ലോകാവസാനങ്ങൾ

3
561
Lokavasanangal 1200

കവിത
സുജ എം ആർ

“നീയൂടെ ഉണ്ടായിരുന്നെങ്കിൽ എന്ത് രസമായിരുന്നേനെ” എന്നു തുടങ്ങുന്ന സ്നേഹമയമായ നിർബന്ധത്തിൽ നിന്ന് പുതിയൊരു ലോകം ജനിക്കുന്നു.
കളകളും പുല്ലും ഫ്രണ്ട് റിക്വസ്റ്റയക്കുന്നു.
പൂച്ചിയും പുൽച്ചാടിയും ശലഭങ്ങളും ഫോളോ ചെയ്യുന്നു.
മണ്ണിരകൾ സീ ഫസ്റ്റിലിടുന്നു.
പിടക്കോഴി അവളോട് ചോദിക്കാതെ അവളെ തൻ്റെ പോസ്റ്റിൽ ടാഗ് ചെയ്യുന്നു.
അമരവിത്തൊരെണ്ണം പോസ്റ്റിട്ട് മുളപ്പിച്ച് സ്വയം ലൈക്കടിച്ച് നട്ടുവളർത്തുന്നു.
ആദ്യത്തെ കമൻ്റ് സ്വയമെഴുതി
ആകാശത്തേക്ക് കൈകൾ നീട്ടുന്നു.
പടരാനെന്നോണം പടർപ്പൊരെണ്ണം അവൻ കമൻ്റിട്ട് പടർത്തി വളർത്തുന്നു.
പൂമൊട്ടുകൾ വിടർന്ന് വാദപ്രതിവാദങ്ങളിലൂടെ കായ് പിടിക്കുന്നു.
ശലഭങ്ങൾ പുഴുക്കൾ വീണ്ടും ലൈക്കടിക്കാനെത്തുന്നു.
മഴ വന്ന് എത്തിനോക്കിപ്പോകുന്നു.
വെയിലിൻ്റെ കമൻ്റ് മഴ റിപ്പോർട്ട് ചെയ്ത് ഡിലീറ്റ് ചെയ്യിക്കുന്നു.
തെക്കൻ കാറ്റ് വന്ന് കുത്തിട്ട് പിന്നെ വന്ന് വായിക്കാമെന്ന് പറഞ്ഞ് പോകുന്നു.
ഉറുമ്പിൻ കുഞ്ഞുങ്ങൾ വെട്ടുകിളികളുടെ തെരുക്കൂത്ത് കാണാൻ കമൻ്റ് ബോക്സിൽ പായ വിരിച്ച് കിടക്കുന്നു.
മിന്നാമിനുങ്ങുകൾ പച്ച വെളിച്ചവും തെളിച്ച് പിന്തുണ പ്രഖ്യാപിക്കാനെത്തുന്നു.
ഇത്രയുമാവുമ്പോൾ അവന് ദേഷ്യം മൂത്ത് ഭ്രാന്താവുന്നു.
ഭീകരമായൊരു ബിഗ് ബാങ്ങോടുകൂടി അവരുടെ ലോകം അവസാനിക്കുന്നു.
പിന്നെ പൊട്ടലും ചീറ്റലുമൊക്കെയായി ലോകത്തിൻ്റെ രണ്ട് ശാഖകൾ പ്രത്യേകം പ്രത്യേകം പ്രവർത്തിക്കുന്നു എന്നും, തങ്ങൾക്ക് ശാഖകളില്ലെന്നും പരസ്യം വരുന്നു.
കാഴ്ച്ചക്കാർ വെയിലിൻ്റെ നേതൃത്വത്തിൽ അർമാദിക്കുന്നു.
തേനീച്ചകൾ മൂക്കത്ത് വിരൽവച്ച് അന്തം വിട്ട് കഷ്ടം വെക്കുന്നു.
അവൾക്കുമവനും സങ്കടമാവുന്നു.
കുറച്ച് കഴിഞ്ഞ് ദേഷ്യമിറങ്ങി കരതെളിയുമ്പോൾ അവനും അവളും, വേലീം കോലും പറിച്ച്, അമരച്ചെടീം വെട്ടി വലിച്ച്, തെങ്ങിൻ തടത്തിലിട്ട് തീയിട്ട് കടലിൽ കുളിക്കാനിറങ്ങുന്നു.
പിന്നെയും പുതിയ ലോകം പിറക്കുന്നു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

3 COMMENTS

  1. ഫേസ് ബുക്ക്‌ ലോഗ് ഔട്ട്‌ ആക്കി വാട്സാപ്പ് ഡിലീറ്റ് ചെയ്തു ഇൻസ്റ്റാഗ്രാം അണ് ഇൻസ്റ്റാൾ ചെയ്തു സ്ക്രീനും നോക്കി വട്ടായി ഇരിക്കാനാണ് ഈ കവിത വായിച്ചപ്പോൾ തോന്നിയത്…

LEAVE A REPLY

Please enter your comment!
Please enter your name here