സ്വപ്ന ചിറകുള്ള ചിത്രങ്ങള്‍

1
419

നിധിന്‍ വി.എന്‍.

ആര്‍ട്ട്‌ ഗാലറിയില്‍ പതിവിലധികം തിരക്കുണ്ടായിരുന്നു. പതിവ് പ്രദര്‍ശനങ്ങളേക്കാള്‍ വ്യത്യസ്തമായിരുന്നു ഇന്നലെ വൈകിട്ട് തുടങ്ങിയ ചിത്രപ്രദര്‍ശനം. 14 ജില്ലകള്‍, 50 കലാകാരന്മാര്‍, 100 ചിത്രങ്ങള്‍. അതാണ് സ്വപ്നചിത്ര. സ്വപ്ന ചിറകുള്ള ചിത്രങ്ങള്‍.

കല മതമായി സ്വീകരിച്ച ചിലര്‍. അവരുടെ കാഴ്ചകള്‍, സ്വപ്‌നങ്ങള്‍, പ്രതീക്ഷകള്‍, വേദനകള്‍… വര്‍ണ്ണങ്ങളുടെ ലോകം വ്യത്യസ്തമാണ്. നിറങ്ങള്‍ ചായം തേയ്ക്കുന്ന ക്യാന്‍വാസ് ഹൃദയമാണെന്ന് തോന്നും, ഓരോ ചിത്രത്തിലെത്തുമ്പോഴും.

കോഴിക്കോട് ആര്‍ട്ട്‌ ഗാലറിയിലെത്തിപ്പോള്‍ തോരണം കെട്ടുന്ന തിരക്കിലായ ഗുരുവായൂരപ്പന്‍ കോളേജിലെ എന്‍എസ്എസ് വോളണ്ടിയര്‍മാരെ കണ്ടു. പ്രദര്‍ശനത്തിന്‍റെ ഉദ്ഘാടനത്തിനു മുമ്പ് ആര്‍ട്ട് ഗാലറിയെ തന്നെ അണിയിച്ചൊരുക്കാനുള്ള ശ്രമത്തിലാണ് അവര്‍. കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി എന്ന നിലയില്‍ ആ കാഴ്ച എനിക്ക് ആവേശമായിരുന്നു.

‘ഡ്രീം ഓഫ് അസ്’ എന്ന കൂട്ടായ്മയുടെ ശ്രമഫലമായി ഭിന്നശേഷിക്കാരായ ചിത്രകലാ പ്രതിഭകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനുമാണ് ഈ പ്രദര്‍ശനമൊരുക്കിയിരിക്കുന്നത്. പ്രദര്‍ശനത്തിലൂടെയും വില്‍പ്പനയിലൂടെയും സമാഹരിക്കുന്ന മുഴുവന്‍ തുകയും കലാകാരന്മാര്‍ക്ക് നല്‍കുന്നു.

രാവിലെ മുതല്‍ എത്തിച്ചേര്‍ന്ന വിദ്യാര്‍ത്ഥികളും, സംഘാടകരും സന്നദ്ധപ്രവര്‍ത്തകരും സ്വപ്‌ന ചിറകിലേറിയ ഭിന്നശേഷിക്കാരുടെ യാത്രയിലേക്ക് ചേര്‍ന്നു. ലോകം പ്രണയത്താല്‍ വിശാലമാകുന്ന നിമിഷമായിരുന്നു അത്. ഹൃദയ സംവേദനങ്ങളുടെ വേദി. വാക്കുകള്‍ പോലും അധികമാകുന്ന അപൂര്‍വ്വ നിമിഷം. സ്‌നേഹത്തിനപ്പുറം നാം ഒന്നും പറയുന്നില്ല, സംവദിക്കുന്നില്ല.

കണ്ണാടിക്കല്‍ സ്‌കൂളിലെ മൂന്നാം വിദ്യാര്‍ത്ഥിയായ അമന്‍ പാഷയുടേതടക്കം നിരവധി ചിത്രങ്ങളുണ്ട് പ്രദര്‍ശനത്തിന്. കൊയിലാണ്ടിക്കാരനായ മെഹറൂബ്, അക്ഷരങ്ങളെ വായുവിലെഴുതി മായ്ച്ച് വിസ്മയിപ്പിച്ചു. ഗാലറിയിലെങ്ങും ചിരി മാത്രം. കഴിഞ്ഞ തവണ തന്‍റെ ചിത്രങ്ങളുമായി പ്രദര്‍ശനത്തിനെത്തിയ ഉമ്മുകുലുസു ഇത്തവണ അതിഥിയാണ്.

വൈകിട്ട് നടന്ന ചടങ്ങ് സബ് കലക്ടര്‍ അഞ്ജു ഉദ്ഘാടനം ചെയ്തു. സിനിമാതാരം മാമുക്കോയ, അനില്‍ ബേബി, വികലാംഗ കമ്മീഷ്ണര്‍ ഹരികുമാര്‍, സജി ജോര്‍ജ്ജ്, എം. കെ ജയരാജ്‌, പ്രൊഫ. ടി ശോഭീന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.

പ്രദര്‍ശനം ഫെബ്രവരി 10 വരെയുണ്ട്. ഒരു ദിവസം ആര്‍ട്ട് ഗാലറിയിലേക്ക് ഇറങ്ങൂ, ഒരുപാട് പേരുടെ സ്വപ്നങ്ങള്‍ക്ക് ചിറക് പകരൂ…

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here