പക്ഷിപീഢ

0
274

സുനിത ജി സൗപർണിക

കിണറിനു കുറുകെ കപ്പി തൂങ്ങിക്കിടക്കുന്ന കമ്പിയ്ക്കു മുകളിലിരുന്ന് കാവതിക്കാക്കയാണ്, അപ്പുറത്തെ വാടകക്കാരുടെ കഥ എന്നോട് പറഞ്ഞത്.
കാക്ക പറഞ്ഞത്,

അവർ രണ്ടു വാടകജന്മങ്ങൾ ആയിരുന്നു. ഒരിടത്തും നങ്കൂരമിടാത്ത പായ്‌ക്കപ്പൽ പോലെ. സ്ഥിരമായി ഒരിടത്ത് കൂടുകൂട്ടാത്ത, കൂട്ടു കൂടാത്ത പക്ഷികളെ പോലെ.

തീവണ്ടിപ്പാതയ്ക്കരികിൽ, ആയിടയ്ക്ക് അവർ കണ്ടെത്തിയ ഇടത്താവളത്തിലേക്കാണ് രണ്ട് ഇണക്കിളികൾ ഒരു രാത്രി കലപില കൂട്ടി വന്നത്.

പിന്നെയുള്ള അവരുടെ പുലരികളുണർന്നത് കിളിശൃംഗാരങ്ങളിലേക്ക് ആയിരുന്നു.

അകത്തെ കോണി കേറി ചെല്ലുന്ന വഴിയിൽ, പടികൾക്കിടയ്ക്കുള്ള നിരപ്പായ സ്ഥലത്ത്, അത്രയും കേറി വന്നതിന്റെ ക്ഷീണം തീർക്കാനെന്നോണം പണിഞ്ഞ, ആ കുഞ്ഞിടത്തിന് ഓരത്തുള്ള ചതുരത്തിലുള്ള വായുവിടവിൽ ഓരോ ദിവസവും കൂട്ടിവയ്ക്കപ്പെടുന്ന ചുള്ളികളുടെ എണ്ണം കൂടിക്കൂടി വന്നു. ഒരു ദിവസം ആ ചുള്ളിക്കൂട്ടത്തിന് ഒരു കിളിക്കൂടിന്റെ രൂപം കൈവന്നു.

സ്വന്തമായി കൂടു വച്ചവരെന്ന അഹങ്കാരനോട്ടം,   സ്വന്തമായി വീടില്ലാത്ത, വാടകയിടങ്ങളുടെ പൊരുത്തക്കേടുകൾക്കിടയിൽ ഞെരുങ്ങിപ്പോയ, ആ കോണിയ്ക്കു താഴെ ജീവിയ്ക്കുന്നവർക്ക് നേരെ എറിയാൻ തുടങ്ങി.

നോട്ടത്തിൽ ഒതുങ്ങാത്ത അഹങ്കാരം ആക്രോശത്തിലേക്ക് മാറുകയും, കോണിയ്ക്കു താഴേക്ക്, വാടകയിടങ്ങളിലെ ഇടനാഴിയിലേക്ക് ആക്രമിച്ചു കടന്നു കയറി, നിർത്താതെ പുലഭ്യം പറയാൻ തുടങ്ങുകയും ചെയ്ത നേരത്താണ് എല്ലാം താളം തെറ്റിയത്.

വാടകക്കാരുടെ കുഞ്ഞിന് ഉറക്കം തെറ്റി,

ഇടനാഴിയിലെ കളി അവന് വേണ്ടാതായി.

കോണിയ്ക്കു മീതേയ്ക്ക് അവൻ പേടിയോടെ ഇടയ്ക്കിടെ എത്തിനോക്കി.

രാത്രി ഞെട്ടിയുണർന്ന് ഏങ്ങിയേങ്ങിക്കരഞ്ഞു.

അന്ന് രാത്രി വാടകവീട് ഉറങ്ങിയില്ല. പിറ്റേന്ന് ഇണക്കിളികൾ കൂടുവിട്ട് പുറത്തുപോയ നേരത്ത്, വാടകക്കാരൻ, ആ കൂടിളക്കി പുറത്തെറിഞ്ഞ് വാതിലുകൾ കൊട്ടിയടച്ചു.

നേരമിത്തിരി കഴിഞ്ഞു. കളിപ്പാട്ടക്കാറ് തിരഞ്ഞു പോയ വാടകക്കാരുടെ കുഞ്ഞ്, കോണിക്കൂടിന്നുള്ളിൽ നിന്നും ഒരു കുഞ്ഞിക്കിളിക്കരച്ചിൽ കേട്ട് ഞെട്ടിയോടി വന്ന്, അമ്മയ്ക്കുള്ളിലേക്ക് മുഖം പൂഴ്ത്തി പേടിച്ചുനിന്നു.

athmaonline

വാടകക്കാരൻ നിന്നു വിയർത്തു. കുഞ്ഞുണ്ടെന്നറിയാതെ, ചെയ്തുപോയ മഹാപാപമോർത്ത് അയാൾ പിന്നെയും പിന്നെയും നിന്നു വിയർത്തു. കുഞ്ഞിന് തീറ്റയും കൊണ്ട് വരുന്ന കിളിയച്ഛനോട് എന്തുപറയുമെന്നോർത്ത് അയാൾക്ക് തൊണ്ട വരണ്ടു.

പഴയ ‘ഫ്ലിപ്കാർട്ട്’ പെട്ടിയിലൊരു കൂടൊരുക്കി വാടകക്കാരനും ഭാര്യയും കിളിക്കുഞ്ഞിനെ കൂടിന്റെ സ്ഥാനത്ത് വിറച്ച കൈകളോടെ കൊണ്ടു വച്ചു.

ഇണക്കിളികൾ കൂടണഞ്ഞു. അല്ല, കൂടില്ലല്ലോ. കൂടിനു പകരം പെട്ടി കണ്ട അവർ തല തല്ലി കരഞ്ഞു. വാടകക്കാരെ തലയിൽ കൈവച്ചു ശപിച്ചു.

അടഞ്ഞ വാതിലിനു മുകളിലെ വായുദ്വാരങ്ങൾക്കിടയിലൂടെ അവരിരുവരും ആർത്തും അലറിയും പാഞ്ഞു നടന്നു.

കൊത്താനോങ്ങി വരുന്ന രണ്ടു കൊക്കുകൾക്കിടയിൽ നിന്നും തന്റെ കുഞ്ഞിനെ പൊതിഞ്ഞെടുത്ത് വാടകക്കാരൻ വായുദ്വാരങ്ങളുടെ വായ്ക്കുള്ളിൽ തുണി തിരുകി ശ്വാസം മുട്ടിച്ചു. കിളികൾക്ക് വഴിമുട്ടി.

പെട്ടിയിൽ നിന്നും പുറത്തുവരാൻ വെമ്പി ചിറക് നീർത്താൻ നോക്കുന്ന കിളിക്കുഞ്ഞിനെ പെട്ടിയോടെ മുറ്റത്തു കൊണ്ടുവെച്ച്, അമ്മക്കിളിയും അച്ഛൻകിളിയും കാണുന്നുണ്ടെന്ന് ഉറപ്പു വരുത്തി, അയാൾ അകത്തേക്ക് ഓടിക്കയറി.

വാതിലുകളും ജനലുകളും ചേർത്തടച്ച് തഴുതിട്ടു. ഒരു ശബ്ദങ്ങളെയും അകത്തേക്ക് കയറ്റാതെ, സ്വന്തം കുഞ്ഞിനെ ചേർത്തുപിടിച്ച് കിതച്ചുകൊണ്ടിരുന്നു.

പാത്തു നിന്ന ഒരു കാടൻപൂച്ചയുടെ കണ്ണിലൂടെ ഇരുട്ട് ഒഴുകി വന്നു. ആദ്യം ചപ്പിലൂടെ, പിന്നെ ചരൽക്കല്ലിലൂടെ പൂച്ച നടക്കുന്നത് വാടകക്കാരൻ അറിഞ്ഞു.

പൂച്ച നിന്നു. കിളിയുടെ കരച്ചിലും.

അന്നു രാത്രിയും വാടകവീട് ഉറങ്ങിയില്ല. പിന്നെ ഒരു രാത്രിയും ഉറങ്ങിയില്ല.

കിളിയാട്ടാനിറങ്ങിയ ആണും ഒപ്പമുണ്ടായിരുന്ന പെണ്ണും കുഞ്ഞിന്റെ നാവേറ് പാടിയ്ക്കുകയാണ്.

“പക്ഷിപീഢകളും പിള്ളോർദോഷങ്ങളും

നാഗശ്ശാപങ്ങളും പാടിയൊഴിക്കുന്നേൻ…”

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here