിൻ്റെ ആവിഷ്കാരമാണ് എന്നത് തന്നെയാണ് അതിൻ്റെ കാരണം.
ജീവിതത്തെ പച്ചയായി പകർത്തുകയാണോ സാഹിത്യ ധർമ്മം എന്ന ചോദ്യമുയരാം. അങ്ങനെ തന്നെ പകർത്തേണ്ട ചില ജീവിതങ്ങളുണ്ട്. ഒരു പൊടിപ്പും തൊങ്ങലും ചേർക്കാതെ ആ ജീവിതങ്ങൾ നാം അറിയേണ്ടതുണ്ട്.
സങ്കടങ്ങൾ ഇത്ര വലിയ സങ്കടമാണെന്ന് നാം അറിയുക ഇത്തരം ജീവിതങ്ങളെ വായിക്കുമ്പോഴാണ്. മരുഭൂമിയിൽ നരകജീവിതം നയിക്കുന്ന നജീബും ഹക്കീമും ഇന്നും ഉണ്ട്. പരമകാരുണികൻ എണ്ണയാകുന്ന സമ്പന്നത നൽകിയ അറബികൾക്ക് കാരുണ്യത്തിൻ്റെ പാതയും കാട്ടിക്കൊടുത്തിരുന്നു. എന്നാൽ ധനത്തിൻ്റെ ഭ്രമരത്തിൽ അവരിലെ കാരുണ്യം മറഞ്ഞു പോവുന്നു എന്നതാണ് അടിമകളായ മനുഷ്യർക്ക് നേരെ ഉയരുന്ന ചാട്ടവാറുകൾ നമ്മെ ഓർമ്മിപ്പിക്കുന്നത്. ഇസ്ലാമിൻ്റെ വിശുദ്ധിയേക്കാൾ അവരുടെ ആദർശം മുതലാളിത്തമായി മാറുന്ന കാഴ്ചയാണ് ആടുജീവിതത്തിൻ്റെ രാഷ്ട്രീയം നമുക്ക് കാട്ടിത്തരുന്നത്.
മനുഷ്യനന്മയിലും സാഹോദര്യത്തിലും ഏത് പ്രതിസന്ധി ഘട്ടത്തിലും നജീബ് വിശ്വസിക്കുന്നു. രക്ഷപ്പെടാൻ ഒരു പഴുത് തമ്പുരാൻ കാട്ടിത്തരുമെന്നും അത് മനുഷ്യരിലൂടെയേ കഴിയൂ എന്നും നജീബിന് ദൃഢവിശ്വാസമുണ്ട്.
ഒടുവിൽ ആ സാഹോദര്യം തന്നെയാണ് കുഞ്ഞിക്കയുടെയും റോഡിലൂടെ കടന്നു വന്ന സമ്പന്നൻ്റെ വാഹനത്തിൻ്റയും രൂപത്തിൽ നജീബിന് രക്ഷയാവുന്നത്.
ശ്രദ്ധേയമായ ജീവിത നിരീക്ഷണങ്ങൾ ബന്യാമിൻ ഈ നോവലിൽ സന്നിവേശിപ്പിച്ചിട്ടുണ്ട്. മരുഭൂമിയിലെ മസറയിൽ നജീബ് കണ്ടു മുട്ടുന്ന ഭീകരജീവിയിൽ പോലും നന്മയുടെ ഒരു തിരിനാളം ഉണ്ടാവും എന്ന പ്രത്യാശ അയാളെ നയിക്കുന്നുണ്ട്. ഒരാളെയും വെറുക്കാതെ, കുറ്റപ്പെടുത്താതെ മാനവികതയിലും ദൈവത്തിൻ്റെ തീരുമാനങ്ങളിലും വിശ്വസിച്ചാണ് നജീബ് മുന്നേറുന്നത്. തീർച്ചയായും ഈ ചിന്തയുടെ ധാരയിൽ നന്മയിലേക്കുള്ള പ്രത്യാശാ നിർഭരമായ ഒരു ജീവിത സന്ദേശം ഈ നോവൽ മുന്നോട്ടു വക്കുന്നുണ്ട്.
മലയാള നോവൽ സാഹിത്യത്തിൻ്റെ ഒരു നാഴികക്കല്ലായൊന്നും ഈ നോവലിനെ കാണേണ്ടതില്ല. ഇത് വരെ ഇത്രയേറെ ശ്രദ്ധയോടെ ആരും സമീപിച്ചിട്ടില്ലാത്ത ഒരു ജീവിതത്തെ ഉൾക്കാഴ്ചയോടെ സംവദിച്ചു എന്നതാണ് ഈ നോവലിൻ്റെ മഹിമ.
നബീൽ എന്ന തനിക്ക് മകനുണ്ടായാൽ കണ്ടു വച്ചിരിക്കുന്ന പേരിട്ട് നജീബ് ഒരു ആട്ടിൻകുട്ടിയെ വിളിക്കുന്നുണ്ട്. ഒടുവിൽ അവൻ്റെ വരിയുടുക്കാനും അവൻ്റെ അന്ത്യം കാണാനും അയാൾ വിധിക്കപ്പെടുന്നു. ആടിൻ്റെ ഇറച്ചി കാണുമ്പോൾ തന്നെ തൻ്റെ നബീലിനെ അയാൾക്ക് ഓർമ്മ വരുന്നു. മനുഷ്യകാരുണ്യം പ്രകൃതിയിലേക്കും മറ്റു ജീവികളിലേക്കും കൂടി സംക്രമിക്കുന്നത് നമുക്ക് കാണാം.
ഒരു തുടക്കക്കാരനു പോലും വായിക്കാൻ പാകത്തിൽ ലളിതമായ ഭാഷയിലാണ് ബന്യാമിൻ കഥ പറഞ്ഞത്. ബുദ്ധിജീവി നാട്യത്തോടെ സമീപിക്കേണ്ട ഒരു പുസ്തകമല്ല ആടുജീവിതം. 2008 ൽ ഇറങ്ങിയ ഈ നോവൽ ഇനിയും വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യും, കാരണം ഇത് ജീവിതത്തെ വല്ലാതെ തൊടുന്നു എന്നത് തന്നെയാണ്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല