പടരാൻ മറന്നത്

0
276

ദീപ്തി സൈരന്ധ്രി

തൂവി നിറയാനിരുന്ന
ഉപ്പു പാത്രത്തിൽ
ഞാൻ കുഴിച്ചിട്ട
വിയർപ്പ് പരലുകളും ,
വെയിലിൽ ഉണക്കി
കുപ്പിയിലടച്ചു  സൂക്ഷിച്ച
മുറുക്കമേറിയ
നീറ്റലൂറിയ  വറ്റലുകളും
പിഴിഞ്ഞെടുക്കലുകളിൽ
കുമിഞ്ഞു കൂടി
ബാക്കിയായ തരികളും
പതഞ്ഞു നിറഞ്ഞു വീണു
നേർത്ത പാളികളായി
കരിമണം പടർത്തിയ
പാൽ ചിരികളും
നേരമില്ലായ്മകളിൽ
വെപ്രാള പാച്ചിലുകളിൽ
തട്ടി തൂവി വീണ
പല നിറം പകർന്ന
പൊടി കൂട്ടുകളും
താളിക്കലുകളിൽ
പൊട്ടി ചീറ്റി ,
തെറിച്ചു വീണ
കടുക്  പാതികളും
നീയായിരുന്നില്ലല്ലോ ….
എല്ലാം
മാസാവസാന
കുറിപ്പടിയിലെ
തുന്നൽ സൂചി കുത്തിയിറങ്ങിയ
കുഴികളിൽ പെടാതെ
മാറി നിറഞ്ഞ
കണക്കു പടികളിൽ തട്ടി വീണ
ഞാൻ തന്നെയായിരുന്നില്ലേ.

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 8078816827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here