അനുകരണത്തിന്റെ ഐക്കണോഗ്രഫി

0
249

sudheesh-kottembram

 

സുധീഷ് കോട്ടേമ്പ്രം

ഒരു പൂ കണ്ടാൽ, അസ്തമയാകാശം കണ്ടാൽ, മലയിടുക്കിൽനിന്ന് കുത്തിയൊലിച്ചുവരും വെള്ളച്ചാട്ടം കണ്ടാൽ ”ഹാ എന്തു ഭംഗി” എന്നു മുൻപിൻ നോക്കാതെ നമ്മൾ പറഞ്ഞേക്കാം. ഒരു കുഞ്ഞിനെ കണ്ടാലും തോന്നും എന്തു ചന്തം! ഒരിക്കലൊരാൾ ഒരമ്മയോട് പറഞ്ഞു, ”നിങ്ങൾടെ മോളെക്കാണാൻ എന്തു രസം” എന്ന്. ”അയ്യോ. ഓളെ ഫോട്ടത്തില്‍ കാണാൻ ഇതിലും ഭംഗിയാ” എന്നാണ് അപ്പോൾ ആ അമ്മ പറഞ്ഞത്. (ഒരു സംഭാഷണത്തിനിടെ കല്പറ്റ നാരായണൻ പറഞ്ഞ കഥ). നേരിൽ കാണുന്നതിനേക്കാൾ ഭംഗി അതിന്റെ പകർപ്പിനാണെന്ന അബോധപ്രേരണ ആ അമ്മയിലുണ്ടായിരിക്കണം. അല്ലെങ്കിൽ ആ ഒറ്റനിമിഷത്തിന്റെ പകർപ്പിൽ ആ മകൾ അതീവസുന്ദരിയായിരുന്നിരിക്കണം. ഒരു നേരിനെ അനുകരിച്ചതുകൊണ്ടാണല്ലോ മകളുടെ ഫോട്ടോ സുന്ദരമായത്. ലോകത്തെല്ലാ ഫോട്ടോകളും നേരിനെ അനുകരിക്കുന്ന മെഷീനുകളാണല്ലോ (ഫോട്ടോഷോപ്പ് വരുംവരെ). നേരിനെ അനുകരിക്കുന്നതു തന്നെ കലയും എന്നാണല്ലോ സൗന്ദര്യശാസ്ത്രം പലപ്പോഴായി പറഞ്ഞുതന്നിട്ടുള്ളതും. നേരായതുകൊണ്ടുമാത്രമാവുമോ പൂവ് നമുക്ക് സുന്ദരമെന്ന് തോന്നിയത്? നേരായ പൂവിന്റെ പടം സുന്ദരമെന്ന് തോന്നിയത് അത് ആ നേരിനെ പകർത്തിയതുകൊണ്ടോ? നേരന്വേഷണമാണോ പകർപ്പിൽ? പകർപ്പന്വേഷണമാണോ നേരിൽ?

രാജാ രവിവർമ്മ

ഒറിജിനാലിറ്റിയെക്കുറിച്ചുള്ള കൺസേൺ മറ്റെവിടെയുള്ളതിനേക്കാൾ കലാകൃതിയിൽ തേടാറുണ്ട് നാം. ഒറിജിനൽ, ഇമിറ്റേഷൻ, കോപ്പി എന്നീ മൂന്നു നിലകളിൽ ഒരു കലാകൃതി അതിന്റെ തന്മയത്വത്തെ സാക്ഷ്യപ്പെടുത്തേണ്ടതായി വരുന്നു. പുസ്തകം പോലെ മൾട്ടിപ്പിൾ കോപ്പികളിലൂടെ ഒരാശയത്തെയോ അനുഭവത്തെയോ പ്രക്ഷേപിക്കും പോലെയല്ല, കലാകൃതി ഒറ്റപ്പതിപ്പുള്ള പുസ്തകമാണ്. അത് കൈവശംവെക്കുന്ന ആൾക്ക് അതിനാൽത്തന്നെ ഉടമാവകാശത്തിന്റെ വീര്യം കൂടും. ഒറിജിനലിനെപ്രതിയുള്ള ‘ക്ലാസിക്കൽ’ ധാരണകളെ നിഷ്പ്രഭമാക്കിയ മോഡേൺ ഇന്ത്യൻ ആർട്ടിസ്റ്റാണ് രവിവർമ്മ. ഓലിയോഗ്രാഫ് പ്രിന്റുകളിലൂടെ തുച്ഛവിലയ്ക്ക് ഒരു ചിത്രത്തിന്റെ അനേകം കോപ്പികൾ പ്രചരിപ്പിക്കപ്പെട്ടതിനാൽ കൂടിയാണ് രവിവർമ്മ രവിവർമ്മയായത്. കൊട്ടാരച്ചുമരിൽ മാത്രം തൂങ്ങിയ രവിവർമ്മയായിരുന്നു അതെങ്കിൽ ഇമ്മട്ടിൽ സർവ്വസ്വീകാര്യനായി അവതരിക്കുമായിരുന്നില്ല രവിവർമ്മ. കൂടുതൽ അച്ചടിക്കപ്പെട്ട രവിവർമ്മയെയാണ് നമ്മൾ കണ്ടത്. രവിവർമ്മയുടെ കലാലോകം തന്നെയും നിരവധി പകർപ്പുകളുടെ പകർന്നാട്ടമായിരുന്നെന്ന് കാണാം. കലാകൃതി ക്കകത്തു തന്നെ ആ അനുകരണഭ്രമം കാണാം. രവിവർമ്മ കാളിദാസകൃതികളെ ഉപജീവിച്ച് ഒട്ടനവധി രചനകൾ നിർവ്വഹിച്ചു. കാളിദാസഭാവനയെ കോപ്പി ചെയ്തു എന്നും പറയാം. കോപ്പി ചെയ്യപ്പെട്ട ഭാവനാലോകം പിന്നെയും പിന്നെയും കോപ്പി ചെയ്യപ്പെടാൻ വേണ്ടി തന്നെ നിലകൊണ്ടു. രൂപപരമായും ആശയപരമായും രവിവർമ്മ അനുകർത്താക്കൾക്ക് വഴിവെളിച്ചമായി ഇന്നും കത്തുന്നു.

രവിവർമ സൃഷ്ടിച്ച രൂപലാവണ്യത്തെ ദേശസാല്ക്കരിച്ച സൗന്ദര്യത്തിന്റെ പ്രതീക ഭാഷയായി നമ്മൾ സ്വീകരിച്ചു. അതിനാൽ ഒരു തുണിക്കടയുടെ പരസ്യത്തിൽ രവിവർമ്മയ്ക്ക് വരാതെ നിവൃത്തിയില്ല എന്നുവരുന്നു. അതിനാൽ ഒരു വാരികയുടെ മുഖചിത്രത്തിൽ രവിവർമ്മയ്ക്ക് ഇടപെടേണ്ടതായി വരുന്നു. നാഷണൽ ഹൈവേയിലെ ഒരു ഫ്‌ളകസ് ബോഡിൽ വെയിൽ കൊള്ളാൻ രവിവർമ്മ. കടയുടെ ഷട്ടറുകളിൽ രവിവർമ്മ, സിനിമാപോസ്റ്ററിൽ, ഷോപിംഗ് ബാഗിൽ, തലയിൽതേക്കാനുള്ള എണ്ണയിൽ, ചുവരിൽ തൂങ്ങുന്ന കലണ്ടറിൽ. (രവിവർമ്മ ഒരു അഭിരുചിയുടെ പേരെന്ന് കവിത ബാലകൃഷ്ണൻ) കോപ്പി ചെയ്യപ്പെട്ട് കോപ്പി ചെയ്യപ്പെട്ടാണ് രവിവർമ്മ ഒരഭിരുചിയായി വളർന്നത്. കോപ്പി നല്ലതല്ലെന്ന് രവിവർമ്മ ഒരിക്കലും പറയാനിടയില്ല.

പുഷ്പമാല എൻ

രവിവർമ്മയെ കൃതിഘടകമാക്കുന്ന ഒരു പുതിയ കലാകൃത്ത് മറ്റൊരുവിധത്തിൽ അനുകരണം എന്ന ആശയത്തെ പ്രശ്‌നവത്കരിക്കുന്നു. (ഉദാഹരണത്തിന് ഫോട്ടോ പെർഫോമൻസ് ആർട്ടിസ്റ്റ് എൻ. പുഷ്പമാലയുടെ സന്ദർഭം നോക്കുക). പുഷ്പമാലയുടെ ‘നേറ്റീവ് വുമൺ സീരീസി’ലെ ലക്ഷ്മി രവിവർമ്മയുടെ ലക്ഷ്മിയിൽനിന്ന് വരുന്നു, ആ ലക്ഷ്മിയുമായി കലഹിച്ച് പുതിയൊരു ദൃശ്യബോധത്തിനുവേണ്ടി നിലകൊള്ളുന്നു.

രവിവർമ്മയിൽനിന്ന് ആ ഐക്കണോഗ്രാഫി ഹിന്ദുയിസത്തിലേക്കും ബുദ്ധിസത്തിലേക്കും ജയിനിസത്തിലേക്കും മറ്റനേകം പുരാണങ്ങളിലേക്കും പോകുന്നു. ലക്ഷ്മിയുടെ ഉല്പത്തിപുരാണം വിഷയമല്ലാതാവുന്നു. ലക്ഷ്മിയായി വേഷം കെട്ടുന്ന ഏതൊരാളും നൂറ്റാണ്ടുകളുടെ ഓർമ്മയെ ശരീരത്തിൽ പേറുന്നു. അയാൾ ദേശാതീതവും ഭാഷാതീതവുമായ ഒരു ഭാവനാബന്ധുത്വം പങ്കുവെക്കുന്നു.

പാബ്ലോ പിക്കാസോ

”നല്ല ആർട്ടിസ്റ്റുകൾ കോപ്പിയടിക്കും, മഹാത്മാക്കൾ മോഷ്ടിക്കും” എന്ന് പറഞ്ഞത് മറ്റാരുമല്ല, പാബ്ലോ പിക്കാസോയാണ്. ആഫ്രിക്കൻ മാസ്‌കുകളിൽനിന്ന് പിക്കാസോ സ്വാധീനമുൾക്കൊണ്ടു. അഥവാ ആഫ്രിക്കൻ മാസ്‌കുകൾ പിക്കാസോയിൽ മറ്റൊരുവിധത്തിൽ പ്രവർത്തിച്ചു. കല ഒരു കലവറ കൂടിയാണ്. അവിടെ ഉറവിടവും ഉദാത്തതയുമില്ല. ഉള്ളത് കുറേ ഉല്പാദനസാമഗ്രികൾ, അടുക്കളസാധനങ്ങൾ. എങ്ങനെ വേണമെങ്കിലും എടുത്ത് പാകം ചെയ്യാം എന്നതുപോലെ. ലോകജനസംഖ്യയുടെ അത്രയും തന്നെ കോഴിക്കറികൾ ഉണ്ടായിക്കഴിഞ്ഞാലും ഞാനുണ്ടാക്കുന്ന കോഴിക്കറി എന്റേതുമാത്രം റെസിപ്പി എന്ന് ഒരാൾക്ക് പറയാം. അങ്ങനെ പറയാൻ പറ്റുന്നു എന്നിടത്ത് ആ ഒറിജിനാലിറ്റിയുടെ ഓർമ്മയുണ്ട്; കോപ്പിയിൽനിന്നു തന്നെ രൂപപ്പെട്ട ഒരു അതുല്യതയുണ്ട്. കോപ്പി റൈറ്റില്ലാത്ത പാചകക്കുറിപ്പു പോലെയാണ് ചിലപ്പോൾ കലയും എന്നുകരുതിയാൽ തെറ്റില്ല. കലയിലെ ഒറിജിനാലിറ്റിയെപ്പറ്റിയുള്ള ചർച്ചകൾ ഒട്ടൊക്കെ അവസാനിച്ചുകഴിഞ്ഞു സമകാലികതയിൽ.

ഒരു കലാകൃതി മറ്റൊരാൾ തന്റെ കൃതിക്ക് ഉപയുക്തമാക്കുമ്പോൾ സംഭവിക്കുന്നതും മറിച്ചല്ല. മൗലികത (Originality) എന്ന കലയുടെ പ്രതീക്ഷാമണ്ഡലത്തെയാണ്‌ ഇവയെല്ലാം ബോധപൂർവ്വമായി നിരാകരിക്കുന്നത്. അഥവാ മൗലികത എന്നത് കലാകൃതിയുടെ നിർമ്മാണത്തിലല്ല എന്നും അത് കാണുന്ന ആളിന്റെയും കാണിക്കുന്ന സ്ഥലത്തിന്റെയും സന്ദർഭങ്ങളാൽ ചുറ്റപ്പെട്ട് നിൽക്കുന്ന ആശയമാണെന്നും വരുന്നു. ഉപയുക്തമാക്കപ്പെട്ട കലാചരിത്രവസ്തുവുമായുള്ള സംവാദവും കൂടി ഉൾപ്പെടുന്നതാണ് പുതിയ അർത്ഥപരിസരങ്ങളിലുള്ള അതിന്റെ നിലനിൽപ്. വസ്തു തന്നെയും അതിന്റെ ഭൗതികനിലയിൽ നിന്ന് വിടുതി നേടുന്നു. ബാർബാറ ക്രൂഗർ അഭിപ്രായപ്പെടുന്നതു പോലെ മറ്റൊന്നിനാൽ അനുകരിക്കപ്പെട്ട കലാകൃതി രൂപങ്ങളെ വ്യാഖ്യാനിക്കുകയാണ് ചെയ്യുന്നത്. കല എന്നത് കലാകൃതിയിൽ ഉള്ളടക്കം ചെയ്യപ്പെട്ട നിധിയല്ല എന്നും അത് കൃതിക്ക് പുറത്തെ സംവാദവും വ്യാഖ്യാനവുമാണെന്ന് വരുന്നു. കൃതി ഒരു കാരണം മാത്രമായി, കലയെക്കുറിച്ചുള്ള ചിന്തകൾക്ക് വെളിച്ചം പകരുന്ന ചൂട്ടായി പരിണമിക്കുന്നു ഇവിടെ.

അതിനാൽ ‘ഒറിജിനൽ രവിവർമ്മ’ എന്റെ വിഷയമല്ല എന്നുവരുന്നു. ഞാനതിൽ നിന്ന് ‘എന്റെ ലക്ഷ്മി’യെ മാത്രം എടുക്കുന്നു, എന്റെ ശകുന്തളയെ, എന്റെ തിലോത്തമയെ എടുക്കുന്നു.
മോഷണമുതൽ എന്നപോലെ കല ആസ്വദിക്കുന്നു.

എനിക്ക് ആനന്ദിക്കാൻ വേറേ കാരണങ്ങളുണ്ട് എന്നുവരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here