കവിത
സുവിൻ വി.എം
അച്ഛാച്ചനെ പോലെ
മെലിഞ്ഞായിരുന്നു
അച്ഛാച്ചൻ നടന്നു പോയിരുന്ന വഴിയും
എന്തേ ഇടുങ്ങി നമ്മുടെ
വഴി മാത്രം എന്ന് ഒരിക്കൽ
ചോദിക്കെ,
ഇടുങ്ങിയതല്ലീ വഴി
മെലിഞ്ഞതാണതിൻ
കുട്ടിക്കാലത്തിലത്രേ
നിന്നെ പോലെ എന്ന് മറുപടി.
വലുതാകുമോ അപ്പോളീ വഴി ഒരുനാൾ ?
വലുതാകുമിവിടുത്തെ മനുഷ്യർക്കൊപ്പം.
കടന്നു പോയ് പകലും രാത്രിയും
സൂര്യനും ചന്ദ്രനും
ഈ വഴിയിലൂടെ,
വഴിയിപ്പോഴും മെലിഞ്ഞൊട്ടിയൊരു
സൂക്കേടുകാരനെ പോലെ
ഒരേ കിടത്തം.
ആണ്ടിനുണ്ണാനെത്തിയ
അച്ഛാച്ചനെ പിടിച്ചിരുത്തി ചോദിച്ചു:
‘മനുഷ്യരെല്ലാം വലുതായി
നമ്മുടെ വഴിമാത്രം
മെലിഞ്ഞു മെലിഞ്ഞങ്ങനെ..’
ചക്കരച്ചോറിൻ മധുരം നുണഞ്ഞ്,
പല്ലുകൾ പിന്നെയും കൊഴിഞ്ഞ
മോണ കാട്ടി
ഒരു ബുദ്ധച്ചിരി ചിരിച്ച്
വായയിൽ കുടുങ്ങിയ
തേങ്ങാപ്പൂള് തുപ്പിക്കളഞ്ഞ്
അച്ഛാച്ചൻ പറഞ്ഞു:
‘ഹൃദയത്തിലിടം പെരുക്കാതൊരു
മനുഷ്യനും വളരുന്നുണ്ടോ ഉലകിൽ ഉടൽകൊണ്ടു മാത്രം..!’
തവളയെ വിഴുങ്ങിയ പാമ്പിനെ പോലെ ,
ഓടിപ്പോകാനാകാതെ
കിടക്കുന്നൊരാ വഴി
പിന്നെയും നടന്നു നോക്കവേ,
ആണ്ടിന്റെ രാത്രി
ഊണ് കഴിഞ്ഞാത്മാക്കൾ
മതിലിൻ മോളിലിരുന്ന്
പുറം ചൊറിഞ്ഞ്
ചിരിക്കുന്നൊരാ ഒച്ച കേട്ട്
താടിക്കു കയ്യും കൊടുത്തു
കിടക്കുന്നു വഴി….!
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
❤️
????????
????
????????
❤️????????