തസ്രാക്-സാര്‍ത്ഥകമായ സര്‍ഗസ്മൃതി

0
299

പ്രശസ്ത എഴുത്തുകാരൻ ശ്രീ കെ.വി.മോഹൻകുമാർ പാലക്കാട് ജില്ലാ കളക്ടറായിരുന്നപ്പോഴാണ്  തസ്രാക്ക് സന്ദർശിക്കുവാൻ ഇടയായത്. ഞാനും സുഹൃത്ത് ശ്രീ അജയപുരം ജ്യോതിഷ്കുമാറും ഞങ്ങളുടെ കുടുംബാംഗങ്ങളുമടങ്ങിയ സംഘമാണ് തസ്രാക്ക് സന്ദർശിച്ചത്.

കളക്ടറുടെ നിർദ്ദേശാനുസരണം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ  വാഹനത്തിൽ പാലക്കാട്‌ നഗരത്തെ പിന്നിട്ട് പച്ചപ്പുള്ള പാടങ്ങളും കരിമ്പനകളും കണ്ട് തസ്രാക്കിലെത്തി. ഏകാദ്ധ്യാപക വിദ്യാലയവും ഞാറ്റുപുരയും അറബികുളവുമൊക്കെ വിസ്മയത്തോടെ കണ്ടു മടങ്ങി.

എൽ. വി. ഹരികുമാർ

വർഷങ്ങൾക്കിപ്പുറം പാലക്കാട്ടെ സാംസ്കാരിക പ്രവർത്തകരും എഴുത്തുകാരുമായ ശ്രീ സിബിൻ ഹരിദാസ്, മനോജ് വീട്ടിക്കാട്, മധു അലനല്ലൂർ, ശരത് ബാബു തച്ചമ്പാറ, കവിത എസ്.കെ തുടങ്ങിയവർ നേതൃത്വം നൽകുന്ന പാലക്കാടൻ എഴുത്തുകൂട്ടത്തിന്റെയും ഒ.വി.വിജയൻ സ്മാരക സമിതിയുടെയും സഹകരണത്തോടുകൂടി കേന്ദ്ര സാഹിത്യ അക്കാദമി ലോക വനിതാ ദിനത്തിന്റെ ഭാഗമായി  മാർച്ച് 8 ന് സംഘടിപ്പിച്ച ‘നാരിചേതന ‘എന്ന പേരിലുള്ള പരിപാടിയിൽ പങ്കെടുക്കുവാനാണ് വീണ്ടും അവിടെ എത്തിച്ചേർന്നത്.

ജില്ലയിലെ വനിതാ എഴുത്തുകാരുടെ കൂട്ടായ്മയായാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. ‘പെൺമ ‘എന്ന പേരും അവർ  അതിന് നൽകിയിരുന്നു. കലാ-സാഹിത്യരംഗങ്ങളിൽ ശ്രദ്ധേയ സാന്നിദ്ധ്യമായിട്ടുള്ള പാലക്കാട്ടുകാരായ മിക്കവരും അവിടെ സന്നിഹിതരായിട്ടുണ്ടായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി പ്രതിനിധിയായ എന്നെയാണ് മുഖ്യാതിഥിയായി നിശ്ചയിച്ചിരുന്നത്.

ഒ.വി.വിജയൻ സ്മാരകത്തിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കുവാൻ രാവിലെ പാലക്കാട് പി.ഡബ്ലിയു.ഡി റെസ്റ്റ് ഹൗസിൽ നിന്നും പ്രസാദ് കാക്കശ്ശേരി, മനോജ് വീട്ടിക്കാട്, ശരത് ബാബു എന്നിവരോടൊപ്പം യാത്രതിരിച്ചു. നൂറോളം എഴുത്തുകാരികള്‍ പങ്കെടുത്ത സര്‍ഗസംഗമം സ്ത്രൈണ സര്‍ഗാത്മകതയുടെ വിളംബരമായി. അവര്‍ ഒരുക്കൂട്ടിയ ‘ചേതന’എന്ന ഡിജിറ്റല്‍ മാഗസിനും പ്രകാശനം ചെയ്തു.

പട്ടണം കടന്ന് ഗ്രാമത്തിലേക്ക് കടന്നപ്പോൾ ഒ.വി.വിജയൻ സ്മാരകത്തിന്റെ ദിശ സൂചിപ്പിക്കുന്ന നിരവധി ബോർഡുകൾ വഴിനീളെ കണ്ടു. പ്രധാന പാത തിരിഞ്ഞ് സ്മാരകം സ്ഥിതി ചെയ്യുന്ന റോഡിലേക്ക് തിരിയുമ്പോൾ വലിയ കമാനവും പിന്നെ സ്മാരകത്തിനുമുന്നിൽ ചുറ്റുമതിൽ കമാന സഹിതം വളരെ മനോഹരമായി പണിതിരിക്കുന്നു.

ഏകദേശം പത്തു കൊല്ലങ്ങൾക്കു മുമ്പ് കണ്ടതിൽ നിന്നും ഒരുപാട് മാറ്റം വന്നിരിക്കുന്നു. മുമ്പ് അനാഥമായി കണ്ട ഞാറ്റുപുരയും ഏകാദ്ധ്യാപക വിദ്യാലയവുമൊക്കെ മനോഹരമായി സംരക്ഷിച്ചിരിക്കുന്നു. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ഹാൾ കൂടാതെ ഒ.വി.വിജയൻ ചിത്രങ്ങളും കാർട്ടൂണുകളും പുസ്തകങ്ങളും പ്രദർശിപ്പിച്ച മറ്റൊരു ഹാളുമൊക്കെ കണ്ടപ്പോൾ വളരെ വിസ്മയമായി.

ഒ.വി.വിജയന്റെ പ്രതിമ, പുൽമേട്, വരുന്നവർക്ക് വിശ്രമിക്കാൻ ഇരിപ്പിടങ്ങൾ നിരവധി സൗകര്യങ്ങൾ ഈ ഗ്രാമത്തിൽ ഒരുക്കിയിരിക്കുന്നു. ക്യാമ്പുകൾ നടത്തുവാനും എഴുത്തുകാർക്ക് താമസിക്കുവാൻ കോട്ടേജുകൾ പണിയുവാനുമുള്ള ശ്രമത്തിലാണ് സംഘാടകർ. ഇതിനൊക്കെ നേതൃത്വം നൽകുന്നത് പാലക്കാട്ടെ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ശ്രീ ടി.ആർ.അജയനും.

നിസ്വാർത്ഥ സേവനത്തിന്റെ പ്രതീകമായ അദ്ദേഹം ജില്ലയിൽ പബ്ലിക് ലൈബ്രറിയുടെ വളർച്ചയിലും വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. നിഷ്കാമ കർമ്മം മുഖമുദ്രയാക്കിയ കേരളത്തിലെ ഒരു സാംസ്കാരിക പ്രവർത്തകനായിരിക്കും അജയൻ സാർ. കേരളത്തിൽ മൺമറഞ്ഞ നിരവധി എഴുത്തുകാർക്ക് സ്മാരകങ്ങളുണ്ട്. പക്ഷേ, ചുരുങ്ങിയ കാലയളവിൽ ഇത്രത്തോളം വികസന പ്രവർത്തനം നടക്കുന്ന ഒരു സ്മാരകം അപൂർവ്വമായിരിക്കും. ഒ.വി.വിജയൻ എന്ന എഴുത്തുകാരന് കിട്ടുന്ന വലിയ അംഗീകാരമാണ് ഈ സ്മാരകം.

athmaonline

LEAVE A REPLY

Please enter your comment!
Please enter your name here