(ലേഖനം)
ദിവ്യ ചന്ദ്രിക
വീട്ടിലേക്ക് വരുന്ന കൂട്ടുകാരൊക്കെ തിരിച്ചുപോകുമ്പോൾ ഒരേ സ്വരത്തിൽ പറഞ്ഞിരുന്നത് നിന്റെ നാടിനിതെന്തൊരു ഭംഗിയാണെന്നാണ്, എങ്കിലും മുറ്റത്തെ മുല്ലക്ക് മണമില്ലെന്ന് പറയുന്ന പോലെ ഈ നാടിന് ഇത്രേം ഭംഗിയുണ്ടോന്ന് ഞാൻ ഇടക്കൊക്കെ ആലോചിക്കാറുണ്ട്. എന്നാലിപ്പോൾ കളേഴ്സ് ഓഫ് ഭാരത് പങ്കുവെച്ച ഇന്ത്യയിലെ ഏറ്റവും മനോഹരമായ പത്ത് ഗ്രാമങ്ങളുടെ പട്ടികയിൽ പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ഉൾപ്പെടുമ്പോൾ, ‘‘എനിക്ക് ചുറ്റുമുള്ള സൗന്ദര്യം കണ്ടു വാക്കുകളില്ലാതെയാകുന്നു..’’ എന്നെഴുതി മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ആ പട്ടിക പങ്കുവയ്ക്കുമ്പോൾ മുറ്റത്തെ മുല്ലയുടെ മണത്തെക്കുറിച്ച് ഒരു നാട്ടുകാരിയെന്ന നിലയിൽ ഇപ്പോഴെങ്കിലും എഴുതേണ്ടതാണ്.
പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന കൊല്ലങ്കോട് അടിസ്ഥാനപരമായി ഒരു കാർഷിക ഗ്രാമമാണ്. പണ്ടത്തെ വേങ്ങനാടിന്റെ ഭാഗമായിരുന്ന കൊല്ലങ്കോടിനു ആ പേര് വന്നതിനും രസകരമായ ഒരു ഐതീഹ്യമുണ്ട്. നികുലപുരത്തെ രാജാവായ ധർമ്മവർമ്മൻ കുഷ്ഠ രോഗബാധിതനായി പത്നിസമേതം ദേശാടനം ചെയ്യുമ്പോൾ ഹേമാംഗ വർമ്മൻ എന്നു പേരായ കുഞ്ഞുണ്ടാവുകയും കുഞ്ഞിനെ പുഴയിൽ നഷ്ട്ടപെടുകയും ചെയ്യും. ഒഴുക്കിൽപ്പെട്ട ഹേമാംഗവർമ്മനെ രക്ഷപ്പെടുത്തി വളർത്തുന്നത് ഒരു കൊല്ലനാണ്. പിന്നീട് ഈ ബാലനെ പരശുരാമൻ വേങ്ങനാടിന്റെ അധിപനാക്കിയപ്പോൾ വളർത്തച്ഛനോടുള്ള ബഹുമാനാർത്ഥം വേങ്ങനാടിനെ കൊല്ലങ്കോടെന്ന് പുനർനാമകരണം ചെയ്‌തുവെന്നാണ് ഐതീഹ്യം. ഇത്തരത്തിൽ കൊല്ലങ്കോട് കൊട്ടാരം, കാച്ചാംകുറിശ്ശി ക്ഷേത്രം, പി കുഞ്ഞിരാമൻ നായർ സ്മാരകം തുടങ്ങി ചരിത്ര പ്രസിദ്ധവും ഐതീഹ്യ പ്രധാനവുമായ ഒട്ടേറെ സ്ഥലങ്ങളും കൊല്ലങ്കോടുണ്ട്.
തമിഴ് നാടിനോട് അതിർത്തി പങ്കിടുന്ന കൊല്ലങ്കോടിന്റെ സംസ്ക്കാരത്തിലും ഈ ഒരു തമിഴ് കലർപ്പ് കാണാം.. ഭാഷയിലും ക്ഷേത്രങ്ങളുടെ വാസ്തു ശില്പത്തിലും ഉത്സവങ്ങളിലും ഭക്ഷണരീതികളിലുമെല്ലാം ഇഴുകിചേർന്ന തമിഴ് സംസ്ക്കാരം കാണാനാവും.
കൊല്ലങ്കോട് സന്ദർശിക്കാൻ ഏറ്റവും നല്ല സമയം ഏതാണെന്ന് ചോദിച്ചാൽ എല്ലാ കാലാവസ്ഥയിലെയും കൊല്ലെങ്കോട് കാണണമെന്നേ ഞാൻ പറയൂ.. ഇപ്പോൾ മഴക്കാലത്ത് വന്നാൽ പാലക്കാടൻ പള്ളങ്ങൾ കാണാം.. പാവക്കയും, പടവലവും, ചുരക്കയുമൊക്കെ പാകമായി തൂങ്ങിയാടുന്ന പാലക്കാടൻ പള്ളങ്ങളിലൂടെ നടക്കാം, വയലിൽ നടീലിന്റെ പച്ചപ്പു കാണാം. ഗായത്രി പുഴയുടെ തീരങ്ങളിലൂടെ നടക്കാം. നെല്ലിയാമ്പതി മലനിരകളിൽ നിന്ന് മഴ പെയ്തു വരുന്നതിന്റെ ഭംഗികാണാം.. സീതാർകുണ്ട് വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യമറിയാം.
വേനലിൽ വന്നാൽ വിളഞ്ഞു നിൽക്കുന്ന നെല്ലിന്റെ മഞ്ഞ നിറമായിരിക്കും കൊല്ലങ്കോടിന്, ചീര തോട്ടങ്ങളുടെ പച്ചയും ചുവപ്പും കാണാം, കരിമ്പന ചോട്ടിലിരുന്ന് പനനൊങ്ക് കഴിക്കാം.. തൊട്ടടുത്ത് കേരളത്തിന്റെ മംഗോസിറ്റിയായ മുതലമടയിൽ നിന്ന് നല്ല മാങ്ങയും കൂട്ടത്തിൽ മാരിയമ്മൻ പൊങ്കലുകളും, പൊറാട്ട് നാടകവും, ഉത്സവങ്ങളും. അങ്ങനെ ഓരോ കാലത്തും ഓരോ തരത്തിൽ സുന്ദരമാണ് കൊല്ലങ്കോടിന്റെ കാഴ്ചകൾ. ചിങ്ങംചിറയും സീതാർകുണ്ടുമൊക്കെ കണ്ട് എവിടെനിന്നു നോക്കിയാലും കാണുന്ന നെല്ലിയാമ്പതി മലനിരകളുടെ ഭംഗിയും ആസ്വദിച്ചു അയ്യപ്പേട്ടന്റെ കടയിൽനിന്ന് പൊറോട്ടയും ബീഫും കഴിച്ചു മടങ്ങുമ്പോൾ വീണ്ടും വരും.. നന്ദി… എന്നല്ലാതെ മറ്റെന്താണു പറയുക!
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല
💚