മാധവിക്കുട്ടിയുടെ കഥകളുടെ ആത്മാവ് തേടിയുള്ള അന്വേഷണം

0
188

The Reader’s View

അന്‍വര്‍ ഹുസൈന്‍

സ്നേഹത്തെ ഇത്ര വശ്യസുന്ദരമായി കഥകളിലൂടെ ഘോഷിച്ച മറ്റൊരു എഴുത്തുകാരി മാധവിക്കുട്ടിയെപ്പോലെ ഉണ്ടോ എന്ന് സംശയമാണ്. കലർപ്പില്ലാത്ത സ്നേഹമാണ് അവരുടെ കഥകളുടെ മുഖമുദ്ര. പക്ഷിയുടെ മണം, നെയ്പ്പായസം, നുണകൾ, ദൃക്സാക്ഷി, മൂടിക്കെട്ടിയ സായാഹ്നം, സ്ത്രീ, മലഞ്ചെരുവുകളിൽ തുടങ്ങി ഏത് കഥയെടുത്താലും സ്നേഹം വഴിഞ്ഞൊഴുകുന്നത് കാണാം. മാധവിക്കുട്ടിയുടെ കഥകളുടെ ആത്മാവ് തേടിയ ഒരു അന്വേഷണമാണ് ഡോ എം രാജീവ് കുമാറിൻ്റെ കൃതി – മാധവിക്കുട്ടി സ്നേഹത്തിൻ്റെ കൊടിയടയാളം. ചിന്തയാണ് പ്രസാധകർ.

ഗവേഷണ പ്രധാനമായ ഒരു പുസ്തകം സാധാരണ വായനക്കാർക്ക് പൊതുവേ വിരസമായി തോന്നും. എന്നാൽ മാധവിക്കുട്ടിയെ നന്നായി വായിക്കുന്ന ഒരാൾക്ക് ഏറെ ഹൃദ്യമായ ലേഖനങ്ങൾ ആണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. മലയാള ചെറുകഥയുടെ മാധവിക്കുട്ടിക്കാലം വരെയുള്ള പഠനത്തിൽ തുടങ്ങി, കഥകളുടെ ബാഹ്യവും ആന്തരികവുമായ സൗന്ദര്യം തേടുന്ന ലേഖനങ്ങൾ ഗഹനമായ ഒരു പoനത്തിൻ്റെ ഉൽപ്പന്നമാണ് എന്ന് തെളിയുന്നു. മലയാള കഥയിൽ നീർമാതളം പൂത്ത കാലം വരെയുള്ള വികാസ പരിണാമങ്ങളാണ് ആദ്യ ലേഖനത്തിൽ. വാസനാവികൃതി അടക്കമുള്ള ആദ്യ കാല രചനകളുടെ പ്രത്യേകതകൾ എല്ലാം വിശദമായി അപഗ്രഥിക്കുന്നു.

കേശവദേവും ബഷീറും തകഴിയും പൊൻകുന്നം വർക്കിയും പൊറ്റക്കാടും ഉറൂബുമെല്ലാം അണിചേരുന്ന വിശാലമായ ഒരു പഠനമാണ് ആദ്യ ലേഖനം. ഓരോ ലേഖനത്തിൻ്റെയും റഫറൻസ് അധിക വായനക്ക് ഫലപ്രദമാണ്.

തുടർന്ന് 1992 വരെയുള്ള മായുടെ രചനകളെയാണ് വിലയിരുത്തുന്നത്. അതിനു ശേഷം 2009 ലെ മരണം വരെയുള്ള പതിനേഴ് വർഷങ്ങൾ ബോധപൂർവം വിട്ടു കളഞ്ഞിരിക്കുന്നു. അവരുടെ കഥയുടെ വസന്തകാലം 92 ൽ അസ്തമിച്ചതായുള്ള നിരീക്ഷണം ഏറെക്കുറെ ശരിയാണെന്ന് മാധവിക്കുട്ടി കഥകളുടെ സൂക്ഷ്മനിരീക്ഷണത്തിൽ നമുക്കും ബോധ്യപ്പെടും.

മാധവിക്കുട്ടി എന്നും സ്നേഹാന്വേഷിയായിരുന്നു. മാതൃത്വവും പ്രണയവും ദാമ്പത്യവും എല്ലാം പ്രമേയങ്ങളായിരുന്നു. അവിടെയെല്ലാം സ്നേഹത്തെ ഗാഢമായി സ്പർശിച്ചാണ് അവരുടെ തൂലിക ചലിച്ചത്. അവരുടെ ബാല്യകാല കൗമാരകാല വാർദ്ധക്യകാല കഥകളിലൂടെ രാജീവ് കുമാർ കടന്നു പോവുന്നു. സ്ത്രീ പുരുഷ ബന്ധത്തെ ഇത്ര സൂക്ഷ്മമായി സ്പർശിച്ച മറ്റൊരെഴുത്തുണ്ടാവില്ല. മരണമെന്ന മഹാ യാഥാർത്ഥ്യത്തെയും തൻ്റെ കഥകളിൽ മാധവിക്കുട്ടി വല്ലാതെ സന്നിവേശിപ്പിച്ചു.

കഥകളിലെ ബാഹ്യ ശിൽപ്പത്തിൻ്റെ ചാരുതയെ ഒരു ലേഖനത്തിൽ വിശദമായി അപഗ്രഥിക്കുന്നു. ആഖ്യാനരീതിയിലും പാത്രസൃഷ്ടിയിലുമെല്ലാം പുലർത്തുന്ന വ്യതിരിക്തത ശ്രദ്ധേയമാണ്. ഞാൻ എന്ന കഥാപാത്രത്തെയും വ്യത്യസ്തമായി അവതരിപ്പിക്കാൻ അവർക്ക് കഴിഞ്ഞു.

കഥകളിലെ പല തരത്തിലുള്ള ബിംബകൽപ്പനയെ രാജീവ് കുമാർ അപഗ്രഥിക്കുന്നുണ്ട്. വർണമാവട്ടെ സ്പർശമാവട്ടെ ഓരോ ബിംബത്തിലും ഒളിപ്പിച്ച് വച്ചിരിക്കുന്ന സർഗ വൈഭവം അനുപമമാണ്.

മനോവ്യാപാരങ്ങളെയും സ്വപ്നങ്ങളെയും എല്ലാം മാധവിക്കുട്ടി കഥകളിൽ ഭംഗിയായി വിളക്കിച്ചേർത്തിട്ടുണ്ട്. പക്ഷിയുടെ മണം പോലുള്ള കഥകളെ ഉദാഹരിച്ച് രാജീവ് കുമാർ സൂക്ഷ്മാംശങ്ങളിലേക്ക് കടക്കുന്നുണ്ട്.

മാധവിക്കുട്ടിയുടെ വ്യക്തി ജീവിതം കഥകളിൽ നിന്നും വേറിട്ട ഒന്നല്ല. അടിമുടി സ്നേഹദാഹിയായിരുന്നു അവർ. എൻ്റെ കഥയിലെ തുറന്നെഴുത്ത് കപട സദാചാരക്കാരുടെ നെറ്റി ചുളിപ്പിച്ചു. പതറാതെ റിയൽ ആയി മാധവിക്കുട്ടി എഴുതിക്കൊണ്ടിരുന്നു.

ഉന്മാദം – അത് മറ്റൊരു രാജ്യം എന്ന പേരിൽ മാധവിക്കുട്ടി എഴുതിയ അപ്രകാശിതമായ റേഡിയോ നാടകവും ഈ പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. മാധവിക്കുട്ടി ഏറെ പoന വിധേയയാവേണ്ട എഴുത്തുകാരിയാണ്. എക്കാലവും വായിക്കപ്പെടും അവരുടെ കഥകൾ. അവയിലേക്കുള്ള അർത്ഥസമ്പുഷ്ടമായ ഒരു പ്രവേശികയാണ് ഡോ എം രാജീവ് കുമാറിൻ്റെ ഈ കൃതി.’


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here