സുഷമ ബിന്ദു
സന്ധ്യയാവുന്നതോടെ
ഇരുട്ടുപറന്നുവന്ന്
മരക്കൊമ്പിലിരിയ്ക്കുന്നു.
മേയാന്‍വിട്ട പോത്തിന്‍പറ്റംപോലെ
പാടത്തുപരക്കുന്നു.
ചെറിയചെറിയ പേടികള്‍
ഈയ്യാംപാറ്റകളെപ്പോലെ
ഒറ്റയ്ക്കും കൂട്ടായും
പറന്നുവരുന്നു.
വെളിച്ചവും ഞാനും
കെട്ടിപ്പിടിയ്ക്കുന്നു.
ഞങ്ങള്‍ ഇരുട്ടിലേയ്ക്ക് തുറിച്ചുനോക്കുന്നു.
ഇരുട്ട്
ഞങ്ങളുടെ തിളങ്ങുന്ന കണ്ണുകള്‍ കാണുന്നു.
കണ്ണിനുള്ളില്‍ ഇരുട്ട് കാണുന്നു.
നോട്ടം
മുറ്റത്തിനരികില്‍
പൂച്ചെടികള്‍ക്കടുത്തുനില്‍ക്കുന്ന
കണ്ണുകാണാത്ത പെണ്‍കുട്ടിയെ
നോക്കിനില്‍ക്കുകയാണൊരാള്‍.
അവള്‍ക്കുചുറ്റുമുള്ള ഇരുട്ട്
അയാളുടെ നോട്ടത്തെ
അവളില്‍തൊടാതെ തെറിപ്പിയ്ക്കുന്നുണ്ട്.
ഇരുട്ടിന്റെ മതിൽ കടക്കാനാവാതെ
അവള്‍ക്കുചുറ്റും വാലാട്ടിനടന്ന്
മോങ്ങിക്കൊണ്ട്
മടങ്ങുകയാണത്.
അവള്‍ക്ക്
അയാളെക്കാണാനാവാത്തതുകൊണ്ട്
അയാള്‍ക്ക്
അവളെയും കാണാനാവുന്നില്ല.
ചിത്രീകരണം: സുബേഷ് പത്മനാഭന്‍
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in