സ്വന്തമായൊരു മുറി(പ്പാട്)

0
262
swanthamayoru-murippad-sivapriya-sagara-wp

കവിത

sivapriya-sagara

ശിവപ്രിയ സാഗര

സ്വന്തമായൊന്നുമില്ലാത്തവള്‍ക്ക്
ഏകാന്തതയുടെ കൊടുമുടികള്‍
അടക്കം ചെയ്തിരുന്ന
ഒരു മുറി(പ്പാട്)
കാലാന്തരങ്ങളിലൂടെ
ഒരുവള്‍ നേടിയെടുക്കുന്നു…
ശൂന്യതയുടെ അടിവാരങ്ങളില്‍
വിഫലമായിപോയ കിനാവുകളുടെ തലയോട്ടികള്‍ പൂത്തിരിക്കുന്നു …
അതില്‍ നിന്നൊരു
ചുവന്ന പുഷ്പം പിഴുതെടുത്ത്
സ്വന്തമായൊരു മുറിയിലേക്ക്
വലിച്ചെറിയുന്നു…
വീണിടത്ത് രക്തം പൂവിടുന്നു …
ഒാര്‍മ്മകളുടെ പെയ്ത്തില്‍
ജീവിതത്തിന്റെ  വന്യതയില്‍
കൂട്ടത്തില്‍പെടാത്ത
കണക്കുകൂട്ടലുകള്‍ക്ക് നേരെ
എണ്ണി തീര്‍ത്ത ദിനങ്ങളുടെ പായ നിവര്‍ത്തിയിടുന്നു …
ഉറക്കം വരാത്ത രാത്രികളുടെ
തോരാകണക്കുകള്‍ കനത്തു നില്‍ക്കുന്ന
കണ്‍പോളകള്‍ക്കിടയിലൂടെ
പാഞ്ഞുപോകുന്ന വഴിയോരങ്ങളുടെ  മതിലരികില്‍
ചാരിയിരുന്നുകൊണ്ട്
അവള്‍
ഒരു മുറി സ്വപ്നം  കാണുന്നു …
മരിച്ചുപോയ മുറിയിലിരുന്നുകൊണ്ട്
ജീവിച്ചിരുന്ന മുറിയുടെ
ജനാലകള്‍
അവള്‍ തുറന്നിട്ടു …
അപ്പോഴും
ജനല്‍പ്പാളികളിലൂടെ
നിലതെറ്റിയ ജീവിതം
ചോര്‍ന്നു വീണുകൊണ്ടേയിരുന്നു …
ഇപ്പോള്‍
വെയില്‍ തിന്ന
സ്വപ്നങ്ങളുടെ അസ്ഥിമാടങ്ങള്‍ക്ക്
പ്രതീക്ഷയുടെ വെള്ളമൊഴിക്കുകയാണവള്‍ …
ഏകാന്തതയുടെ മരുപ്പച്ചകളില്‍
അവള്‍ക്ക് പൊള്ളുന്നുണ്ട് …
ഓര്‍മ്മകളുടെ അടിവേരുകള്‍
ഉള്ളിടത്തോളംകാലം ആ മുറി(പ്പാടുകളില്‍ )
അവള്‍ വീണ്ടും
ജനിക്കും …!!!!

(സമര്‍പ്പണം -സ്വന്തമായി  മുറിയുണ്ടായിട്ടും ഇടം നഷ്ടപ്പെട്ടവരുടെ വേദനകളെക്കുറിച്ചോര്‍ത്തോര്‍ത്ത് …)

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here