HomeTHE ARTERIASEQUEL 25പുലർച്ചകൾക്കും പറയാനുണ്ട് ചില പെൺകഥകൾ

പുലർച്ചകൾക്കും പറയാനുണ്ട് ചില പെൺകഥകൾ

Published on

spot_imgspot_img

കഥ
ശ്രീജിത്ത്‌ കെ വി

ഇന്നും ആദ്യ ദോശയുടെ മൊരിഞ്ഞ മണം പതിവ് പോലെ പാർവതിക്ക് ഒക്കാനമുണ്ടാക്കി. ഇടത് കൈപ്പടം,കോർത്ത് പിടിച്ച ചുണ്ടുകൾക്ക് മേലെ പൊത്തി, വലത് കൈകൊണ്ട് അടുക്കള വാതിൽ വലിച്ച് തുറന്ന് അവൾ മുറ്റത്തേക്ക് ഓടിയിറങ്ങി. പുലർച്ച നാലിന്റെ ഇരുട്ട് അറുപത് വാട്ട് വെളിച്ചത്തിൽ മഞ്ഞച്ച് വിളറി. കിണറിനോട് ചേർന്ന് വലതു മാറി മതിൽക്കെട്ടിനുള്ളിൽ ബാക്കിയായ ഇത്തിരി മണ്ണിലെ വാഴച്ചോടാണ് ലക്ഷ്യം. പിന്നിൽ തുറക്കലിന്റെ ശക്തിയിൽ ചുവരിൽ ചെന്ന് മുട്ടിയ വാതിൽ ഠപ്പേയെന്ന് ഒച്ചയിട്ടവളോട് കെറുവിച്ചു. വാഴയിൽ നിന്നാവണം, നരിച്ചീറൊരെണ്ണം അവളെ തൊട്ട് തൊട്ടില്ലെന്ന വിധം പാഞ്ഞു പോയി. പേടിക്കാനുള്ള സമയമവൾക്ക് കിട്ടിയില്ല. വാതിൽപ്പടിയിറങ്ങിയാൽ നീട്ടി വച്ചുള്ള എട്ട് ചുവട് ഏങ്കോണിച്ച ദൂരമുണ്ട് കിണറിലേക്ക്. ധൃതിയുള്ള കാലടികൾ മുറ്റത്തിന്റെ പരുപരുത്ത മുഖത്ത് അഗ്നിക്കാവടിയാടിയെങ്കിലും ആവശ്യത്തിന്റെ പാച്ചിലിൽ അവളത് കാര്യമാക്കിയില്ല.

പെരുച്ചാഴി കുത്തിയിളക്കിയ വാഴച്ചോട്ടിലെ മണ്ണിന്റെ നനവ് തൊട്ടറിഞ്ഞ കാലുകൾ ഇനി മുന്നോട്ടില്ലെന്ന വാശിയിൽ തറഞ്ഞു നിന്നതും അമർത്തിപ്പിടിച്ച കൈ മാറ്റി പാർവതി ‘റ ‘കാരം പൂണ്ടു. തള്ളവാഴയുടെ തണ്ടിലൂടെ കൊഴുത്ത മഞ്ഞ വെള്ളം മണ്ണിലേക്കിറങ്ങി. നനഞ്ഞ മണ്ണ് ഉറക്കം ഞെട്ടിയപോലൊന്നിളകി. പിന്നെയാ ചൂടിനെ ഉൾക്കൊണ്ടു കമിഴ്ന്നു കിടന്നു.

“എന്ത് പറ്റി?” തള്ളക്കോഴിയുടെ പിന്നിൽ നിരന്ന കുഞ്ഞുങ്ങളെപ്പോലെ നിന്ന മൂന്ന് വാഴക്കന്നുകളും ഒന്നിച്ച്‌ അവളോട് പതിവ് പോലെ ചോദിച്ചു. ഒന്നുമില്ലന്നവൾ കണ്ണിറുക്കി. “പക്ഷേ…?” ചോദ്യം അർദ്ധോക്തിയിൽ നിർത്തി എങ്ങുനിന്നോ വീശിയെത്തിയ ചെറുകാറ്റിന്റെ കൂട്ട് പിടിച്ച് എണ്ണ മയമുള്ള കവിളിൽ തലോടാനെന്നവണ്ണം അതിലൊരുവൻ പുത്തൻനാമ്പവൾക്ക് നേരെ നീട്ടി. വലത്തെ മൂക്കിനെ എരിച്ചു വന്ന തുമ്മൽ കൊണ്ടവളാ അനുകമ്പയെ അവഗണിച്ചു നിവർന്നു. അപ്പോഴേക്കും ദോശ കരിഞ്ഞ്, മണം അകത്തുറങ്ങുന്നവരിൽ ചുമയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തി പുറത്തെത്തി. അവൾ അകത്തേക്ക് പാഞ്ഞു.

“പാതിരാത്രിയിലും മനുഷ്യരെ കിടത്തിയുറക്കില്ലേടി നീയ് ” ഹരിയുടെ ഉറക്കച്ചടവുള്ള സ്വരം. ദോശക്കല്ലിന് മുന്നിൽ കണ്ണടച്ച് നിന്ന് കരിഞ്ഞ മണം ഉള്ളിലേക്കാവാഹിക്കുന്നതിനിടയിൽ പാർവതി കേട്ടു. ഗന്ധഗ്രാഹികൾ വഹിച്ചെത്തിയ കരിമണം തലച്ചോറിനെ തൊട്ടതും അവളുടെ വയറിനുള്ളിലെ തിരയിളക്കങ്ങൾക്ക് മേൽ ആശ്വാസത്തിന്റെ പുലിമുട്ടുകൾ അടർന്നു വീണു. ഉള്ളാഴങ്ങൾ ശാന്തമായി. പാർവതി ദീർഘമായി ഒന്ന് നിശ്വസിച്ചു. ചുവരിലിരുന്ന ഒരു പല്ലി പതിവ് കാഴ്ചകൾ തന്നെയാണല്ലോ ഇതെല്ലാം എന്ന് കണ്ട് ചിറി കോണിച്ച് ഒരു പുച്ഛ സ്മൈലി ഇട്ട് അവളെ നോക്കി. ശേഷം കാഷ്ടമിട്ട്, ബൾബിനു ചുറ്റും പറന്നു കളിക്കുകയായിരുന്ന ഒരു രാത്രി ശലഭത്തിന് നേരെ കുതിച്ചു.

ചട്ടുകം,ദോശക്കല്ലിനും ദോശക്കും ഇടയിൽ തിരുകി, എതിർ ഘടികാര ദിശയിൽ സാവധാനം ചലിപ്പിച്ച് പാർവതി ദോശ ഇളക്കാൻ തുടങ്ങി. തിക്കിലും തിരക്കിലും അമ്മയുടെ വിരൽ തുമ്പിൽ ഭീതിയോടെ മുറുകെ പിടിക്കുന്ന കുഞ്ഞിനെ പോലെ ദോശ കല്ലിൽ പറ്റിപ്പിടിച്ചിരുന്നു. എങ്കിലും പരിചയസമ്പന്നയായ ദന്തരോഗവിദഗ്ദ കേടുവന്ന പല്ലിനെ പറിച്ചെടുക്കുന്ന ലാഘവത്തോടെ അവളാ ദോശ മുറിഞ്ഞു പോകാതെ ഇളക്കിയെടുത്ത്‌ കിച്ചൻ സിങ്കിന് ചുവട്ടിൽ സ്ഥാപിച്ച മാലിന്യസംഭരണിയിലേക്ക് മൂടി മാറ്റി നിക്ഷേപിച്ചു. തലേന്നത്തെ ഭക്ഷണാവശിഷ്ടങ്ങളുടെ ചീഞ്ഞ ഗന്ധം ആ തക്കത്തിന് പുറത്ത് ചാടി വീണ്ടും ഓക്കാനമുണ്ടാക്കിയെങ്കിലും, അവളുടെ ഉദരം വേനൽ തീണ്ടി വരണ്ടിരുന്നു അപ്പോഴേക്കും.

ദോശക്കല്ലിൽ എണ്ണ പുരട്ടി മാവ് കോരി ഒഴിച്ച് പരത്തുമ്പോൾ പാർവതിക്ക് തോന്നി, അരച്ച് വച്ച ദോശമാവ് പോലെയാണ് പെണ്ണെന്ന്. പാകമുള്ള അന്തരീക്ഷത്തിലെ അതിന് നിലനിൽപ്പുള്ളൂ. അല്ലാത്തപക്ഷം വെറും മാലിന്യം. എടുത്തു പുറത്തേക്കെറിയുക തന്നെ! സ്വയം പുറത്താകാം എന്നൊരു സാധ്യത കൂടിയേ പെണ്ണിന് അധികമുള്ളൂ.

പാതി വെന്ത ദോശ മറിച്ചിട്ട്, പാർവതി കിച്ചൻ സിങ്കിലെ മുഷിഞ്ഞ പാത്രങ്ങളുടെ മേൽ വെള്ളം തുറന്ന് വിട്ടു. നിറഞ്ഞ പാത്രങ്ങളുടെ ഇടയിൽ പാറ്റകളുടെ എരിപൊരി സഞ്ചാരം. വെള്ളത്തിൽ വീണ് കൈകാലിട്ടടിക്കുന്ന അവറ്റകളുടെ ഇടയിൽ നിന്നൊരെണ്ണം സ്ലാബിലേക്ക് തള്ളി നിന്നൊരു തൂക്കുപാത്രത്തിൽ പിടിച്ചു കയറി ജീവനും കൊണ്ടോടി അരകല്ലിന് പുറകിലൊളിച്ചു. ഇനി ഈ പാത്രമെല്ലാം അടുപ്പിൻ ചുവട്ടിലെ പങ്കപ്പാടിനിടയിൽ കൂടി കഴുകി എടുക്കണമല്ലോ എന്നോർത്ത് അവൾക്ക് തലപെരുത്തു. രാത്രി തന്നെ അതെല്ലാം കഴുകി വൃത്തിയാക്കി യഥാസ്ഥാനങ്ങളിൽ കമിഴ്ത്തി ഉറങ്ങാൻ കിടക്കുന്നതാണ് പതിവ്. നൈറ്റ്‌ ഡ്യൂട്ടി ഉള്ള ദിവസവും, ഹരിയുടെ സിരകൾക്ക് ചൂട് പിടിക്കുന്ന ദിവസവും മാത്രമാണ് അതിൽ മാറ്റം. രണ്ടാമത്തേതായിരുന്നു ഇന്നലത്തെ കാരണം.

തലേരാത്രി വാർത്താചാനലുകളിലെ ആരവങ്ങളിലേക്ക് കണ്ണും കാതും കൂർപ്പിച്ചിരുന്ന് മടുത്ത ഹരി ആദ്യത്തെ കോട്ടുവാ വിട്ടതും ക്ലോക്ക് പത്ത് മണിയെന്നു വിളിച്ചു പറഞ്ഞു. അത് പക്ഷേ താൻ കേട്ടിരുന്നില്ല എന്ന് കവിളിലെ തിണർപ്പുകളിലൂടെ വിരലോടിക്കവേ അവളോർത്തു. ടീവീയിലെ ബഹളങ്ങളിൽ തട്ടി തടഞ്ഞു ലിവിങ് റൂമിൽ തന്നെ മുട്ടിടിച്ചു വീണ, ഭക്ഷണം എടുത്ത് വക്കാനുള്ള ആജ്ഞയും കേട്ടില്ല. രാത്രി എട്ട് മണിയോടെ, ഹോസ്പിറ്റലിൽ നിന്ന് വന്നതേ തല പൊളിയുന്ന തലവേദനയുമായായിരുന്നു. ഒന്ന് കുളിച്ചെന്ന് വരുത്തി ബാഗിൽ കിടന്ന അമൃതാഞ്ജനും പുരട്ടി കിടന്നതും ഉറങ്ങി. തുടയിൽ വീണ അടിയായിരുന്നു ഉണർത്തിയത്. പിടഞ്ഞെണീറ്റ് സ്ഥലകാല ബോധം തെളിഞ്ഞു കിട്ടാൻ കട്ടിലിൽ തന്നെ ഇരുന്നു. ” ആഹാ പിന്നേം ഇരിക്കുന്നോ… മനുഷ്യനിവിടെ വെശന്നിട്ട്….” ഹരിയുടെ കൈപ്പടം വലത് കവിളിൽ പിഴക്കാതെ വീണു. എടുത്തെറിഞ്ഞ പോലെ നിലതെറ്റി താഴേക്കിരുന്നു പോയി. തലക്കുള്ളിലാകെ ഒരു പെരുപ്പ്. ഒന്നും മിണ്ടാതെ അടുക്കളയിലെ ഇരുട്ടിലേക്കിറങ്ങി. ഉറവയെടുക്കാൻ തുടങ്ങുന്ന കണ്ണുകളെ മുറുകെയടച്ച് തടഞ്ഞു. തീൻമേശയിൽ നിരത്തി വച്ചിരുന്ന ചോറും കറികളും വിളമ്പിക്കൊടുക്കുമ്പോഴും കരച്ചിലൊന്നും വന്നില്ല. അല്ലെങ്കിലും കരയില്ല എന്ന് എന്നേ ഉറപ്പിച്ചതാണ്!

“കണ്ണീരല്ല പാറു, തന്റേടമാണ് പെണ്ണിന്റെ ഭംഗി ” വഴക്കിട്ട് ഇറങ്ങി പോകുന്ന അച്ഛന് പിന്നാലെ അടുക്കളയിൽ നിന്ന് അടക്കിപ്പിടിച്ചിട്ടും കുതറി മാറി പുറത്തേക്കെത്തുന്ന അമ്മയുടെ തേങ്ങലുകൾക്ക് കാതോർത്ത് അമ്മാമ പറയും. “എന്റെ മോളായിട്ടും അവൾക്കതിന് ത്രാണിയില്ലാതെ പോയി”. മൂത്രച്ചൂരുള്ള തന്റെ തുടകൾക്കിടയിൽ തലവച്ച് , പരുക്കൻ കൈ വിരലുകൾക്ക് ലാളിക്കാൻ മുടിയിഴകളെ വിട്ട് തന്ന് മുഖത്ത്ന്ന് കണ്ണെടുക്കാതെ കിടക്കുന്ന പേരമകളെ നോക്കി അവർ പല്ലിറുമ്മും. കുടിച്ചും പെടുത്തും നാടൊട്ടുക്ക് തല്ലുണ്ടാക്കിയും വ്യഭിചരിച്ചും നടന്ന ഭർത്താവിന് നേരെ വാതിൽ കൊട്ടിയടച്ച യൗവ്വനമോർത്ത് അഭിമാനിക്കുന്ന ആ മുഖത്തേക്ക് നോക്കി, എല്ലിച്ച കാലുകളുടെ സുരക്ഷിതത്വത്തിൽ ആ പത്ത് വയസ്സുകാരി തന്നിലൊരു തന്റേടിയായ സ്ത്രീയെ സങ്കൽപ്പിക്കും അന്നേരം.

ഹരി കഴിച്ച് എഴുന്നേൽക്കുന്നത് വരെ പാർവതി അടുക്കളയിലെ ഇരുട്ടിലലിഞ്ഞു നിന്ന് ബാല്യത്തിലെ ഓർമകളിൽ ഇത്തിരി നനഞ്ഞു. ജീവിതത്തിൽ ഒറ്റപ്പെട്ടു പോകുന്നവർക്ക് ഇരുട്ട് ഒരു അനുഗ്രഹമാണെന്നവൾക്ക് തോന്നി .വലിയ ബദ്ധപ്പാടില്ലാതെ മറഞ്ഞിരിക്കാം. കസേര നീങ്ങുന്ന ശബ്ദം കേട്ടപ്പോൾ അവളാ മറ വിട്ട് പുറത്ത് വന്നു. അയാൾ അപ്പോഴേക്കും കൈ കഴുകി പോയിരുന്നു. ബാക്കി വന്ന ചോറും കറികളും മേശയിൽ തുറന്നിരുന്നു. അയാൾ കഴിച്ച പ്ളേറ്റിലേക്കവൾ അസ്വസ്ഥതയോടെ നോക്കി. ഒരു കറിവേപ്പിലയുടെ അവശിഷ്ടം പോലുമില്ലാതെ വൃത്തിയിലത് മലർന്നിരിക്കുന്നു. അപ്പോൾ കഴുകി വച്ച പോലെ.അവൾക്കയാളോട് ദേഷ്യം തോന്നി.കുഴഞ്ഞ മട്ടിലുള്ള ജീവിതം ജീവിക്കാത്തവരെ ഉൾക്കൊള്ളാൻ അവൾക്ക് ഒരിക്കലും കഴിഞ്ഞിരുന്നില്ല. കുറഞ്ഞ പക്ഷം ആഹാരത്തിന് മുൻപിലെങ്കിലും.ബാക്കി വന്ന ചോറ് മുഴുവൻ അവൾ ആ പ്ളേറ്റിലേക്ക് തട്ടി.തീരെ വിശപ്പ്‌ തോന്നിയില്ലെങ്കിലും ആരോടൊക്കെയോ ഉള്ള പക തീർക്കുന്ന പോലെ തണുത്ത ചോറ് കറി പോലും കൂട്ടാതെ വാരി വിഴുങ്ങി.ചവക്കുക കൂടി ചെയ്യാതെ.കഴിക്കുന്നതിനിടയിൽ മനപ്പൂർവം പ്ളേറ്റിന് ചുറ്റും വറ്റുകൾ വിതറിയിട്ടു .കറിപ്പാത്രങ്ങളിൽ തവി കൊണ്ട് ഊക്കോടെ ഇളക്കി അവ മേശമേൽ തെറിപ്പിച്ചു. ആ വെടിപ്പില്ലായ്മ കണ്ടു രസിച്ചു. കഴിച്ചു കഴിഞ്ഞ് തീൻ മേശ വൃത്തിയാക്കി.നിരന്നിരുന്ന പാത്രങ്ങളുമായി അടുക്കളയിലേക്ക് നടന്നു.
സ്വിച്ചിട്ടപ്പോൾ തെളിഞ്ഞ വൈദ്യുതവെളിച്ചം കുറച്ചു മുൻപ് അവൾക്കത്താണിയായി രുന്ന ഇരുട്ടിനെ ജാലക വിടവിലൂടെ പുറത്തേക്ക് തള്ളി.ബാക്കി വന്ന കറികൾ പതിവ് പോലെ ഫ്രിഡ്ജിലേക്ക് മാറ്റാതെ അവൾ പുറത്ത് വാഴച്ചോട്ടിൽ കൊണ്ടൊഴിച്ചു. കഴുകാനുള്ള പാത്രങ്ങൾ കിച്ചൻ സിങ്കിലേക്കിട്ട് കൈ കഴുകി, വായയിൽ വെള്ളം നിറച്ച് കുലുക്കി ഉഴിയുമ്പോൾ ഹരിയുടെ ശ്വാസത്തിന്റെ ചൂട് പിൻകഴുത്തിൽ അറിഞ്ഞു.തൊണ്ട വരണ്ട് വെള്ളമിറങ്ങിപ്പോയി.നേരിയ എതിർപ്പ് പോലുമില്ലാതെ അവളയാൾക്ക് വാശിയോടെ വഴങ്ങി.

ഉറക്കം മതിയായില്ലെന്ന് തുടരൻ കോട്ടുവായിട്ട് ശരീരം പരിഭവം പറഞ്ഞപ്പോൾ പാർവതി രാത്രിയനുഭവങ്ങളുടെ ഓർമ്മയെ കൈക്കുമ്പിളിൽ വെള്ളമെടുത്ത് മുഖത്തൊഴിച്ചു കഴുകി.നനഞ്ഞ മുഖം ഇട്ടിരുന്ന വസ്ത്രത്തിന്റെ കൈയ്യിൽ തുടച്ചു.വെന്ത ദോശ ഇളക്കിയെടുത്ത്‌ ചൂടാറാപാത്രത്തിലേക്കിട്ട് അടുത്തതിന് മാവ് കോരി. കല്ലിലെ ഇരുട്ടിൽ നിന്നൊരു പൂർണചന്ദ്രൻ അവളെ അനേകം കണ്ണുകൾ കൊണ്ട് നോക്കി. അവളത് ശ്രദ്ധിക്കാതെ കിച്ചൻ സിങ്കിലെ നിറഞ്ഞ വെള്ളത്തിൽ ആഴ്ന്നു കിടന്നും കൈ കാലിട്ടടിച്ച് നീന്തിയും രസിക്കുന്ന പാത്രങ്ങളുടെയടുത്തേക്ക് മാർച്ച്‌ ചെയ്തു.

സോപ്പിട്ട് പാത്രങ്ങൾ ഓരോന്നായി പൈപ്പിലെ വെള്ളത്തിൽ കാണിച്ച് കഴുകി മാറ്റി വക്കുമ്പോൾ തമ്മിലവ മിണ്ടിപ്പറയാതിരിക്കാനവൾ ശ്രദ്ധിച്ചു. നിശബ്ദത വീട്ടിലെ ആണുങ്ങൾ ഉറങ്ങുമ്പോൾ മാത്രം പാലിക്കാനുള്ളതാണ്.വെള്ളം വീണ് രാത്രിവസ്ത്രത്തിന്റെ അടിവയറ് മുതൽ താഴോട്ട് നനഞ്ഞ്, പാന്റീസിലേക്ക് പടർന്നു. ഈറനടിച്ചപ്പോൾ അവളുടെ കവയ്ക്കിട നീറി. രാത്രിയിലെ പരാക്രമത്തിന്റെ ബാക്കി… ഓരോ വേഴ്ചയും പെണ്ണിന് ബാക്കിയാക്കുന്നത് ഈ നീറ്റലും, പുകച്ചിലും മാത്രമാണോ? ഈ ലോകത്തെ പെണ്ണുങ്ങളെല്ലാം യോനിയില്ലാതെയും ആണുങ്ങൾ ലിംഗമില്ലാതെയും ജനിച്ചിരുന്നെങ്കിൽ ! ആ ചിന്തയിൽ അവൾക്ക് കൗതുകം തോന്നി. ഇണകൾ തമ്മിൽ ചുംബിക്കുമ്പോൾ സന്താനങ്ങളെ ഗർഭം ധരിക്കുകയും,സ്പർശം കൊണ്ട് ലൈംഗികശമനം വരുത്തുകയും ചെയ്യുന്ന മനുഷ്യരുടെ ലോകം . ഓർക്കാൻ തന്നെ എന്തൊരാശ്വാസം.

കൈയ്യിൽ നിന്നും വഴുതി കിച്ചൻ സിങ്കിലെ കെട്ടി നിൽക്കുന്ന വെള്ളത്തിൽ വീണ ടേബിൾ സ്പൂൺ തെറിപ്പിച്ച വെള്ളത്തുള്ളികളിൽ ചിലത് മുഖത്ത് ഉമ്മവച്ച് പാർവതിയെ ചിന്തകളിൽ നിന്നുണർത്തി. വെന്ത് ചുവക്കാൻ തുടങ്ങിയ ദോശക്ക് മുന്നിലേക്ക് നീക്കി നിർത്തി. മാവ് വെന്ത് കഴിഞ്ഞാൽ അരികുകളിൽ വല പോലെ മൊരിഞ്ഞു കല്ലിൽ നിന്ന് വേർപെട്ട് വരും. അടിഭാഗത്തു നേരിയ ഓറഞ്ച് നിറംവന്നിട്ടുണ്ടാകും. മറിച്ചിട്ട് ഒരു രണ്ട് മിനിറ്റോളം കാത്ത് ഇളക്കി എടുക്കണം. അതാണിവിടത്തെ പാകം. കൃത്യമായ പാകപ്പെടലുകൾക്കാണ് ജീവിതത്തിൽ പ്രാധാന്യം, എന്നെവിടെയോ വായിച്ചതോർത്തു പാർവതിക്ക് ചിരി വന്നു.ശബ്ദമടക്കി ചിരിച്ച് കൊണ്ടവൾ വെന്ത് പാകമായ ദോശ ഇളക്കാൻ തുടങ്ങി.

അവളുടെ ചിറിക്കോണിൽ ബാക്കിയായ ചിരിയുടെ പൊട്ടും പൊടിയിലും തന്നോടുള്ള പരിഹാസത്തിന്റെ മുന സംശയിച്ച് പരിഭവിവിച്ച ദോശ കല്ലിൽ നിന്ന് ഇളകി വരാൻ മടിച്ചു. ചട്ടുകത്തിൽ അല്പം ബലം കൊടുത്തു പാർവതി .ചട്ടുക മുന കൊണ്ട് തൊലിയടർന്ന ദോശ കൂടുതൽ വാശി പിടിച്ചാൽ തനിക്കുണ്ടാകാവുന്ന പരിക്കുകളോർത്താവണം അന്നേരം അവളോട് സന്ധിയായി കിടപ്പ് മാറ്റി.

കൃത്യമായ എണ്ണം വച്ച് മാത്രം പ്രഭാതഭക്ഷണം ഉണ്ടാക്കുന്ന അവിടത്തെ കീഴ് വഴക്കം തെറ്റിച്ചു പാത്രത്തിലെ അവസാനതവി മാവ് കൂടി ദോശ കല്ലിൽ ഒഴിച്ച് വട്ടത്തിൽ പരത്തി പാർവതി. പെട്ടെന്ന് ഉണർന്നൊരു രുചിയോർമ്മയിൽ അവളുടെ വായ്‌ക്കുള്ളിൽ കൊതിവെള്ളം നിറഞ്ഞു. കഴിഞ്ഞയഴ്ചയിലെ രാവിലത്തെ ഷിഫ്റ്റിൽ ഒരു ദിവസം നയന സിസ്റ്റർ കൊണ്ടുവന്ന ചുവന്ന മുളകരച്ച ചട്നിയുടെ സ്മരണയിലായിരുന്നു അതെന്നവൾ തിരിച്ചറിഞ്ഞു. കാര്യമില്ലെന്നറിയാമെങ്കിലും സ്വഭാവികമായ ജിജ്ഞാസയോടെ അതിന്റെ വയ്പ്പ് രീതി ചോദിച്ചറിഞ്ഞിരുന്നു അന്ന്. ഇന്നതു പോലെയുണ്ടാക്കുമെന്നവൾ ഉറപ്പിച്ചു.

ദോശയോടൊപ്പം വെള്ള ചട്നിയാണ് ഹരിക്കിഷ്ടം. അച്ഛനും അമ്മയ്ക്കും മുളകും ഉള്ളിയും കനലിൽ ചുട്ടരച്ചത് വെളിച്ചെണ്ണ ചേർത്ത് വേണം.

ചെന്ന് കയറുന്ന വീട്ടിൽ പെണ്ണിന് ഇഷ്ടങ്ങൾ പാടില്ലെന്ന് അമ്മ പറഞ്ഞത് ഹരിയുടെ ആലോചന ഏതാണ്ട് ഉറച്ച മട്ടെത്തിയപ്പോഴാണ്. രണ്ട് വയസ്സിന്റെ വ്യത്യാസമേ ചെറുക്കനുമായിട്ടുള്ളുവെങ്കിലും വീട്ടിൽ ഒരു നഴ്‌സ്‌ ഉണ്ടാകുന്നത് നല്ലതാണ് എന്നാണത്രേ അവിടത്തെ അമ്മ ദല്ലാളിനോട് പറഞ്ഞത്.

“നല്ലകൂട്ടരാണ്‌.അച്ഛനും അമ്മയും സർക്കാർ ജോലിക്കാർ അല്ലാ യിരുന്നോ,ചെറുക്കനും പഞ്ചായത്ത്‌ ആഫീസിൽ ക്ലാർക്ക്. ഒറ്റമകൻ, നല്ല ചുറ്റുപാട്. ഇതിൽ കൂടുതൽ എന്ത് വേണം.അവർക്ക് ഇതിലും നല്ല കുടുമ്മത്തൂന്നു വേറെ പെണ്ണ് കിട്ടാഞ്ഞിട്ടല്ല. ചോദിക്കണ സ്ത്രീധനോം കിട്ടും. പിന്നെന്താ,ഇവിടത്തെ മോളെ കണ്ട പാട് ചെറുക്കനങ് പിടിച്ചു. ചൊല്ല് വിളിയോടെ നിന്ന് പെഴച്ചാൽ ജയിച്ചു. റാണിയെ പോലെ വാഴാം”. അമ്മ കൊടുത്ത നൂറിന്റെ നോട്ട് ബ്ലൗസിനുള്ളിൽ തിരുകുമ്പോൾ ദല്ലാൾ സ്ത്രീ പാർവതി യുടെ മുഖത്തു നോക്കി പറഞ്ഞു.അച്ഛനില്ലാതെ വളർന്ന മകളുടെ ഭാരം താങ്ങി വല്ലാതെ കുനിഞ്ഞു പോയ നടുവൊന്ന് നിവർത്തി അമ്മ ആശ്വാസത്തിൽ ഒരു നെടുവീർപ്പിട്ടത് അവരുടെ കൈ തൊട്ട് നിന്നവളറിഞ്ഞു അന്നേരം . നമുക്ക് ചേരില്ലമ്മേ ഇതെന്ന് പറഞ്ഞ് അതുവരെ ഇടന്തിരിഞ്ഞു നിന്നിരുന്ന അവൾ അപ്പോഴാണ് ആ പുളിങ്കൊമ്പിലേക്ക് കഴുത്ത് നീട്ടാൻ തീരുമാനിച്ചത്.

വിജയമെന്ന് സമൂഹം പറയുന്ന വിവാഹജീവിതങ്ങളെല്ലാം പെണ്ണിന്റെ ഉപേക്ഷിക്കപ്പെട്ട ഇഷ്ടങ്ങളുടെ ആകെത്തുകയാണ് എന്ന് അവൾക്ക് തോന്നിയത് കല്യാണം കഴിഞ്ഞ് ആദ്യ ആഴ്ച തന്നെ സംഭവിച്ച മാസമുറക്കാലത്താണ്‌.ഒന്നാം ദിനം കഠിനമായ വയറുവേദനയുമായി ഹോസ്പിറ്റലിൽ നിന്നും രാത്രിയോടെ തിരിച്ചെത്തി വീട്ടിലേക്കുള്ള പടി കയറാൻ തുടങ്ങവേ ഹരിയുടെ അമ്മ ടീവി യുടെ മുന്നിൽ നിന്നെണീറ്റോടി വന്ന് വഴി തടഞ്ഞു നിന്നു. ഇരുട്ടിലൂടെ അടുക്കളവാതിക്കലേക്കുള്ള വഴി കാണിച്ചു.മുറിയിലെത്തി കുളിച്ചിറങ്ങിയ അവളെ കാത്ത് കട്ടിലിൽ അമ്മ ഇരുന്നു.നിലത്ത് വിരിച്ച പിഞ്ഞിക്കീറിയൊരു പഴമ്പായിലേക്ക് താണ അവരുടെ കണ്ണുകൾക്കൊപ്പം നാവിൻ തുമ്പിലൂടെ കുടുംബത്തിലെ പെണ്ണുങ്ങൾ പാലിക്കേണ്ട ചില നിഷ്ഠകളുടെ പനയോലക്കെട്ടഴിഞ്ഞു വീണു . വെറും തറയിലായാലും ഒന്ന് നടുനിവർത്തിയാൽ മതിയെന്ന നിലയിലായിരുന്ന അവൾ ആ പായയിലേക്ക് ചാഞ്ഞതും ” പണ്ടൊക്കെ തൊട്ടൂടാതായാൽ ഞാനൊക്കെ അടുക്കളയിലാരുന്നു മോളെ കിടപ്പ് . നമ്മള് തീണ്ടി അശുദ്ധായാൽ ആണുങ്ങൾക്കാ അതിന്റെ ദോഷം “എന്ന് ന്യായീകരിച്ച് മുറിയിൽ നിന്നിറങ്ങി പോയി. പിറ്റേ മാസമാദ്യം നിനക്ക് വല്ലതും വേണമെങ്കിൽ എന്നോട് പറഞ്ഞാൽ പോരെ എന്ന ആമുഖത്തോടെ അയാളുടെ പേഴ്സിലായി പോയ സ്വന്തം എടിഎം കാർഡിലൂടെ പിന്നെ ലഭിച്ച ശമ്പളങ്ങൾക്കൊന്നും അവകാശമില്ലാതെ പോയപ്പോൾ ആ തോന്നലങ്ങുറച്ചു.

അമ്മക്കെന്നും അവളെ ചൊല്ലി ആധിയായിരുന്നു. മകളുടെ ഭാവി ഒരു ചോദ്യ ചിഹ്നമായി അവരെ എപ്പോഴും തുറിച്ചു നോക്കി.സ്വന്തം ജീവിതം അതിനുള്ള ഉത്തരമായി എഴുന്ന് നിന്നപ്പോഴൊക്കെ അവർ മകളോട് ആവശ്യമില്ലാതെ ശണ്ഠകൂടി.ഉണ്ണുന്നതിലും ഉടുക്കുന്നതിലും ഉറങ്ങുന്നതിലും അവർ മകളിൽ കുറ്റം കണ്ടെത്തി അതിന് കോപ്പ് കൂട്ടി. വിവാഹത്തിന് തലയ്ക്കും തലേന്ന് കൂടി .അവളുടെയുള്ളിൽ അതെല്ലാം മിഴിവോടെ തെളിഞ്ഞു.

അമ്മ ചുട്ടിടുന്ന ചൂട് ദോശ തലേന്നത്തെ മീനും കൂട്ടി അടുക്കളയിൽ നിന്ന് തന്നെ തിന്നുകയായിരുന്നു പാർവതി. “അമ്മേ തേങ്ങ വച്ച ഒരു ദോശേം കൂടി ” അവളമ്മയോട് കിണുങ്ങി. മകളെ കടുപ്പിച്ചൊന്നു നോക്കി അവർ അവൾക്കേറ്റവും ഇഷ്ടമുള്ള ദോശക്കായ് മാവ് കോരി. പാർവതി ഒരു കുഞ്ഞിനെ പോലെ അമ്മയുടെ ചെയ്തികളുടെ വഴക്കത്തെ കൗതുകപ്പെട്ടു നോക്കി നിന്നു.ദോശക്കല്ലിൽ കോരിയൊഴിച്ച മാവിന് മുകളിൽ ചിരകിയ തേങ്ങ വിതറി അതിന് മുകളിൽ പിന്നേം മാവ് ഒഴിച്ച് പരത്തി അമ്മ ഒച്ചയിട്ടു ” അവിടെ പോയാൽ ഇതൊന്നും പറ്റില്ല കേട്ടോ… സൂര്യവെളിച്ചം ചന്തീലടിക്കണവരെ ഉള്ള ഒറക്കോം എല്ലാം നിർത്തിക്കോ നീയ് ”
“ഓ അതവിടെ ചെന്നിട്ടല്ലേ” പിച്ചെടുത്ത ദോശ വായിലാക്കി അമ്മയോട് ചിറി കോട്ടി അവൾ പുറത്തേക്ക് നടന്നു. ഇനി വഴക്കിന് ഞാനില്ല എന്ന പ്രഖ്യാപനം പോലെ. അത് മനസ്സിലായിട്ടാവണം അമ്മ പിന്നെ അവളുടെ പുറകെ ചെന്നില്ല. പരസ്പരം കൊത്ത് കൂടാതെ അവരാ ദിവസങ്ങൾ പിന്നിട്ടു.ആ ഓർമ്മയിൽ , കഴിഞ്ഞ മൂന്നരക്കൊല്ലത്തിനിടയിൽ ആദ്യമായി പാർവതി ഒന്ന് തേങ്ങിപ്പോയി.ഉടൻ തന്നെ ഒറ്റക്കാണെന്ന യാഥാർഥ്യം മറന്ന്, ആരെങ്കിലും കണ്ടാലോ എന്നോർത്ത് അവളതിനെ തോളിലേക്കമർത്തി അടക്കി.

ഉള്ളിലടക്കിയ സങ്കടയോർമ്മകളുടെ ചില അടരുകൾ കൂടി അവൾക്ക് തടുക്കാൻ കഴിയും മുൻപ് ഇളകി വീണു അന്നേരം. ഓടിമാറാൻ ഒരിടം കാണാതെ അവളാ ഓർമ്മപ്പെയ്ത്തിൽ നനഞ്ഞു നിന്നു.

വിവാഹപ്പിറ്റേന്ന് രാവിലെ കുളിച്ചീറൻ മാറ്റി ചെല്ലുമ്പോ ഹരിയുടെ അമ്മയുണ്ട് അടുക്കളയിൽ. വിറകടുപ്പിൽ ദോശ ചുടുന്നു. മൂടൽമഞ്ഞ് പോലെ നിറഞ്ഞ പുകക്കുള്ളിൽ നിന്നവർ നോക്കി ചിരിച്ചു.”ഞാൻ വെളുപ്പിന് എണീക്കും മോളെ. ഹരിക്കും അച്ഛനും ഏഴരക്ക് തന്നെ കഴിക്കണം. അതും ദോശ തന്നെ വേണം. എനിക്കുമതെ “. അമ്മയെ നോക്കി മന്ദഹസിച്ച്‌ ഹരിക്ക് ചായ എടുക്കാൻ തുടങ്ങിയപ്പോ അവർ തടഞ്ഞു.
” ഇവിടെയെല്ലാർക്കും കഴിക്കാനിരിക്കുമ്പോ ചായ കുടിക്കുന്നതാ ശീലം. മോളൊരു കാര്യം ചെയ്യ്, ആ പിഞ്ഞാണത്തിൽ മാവിരിപ്പുണ്ട് മൂന്നാലു ദോശ കൂടി ചുട് . ”

രാവിലെ മുറിയിൽ നിന്ന് ഇറങ്ങാൻ തുടങ്ങുമ്പോൾ പൂണ്ടടക്കം പിടിച്ച്‌ ചൂടുള്ള ഒരുമ്മ നെറ്റിയിൽ തന്ന് കഴിക്കാൻ ഒന്നിച്ചിരിക്കാം എന്ന് ഹരിയാണ് അവളോട് പറഞ്ഞത്. പുതുപ്പെണ്ണിന്റെ ചെറുനാണം ചാലിച്ചൊരു ചിരിയോടെ അവൾ ആ ആവശ്യത്തോട് സമ്മതം മൂളി.

അച്ഛനും അമ്മയും കഴിച്ച് മാറിയതും,തേങ്ങ വച്ച് ചുട്ടെടുത്ത ദോശയോരോന്ന് വീതം രണ്ട് പ്ളേറ്റിലായി വിളമ്പി, ചമ്മന്തിയും ഒഴിച്ച് വച്ച് അവളയാളെ വിളിച്ചു. ഡിസ്‌കവറി ചാനലിൽ ഒരു സായിപ്പിന്റെ കാട് കയറ്റം കണ്ടിരുന്ന ഹരി ടീവീ ഓഫ് ചെയ്തു വന്നിരുന്നു.ഗ്ലാസുകളിൽ ചൂട് ചായ കൂടി പകർന്ന് ഒരു കസേര അയാളുടെ അടുത്തേക്ക് വലിച്ച് നീക്കിയിട്ട് അവളും ഇരുന്നു.അന്നുവരെ അനുഭച്ചിട്ടില്ലാത്തൊരു സന്തോഷത്തോടെ ആ മുഖത്തേക്ക് തല തിരിച്ചു നോക്കി. അതുവരെ പ്രസന്നത നിറഞ്ഞിരുന്ന മുഖം കോള് കൊണ്ട ആകാശം പോലെ ഇരുളുന്നത് കണ്ട് അന്ധാളിച്ച നിമിഷം വായിലേക്ക് വച്ച ദോശത്തുണ്ട് കയ്പ്പുള്ളതെന്തോ കടിച്ച പോലെ പുറത്തേക്ക് തുപ്പിക്കൊണ്ടയാൾ ചാടി എണീറ്റ് അലറി “അമ്മേ… എന്താ ഈ ഉണ്ടാക്കി വച്ചിരിക്കുന്നത് ” . ഉമിനീര് കലർന്ന ഭക്ഷണത്തുണ്ടുകൾ തെറിച്ച്‌ അവളുടെ പ്ളേറ്റിലും മുഖത്തുമായി വീണു. മൊരിഞ്ഞ ദോശ മണവുമായി കൂടിക്കലർന്ന അയാളുടെ തുപ്പൽ ഗന്ധം മണത്തതും അവൾക്ക് മനം പിരട്ടി. എത്ര അടക്കാൻ ശ്രമിച്ചിട്ടും കഴിയാതെ അവളെണീറ്റ് ഓടി. വാഷ് ബേസിനിലേക് കുമ്പിട്ട് ഛർദിച്ചു. അത് കഴിഞ്ഞ് ഉണ്ടായ ഒരു സാന്ത്വനങ്ങൾക്കും ഉണക്കാൻ കഴിയാത്തൊരു മുറിവ് അന്നേരം അവളുടെ ഉള്ളിലുണ്ടായി.പിന്നെയറിഞ്ഞ ഓരോ ദോശ ഗന്ധവും സ്ഥലകാല വ്യത്യാസമില്ലാതെ അവളുടെ ആമാശയത്തെ ഇളക്കി മറിക്കാൻ തുടങ്ങി.അപ്പോഴാണ് ആ വീട്ടിലെ ഒരു പുതുമയും അനുഭവിപ്പിക്കാത്ത തീൻമേശക്ക് മുന്നിൽ നിന്നും പ്രഭാതങ്ങളിൽ അവൾ തിരിഞ്ഞു നടക്കാൻ തുടങ്ങിയത്. ഡ്യൂട്ടിക്കിടയിൽ സഹപ്രവർത്തകരുടെ പാത്രങ്ങളിലെ വൈവിധ്യങ്ങളിൽ കൈയ്യെറിഞ്ഞ് വീട്ടിലെ കെട്ട പ്രഭാതങ്ങളോട് അവൾ പകവീട്ടി.
ഓരോ പുലർച്ചകൾക്കും പറയാൻ ഇങ്ങനെ എന്ത് മാത്രം പെൺകഥകൾ ആയിരിക്കും ഉണ്ടാവുക!

ചട്നിക്കുള്ള തേങ്ങ ചിരകുമ്പോൾ പാർവതിക്ക് മൂത്രമൊഴിക്കാൻ തോന്നി.അവളതടക്കി.സർവ്വംസഹയാണ് പെണ്ണെന്ന് ആരാണ് പറഞ്ഞത് ? ആലോചിച്ചപ്പോൾ വീണ്ടും ചിരി വന്നു. പെണ്ണിനെ സംബന്ധിച്ച വിശേഷണങ്ങൾക്കെല്ലാം പല അർത്ഥതലങ്ങളാണ്.

കടുക് വറുത്ത് ചമ്മന്തി അടുപ്പിൽ നിന്നിറക്കി വച്ച് പാർവതി ടോയ്‌ലെറ്റിലേക്ക് പാഞ്ഞു. ആദ്യത്തെ തുള്ളികൾ തന്നെ വേണമെന്നൊരു നിർബന്ധ ബുദ്ധി എപ്പോഴാണ് തലയിലുദിച്ചതെന്ന് എത്ര ആലോചിച്ചിട്ടും അവൾക്കന്നേരം ഓർമ്മയിൽ തെളിഞ്ഞില്ല.തലേന്ന് രാത്രി കുളിക്കാൻ കയറുമ്പോൾ വെന്റിലേഷനിൽ ഒളിപ്പിച്ച കുഞ്ഞ് ഡപ്പി അടപ്പൂരി കാലിനിടയിൽ തിരുകി പാർവതി ക്ളോസറ്റിലേക്കിരുന്നു.

ഗർഭ പരിശോധന സാമഗ്രിയിലെ ഉറപ്പ് സൂചിപ്പിക്കുന്ന ചുവന്ന ഇരട്ട വരകളിൽ പാർവതി പലവട്ടം നോക്കി. പിന്നെ അത് ചൂടാറാ പാത്രത്തിലെ ദോശകൾക്ക് മുകളിൽ വച്ച് അടച്ചു.നാട്ടുനടപ്പ് കാലത്തിനുള്ളിൽ പെറാത്ത മരുമക്കളെല്ലാം ഭർത്താക്കന്മാരുടെ അമ്മമാർക്ക് ശത്രുക്കളാണ്. പെണ്ണ് മാത്രം വിചാരിച്ചാൽ ഉണ്ടാകുന്നതല്ല ഗർഭം എന്നവർക്ക് അറിയാഞ്ഞിട്ടല്ല. ആൺമക്കളെല്ലാം പൂർണ്ണരാണ് അവർക്ക് എന്നുള്ളത് കൊണ്ടാണത് . അല്ലെങ്കിലും ഹരിക്ക് എന്താണ് ഒരു കുറവ്. എല്ലാ ആവേശങ്ങളുടെയും അവസാനം സാധാരണമല്ലെന്ന് മാത്രം.തറയിലും, ബെഡിലും, അവളുടെ തുടകളിലും വീണ് ഒടുങ്ങുന്ന ബീജങ്ങൾ! ഈയിടെയായി അവളുടെ സർവ്വശക്തിയും അയാളുടെ ആവേശങ്ങളുടെ ഒടുവിലെ പിൻവാങ്ങലുകളെ തടഞ്ഞുള്ള ആലിംഗനത്തിലേക്ക് സ്വരുക്കൂട്ടിയതിന്റെ ഫലമാണ് ആ ചുവന്ന വരകൾ.

പതിവില്ലാത്ത കാഴ്ചകളാണല്ലോ എന്ന് കണ്ട് ശലഭവുമായി കള്ളനും പോലീസും കളിക്കുകയായിരുന്ന പല്ലി തിരിച്ചു വന്ന് അവളെ നോക്കി വാ പൊളിച്ചിരുന്നു .അവരുടെ കണ്ണുകൾ തമ്മിലിടഞ്ഞു. എല്ലാം മനസ്സിലായെന്ന മട്ടിൽ അതൊന്ന് ചിലച്ചു. .ഇനിയൊരു വരവില്ല എന്നൊരുറപ്പ് പോലെ പാർവതി പുഞ്ചിരിച്ചു. നിനക്ക് തരാൻ ഇത് മാത്രമേ എന്റെ കൈയ്യിലുള്ളൂ എന്ന മട്ടിൽ വാല് മുറിച്ചിട്ട് ആശംസകൾ അറിയിച്ച് പല്ലി ചുവരിലെ ഇരുളിൽ ഒളിക്കാൻ ഒരു മറ തേടി.കൈയിൽ കരുതിയ ബാഗുമായി പാർവതി അടുക്കള വാതിൽ വഴി പുറത്തേക്കിറങ്ങി. ഗേറ്റ് കടക്കുമ്പോൾ അവൾ അമ്മയെ ഫോണിൽ വിളിച്ച് തേങ്ങ വച്ച് ചുട്ടൊരു ദോശ വേണമെന്ന് പറഞ്ഞു. പുലരി വെട്ടം വീണു തുടങ്ങിയ ഇടവഴിയിലൂടെ ബസ് സ്റ്റോപ്പിലേക്ക് വേഗത്തിൽ നടക്കുമ്പോൾ അവളുടെ ഉള്ളിലിരുന്ന് അമ്മാമ്മ തലയറഞ്ഞ് ചിരിക്കാൻ തുടങ്ങി.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

ജലം, തീ, അവയുടെ മർമ്മരങ്ങൾ

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 38 ഡോ. രോഷ്നി സ്വപ്ന 𝗼𝗳 𝘁𝗵r𝗲𝗲 𝗼𝗿 𝗳𝗼𝘂𝗿  𝗶𝗻 𝗮 𝗿𝗼𝗼𝗺 𝘁𝗵𝗲𝗿𝗲 𝗶𝘀...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 26 “വർഷ എന്നല്ലേ നിങ്ങളുടെ പേര്? നിങ്ങൾക്കിന്നു ഡ്രാമ കാണാൻ പറ്റില്ല.” “ അതെന്താ?” “...

പ്രണയം പൂക്കുന്ന ഇടവഴികൾ

(പുസ്തകപരിചയം) ഷാഫി വേളം മൗനം പാലിക്കുന്നവർ പെരുകുന്ന കാലത്ത് വിളിച്ചു പറയാൻ മടിക്കാത്ത  ശബ്ദങ്ങളാണ് ഖുത്ബ് ബത്തേരിയുടെ "മാഞ്ഞു പോകുന്ന അടയാളങ്ങൾ" എന്ന ...

More like this

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

ജലം, തീ, അവയുടെ മർമ്മരങ്ങൾ

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 38 ഡോ. രോഷ്നി സ്വപ്ന 𝗼𝗳 𝘁𝗵r𝗲𝗲 𝗼𝗿 𝗳𝗼𝘂𝗿  𝗶𝗻 𝗮 𝗿𝗼𝗼𝗺 𝘁𝗵𝗲𝗿𝗲 𝗶𝘀...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 26 “വർഷ എന്നല്ലേ നിങ്ങളുടെ പേര്? നിങ്ങൾക്കിന്നു ഡ്രാമ കാണാൻ പറ്റില്ല.” “ അതെന്താ?” “...