മുസ്ലീം അപരവല്‍ക്കരണവും ഇന്ത്യന്‍ പാരമ്പര്യവും

0
461

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം
ഡോ.ടി.എസ്.ശ്യാംകുമാര്‍

ഇന്ത്യയിലെ മുസ്ലീം അപരവല്‍ക്കരണത്തിന്‍റെ വേരുകള്‍ ആഴ്ന്നിരിക്കുന്നത് ബ്രാഹ്മണികമായ സാഹിത്യ പാരമ്പര്യത്തിലും അതിന്‍റെ വിശ്വാസപ്രമാണങ്ങളിലുമാണ്. ഭവിഷ്യപുരാണം ഉള്‍പ്പെടെയുള്ള പുരാണസാഹിത്യങ്ങള്‍ മുസ്ലീംകളെ പാഷണ്ഡരായും, മ്ലേച്ഛരായുമാണ് അടയാളപ്പെടുത്തുന്നത്. സംസ്കൃത പ്രമാണങ്ങളില്‍ മുസ്ലീം ജനവിഭാഗങ്ങളെ മ്ലേച്ഛരായാണ് കണ്ടിരുന്നത്. പൃഥ്വിരാജവിജയം പോലുള്ള സംസ്കൃതസാഹിത്യകൃതികളാവട്ടെ മുസ്ലീംകളെ രാക്ഷസരായും ചിത്രീകരിക്കുന്നു. ഡെക്കാണില്‍ നിന്നുള്ള സംസ്കൃതത്തിലും തെലുങ്കിലും എഴുതപ്പെട്ടിട്ടുള്ള ഒരു കാകതീയ ശിലാശാസനത്തില്‍ ഡല്‍ഹി സുല്‍ത്താനായ മുഹമ്മദ് ബിന്‍ തുഗ്ലക്കിനെ വിശേഷിപ്പിക്കുന്നത്, “ബ്രാഹ്മണരെ കൊല്ലുകയും ക്ഷേത്രങ്ങള്‍ നശിപ്പിക്കുയും, കര്‍ഷകരെ കൊള്ളയടിക്കുകയും ബ്രാഹ്മണര്‍ക്കു ദാനമായി നല്‍കപ്പെട്ട ഭൂമി കണ്ടുകെട്ടുകയും മദ്യപിക്കുകയും, പശുവിറച്ചി തിന്നുകയും ചെയ്യുന്ന, പേടിപ്പെടുത്തുന്ന ആളായാണ് ” തെറ്റായി ചിത്രീകരിക്കേണ്ട അവസരങ്ങളിലെല്ലാം ഒരു മുസ്ലീം ഭരണാധികാരിയെ ഭീകരസ്വത്വമായി ഏറെ നിന്ദയോടെ അപരവല്‍ക്കരിക്കുന്നതിനെ പറ്റി Voices of Dissent എന്ന ഗ്രന്ഥത്തില്‍ ചരിത്രകാരിയായ റൊമില ഥാപ്പര്‍ വിശദീകരിക്കുന്നുണ്ട്. ആധുനിക കാലഘട്ടത്തിലെ ഒരു സവിശേഷ പ്രതിഭാസമല്ല മുസ്ലീം അപരവല്‍ക്കരണമെന്നാണ് ഇതെല്ലാം തെളിയിക്കുന്നത്. ക്ഷേത്രങ്ങള്‍ നശിപ്പിക്കുന്നവരായി മുസ്ലീം ഭരണാധികാരികളെ ചിത്രീകരിച്ചു കൊണ്ട് മുസ്ലീം അപരവല്‍ക്കരണത്തിന്‍റെ ഗതിവേഗം വര്‍ദ്ധിപ്പിക്കാനാണ് ബ്രാഹ്മണ്യശക്തികള്‍ ശ്രമിക്കുന്നത്. അതേ സമയം അടിയന്തിര സാഹചര്യങ്ങളില്‍ ക്ഷേത്രങ്ങളിലെയും മറ്റും സമ്പത്ത് കണ്ടുകെട്ടാന്‍ രാജഭരണകൂടത്തോട് ആവശ്യപ്പെടുന്ന കൗടില്യന്‍റെ അര്‍ത്ഥശാസ്ത്ര നിര്‍ദ്ദേശങ്ങള്‍ ഹിന്ദുത്വശക്തികള്‍ കണ്ടില്ലെന്നു നടിക്കുകയാണ്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ രചിക്കപ്പെടുന്ന കല്‍ഹണന്‍റെ രാജതരംഗണിയില്‍ ക്ഷേത്രസ്വത്തുക്കള്‍ പിടിച്ചെടുക്കുന്ന രാജഭരണതന്ത്രത്തെ പറ്റി വിവരിക്കുന്നുണ്ട്. പതിനൊന്നാം നൂറ്റാണ്ടില്‍ ഹര്‍ഷദേവന്‍ എന്ന ഭരണാധികാരി ക്ഷേത്രങ്ങള്‍ക്കു മേല്‍ നടത്തിയത് ഭീകര ആക്രമണമായിരുന്നു എന്ന് റൊമിലാ ഥാപ്പാര്‍ വിവരിക്കുന്നുണ്ട്. സോമനാഥ ക്ഷേത്രത്തെ മുന്‍നിര്‍ത്തി മുഹമ്മദ് ഘാസിയെ പ്രതിയാക്കുന്നതിലൂടെ മുസ്ലീം അപരവല്‍ക്കരണം തന്നെയായിരുന്നു ലക്ഷ്യമാക്കിയിരുന്നത്. “മഹാക്ഷേത്രത്തിന് നേരെ ഘാസി ആക്രമണം അഴിച്ചു വിട്ടപ്പോള്‍ അയാളുടെ സൈന്യത്തിന് കാവല്‍ നിന്നത് നമ്മുടെ രക്തത്തിന്‍റെ ഹിന്ദുരക്തവും നമ്മുടെ മാംസത്തിന്‍റെ മാംസവും നമ്മുടെ ആത്മാവിന്‍റെ ആത്മാവുമായിരുന്നു” എന്ന് മധുരയില്‍ നടത്തിയ ഒരു പ്രഭാഷണത്തില്‍ എം.എസ്. ഗോള്‍വാള്‍ക്കര്‍ തുറന്നു സമ്മതിക്കുന്നുണ്ട്. ക്ഷേത്രധ്വംസനത്തിന് മുന്‍കൈയെടുത്തത് സവര്‍ണ ഹിന്ദു ജനവിഭാഗങ്ങളായിരുന്നു എന്നാണ് ഇതെല്ലാം കാണിക്കുന്നത്. എന്നാല്‍ ഇത്തരം ചരിത്രവസ്തുതകള്‍ മറച്ചുവയ്ക്കുന്നതിലൂടെ ഇന്ത്യാചരിത്രത്തിലെ പാതകികളായി മുസ്ലീം ജനവിഭാഗത്തെ സമ്പൂര്‍ണമായി മാറ്റിത്തീര്‍ക്കുകയാണ് ലക്ഷ്യം. മുസ്ലീംകള്‍ ദീര്‍ഘകാലം ഇന്ത്യയിലെ ഭരണകൂടശക്തികളായിരുന്നു എന്നത് ഇന്ന് അപരവല്‍ക്കരണത്തിന് ഇന്ധനം പകരുന്ന മറ്റൊരു വാദമാണ്. എന്നാല്‍ ‘മുസ്ലീം ഭരണ’ ത്തിന് കീഴിലും മുഖ്യമായി ഭൂമിയുടെ ഉടമസ്ഥാവകാശം സവര്‍ണഹിന്ദുക്കള്‍ക്ക് തന്നെയായിരുന്നു. കൂടാതെ തുര്‍ക്കികള്‍ക്കു വേണ്ടി അവരുടെ ഭരണം നടത്തിക്കൊണ്ട് തുര്‍ക്കി സാമ്രാജ്യം സ്ഥാപിക്കാന്‍ സഹായിച്ചത് സവര്‍ണ ഹിന്ദുക്കളായിരുന്നുവെന്ന് ചരിത്രകാരനായ ബിപന്‍ ചന്ദ്ര നിരീക്ഷിക്കുന്നുണ്ട്. തന്നെയുമല്ല മുന്‍കാലത്തെ ജമീന്ദാര്‍മാരെല്ലാം സവര്‍ണഹിന്ദുക്കളായിരുന്നു. സുല്‍ത്താന്മാര്‍ക്കും മുഗളന്മാര്‍ക്കും കീഴില്‍ മുസ്ലീം ഭരണമുണ്ടായിരുന്നില്ലെന്ന് സാമൂഹിക സാമ്പത്തിക ചരിത്രം വ്യക്തമാക്കുന്നു. എല്ലാ മുസ്ലീംകളും ഭരണവര്‍ഗത്തിന്റെ ഭാഗമായിരുന്നില്ല. മുസ്ലീംകളിലെ മഹാഭൂരിപക്ഷവും ഈ കാലത്ത് ദരിദ്രരും അടിച്ചമര്‍ത്തപ്പെട്ടവരുമായിരുന്നു. ഇതിനെല്ലാമുപരി മുസ്ലീംകളെ താഴ്ന്ന തലത്തിലുള്ള ജീവികളായാണ് ഭരണാധികാരികളും ജമീന്ദാര്‍മാരും വീക്ഷിച്ചിരുന്നതെന്ന് Communalism and the writings of Indian History പ്രതിപാദിക്കുന്നുണ്ട്. മുസ്ലീംകള്‍ക്കിടയിലെ ഷെറീഫ് മുസ്ലീംകള്‍, അജ്ലാഫ് മുസ്ലീംകള്‍ എന്നിവരോട് മേല്‍ജാതിക്കാര്‍ പെരുമാറിയത് തികച്ചും ഹീനമായിട്ടാണെന്ന് സാമൂഹ്യചരിത്രപാഠങ്ങള്‍ തെളിയിക്കുന്നു. ‘മധ്യകാലം’ എന്ന് വിശഷിപ്പിക്കുന്ന ചരിത്രഘട്ടത്തിലെ മുസ്ലീം അപരവല്‍ക്കരണത്തിന്‍റെ നേരിയ ഒരു പ്രതലം മാത്രമാണിത്. ബങ്കിംചന്ദ്രചാറ്റര്‍ജിയുടെ ആനന്ദമഠത്തിലെ ചില ഭാഗങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. “കൊല്ലൂ, കൊല്ലൂ മുസ്ലീംകളെ കൊല്ലൂ എന്നു ചിലര്‍ ആക്രോശിച്ചു. മറ്റു ചിലര്‍, വിജയം വിജയം മഹാരാജാവിന് എന്ന് ആര്‍ത്തലച്ചു… വേറെ ചിലര്‍ പറഞ്ഞു: സഹോദരന്മാരെ ഞാന്‍ രാധാമാധവിന് ക്ഷേത്രം നിര്‍മിക്കുമ്പോള്‍ മോസ്കിനെ തകര്‍ത്തെറിയും” ആനന്ദമഠത്തിലെ നോവല്‍ഭാഗങ്ങളുടെ ഏറിയും കുറഞ്ഞുമുള്ള പുനരാവിഷ്കരണമാണ് പലവിതാനങ്ങളില്‍ ഇന്ത്യന്‍ സമൂഹത്തിലും സമകാല കേരളീയ സമൂഹത്തിലും പുനര്‍രചിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ലൗ ജിഹാദും, നര്‍ക്കോട്ടിക് ജിഹാദുമെല്ലാം മുസ്ലീം ഭീതിയും അതിലാധാരമായ വെറുപ്പിന്‍റെ രാഷ്ട്രീയത്തെ ഉത്പാദിപ്പിച്ച് ഹിന്ദുത്വസംസ്കാരത്തിന് ഇന്ധനം പകരുകയാണ്. “ഹിന്ദുച്ചട്ടക്കൂട്ടില്‍ നിന്നും പുറത്തുപോവുന്ന ഏതൊരാളും താഴെത്തലത്തിലുളളവര്‍ മാത്രമല്ല. അതില്‍ കൂടുതലായി ഒരു ശത്രുവുമാണ്” (Complete works of Swami Vivekanand, Vol.3 കല്‍ക്കത്ത, 1997,P.233) എന്ന് വിവേകാനന്ദന്‍ പ്രസ്താവിക്കുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ 1997-98 ല്‍ ഗുജറാത്തില്‍ ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടപ്പോഴും പിന്നീട് 2002 ലെ അവിടത്തെ നരവംശഹത്യക്ക് വേദിയൊരുക്കാനായി ക്രിസ്ത്യാനികള്‍ക്കും മുസ്ലീംകള്‍ക്കുമെതിരെ വിദ്വേഷമിളക്കിവിടാന്‍ ലഘുലേഖകളിലും ബില്‍ബോര്‍ഡുകളിലും ഹിന്ദുത്വശക്തികള്‍ ഉപയോഗിച്ചത് വിവേകാനന്ദന്‍റെ പ്രസ്താവനയായിരുന്നു എന്ന് ഷംസുല്‍ ഇസ്ലാം ചരിത്രവസ്തുക്കളുടെ പിന്‍ബലത്തില്‍ സ്ഥാപിക്കാനുണ്ട്.

ഇന്ത്യയെ ഒരു സവര്‍ണാധിഷ്ഠിത രാഷ്ട്രമായി പരിവര്‍ത്തിക്കുക എന്നതാണ് ബ്രാഹ്മണ്യശക്തികള്‍ ലക്ഷ്യമിടുന്നത്. ആ ലക്ഷ്യത്തിന്‍റെ സാധൂകരണയുക്തിയാണ് മുസ്ലീം അപരവല്‍ക്കരണം. ലൗജിഹാദും, നര്‍ക്കോട്ടിക് ജിഹാദുമെല്ലാം ഇങ്ങനെ മുസ്ലീം അപരവല്‍ക്കരണത്തെ ആഴത്തിലുള്ള വെറുപ്പിലും ഭീതിയിലും നിലയുറപ്പിച്ച് മതേതരസമൂഹത്തെ ഭിന്നിപ്പിക്കാന്‍ മാത്രമേ ഉപകരിക്കൂ. മുസ്ലീം വെറുപ്പിന്‍റെ രാഷ്ട്രീയം നിഹിതമായിരിക്കുന്നത് വര്‍ണധര്‍മബദ്ധമായ ഇന്ത്യന്‍ പാരമ്പര്യത്തില്‍ തന്നെയാണ്. ഇന്ന് ഹിന്ദുത്വത്തിന്‍റെ നിലനില്പ് ജാതിബോധത്തെയും അതിന്‍റെ അതിഭൗതികത ആഖ്യാനങ്ങളെയും നിത്യഹരിതമാക്കി നിലനിർത്തിക്കൊണ്ടാണ് സാധ്യമാക്കുന്നത്. മുസ്ലീം അപരവല്‍ക്കരണമാണ് അതിനുള്ള പ്രധാന ആയുധം. ഇത് തിരിച്ചറിഞ്ഞാല്‍ മാത്രമേ ഇന്ത്യന്‍ സമൂഹത്തെ, വിശേഷിച്ച് കേരളീയ പൊതുമണ്ഡലത്തെ സഹജമായ ജനാധിപത്യബോധത്തില്‍ നിലീനമാക്കി നിലനിര്‍ത്താന്‍ സാധിക്കൂ. “ഹിന്ദുരാജ് ഒരു വാസ്തവമായാല്‍ അത് ഈ രാജ്യത്തിന് ഏറ്റവും വലിയ ദുരന്തമായിരിക്കും എന്നതില്‍ സംശയമില്ല. ഹിന്ദുക്കള്‍ എന്തു പറഞ്ഞാലും ശരി ഹിന്ദുമതം സ്വതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയ്ക്ക് വലിയൊരു വിപത്താണ്. അതുകൊണ്ട് അത് ജനാധിപത്യവുപമായി തീരെ യോജിച്ചു പോവില്ല” എന്ന ഡോ.ബി.ആര്‍ അംബേദ്കറുടെ വാക്കുകള്‍ ആപത്തിന്‍റെ നിമിഷത്തില്‍ കൈയ്യെത്തി പിടിക്കേണ്ട ചരിത്രവാക്യമായി നമ്മുടെ ഓര്‍മകളില്‍ തിര തള്ളട്ടെ. വര്‍ണധര്‍മബദ്ധമായ ഇന്ത്യന്‍ പാരമ്പര്യത്തില്‍ തന്നെയാണ്. ഇന്ന് ഹിന്ദുത്വത്തിന്‍റെ നിലനില്പ് ജാതിബോധത്തെയും അതിന്‍റെ അതി ഭൗതികത ആഖ്യാനങ്ങളെയും നിത്യഹരിതമാക്കി നിലനിർത്തിക്കൊണ്ടാണ് സാധ്യമാക്കുന്നത്. മുസ്ലീം അപരവല്‍ക്കരണമാണ് അതിനുള്ള പ്രധാന ആയുധം. ഇത് തിരിച്ചറിഞ്ഞാല്‍ മാത്രമേ ഇന്ത്യന്‍ സമൂഹത്തെ, വിശേഷിച്ച് കേരളീയ പൊതുമണ്ഡലത്തെ സഹജമായ ജനാധിപത്യബോധത്തില്‍ നിലീനമാക്കി നിലനിര്‍ത്താന്‍ സാധിക്കൂ. “ഹിന്ദുരാജ് ഒരു വാസ്തവമായാല്‍ അത് ഈ രാജ്യത്തിന് ഏറ്റവും വലിയ ദുരന്തമായിരിക്കും എന്നതില്‍ സംശയമില്ല. ഹിന്ദുക്കള്‍ എന്തു പറഞ്ഞാലും ശരി ഹിന്ദുമതം സ്വാതന്ത്ര്യം സമത്വം, സാഹോദര്യം എന്നിവയ്ക്ക് വലിയൊരു വിപത്താണ്. അതുകൊണ്ട് അത് ജനാധിപത്യവുമായി തീരെ യോജിച്ചു പോവില്ല” എന്ന ഡോ. ബി. ആര്‍ അംബേദ്കറുടെ വാക്കുകള്‍ ആപത്തിന്‍റെ നിമിഷത്തില്‍ കൈയ്യെത്തി പിടിക്കേണ്ട ചരിത്രവാക്യമായി നമ്മുടെ ഓര്‍മകളില്‍ തിര തള്ളട്ടെ.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here