സംഖ്യാസമുച്ചയത്തിന്റെ കല

0
249

സുധീഷ് കോട്ടേമ്പ്രം

നിങ്ങൾ ഗൾഫിൽ പോയിട്ടില്ല, ഗൾഫ് കണ്ടിട്ടുമില്ല, അതുകൊണ്ട് ”ഗൾഫില്ലേ?” എന്ന് ഏതോ ഒരു സിനിമയിൽ മോഹൻലാൽ ചോദിക്കുന്നുണ്ട്. നാമനുഭവിക്കാത്ത ജീവിതം നമുക്ക് കെട്ടുകഥയാണെന്ന് ആടുജീവിതകർത്താവ് ബെന്യാമിനും പറയുന്നു. കലയിലെ അപരിചിതഭാവനാലോകങ്ങളെ നമ്മളെപ്പോഴും തള്ളിപ്പറയുകയോ ഇകഴ്ത്തിക്കെട്ടുകയോ ചെയ്യുന്നുണ്ട്. ആ തള്ളിപ്പറയലിന്റെയും ഇകഴ്ത്തിക്കെട്ടലിന്റെയും മൂലകാരണം എന്താണെന്ന് അത് ചെയ്യുന്ന ആൾ അറിയുന്നുമില്ല. പലപ്പോഴും തനിക്കപരിചിതമായ ഒരു ഭാവനാലോകത്തിലേക്ക് കടക്കാൻ കഴിയാത്തതിന്റെ നിസ്സഹായതയാവും ഒരാളെ ഒരു പ്രത്യേക കലാജനുസ്സിൽനിന്ന് അകറ്റിനിർത്തുന്നത്. ആ കലാവസ്തു ആവശ്യപ്പെടുന്ന മിനിമം ജ്ഞാനസന്ദർഭത്തെപ്പോലും തേടിപ്പിടിക്കാനോ അറിയാനോ തുനിയാതെയാവും അഭിരുചികൾക്കിണങ്ങാത്ത ഒരു കലാവസ്തുവിനെ നമ്മൾ സമീപിക്കുന്നത്. ഒരുപക്ഷേ മറ്റൊരുകാലത്തിൽ മറ്റൊരു സന്ദർഭത്തിൽ തള്ളിപ്പറഞ്ഞ ഒന്നിനെ സ്വീകരിക്കുന്നുവെങ്കിൽ അതിനർത്ഥം അയാൾ തന്റെ ജ്ഞാനസന്ദർഭത്തെ, മൂല്യവിചാരത്തെ പുതുക്കി എന്നതുമാത്രമാണ്.

ഡിജിറ്റൽ ആർട്ടിന്റേത് അത്തരമൊരു സന്ദർഭമാണ്. പഴക്കം ചെന്നതോ പ്രചാരത്തിലില്ലാത്തതോ ആയ കലമേഖലയായതുകൊണ്ടല്ല, മറിച്ച് അതിന്റെ പുതുക്കം കൊണ്ടാണ് ഡിജിറ്റൽ ആർട്ട് നമുക്ക് പഥ്യമല്ലാതാവുന്നത്. നമ്മളെപ്പോഴും സംശയകാരിയായിരുന്നു. കമ്പ്യൂട്ടറിനെതിരെ സമരം ചെയ്ത ആളുകളെന്ന നിലയിൽ, മില്ലുകൾക്കും ഫാക്ടറികൾക്കുമെതിരെ സമരം ചെയ്തവരെന്ന നിലയിൽ, യന്ത്രസംസ്‌കാരത്തിനെതിരെ നിലകൊണ്ടവരെന്ന നിലയിൽ. അവയ്ക്കൊക്കെയും അതാതുകാലങ്ങളിലെ മാനവികമൂല്യങ്ങളുടെയും പാരിസ്ഥിതികമൂല്യങ്ങളുടേയും പിന്തുണയുണ്ടായിരുന്നു എന്നത് വിസ്മരിച്ചുകൊണ്ടല്ല ഇതുപറയുന്നത്‌. പല ഘട്ടങ്ങളിലും യന്ത്രസമ്പർക്കത്തിന് എതിരുനിൽക്കേണ്ടതുണ്ടായിരുന്നു നമുക്ക്, വിഭവശേഷി കുറഞ്ഞ രാജ്യമെന്നതുകൊണ്ട്, തൊഴിൽപ്രശ്‌നം രൂക്ഷമായതുകൊണ്ട്. നെഹ്രുവിയൻ ആധുനികത കൊണ്ടുവന്ന വ്യാവസായികമാറ്റങ്ങൾക്ക് സമാന്തരമായി നമ്മുടെ നാട്ടിൽ മനുഷ്യഭാവനയും യന്ത്രലോകങ്ങളെ പതുക്കെപ്പതുക്കെ സ്വീകരിച്ചുതുടങ്ങി. ”യന്ത്രകല നമ്മെ സംഭ്രമിപ്പിക്കുമോ?” എന്ന് എൺപതുകളിൽ കെ.പി. അപ്പൻ ചോദിക്കുന്നുണ്ട്. അതേ ചോദ്യം എന്നും പ്രസക്തമായിരിക്കുന്നു. ആദ്യസംഭ്രമം കഴിഞ്ഞാൽ, നമുക്ക് സംവദിക്കാനുള്ള സ്‌പേസ് തനിയേ ഒരുങ്ങും.

അതെങ്ങനെ? അതിരാവിലേ ഡിജിറ്റൽ ഓഡിയോ പ്ലയറിൽ ലളിതാസഹസ്രനാമം കേട്ട്, ഉച്ചക്ക് ഫ്രിഡ്ജിൽ നിന്നെടുത്ത് മൈക്രോവേവ് ഓവനിൽവെച്ച് ചൂടാക്കിയ ഫുഡടിച്ച്, വൈകീട്ട് സ്‌കൈപ്പിലൂടെ ദൂരദേശത്തെ മക്കളും മരുമക്കളുമായി സല്ലപിച്ച്, കാൽക്കുലേറ്ററെടുത്ത് കിട്ടാനുള്ള പണത്തിന്റെ കണക്ക് നോക്കി, വൈകീട്ടത്തെ സീരിയലും കണ്ട്‌, പിറ്റേന്ന് നേരത്തേയുണരാൻ അലാറം സെറ്റ് ചെയ്തുവെക്കുന്ന ഒരു മധ്യവർഗ വീട്ടുടമ ഇതിനിടയിൽ എത്രവട്ടം യന്ത്രസംസ്‌കാരത്തെ തള്ളിപ്പറഞ്ഞിരിക്കും? ഒരു കാരണവുമില്ലാതെ. യന്ത്രത്തിനങ്ങനെ രണ്ടെണ്ണം പൊട്ടിക്കാനോ പിണങ്ങിനില്ക്കാനോ സമയമില്ലാത്തതുകൊണ്ട് അവ തിരിച്ചൊന്നും ചെയ്യുന്നില്ല എന്നുമാത്രം. നമ്മുടെ ‘സംസ്‌കാരം’ ഇല്ലാതാകുന്നതിന്റെ വേദന ഏറ്റെടുക്കാൻ യന്ത്രങ്ങളിപ്പോഴും അതിന്റെ നട്ടും ബോൾട്ടും മുറുക്കിയിരിക്കുന്നു.

Marcel Duchamp

ജീവിതത്തിന്റെ സമസ്തമേഖലകളിലും ഡിജിറ്റൽ സാങ്കേതികത നിർണയിച്ചുകഴിഞ്ഞ ഒരു ലോകത്തിൽ കല മാത്രം പരിശുദ്ധമാതാവായി നിൽക്കണമെന്ന ശാഠ്യം നമുക്കെന്തിന്? “നിങ്ങളെന്തുകൊണ്ടാണ് റെഡിമെയ്ഡ് വസ്തുക്കൾ ഉപയോഗിക്കുന്നത് കല ചെയ്യാൻ?” എന്നൊരു ചോദ്യത്തിന് ദുഷാമ്പ് പറയുന്നത് ഇങ്ങനെയാണ്. ”ശരി. ഞാൻ റെഡിമെയ്ഡ് ഉപയോഗിക്കുന്നത് നിർത്താം. നിങ്ങൾ പറയുന്നത് ഉദാത്തമായ പെയിന്റിംഗ് ചെയ്യാനല്ലേ? പെയിന്റ് എന്തുകൊണ്ടാണ് ഉണ്ടാക്കുന്നത് എന്നറിയുമോ? അതിന് നിറം കൊടുക്കുന്ന രാസവസ്തു? ക്യാൻവാസ് എങ്ങനെയാണ് ലഭ്യമാകുന്നത്?” എല്ലാ ഉദാത്തതകളിലും സാങ്കേതികതയും യന്ത്രസാംസ്‌കാരികതയും കുടിയിരിക്കുന്നുവെന്ന് ദുഷാമ്പ് വ്യക്തമാക്കുന്നു. മറ്റൊരു കാര്യം കൂടി ദുഷാമ്പ് പറയുന്നു. “നിങ്ങൾ പെയിന്റ് ചെയ്യുമ്പോൾ നീല പെയിന്റ് ഉപയോഗിക്കണമെന്ന് തോന്നുന്നു. നീല പെയിന്റ് ഉപയോഗിക്കുന്നു. എനിക്ക് നീല പെയിന്റിന് പകരം നീല ടർപ്പായ കെട്ടിയാൽ മതി എന്നുതോന്നുന്നു. നിങ്ങളുടെത് നിങ്ങളുടെ തിരഞ്ഞെടുപ്പ്, എന്റേതും മറ്റൊരു തെരഞ്ഞെടുപ്പ്”. എന്ത് മീഡിയം തെരഞ്ഞെടുക്കുന്നു എന്നതും കൂടി ഉൾപ്പെട്ടതാണ് ഒരു കലാവസ്തുവിൻ്റെ സൗന്ദര്യലോകം. ഡിജിറ്റൽ സ്‌പേസ് തെരഞ്ഞെടുക്കുന്ന ഒരാൾക്കും അത് വകവെച്ചു കൊടുക്കേണ്ടതുണ്ട്. അതിനെതിരെ മുഷ്ടിചുരുട്ടും മുൻപ്.

മനുഷ്യവിനിമയത്തിന്റെ ആദിരൂപം ഭാഷയാണ്. ഭാഷ ഉച്ചരിക്കപ്പെടുന്നത് വാചകങ്ങളായും വാചകങ്ങൾ വാക്കുകളായും വാക്കുകൾ അക്ഷരങ്ങളായും അക്ഷരങ്ങൾ പിന്നെയും ചെറു ചെറു യൂണിറ്റുകളായും പടർന്നിരിക്കുന്ന ഒരു വ്യവസ്ഥയിലൂടെയാണ്. (ഭാഷ യാഥാർത്ഥ്യത്തെ വിഭജിക്കുന്നു എന്ന് റൊളാങ്ങ് ബാർത്) ഈ സൂക്ഷ്മത്തെ കണ്ടെത്തുമ്പോഴാണ് ഭാഷാശാസ്ത്രം രൂപപ്പെടുന്നത്. അതുപോലെ കലാമാധ്യമവും വിഘടിച്ചുനിൽക്കലിന്റെയും കൂടിച്ചേരലിന്റെയും പ്രതീതികളെ ഉൽപ്പാദിപ്പിക്കുന്നുണ്ട്. അച്ചടിഭാഷയുടേയോ സംസാരഭാഷയുടെയോ രേഖീയവിനിമയങ്ങളിൽനിന്ന് വ്യത്യസ്തമായ വിനിമയബന്ധമാണ് കലാമാധ്യമത്തിന്റെത്. അനലോഗ് ഇലക്ട്രോണിക്‌സിൽ നിന്നും ഡിജിറ്റൽ ഇലക്ട്രോണിക്‌സിലേക്ക് എത്തുമ്പോൾ സിഗ്‌നൽ കൈമാറ്റം അക്കങ്ങളാൽ പ്രതിനിധീകരിക്കപ്പെടുന്നു. പ്രത്യക്ഷമായോ പരോക്ഷമായോ അക്കങ്ങളുടെ കൈമാറ്റങ്ങളിലൂടെ കടന്നാണ് ഡിജിറ്റൽ സങ്കേതം പ്രവർത്തിക്കുന്നത്.

Lev Manovich

അക്കങ്ങളുടെ രഹസ്യസംഗ്രഹം സാധ്യമാക്കുന്ന ദൃശ്യമോ കേൾവിയോ ആണ് ന്യൂമീഡിയയിൽ നാം ആസ്വദിക്കുന്നത്. അതുകൊണ്ടുതന്നെ സംഖ്യാസമുച്ചയത്തിന്റെ കല കൂടിയാണ് നവമാധ്യമകല എന്നുപറയാം. സംഖ്യാ പ്രതിനിധാനം, ക്രമബദ്ധത, സ്വയം പ്രവർത്തനോർജ്ജം, പരിവർത്തന സ്വഭാവം, യന്ത്രവിനിമയം എന്നിങ്ങനെ അഞ്ച് തത്വങ്ങളുടെ അടിസ്ഥാനത്തിൽ നവമാധ്യമത്തെ വിശദീകരിക്കാൻ കഴിയും എന്ന് ലെവ് മനോവിച്ച് നിരീക്ഷിക്കുന്നുണ്ട് (ദ ലാംഗ്വേജ് ഓഫ് ന്യൂ മീഡിയ, 2001). ഡിജിറ്റൽ ആർട്ടിന്റെ തത്വികാടിത്തറയെ അറിയാൻ മെനോവിച്ചിന്റെ പഠനം സഹായകമാവും. സങ്കേതികതയെ മെരുക്കിയെടുക്കുന്ന ആളാണ് ഡിജിറ്റൽ ആർട്ടിസ്റ്റ്. അയാളതിലൂടെ അതിന്റെ അധീശത്വത്തെ അതിവർത്തിക്കുന്നു. അയാൾ പൊതുസമയക്രമത്തെ തന്റേതുമാത്രമായ സമയസൂചികയായി മാറ്റുന്നു. അയാൾ സൈബർ വള്ളികളെ രക്തധമനികളെയന്നെവണ്ണം ശുശ്രൂഷിക്കുന്നു. അയാൾ വൈദ്യുതതരംഗങ്ങളെ വൈകാരിക തരംഗങ്ങളായി അനുഭവിക്കുന്നു. ഞാനൊരു ബട്ടണമർത്തുമ്പോൾ അത് അതുവരെ പ്രവർത്തിക്കാത്ത ഒരു മനോനിലയെ പ്രകാശപ്പെടുത്തുന്നു. യന്ത്രം എന്റെ അവയവത്തുടർച്ചയാകുന്നു.

“ഗൾഫില്ലേ?” എന്ന ചോദ്യത്തിന് “ഗൾഫുണ്ട്” എന്ന് ഞാൻ മറുപടി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here