തിരുത്തിലും തുടരുന്ന ഭൂതങ്ങൾ – 2

0
967

ഹിലാല്‍ അഹമ്മദ്


എ ഡി 999 ൽ രാജരാജ ചോളന്റെ ആക്രമണത്തോടെ നോവൽ ചേരരാജ്യത്ത് നിന്ന് ചോള രാജ്യത്തേക്ക് കഥാപാശ്ചാത്തലം മാറ്റുന്നു. നമ്മുടെ അന്വേഷണ പരിധിയും പി കെ ബാലകൃഷ്ണന്റെ അന്വേഷണ പരിധിയും കേരള ചരിത്രമായതിനാൽ നമുക്ക് അന്വേഷണം നോവലിന്റെ ഈ ഭാഗത്തേക്ക് ചുരുക്കുകയെ വഴിയുള്ളൂ.
ആദ്യ ഭാഗത്തു പറഞ്ഞ പോലെ വേണാടിനെ സവിശേഷ രാഷ്ട്രീയ ഭൂമിയായാണ് പി കെ ബാലകൃഷ്ണൻ കാണുന്നത്. 999ലെ യുദ്ധങ്ങൾ നടക്കുമ്പോൾ,മഹോദയപുരം ആസ്ഥാനമാക്കിയുള്ള ചേര സാമ്രാജ്യത്തിലെ സമന്തനാണ് കാന്തള്ളൂർ രാജാവായ മഹേന്ദ്ര വർമ്മൻ എന്നാണ് നോവൽ ഭാഷ്യം. എന്നാൽ ബാലകൃഷ്ണൻ ഈ യുദ്ധം നടക്കുമ്പോൾ വിഴിഞ്ഞവും കാന്തള്ളൂരും പാണ്ഡ്യ സംരക്ഷണത്തിലായിരിക്കണം എന്നാണ് പറയുന്നത്. അദ്ദേഹം പറയുന്നു:

എ ഡി 999ൽ പണ്ഡിനാട്ടിൽ നടത്തേണ്ടിവന്ന യുദ്ധത്തിന്റെ ഭാഗമായി രാജരാജ ചോളൻ തെക്കൻ തിരുവിതാംകൂർ ആക്രമിക്കുകയും കാന്തള്ളൂരും വിഴിഞ്ഞവും കീഴടക്കുകയും ചെയ്യുന്നു. ചേര രാജാവ് പാണ്ഡ്യർക്കെതിരായി ആദ്യം ചോളരുടെ വശം ചേർന്ന് യുദ്ധം ചെയ്തെങ്കിലും കിട്ടിയ പ്രതിഫലം ചോള സാമന്ത പദവി ആയിരുന്നിരിക്കണം. അതിലുള്ള അസംതൃപ്തി മൂലം പിന്നീടും പാണ്ഡ്യർ കലാപം നടത്തിയ തക്കത്തിൽ വേണാടും കലാപത്തിനൊരുങ്ങിയിരിക്കണം. എന്തെന്നാൽ രാജരാജൻ ആദ്യം വിഴിഞ്ഞം അക്രമിക്കുമ്പോൾ ആ പട്ടണം പാണ്ഡ്യ സംരക്ഷയിലായിരുന്നിരിക്കണമെന്നാണ് ചോള പാണ്ഡ്യ ലിഖിതങ്ങൾ എല്ലാം പഠിച്ച നീലകണ്ഠശാസ്ത്രി സാഹചര്യങ്ങൾ കൊണ്ട് ഊഹിക്കുന്നത്. ഏതായാലും 999നു ശേഷം 1028 വരെ പിന്നെ യുദ്ധമില്ല. 1028ൽ രാജരാജന്റെ പിൻഗാമിയായ രാജേന്ദ്ര ചോളൻ വേണാടിനെയും പാണ്ഡി നാടിനെയും കീഴടക്കാൻ അവിടെ ചെന്ന് യുദ്ധം ചെയ്യുന്നതില്നിന്നും സ്വാഭാവികമായും സ്വീകരിക്കാവുന്ന അനുമാനം, മുപ്പതു കൊല്ലക്കാലം ചേരന്മാർ സമന്തപദവിയിൽ സമാധാനപരമായി കഴിഞ്ഞെന്നും പാണ്ഡിനാട്ടിൽ കലാപം ഉണ്ടായപ്പോൾ ചേരന്മാരും കൂടെ കലാപത്തിനൊരുങ്ങി എന്നുമാണ്.
(ജാതിവ്യവസ്ഥയും കേരള ചരിത്രവും. പേജ് 76)

നോവലിന്റെ ആഖ്യാനത്തിലെ രണ്ട് വാദങ്ങളെ ഈ ഖണ്ഡിക തിരസ്‌ക്കരിക്കുന്നു. ഒന്ന് 999 ലെ യുദ്ധം നടക്കുന്ന സമയത്തു കാന്തള്ളൂർ രണ്ടാം ചേരസാമ്രാജ്യത്തിന്റെ ഭാഗമാണ് എന്ന വാദം. ചേര രാജാവിനോടല്ല, പാണ്ഡ്യന്മാരുമായി കൂടി ചോളാധിപത്യത്തിനെതിരെ കലാപത്തിനൊരുങ്ങുന്ന സ്വതന്ത്ര നാട്ടുരാജ്യമാണ് ഇവിടെ വേണാട്. രണ്ട്, മഹേന്ദ്രവർമ്മൻ സന്ധിക്കപേക്ഷിക്കാതെ പൊരുതിമരിച്ചു എന്ന വാദം.

ഇനി നോവൽ സൂചിപ്പിക്കുന്ന തരത്തിൽ ലോകത്തെ ഏതു നഗരത്തോടും കിടപിടിക്കുന്ന ഒരു നഗരവും സംസ്കാരവും കാന്തള്ളൂരിലോ കേരളത്തിൽ എവിടെയെങ്കിലുമോ ഉണ്ടായിരുന്നോ എന്നാണ് പരിശോധിക്കേണ്ടത്. ഇവിടെ ഒരു പ്രധാന പരിമിതി, വേണാടിനെ ബാലകൃഷ്ണൻ പരമ്പരാഗത കേരളത്തിന് പുറത്തു നിർത്തുന്നതിനാൽ കേരളത്തെ കുറിച്ച് അദ്ദേഹം നടത്തുന്ന എല്ലാ നിരീക്ഷണങ്ങളും വേണാടിന് യോജിക്കണം എന്നില്ല. എന്നാൽ ഇടയ്ക്കിടെ വേണാടിനെ അദ്ദേഹം ചർച്ചക്കെടുക്കുന്നും ഉണ്ട്. അത്തരം ചർച്ചകളിലൂടെ ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ശ്രമിക്കാം.
കാന്തള്ളൂരിന്റെ പ്രധാന ആകർഷണമാണ് എഴുത്തുകാരൻ അവതരിപ്പിക്കുന്നത് കാന്തള്ളൂർ ശാലയാണ്. ദേവനയകിയിൻ കതൈ തുടങ്ങുന്നത് തന്നെ ‘നമ്മളിപ്പോൾ ഒരു സഹസ്രാബ്ദം പുറകിലാണ്. എ ഡി 992ൽ.കുലശേഖര സാമ്രാജ്യത്തിന്റെ തെക്കേ അറ്റത്തെ കാന്തളൂർ ശാലയിൽ” എന്ന പ്രസ്താവത്തോടെയാണ്.
അദ്ദേഹം ഇങ്ങനെ തുടരുന്നു രാജവംശത്തിലെ പ്രധാന രാജാവായ കരുനന്തടക്കൻ സ്ഥാപിച്ചതും പിന്നീട് വിക്രമാദിത്യ വരഗുണന്റെ കാലത്ത് ലോക പ്രശസ്തിയാർജ്ജിച്ചതുമായ വൈജ്ഞാനിക കേന്ദ്രമാണിത്. ആയി രാജവംശം ക്ഷയിച്ച് കുലശേഖര രാജാക്കന്മാരുടെ നിയന്ത്രണത്തിൽ ആയപ്പോൾ കാന്തളൂർ ശാലയുടെ പ്രശസ്തി വർദ്ധിക്കുകയാണ് ചെയ്തത്. രാജ്യത്തിന്റെ തെക്കേ അതിർത്തിയിൽ ആയതു കൊണ്ടുള്ള തന്ത്രപ്രധാനമായ പ്രാധാന്യം കണക്കിലെടുത്ത് ചേരന്മാർ കാന്തള്ളൂർ ശാല പ്രധാനപ്പെട്ട ഒരു സൈനിക കേന്ദ്രം കൂടിയാക്കി മാറ്റിയതായിരുന്നു അതിനു കാരണം. പടയാളികളെ പരിശീലിപ്പിക്കാനും ആയുധങ്ങൾ നിർമിക്കാനുള്ള പ്രത്യേക കേന്ദ്രങ്ങൾ തന്നെ അതിന്റെ ഭാഗമായി പണികഴിപ്പിക്കപ്പെട്ടു
(സുഗന്ധി എന്ന ആണ്ടാൾ ദേവനായകി. പേജ് 24).

ഇവിടെയും ടി ഡി രാമകൃഷ്ണൻ ഇളംകുളത്തിന്റെ ദേശീയവാദ ചരിത്രരചനയെ പിന്തുടരുന്നത് കാണാം. ശാലയെ കുറിച്ച് പല വ്യാഖ്യാനങ്ങളും നിലവിലുണ്ട്. കാന്തളൂർ ശാലൈ കലം അറുത്തരുളിയ എന്ന പാണ്ഡ്യ ശാസനങ്ങളിലെ പരാമർശങ്ങളെ മുൻനിർത്തി ശാല പാണ്ഡ്യരുടെ കപ്പൽ ആക്രമണത്തിൽ തകർന്നതാണ് എന്ന വാദമാണ് ഡോക്ടർ ഹൂൽഷ് മുന്നോട്ടുവെക്കുന്നത്. എന്നാൽ ശാല തകർത്തില്ല ഊട്ട് നിർത്തിച്ചത് ഉള്ളൂ എന്നാണ് ഗോപിനാഥ് റാവുവിന്റെ അഭിപ്രായം. എന്നാൽ ഇളംകുളം നൂറ്റാണ്ട് യുദ്ധത്തിന്റെ ഭാഗമായി കാന്തള്ളൂർ ഒരു സൈനിക കേന്ദ്രമായി ഉയർന്നുവന്നു എന്നും അവിടെയുള്ള ബ്രാഹ്മണർ മുഴുവനും സൈനികനായി എന്നും വാദിക്കുന്നു. ഒരു ബ്രാഹ്മണൻ എന്നാൽ ഒരു കലം എന്നാണർത്ഥം എന്ന് അദ്ദേഹം പറയുന്നു. ഇത്തരത്തിൽ ശാലയെ ഒരു സൈനിക കേന്ദ്രമാക്കി ആദ്യം വിഭാവനം ചെയ്യുന്നത് ഇളംകുളം ആണ്. പി കെ ബാലകൃഷ്ണൻ ആവട്ടെ കാന്തളൂർ ശാലൈ കലം അറുത്തരുളി എന്ന പ്രസ്താവനയെ കാണുന്നത് പാണ്ഡ്യരാജാക്കന്മാർ ശാലയിലെ തമിഴ് ബ്രാഹ്മണരെ സംവാദത്തിൽ തോൽപ്പിച്ചു എന്ന അർത്ഥത്തിലാണ്.

മറ്റൊരു പ്രധാന പ്രശ്നം ജാതിയാണ്. എഴുത്തുകാരൻ കൃതിയിലുടനീളം ജാതിവ്യവസ്ഥയെ പറ്റി മൗനം പാലിക്കുന്നു. അതെ സമയം ദേവനായകിയുടെയും മഹേന്ദ്രവർമ്മന്റെയും കല്യാണത്തിന് ഹോമങ്ങളും യാഗങ്ങളും നടന്നതായി കാണാം. ബ്രാഹ്മണ കുടിയേറ്റം നടന്നതും എന്നാൽ ആധിപത്യം പൂർണ്ണമാവാത്തതുമായ ഒരു സാംസ്കാരിക പരിസരമാണ് നോവൽ വിഭാവനം ചെയ്യുന്നത് എന്ന് പറയാം. ഇളംകുളത്തിന്റെ വാദപ്രകാരം നൂറ്റാണ്ടുയുദ്ധം ആണ് കേരളത്തിൽ ജന്മിത്തത്തിനും അയിത്തത്തിനും സമ്പൂർണ്ണ ബ്രാഹ്മണ ആധിപത്യത്തിനും കാരണമായിത്തീർന്നത്. ബാലകൃഷ്ണൻ ആവട്ടെ ഈ കാലയളവിൽ തന്നെ അഥവാ നൂറ്റാണ്ട് യുദ്ധത്തിന് മുൻപ് തന്നെ കേരളത്തിൽ ബ്രാഹ്മണ ആധിപത്യം നിലനിന്നിരുന്നു എന്ന പക്ഷക്കാരനാണ്. കേരളീയ ശാസനങ്ങളിൽ രാജാക്കന്മാരുടെ പേരുകൾ വിശേഷണങ്ങൾ ഒന്നുമില്ലാതെ നൽകപ്പെടുന്നത് ഇതിന് തെളിവാണെന്നും ഇവിടെ ഉണ്ടായിരുന്ന രാജാക്കന്മാർ നമ്പൂതിരിമാരുടെ ആജ്ഞാനുവർത്തികൾ മാത്രമായിരുന്നു എന്നും അദ്ദേഹം അനുമാനിക്കുന്നു.

ബാലകൃഷ്ണന്റെ വാദങ്ങൾ പിന്തുടർന്നാൽ, നോവൽ വിവരിക്കുന്ന തരത്തിൽ ഉജ്ജ്വലമായ ഒരു രാജധാനിയോ തുറമുഖമോ കാന്തള്ളൂരിൽ നിലനിന്നിരുന്നു എന്ന അനുമാനിക്കുക സാഹസമാവും. കുലശേഖര വാഴ്ചക്ക് മുമ്പുള്ള കേരളത്തെ കുറിക്കുമ്പോൾ വലിയതോതിലുള്ള വാണിജ്യം ഇവിടെ നിലനിന്നിരുന്നില്ല എന്ന നിരീക്ഷണവും പെരുമാൾ കാലഘട്ടത്തിനുശേഷം ഇവിടെ നിലനിന്നിരുന്ന കൃഷി, വാണിജ്യം, വാസ്തുവിദ്യ എന്നിവ പരിഗണിച്ച് അദ്ദേഹം നടത്തുന്ന നിരീക്ഷണങ്ങളും കൂട്ടിവായിക്കുമ്പോൾ എ ഡി പത്താം നൂറ്റാണ്ടിലോ അതിനു മുമ്പോ ശേഷമോ കേരളത്തിൽ ലോകത്തോട് കിടപിടിക്കുന്ന തരത്തിലുള്ള സാമ്രാജ്യമോ കച്ചവടമോ തുറമുഖങ്ങളോ നിലനിന്നിരുന്നില്ല എന്ന അനുമാനത്തിലാണ് നമുക്ക് എത്തിച്ചേരാൻ കഴിയുക. നോവലിസ്റ്റിന്റെ ലോക നഗരങ്ങളുടെ കിടക്കുന്ന കേരളീയ നഗരങ്ങൾ എന്ന സങ്കല്പവും ഇളം കുളത്തിൽ നിന്ന് തന്നെ ഉല്പാദിപ്പിക്കപ്പെട്ട താണ്. സ്റ്റഡീസ് ഇൻ കേരള ഹിസ്റ്ററി എന്ന പുസ്തകത്തിൽ മഹോദയപുരത്തെ വിവരിക്കുമ്പോൾ ഇളംകുളം പറയുന്നു: മറ്റേതൊരു മഹാനഗരത്തെയും പോലെ സംസ്കാരനിരതവും അത്ര വലുതായിരുന്നു ചേരതലസ്ഥാനമായ മഹോദയപുരം. ഗോത്രമല്ലേശ്വരം, ബാലക്രീഡേശ്വരം, സേനാമുഖം, കോട്ടകം, തിരുവഞ്ചിക്കുളം, കൊടുങ്ങല്ലൂർ എന്നിങ്ങനെ പല ഡിവിഷനുകളിലായി അത് വ്യാപിച്ചുകിടന്നു. വിസ്തൃതമായ തെരുവുകളാലും കൊട്ടാരങ്ങളാലും ഗോപുരങ്ങളാലും നഗരം സുന്ദരമായിരുന്നു. നഗരമാകെ അത്യുന്നതമായ കോട്ടയാൽ സംവൃതമായിരുന്നു.
(പേജ് 248)

ഇത്തരത്തിൽ സംസ്കാരത്തെയും രാഷ്ട്രീയാധികാരത്തെയും ഭാവന ചെയ്യുമ്പോൾ ദേശീയവാദ ചരിത്രത്തെ പിന്തുടരുകയാണ് ടി ഡി രാമകൃഷ്ണൻ ചെയ്യുന്നത്. എന്നാൽ നോവലിസ്റ്റ് സ്വയം അവകാശപ്പെടുന്ന അതാവട്ടെ താൻ പുതിയൊരു ചരിത്ര രചനക്ക് ശ്രമിക്കുന്നു എന്നുമാണ്. നോവലിസ്റ്റിന്റെ ചരിത്രത്തോടുള്ള സമീപനത്തെ വിശദീകരിക്കാൻ അദ്ദേഹത്തിൻറെ മുൻ നോവലായ ഫ്രാൻസിസ് ഇട്ടിക്കോര യിലേക്ക് തിരിച്ചു പോകേണ്ടിയിരിക്കുന്നു നോവലിൻറെ ആരംഭത്തിൽ തന്നെ താൻ എഴുതുന്നത് ചരിത്രമല്ല എന്നും കേട്ടുകേൾവികളും കെട്ടുകഥകളും നുണകളും ചേർത്ത് ഒരു കഥ പൊലിപ്പിച്ചെടുക്കാൻ ഉള്ള ശ്രമം മാത്രമാണെന്നും അദ്ദേഹം മുൻകൂർജാമ്യം എടുക്കുന്നുണ്ട്. എന്നാൽ നോവലിന്റെ മൂന്നാം അധ്യായത്തിന്റെ തുടക്കത്തിൽ അദ്ദേഹം ഉമ്പർട്ടോ എക്കോയെ ഉദ്ധരിച്ചുകൊണ്ട് പറയുന്നു why write novels novels? rewrite history. The history that then comes true. ഫ്രാൻസിസ് ഇട്ടിക്കോരയിലും ഗ്രന്ഥകാരന്റെ ചരിത്രത്തോടുള്ള സമീപനം വെളിവാക്കുന്നത് ‘വീണ്ടും സൊറ’ എന്ന് പേരിട്ടിരിക്കുന്ന അദ്ധ്യായത്തിലാണ്. മധ്യകാല കേരളത്തെക്കുറിച്ചുള്ള സങ്കല്പങ്ങളെ തിരുത്തുകയാണിവിടെ അദ്ദേഹം. കേരളത്തിന്റെ ചരിത്രം നായന്മാരും നമ്പൂതിരിമാരും എഴുതിയതാണെന്നും അത് കോവിലകങ്ങളെ ചുറ്റിപറ്റിയാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം വിമർശിക്കുന്നു. ഈ ചരിത്രത്തിലേക്ക് കേരളത്തിന്റെ സമുദ്ര സഞ്ചാര വിവരണങ്ങളെ ചേർത്തുവച്ചുകൊണ്ട് യൂറോപ്പുമായി നിരന്തര സമ്പർക്കം പുലർത്തിയിരുന്ന ഇട്ടിക്കോര എന്ന നാവികനെയും അദ്ദേഹം വഴി നടന്ന സാംസ്കാരിക വൈജ്ഞാനിക കൈമാറ്റങ്ങളും നോവലിസ്റ്റ് ഭാവന ചെയ്യുന്നു. സമുദ്ര സഞ്ചാരങ്ങളെ കുറിച്ച് ഉള്ള പഠനങ്ങൾ കേരളത്തിലെ ചരിത്ര ഗവേഷണ രംഗത്ത് പുതിയ വഴിത്തിരിവുകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. പോസ്റ്റ് കോളോണിയൽ ആയ ചരിത്ര സമീപനം ചരിത്രം കെട്ടിയേൽപ്പിച്ച ഭാരങ്ങളെ കയ്യൊഴിയുകയും പുതിയ ചരിത്രത്തെ കണ്ടെടുക്കുകയും ചെയ്യുന്നുണ്ട്. ഫ്രാൻസിസ് ഇട്ടിക്കോര എന്ന നോവലിനെ സംബന്ധിച്ചിടത്തോളം ഈ സമീപനം വിജയകരമാണ് എന്നു പറയാം. എന്നാൽ സുഗന്ധിയിൽ ഈ ചരിത്ര സമീപനം കൃത്യമായി പാലിക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ല എന്നുവേണം കരുതാൻ. കേരളത്തിന്റെ മധ്യ കാലത്തെ കുറിച്ച് ലഭ്യമായ അത്ര വസ്തുതകൾ സുഗന്ധിയുടെ പശ്ചാത്തലത്തെക്കുറിച്ച് ലഭ്യമല്ല എന്നതാവാം ദേശീയവാദ ചരിത്ര വിവരണങ്ങളെ നോവൽ രചനക്കായി ആശ്രയിക്കാൻ നോവലിസ്റ്റിനെ പ്രേരിപ്പിച്ചത്. ദേശീയവാദ ചരിത്ര രചന പക്ഷേ നിഷ്കളങ്കമായ ഒന്നല്ല. ഇന്ത്യൻ സാഹചര്യത്തിൽ അത് സാമ്രാജ്യത്വ വിരുദ്ധമായ സ്വഭാവം കാത്തുസൂക്ഷിക്കുന്നുണ്ടെങ്കിലും അതിന്റെ ഭാവന സവർണമാണ്. അധിനിവേശവിരുദ്ധ സമീപനങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്ന് നിഷ്ക്രമിച്ച ഒരു ഘട്ടത്തിൽ ഈ ചരിത്രബോധം പ്രതിലോമകരമായി പ്രത്യക്ഷത്തിൽ തന്നെ പ്രവർത്തിക്കുന്നു. ഒപ്പം അത് ഉത്ഭവത്തിൽ തന്നെ ദലിത്-മുസ്ലിം വിരുദ്ധമാണ്. അബോധത്തിൽ എങ്കിലും ഇത്തരം ഒരു ചരിത്രരചനയെ പിന്തുടരുന്നത് നിലനിൽക്കുന്നുന്ന അധികാരത്തെ ഉറപ്പിക്കലാകും.

എൻ ബി: ജാതിവ്യവസ്ഥയും കേരള ചരിത്രവും പൂർണമായി ചരിത്രത്തിന്റെ ചട്ടക്കൂടുകൾ പിന്തുടരുന്നില്ല. എന്നാൽ പുസ്തകം ഉന്നയിക്കുന്ന വാദങ്ങളിൽ ചിലതിന് ഇന്ന് അക്കാദമിക അംഗീകാരം ലഭിച്ചിട്ടുണ്ട്. രണ്ടാം ചേര സാമ്രാജ്യത്തെ കുറിച്ചുള്ളവ വിശേഷിച്ച്. അക്കാദമിക ചരിത്രത്തിനകത്ത് നിന്ന് മേൽ വസ്തുതകളെ വിലയിരുത്താൻ എം ജി എസ്സിന്റെ പുസ്തകങ്ങൾ അടിസ്ഥാനമാക്കി അടുത്ത ഒരു പാർട്ട് എഴുത്തുന്നതാണ്.

ഇവിടെ രണ്ട് കൃതികളുടെ തരതമ്യമല്ല നടത്തിയത്. നോവലിലെ ചരിത്രാഖ്യാനം കളവും പി കെ ബാലകൃഷ്ണന്റെ ചരിത്രാഖ്യാനം ശെരിയും എന്ന് വാദിക്കുകയും അല്ല. ദേശീയവാദ ചരിത്ര വിമർശനം എന്ന ആഖ്യാന രീതി പിന്തിടരുന്ന ഒരു ചരിത്ര പുസ്തകത്തെ മുൻനിർത്തി നോവലിന്റെ ദേശീയവാദ ചരിത്രത്തോടുള്ള ചായ്‌വ് എടുത്തുകാണിക്കുക മാത്രമാണ് ഉദ്ദേശം.

ആദ്യ ഭാഗം വായിക്കാം

LEAVE A REPLY

Please enter your comment!
Please enter your name here