കൊറോണ ക്വാറന്റയിൻ കാലവും പുസ്തകലോകം സമൂഹമാധ്യമ കൂട്ടായ്മകളും

0
383

ഗീതു ജിനൻ

മലയാള ഭാഷാ സാഹിത്യ ഗവേഷകർക്കും അധ്യാപകർക്കും പ്രബന്ധരചനകൾക്കൊരു വേദി. വിദ്യാർത്ഥികൾക്കും, വീട്ടമ്മമാർക്കും, പ്രവാസികൾക്കും,നവാഗത എഴുത്തുകാർക്കും കൊറോണക്കാലത്തെ സർഗാത്മക രചനകൾ പ്രസിദ്ധീകരിക്കുവാൻ ഒരിടം. അഞ്ച് വയസ്സു മുതൽ പതിനഞ്ച് വയസ്സുവരെയുള്ള കുട്ടികൾക്ക് കുട്ടിപ്പട്ടാളം എന്ന പേരിൽ ഓൺലൈൻ കളിസ്ഥലം, വിജ്ഞാന കുതുകികൾക്ക് അറിവിന്റെ ഉറവിടമായി വിജ്ഞാനച്ചെപ്പ്. ഓർമ്മപ്പെയ്ത്തുകളുടെ നെയ്ത്തുപുരയായി ഓർമ്മച്ചെപ്പ്. പുസ്തകപ്രേമികൾക്കായ് പുസ്തകലോകം. ഇതെല്ലാം ഒരു കുടക്കീഴിൽ. അരലക്ഷം അക്ഷരസ്നേഹികൾ അംഗങ്ങളായിട്ടുള്ള പുസ്തകലോകം സമൂഹമാധ്യമ കൂട്ടായ്മയാണ് ഇതിന്റെയെല്ലാം മൂലകേന്ദ്രം. മുന്നൂറിലധികം വരുന്ന വാട്ട്സ്ആപ്, ഫേസ് ബുക്ക്, ടെലഗ്രാം കൂട്ടായ്മകളുണ്ട് പുസ്തകലോകത്തിന്റേതായി. ഒരേ സമയം വിനോദ, വിജ്ഞാന കലാസാംസ്കാരിക രംഗങ്ങളിൽ സമൂഹമാധ്യമത്തെ സജീവമായി ഉപയോഗപ്പെടുത്തുകയാണ് പുസ്തക വിൽപ്പനക്കാരനായ നൗഷാദ് കൊല്ലം എന്ന യുവാവ്.

രണ്ട് വർഷങ്ങൾക്കു മുൻപ് തന്റെ കയ്യിൽ നിന്നും സ്ഥിരമായി പുസ്തകം വാങ്ങിയിരുന്ന ഇരുപത്തിയഞ്ചു അംഗങ്ങളെ ചേർത്ത് ആരംഭിച്ചതാണ് പുസ്തകലോകം. കൊറോണക്കാലത്ത് കുട്ടികളുടെ ഓൺലൈൻ കളിസ്ഥലമെന്ന നിലയിൽ രൂപീകരിക്കപ്പെട്ട കുട്ടിപ്പട്ടാളത്തിൽ എത്തിയപ്പോൾ കൂട്ടായ്മയുടെ എണ്ണം ഏകദേശം മുന്നൂറോളമായി. ഇതിന്റെ അമരക്കാരനായ നൗഷാദ് കൊല്ലം അരലക്ഷം അംഗങ്ങളുമായി തന്റെ ജൈത്രയാത്ര തുടരുന്നു. വിജ്ഞാന വിവരശേഖരങ്ങൾക്കും, കളിചിരികൾക്കും ,പുസ്തക പരിചയപ്പെടുത്തലിനും പ്രത്യേകം ഇടങ്ങളൊരുക്കിയിരിക്കുന്നു എന്നത് പുസ്തകലോകം കൂട്ടായ്മയുടെ പ്രത്യേകതയാണ്‌.

noushad-illustration

നൗഷാദ് ചെയ്തിരിക്കുന്ന സേവനം ഇതിലൊന്നുമൊതുങ്ങുന്നില്ല. സർഗ്ഗാത്മക രചനകൾ നടത്തുന്നവരെ പ്രോത്സാഹിപ്പിക്കാൻ മാത്രം എഴുത്തുകാരുടേതായ ഓരോ ഇടങ്ങൾ. അതുപോലെ അധ്യാപകർക്കും, പഠിതാക്കൾക്കും, പ്രണയിതാക്കകൾക്കും, വീട്ടമ്മമാർക്കും, പാട്ടാസ്വാദകർക്കും, കുട്ടികൾക്കും, വെറുതേ സൗഹൃദസല്ലാപം ഇഷ്ടപ്പെടുന്നവർക്കും അവർക്കനുയോജ്യമായ തരത്തിൽ പ്രത്യേകം കൂടാരങ്ങളൊരുക്കിയിരിക്കുന്നു.

മനുഷ്യ മനസുകൾ വ്യത്യസ്തമാണ്. ഒരോ മനസിനും ചേക്കേറാൻ ഓരോ ഇടം തന്നെ വേണം. ഇതു തിരിച്ചറിഞ്ഞു കൂടൊരുക്കാൻ സാംസംഗ് ഗ്യാലക്സിയുടെ ഒരു ചെറു സ്മാർട്ട് ഫോൺ മാത്രമാണ് നൗഷാദ്കൊല്ലം ഉപയോഗിക്കുന്നത്. പുസ്തകലോകം കൂട്ടായ്മകളിലെ അരലക്ഷം പേരെ കണ്ണിമുറിയാതെ ചേർത്തു നിർത്തുന്നതിൽ അതീവ ശ്രദ്ധാലുവാണ് ഈ പുസ്തക വിൽപ്പനക്കാരൻ. ആംഗലേയ സാഹിത്യത്തിലും, പത്രപ്രവർത്തനത്തിലും ബിരുദാനന്തര ബിരുദവും, എച്ച്.ഡി.സി. ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുള്ള ഇദ്ദേഹം ബാങ്കിലെയും പത്രസ്ഥാപനങ്ങളിലെയും ജോലി ഉപേക്ഷിച്ചാണ് പുസ്തക വിൽപ്പനയിൽ ചുവടുറപ്പിച്ചത്. കൊല്ലം ജില്ലയിലെ മടത്തറയിൽ ജനിച്ചു വളർന്ന നൗഷാദ് കോഴിക്കോട് കല്ലായിയാണ് തന്റെ തട്ടകമായി തിരഞ്ഞെടുത്തത്. ആയിരത്തിയഞ്ഞൂറു രൂപയിൽ തുടങ്ങിയ പുസ്തക വിൽപ്പനയാണ് ഇന്ന് സ്വപ്രയത്നത്തിലൂടെ അരലക്ഷം ആളുകളിലേക്ക് എത്തുന്ന തരത്തിൽ വളർന്നിരിക്കുന്നത്.. കഠിനാധ്വാനവും വിശ്വാസ്യതയും മറ്റുള്ളവരെ കേൾക്കാനുള്ള മനസ്സും മാത്രം കൈമുതലായുള്ള നൗഷാദ്കൊല്ലം എന്ന സംരംഭകൻ ക്വാറന്റയിൻ കാലത്തും തന്റെ യാത്ര തുടരുകയാണ് അക്ഷരങ്ങളുടെ പുത്തൻ ഇടങ്ങൾ തേടി.

ട്രയിനുകളിലും, ബസ്സ്റ്റാൻറുകളിലും, വീടുകളിലും പള്ളിക്കൂടങ്ങളിലും,സർക്കാർ ഓഫീസുകളിലും, സംഘടനാസമ്മേളന നഗരികളിലും, യുവജനോത്സവ വേദികളിലും, കലാലയങ്ങളിലുമൊക്കെ പുസ്തകക്കെട്ടുകളും പേറി നടന്നിരുന്ന ഒരു കാലമുണ്ട് നൗഷാദിന്. അതിൽ നിന്നും ഓൺലൈൻ പുസ്തക വിൽപ്പനയിലേക്കും പുസ്തക പ്രസാധനത്തിലേക്കും എത്തിയിരിക്കുന്നു അയാളിന്ന്. പന്ത്രണ്ടിലധികം അക്കാദമിക-വൈജ്ഞാനിക കൃതികൾ ഇക്കാലയളവിൽ പ്രസാധനം ചെയ്ത് വിപണിയിലിറക്കിയിട്ടുണ്ട്. അതിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഗ്രന്ഥങ്ങളാണ് മലയാള സർവകലാശാലാ അസിസ്റ്റന്റ് പ്രൊഫസർ ഡോ.അശോക് ഡിക്രൂസ് രചിച്ച ഗവേഷണത്തിന്റെ രീതിയും നീതിയും, മലയാള ഗവേഷണം അകവും പുറവും, പന്തളം എൻ.എസ്.എസ് ട്രയിനിംഗ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ.എൻ.ശ്രീവൃന്ദാനായർ രചിച്ച വിജയത്തിലേക്കൊരു പാസ് വേഡ് ,ഭാഷയ്ക്കൊരു മിത്രം, കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ചിൽ റിസർച്ച് അസിസ്റ്റന്റായ ഡോ.കെ .ബീന തയ്യാറാക്കിയ മലയാളം പരീക്ഷാ സഹായി എന്നിവ.

പുസ്തകലോകം കൂട്ടായ്മയും ആമസോൺ ഉൾപ്പെടെ അഞ്ചിലധികം ഓൺലൈൻ വിപണികളിൽ വിൽപ്പന ഉറപ്പുള്ള പ്രസാധകരായ ആത്മ ബുക്സും സംയുക്തമായിട്ടാണ് കൊറോണക്കാലത്തെ അധ്യാപകരുടെയും, ഗവേഷകരുടെയും, വിദ്യാർത്ഥികളുടെയും വീട്ടമ്മമാരുടെയും പ്രവാസികളുടെയും മികവുറ്റ രചനകൾ സമാഹരിച്ച് പുസ്തകമാക്കുന്നത്. കൊറോണക്കാലം കഴിഞ്ഞ് മലയാളിയുടെ ജീവിതം സാധാരണ നിലയിലേക്ക് കടക്കുമ്പോൾ ഇരുപത്തിയഞ്ചിലധികം ഈടുറ്റ കൃതികൾ മലയാളിയുടെ അക്ഷരമുറ്റത്ത് കാഴ്ച്ചവെക്കാൻ പാകത്തിൽ അണിയറയിൽ പ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്. കാലം നൽകിയ അകത്തിരിക്കലിനെ നമുക്ക് നമ്മുടേതാക്കാം. അതിജീവനം എഴുത്തിലൂടെയാവാം. നമ്മുടെ സർഗ്ഗാത്മക സൃഷ്ടികൾക്ക് വെളിച്ചം കാണാൻ അവസരവുമൊരുങ്ങുന്നു എന്ന സന്തോഷത്തോടൊപ്പം, ഇത് പുതുതലമുറ എഴുത്തുകാരിൽ പ്രതീക്ഷയുടെ പുത്തനുണർവ്വ് പകരുമെന്നുറപ്പ്. കൈരളിയുടെ സാഹിത്യ തറവാട്ടിൽ മറ്റൊരു പ്രതീക്ഷയായി പുസ്തകലോകം കൂട്ടായ്മയും സംരംഭകൻ നൗഷാദ് കൊല്ലവും ഇടം നേടുക തന്നെ ചെയ്യും.

ക്വാറന്റയിൻ കാലം കഴിഞ്ഞ് പുസ്തകലോകം കൂട്ടായ്മയിൽ നിന്നും പുറത്തിറങ്ങാൻ തയ്യാറെടുക്കുന്ന പുസ്തകങ്ങളിൽ പ്രധാനപ്പെട്ടവയുടെ ഗ്രന്ഥകർത്താക്കൾ/എഡിറ്റർമാർ ഇവരാണ്. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ, കാലടി സംസ്കൃത സർവകലാശാല മലയാള വിഭാഗം അധ്യാപകൻ പി.പവിത്രൻ, തിരൂർ മലയാള സർവകലാശാല അസിസ്റ്റൻറ് പ്രൊഫസർ ഡോ.അശോക് ഡിക്രൂസ്, കോഴിക്കോട് മീഞ്ചന്ത ഗവൺമെൻറ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ അസിസ്റ്റൻറ് പ്രൊഫസർ ഡോ.ഷീബാ ദിവാകരൻ, മാവേലിക്കര ബിഷപ്പ് മൂർ കോളേജ് അസിസ്റ്റൻറ് പ്രൊഫസർ ഡോ.സജി കരിങ്ങോല കുറവിലങ്ങാട് ദേവമാതാ കോളേജ് അസിസ്റ്റൻറ് പ്രൊഫസർ ഡോ. ജോബിൻ ചാമക്കാല, പന്തളം എൻ.എസ്.എസ് ട്രയിനിംഗ് കോളേജ് അസിസ്റ്റൻറ് പ്രൊഫസർ ഡോ.എൻ.ശ്രീവൃന്ദാനായർ, കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല പന്മന പ്രാദേശിക കേന്ദ്രം അസിസ്റ്റൻറ് പ്രൊഫസർ ഡോ.ബിനു സചിവോത്തമപുരം, പയമ്പ്ര ജിഎച്ച്എസ്എസ് അധ്യാപകൻ അനിൽ ശിശിരം, പത്തനംതിട്ട കോഴഞ്ചേരി സെന്റ് തോമസ് കോളേജ് മലയാള വിഭാഗം അധ്യാപകനും കവിയുമായ ഡോ.നിബുലാൽ വെട്ടൂർ, യുവസാഹിത്യകാരിയും എഞ്ചിനീയറുമായ പാറുപ്രദീപ്, കവയത്രിയും കോഴിക്കോട് ദേവഗിരി സ്കൂളിലെ അധ്യാപികയുമായ രേഷ്മഅക്ഷരി.

രചനകൾ അയക്കാനും പ്രസാധനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചറിയുവാനും പുസ്തകലോകം കൂട്ടായ്മകളിൽ അംഗങ്ങളാകുന്നതിനുമായി ബന്ധപ്പെടേണ്ട ഫോൺ നമ്പർ

+91 88 48 66 34 83
+91 94 96 10 50 82

LEAVE A REPLY

Please enter your comment!
Please enter your name here