കാറ്റിന്റെ മരണം

1
151

(ക്രൈം നോവല്‍)

ഡോ. മുഹ്‌സിന കെ. ഇസ്മായില്‍

അദ്ധ്യായം 5

ഒരു കഥാപാത്രമായ്

ചില ദിവസങ്ങളില്‍ വൈകി വരുമ്പോള്‍ നീലോല്‍പലം പൂക്കള്‍ കുന്നിന്‍ മുകളില്‍ നിന്നു പരിഭവിക്കുന്നത് പോലെ സമീറക്ക് തോന്നി. പലപ്പോഴും അവ തന്റെ കാല്‍പെരുമാറ്റമൊന്നു കേള്‍ക്കുവാന്‍ കാത്തു നില്‍ക്കുകയാണെന്നും. ഓരോ ദിവസം കഴിയുന്തോറും സമീറയ്ക്ക് ആ കുന്നിനോടുള്ള അടുപ്പം ദൃഢമായിക്കൊണ്ടിരുന്നു. രാവിലെ എഴുന്നേറ്റാല്‍ അവിടെപ്പോകുന്ന ചിന്ത മാത്രമേ ഉള്ളൂ. ചിലപ്പോള്‍. ക്ലാസ്സ് കട്ടു ചെയ്തും സമീറ അവിടെ വന്നിരിക്കുമായിരുന്നു. പലപ്പോഴും ഒന്നോ രണ്ടോ കവിതകള്‍ തന്റെ പോക്കെറ്റ് ഡയറിയില്‍ കുറിച്ചിടും.

ഒരു മഴ ദിവസം കൃഷ്ണകുടീരങ്ങളുടെ പൂക്കുടയ്ക്ക് താഴെ നില്‍ക്കുമ്പോള്‍ സമീറ ഒരു നേര്‍ത്ത ശബ്ദം കേട്ടു. ആരോ സ്വകാര്യം പറയുന്നത് പോലെ ഒരു ശബ്ദം. അത് താനിതിനു മുന്‍പും കേട്ടിട്ടുള്ളത് പോലെ സമീറയ്ക്കു തോന്നി.

വളരെ യാദൃശ്ചികമായിട്ടാണ് സമീറ ആ എഴുത്തുകാരനെ കണ്ടെത്തിയത്. ഉണങ്ങിപ്പോയ വാകമരപൂക്കളും പിടിച്ചാണ് അന്ന് സമീറ ആ കുന്നു കയറിയത്. നീണ്ട നിഴലുകള്‍ ഇടകലര്‍ന്നു ചിത്രങ്ങള്‍ വരക്കാന്‍ തുടങ്ങിയിരുന്നു. എവിടെ നിന്നോ ഒഴുകി വന്ന സംഗീതം പോലെ ആ ശബ്ദമവളെയുണര്‍ത്തി.

” ഞാന്‍ നിന്നെ ജീവനേക്കാളേറെ സ്‌നേഹിക്കുന്നു,” ആ വാചകത്തിന്റെ ഉറവിടം തേടി അവള്‍ ഉരുളന്‍ കല്ലുകളിലൂടെ ഓടി കുന്നിന്‍ മുകളിലെത്തി. അവിടെ, മുടി നീട്ടി വളര്‍ത്തി കണ്ണുകള്‍ എഴുതിയ ഒരു കാവി വേഷക്കാരന്‍ നിന്നിരുന്നു. ഒരു നിമിഷമവള്‍ അന്ധാളിച്ചു നിന്നു. ചുറ്റുമൊരു നിശ്ശബ്ദത പരന്നു. അന്നാദ്യമായി അവള്‍ മതിവരുവോളം സംസാരിച്ചു. തന്റെ കഥകളെല്ലാം അയാളെപ്പറഞ്ഞു കേള്‍പ്പിച്ചു. അയാള്‍ താനെഴുതുന്ന പുസ്തകത്തെക്കുറിച്ച് പറഞ്ഞു,

” നോവലെഴുത്തു ഒരു തപസ്യയാണ്. അതാണ് ഞാന്‍ ഈ കുന്നിന്‍ പുറം തേടി വന്നത്.”

ചിത്രീകരണം: ഹാബീല്‍ ഹര്‍ഷദ്‌

അവള്‍ എല്ലാം തല കുലുക്കിക്കേട്ടു.

” നീ എന്റെ നോവലിലെ കഥാപാത്രമാകുമോ?” അയാള്‍ അവളോട് ചോദിച്ചു. സമീറക്കത് സമ്മതമായിരുന്നു. താന്‍ പറയുന്നത് കേള്‍ക്കാനൊരാളു വേണം. അത് മാത്രമായിരുന്നു അവളുടെ മനസ്സിലപ്പോള്‍.

യാന്ത്രികമായ കോളേജ് ജീവിതത്തിനൊരര്‍ത്ഥം കണ്ടെത്തിയതില്‍ സമീറ ഏറെ സന്തോഷിച്ചിരുന്നു. യാത്രപറഞ്ഞു പോകുമ്പോള്‍ സാധാരണ ചുമന്ന കിരണങ്ങള്‍ മാത്രം പരത്താറുണ്ടായിരുന്ന സൂര്യകിരണങ്ങള്‍ അന്ന് വര്‍ണ്ണ ശഭളമായതു പോലെ.

കാറ്റ് വീശിയടിക്കുമ്പോള്‍ ചെവിയിലുണ്ടാക്കുന്ന ശബ്ദവും ഇലകളുടെ മര്‍മ്മരവും വായിച്ചെടുക്കാന്‍ സമീറയ്ക്കു കഴിഞ്ഞു.

ഒടിഞ്ഞു പോയ കൊമ്പുകളുടെ അവശിഷ്ടങ്ങളും ഉണങ്ങിയതും പഴുത്തു തുടങ്ങിയതുമായ ഇലകളുമായി നില്‍ക്കുന്ന തേക്കു മരങ്ങളുടെ മഹാമനസ്‌കതയെ സമീറ സ്മരിച്ചു. അനേകായിരം ദീപങ്ങള്‍ ആകാശത്ത് തെളിയിച്ചു മാനവര്‍ക്കു വിവേചനമില്ലാതെ വെളിച്ചം നല്‍കുന്ന ഗഗനത്തെ പുകഴ്ത്തി. സമീറയുടെ പുസ്തകത്താളുകളില്‍ അങ്ങനെ അനേകായിരം കവിതകള്‍ വിരിഞ്ഞു.

എന്നാല്‍ എല്ലാ പ്രണയങ്ങളെയും പോലെ അതും കരിഞ്ഞു പോകാന്‍ താമസമുണ്ടായില്ല. മനോഹാരിതയില്‍ നിന്നു പരാതികളിലേക്കും പരിഭവങ്ങളിലേക്കും വഴിമാറിയപ്പോള്‍ സമീറയുടെ മനം വീണ്ടും അസ്വസ്ഥമായി. അയാളുടെ വാക്കുകള്‍ സമീറയുടെ നിമിഷങ്ങളെ കാര്‍ന്നു തിന്നാന്‍ തുടങ്ങി.

”എന്ത് കൊണ്ട് നീയിന്നു നേരത്തെ വന്നില്ല? ഈയിടെയായി നിനക്ക് ഒട്ടും താല്പര്യമില്ലാത്തത് പോലെ,” അയാള്‍ പരിഭവിച്ചു.

” എന്തോ, ഒരു തലവേദന പോലെ,” സമീറ നെറ്റിയില്‍ കൈത്തടം വെച്ച് കൊണ്ട് പറഞ്ഞു. സമീറയെ ജീവനോളം സ്‌നേഹിക്കുന്നു എന്ന് പറഞ്ഞിരുന്ന ആള്‍ ആ നിമിഷം പൊട്ടിത്തെറിച്ചു. സമീറ തന്നെ ഇഷ്ടമില്ലാത്തത് കൊണ്ട് ഒഴിവു കഴിവുകള്‍ കണ്ടെത്തുകയാണെന്ന് പറഞ്ഞു. സമീറയുടെ മൗനം അയാളെ കൂടുതല്‍ കുപിതനാക്കി.

”എങ്കില്‍ ഞാന്‍ നിന്നെ എന്റെ നോവലില്‍ നിന്നുമൊഴിവാക്കും, ‘ അതൊരു ഭീഷണിയായിരുന്നു.

നോവലിലെ കഥാപാത്രത്തെ ജീവിത പങ്കാളിയെപ്പോലെ അത്രയെളുപ്പത്തില്‍ വലിച്ചെറിയുവാന്‍ സാധിക്കുമോ? നാടകങ്ങളിലെ പറഞ്ഞു പരിശീലിച്ച ഡയലോഗുകള്‍ പറഞ്ഞു കയ്യടിക്കായി കാത്ത് നില്‍ക്കുന്ന ഒരു നടന്റെ ഭാവത്തോടെ അയാളവിടെ നിന്നു. സമീറയ്ക്കു തന്റെ കാതുകളെ വിശ്വസിക്കാനായില്ല. എങ്കിലും, ഭാരിച്ചതെന്തോ കേട്ട ഭാവം പോലും ആ മുഖത്തുണ്ടായില്ല. ജീവിത നാടകങ്ങളില്‍ നിന്നു ഒഴിഞ്ഞു മാറി നില്‍ക്കുന്നത് കൊണ്ടാണ് താന്‍ ഒറ്റപ്പെടുന്നതെന്നു അവള്‍ക്കറിയാമായിരുന്നു.

” നീ ഒരു വഞ്ചകയാണ്. നീയെന്നെ പറ്റിച്ചു,” എന്നിങ്ങനെയുള്ള കുറച്ചു വാചകങ്ങള്‍ കൂടി മൊഴിഞ്ഞു അയാള്‍ അരങ്ങൊഴിഞ്ഞു എന്ന് തന്നെ സമീറ കരുതി. പക്ഷേ, അയാള്‍ ഒരു കഴുകനെപ്പോലെ തന്നെ പിന്തുടരുന്നുണ്ടെന്നു പിന്നീടാണ് സമീറയ്ക്കു മനസ്സിലായത്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

1 COMMENT

  1. ഒരു രചയിതാവിൻ്റെ വിജയം വായനക്കുശേഷവും കഥാപാത്രങ്ങൾ മനസ്സിൽ നിന്നും വിട്ടുമാറാതെ വായനക്കാരനുമായി കലഹിച്ചും ചോദ്യങ്ങൾ തൊടുത്തും നിൽക്കുമ്പോഴാണ് ഈ അധ്യായത്തിൽ പ്രിയ എഴുത്തുകാരിക്ക് അനായാസമായി അത് സാധിച്ചു . കാവിവസ്ത്രം ധരിച്ച നോവലിസ്റ്റും അയാൾ സമീറക്കു പകുത്തു നൽകിയ പ്രണയവും അത് അവളിലുണ്ടാക്കിയ മാറ്റങ്ങളെയും മനസ്സിൽ നിന്നും മാഞ്ഞ് പോവാത്ത വിധം അക്ഷരങ്ങളാൽ വായനക്കാരിൽ അടയാളപ്പെടുത്തി . മുൻ രണ്ട് അധ്യായങ്ങളെ അപേക്ഷിച്ച് അവസാനഭാഗങ്ങളിൽ അനുവാചക ഹൃദയത്തിൻ ഉദ്ദേഗം ജനപ്പിക്കൻ എഴുത്തുകാരിക്ക് കഴിഞ്ഞു

    ആശംസകൾ ഡോക്ടർ

LEAVE A REPLY

Please enter your comment!
Please enter your name here