പ്രണയവഴിയിലെ ആത്മീയഡേറ്റിംഗ്

0
238

കഥ

ഷിജു മുത്താരംകുന്ന്

സായന്ത് വല്ലാതെ കിതച്ചു തുടങ്ങി. പിറകിൽ മൊട്ടക്കുന്നിന്റെ വശ്യമായ സൗന്ദര്യം നഷ്ടപ്പെട്ടിട്ട് ഏറെ നേരമായിരിക്കുന്നു. വാക്കുകൾക്ക് അന്യമായ ഭീതിയുടെ വേലിയേറ്റം സൃഷ്ടിക്കുന്ന ചെറുവഴികൾ. കയ്യിലുള്ളത് ഓരോ ഡെസ്റ്റിനേഷന്റെയും കളർ ചിത്രങ്ങൾ മാത്രം. കാടുകയറും മുൻപ് സ്റ്റാർട്ടിംഗ് പോയിന്റിൽ എത്തിച്ച ഗൈഡ് പറഞ്ഞത് അയാളുടെ ഓർമ്മയിൽ വന്നു.

” നിശബ്ദത നിങ്ങളെ വല്ലാതെ ഭയപ്പെടുത്തും; അലറി വിളിക്കരുത്.
കാട് നിങ്ങളുടേതല്ല. വെല്ലുവിളിക്കുകയാണ് എന്ന് തോന്നാത്തിടത്തോളം ഈ കുന്നുകൾക്കിടയിൽ നിങ്ങൾ സുരക്ഷിതനാണ്.”

നിശബ്ദതയ്ക്ക് മുകളിലൂടെ വിയർപ്പ് കണങ്ങൾ സമ്മാനിച്ച് അയാളിൽ നിശ്വാസത്തിന് വേഗത കൂടി. നിശബ്ദതയുടെ ചലന വേഗത നിഗ്രഹിക്കുവാൻ അയാൾക്ക് മനസ്സല്ലാതെ മറ്റ് ഉപകരണങ്ങൾ ഒന്നുമുണ്ടായിരുന്നില്ല.
നിറങ്ങൾ പറഞ്ഞ് തുടങ്ങിയ കഥ അവന്റെ മനസ്സിലുണ്ടായിരുന്നത് ഉരുകിത്തുടങ്ങിയിരിക്കുന്നു. നിശബ്ദമെങ്കിലും ഭീതിജനകമായ ഒന്ന്.
അയാൾ അലറിവിളിച്ചു. ചാങ്ങ്ലാങ് ജില്ലയുടെ ഭാഗത്ത് രണ്ടായിരം കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന നന്ദഭയ്ക്കുള്ളിൽ ഒരു ചെറുചലനം ഉണ്ടാക്കുവാൻ പോലും അയാളുടെ ശബ്ദത്തിനാവുന്നില്ല എന്ന സത്യം അയാളിൽ കൂടുതൽ ഭീതിയുളവാക്കി.
ലക്ഷ്യസ്ഥാനത്തിലേയ്ക്ക് താനെത്തുമോ എന്നറിയാത്ത ഭയം.
പ്രണയം സൃഷ്ടിച്ച ലഹരി അപ്പോഴും ഒരു നേർത്ത പാളിപോലെ ഭയത്തെ പ്രതിരോധിച്ച് നിന്നു. കാലുകളുടെ നോവുകൾ. സ്വയം കുടിച്ച് സംതൃപ്തനായ ശേഷവും മണ്ണിന് ഇരയുടെ രക്തം സമ്മാനിക്കുന്ന അട്ടകൾ..മുന്നിൽ ആദിക്കുന്നിന്റെ ചിത്രം തെളിഞ്ഞ് തുടങ്ങി. വേദാഡാർ എന്ന അന്തിമ ലക്ഷ്യത്തിലേയ്ക്കുള്ള ആദ്യ ചുവട്. ആദിക്കുന്ന്, വേദാഡാറിനെ കാക്കുന്ന ആദ്യ സംരക്ഷണ കവചം. നിശബ്ദതയെ ഭംജിച്ച് ചില ശബ്ദങ്ങൾ കേട്ട് തുടങ്ങി.
ആദിക്കുന്നിന്റെ ദേവത ‘ലംബീജ പേല’ നിന്റെ വരവ് അറിഞ്ഞിരിക്കുന്നു.

ഫോൺ നിലവിളിച്ചു തുടങ്ങിയിരിക്കുന്നു. ഇനിയും എത്ര ദൂരമുണ്ടെന്ന് അറിയില്ല.
പ്രണയം നമ്മളെ അന്ധരാക്കുമെന്നത് എത്രത്തോളം ശരിയാണ്. നിഷാന്തയെ കണ്ടുമുട്ടിയില്ലാരുന്നെങ്കിൽ ഒരു പക്ഷേ ഈ യാത്ര തന്നെ ഉണ്ടാകുമായിരുന്നില്ല.
ഫേയ്സ്ബുക്കിലെ ബോഡി ഷെയ്മിംഗ് അക്രമണത്തിന് ഇരയാകുന്ന സ്വഭാവിക കാരണങ്ങൾ എല്ലാം ചേർന്ന പെൺകുട്ടിയായിട്ടും നിഷാന്ത തന്റെ മനസ്സിലെ പെൺകുട്ടിയോട് വളരെ യോജിച്ചവളായിരുന്നു. പ്രണയം തുറന്ന് പറഞ്ഞപ്പോഴും അവൾ മറുപടി പറഞ്ഞില്ല. പിന്നെയും യാദൃശ്ചികമെന്നവണ്ണം മന:പൂർവ്വമായ കണ്ടുമുട്ടലുകൾ. ഒരു മുഴുവൻ സമയഷോട്ട് ഫിലിം റൈറ്ററാണ് എന്ന ലേബൽ പോലും അവളിൽ ചലനം സൃഷ്ടിച്ചതായി പോലും തോന്നിയില്ല; അവളുടെ ഗവേഷണ വിഭാഗം പ്രൊഫസർ തന്നെ വിളിച്ചുവരുത്തും വരെ.

“നിങ്ങളെക്കുറിച്ച് അവൾ ചിലത് എന്നോട് പറഞ്ഞിട്ടുണ്ട്; അതിൽ താങ്കളുടെ ഇഷ്ടവും പെടും. അവൾ വളർന്നുവന്നത് ഏറ്റവും പ്രാകൃതമായ പുരുഷ മേൽക്കോയ്മയുടെ അടിച്ചേൽപ്പിക്കലുകളിലും ഏറ്റവും ദുർബലമായ സ്ത്രീത്വത്തിന്റെ തണലിലുമായിരുന്നു. പരസ്യമായി പരസ്ത്രീ ബന്ധം പുലർത്താൻ പോലും മടിയില്ലാത്ത അച്ഛൻ. ജീവിതത്തിലൊരിക്കലും വിവാഹം വേണ്ട എന്ന് ചിന്തിച്ചിരുന്ന അവളിൽ നിനക്ക് ചലനമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. പക്ഷേ അവൾ ആശങ്കയിലാണ്; അമ്മയുടെ ജീവിതത്തിൽ സംഭവിച്ചത് അവളുടെ ജീവിതത്തിൽ സംഭവിക്കാൻ അവളാഗ്രഹിക്കുന്നില്ല. നിഷാന്തയോടൊപ്പം താങ്കൾ ജീവിതം മുന്നോട്ട് പോകുന്നതിന് ആഗ്രഹിക്കുന്നുവെങ്കിൽ അവളിലെ ആശങ്കകളെ ഇല്ലാതാക്കാൻ താങ്കൾക്ക് കഴിയേണ്ടതുണ്ട്. വിചിത്രമായതെന്ന് താങ്കൾക്ക് തോന്നാവുന്ന ഒരു ആശയം അവൾ മുന്നോട്ട് വച്ചിട്ടുണ്ട്. നന്ദഭ വനത്തിന്റെ ഉൾക്കാടുകളിൽ താമസിക്കുന്ന ‘പാലബെളി’ ഗോത്ര വിഭാഗത്തോടൊപ്പം, അവരുടെ നിയമങ്ങൾ പൂർണ്ണമായും അനുസരിച്ച് ഇരുവരും മൂന്നുമാസം ഒരു ഡേറ്റിംഗ്. പുറംലോകത്തേയ്ക്ക് വരാൻ ആഗ്രഹിക്കാത്ത അവരോട് ബന്ധമുള്ള എന്റെ സുഹൃത്തുക്കളുണ്ട്; അവർ നിങ്ങളുടെ താമസം അവിടെ ശരിയാക്കിത്തരും. തയ്യാറാണെങ്കിൽ ‘വേദാഡാർ’ കുന്നിറങ്ങി വരുമ്പോൾ നിന്റെ ഉള്ളംകയ്യിൽ അവളുടെ കൈയ്യുണ്ടാകും;ഇല്ലായെങ്കിൽ അവളെ അലോസരപ്പെടുത്താതെ കണ്ടുമുട്ടലുകൾ ഒഴിവാക്കു.”
മെയിൽ ഷോവനിസത്തിന്റെ കണ്ണിയായി, പ്രതിരൂപമായി നിഷാന്ത തന്നെ കാണുന്നുണ്ടെങ്കിൽ….അദ്ദേഹത്തിന്റെ നമ്പർ വാങ്ങി അവൻ പുറത്തേയ്ക്ക് നടന്നു.

പാലബാളി വിചിത്രമായ ആചാരങ്ങൾ പിൻതുടരുന്ന വേദാഡാറിന്റെ ഉള്ളറ രഹസ്യങ്ങളെ കാത്തുസൂക്ഷിക്കുന്ന ഗോത്രവർഗ്ഗമാണ്. കായ്കനികളും ഇലകളും മാത്രം ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുന്നവർ. ഇറച്ചി ഭക്ഷണം എന്നത് അവരുടെ ഭാഷയിൽ അൻപതാളാപോ അഥവാ അവരെ ആക്രമിക്കുന്നവയുടെ മാത്രം കൊന്ന് ഇറച്ചി ഭക്ഷിക്കാം. അത് ഏതായാലും (കാട്ടുപോത്തോ, ആനയോ, പുലിയോ, മുള്ളൻപന്നിയോ, പന്നിയോ… എന്തും) കൊന്നാൽ ഭക്ഷിച്ചിടണം അതാണ് നിയമം.
വിശപ്പിന്റെ കാഠിന്യത്തിൽപ്പോലും ചെറുതും ദുർബലരുമായ ജീവികളുടെ ജീവൻ അപഹരിക്കുവാൻ പാടില്ല എന്ന് മാത്രമല്ല അവയെ സംരക്ഷിക്കുകയും വേണം.

‘കിയാബി ‘എന്ന സ്ത്രീരൂപമാണ് ഇവിടുത്തെ പ്രതിഷ്ഠ. മറ്റേതോ ദേശത്ത് ഭൂമി ദേവി വിഴുങ്ങിക്കളഞ്ഞ മാതാവിനെ തിരികെ കിട്ടാൻ ഭൂമിദേവിയോട് കിയാബിയുടെ മക്കൾ യുദ്ധം പ്രഖ്യാപിച്ചതോടെ കിയാബിയെ ഭൂമി വേദാഡാറിൽ ഒളിച്ചുവെച്ചു.
അമ്മയെ വീണ്ടെടുക്കാനുള്ള യാത്രയിൽ ‘ലംബീജ പേല’ എന്ന ദേവതയുടെ നിയന്ത്രണത്തിലുള്ള ആദിക്കുന്നിൽവെച്ച് അവരുടെ വസ്ത്രം നഷ്ടപ്പെട്ടു പോയിട്ടും ശബ്ദം കൊണ്ട് വസ്ത്രം ഉണ്ടാക്കി വേദാഡാറിലെത്തി അമ്മയെ വീണ്ടെടുത്തു എന്നുമാണ് ഐതിഹ്യം. കിയാബിയെ ഇവിടെ പ്രതിഷ്ഠിച്ച് മക്കൾ നഗ്നപൂജ ചെയ്തു.
( പൂജയ്ക്കായി ശബ്ദം തിരികെ എടുക്കേണ്ടി വന്നതോടെ നഗ്നരാവുകയായിരുന്നത്രേ! )
ഇവിടുത്തെ ഗോത്രപുരുഷൻമാർക്ക് ഒന്നാകെ ബ്രഹ്മചര്യം നശിക്കുമ്പോൾ ഭൂമി കിയാബിയെ വിഴുങ്ങും എന്നാണ് വിശ്വാസം. അങ്ങനെ സംഭവിച്ചാൽ ഗോത്രം മുടിക്കുവാൻ കിയാബിയുടെ മക്കൾ അദൃശ്യരായി നിൽപ്പുണ്ടത്രെ.

വേദാഡാറിലേയ്ക്കുള്ള കുന്നുകളുടെ സംരക്ഷണ ദേവതകൾ കിയാബിയുടെ മരുമക്കളാണെന്ന് ഗോത്രവിശ്വാസം. പുരുഷന് വസ്ത്രം ധരിക്കുവാൻ ഇവിടെ അവകാശമില്ല. ഭാര്യയൊഴിച്ചുള്ളവരൊക്കെ സഹോദരിയും അമ്മയുമാണ്.
ഭാര്യയല്ലാതെ മറ്റൊരു സ്ത്രീയെക്കണ്ടാൽ അത് ഏത് സാഹചര്യത്തിലും ഉദ്ധരിക്കാൻ പാടില്ല. സ്വയംഭോഗവും നിക്ഷിദ്ധം; വിവാഹം കഴിക്കാത്ത പുരുഷൻ ഇലച്ചായം കയ്യിൽ തേച്ച് വേണം യാത്ര ചെയ്യുവാൻ. ആത്മീയമായ ആനന്ദം ഉൾക്കൊണ്ട് ജീവിക്കേണ്ട നിഷ്ഠകൾ ചെറുപ്പത്തിലേ ശീലിക്കണം. ഇല്ലെങ്കിൽ മുള്ളുമരത്തിന്റെ തോല് ഇളിയിൽ ധരിപ്പിച്ച് മൂന്ന് ത്രിയോകം (638 രാവുകൾ)ഭ്രഷ്ഠ്.
കുലത്തിലെ ആരേയും കാണാനും പാടില്ല, ആദ്യ രണ്ട് ത്രിയോകങ്ങളിൽ മാംസഭക്ഷണം മാത്രം. ഇത്തരത്തിൽ ഭ്രഷ്ട് കൽപ്പിക്കപ്പെട്ടവർ കുലത്തിന്റെ കാവൽക്കാരാണ്. വേദാഡാറിലേയ്ക്ക് വരുന്ന അപകടങ്ങളെ വഴിതിരിച്ചുവിടാൻ നിയോഗിക്കപ്പെട്ടവർ.

ആദിക്കുന്നിൽ പ്രവേശിക്കുമ്പോൾ ചുറ്റും ആരോ സംസാരിക്കുന്നതു പോലെയും വിളിക്കുന്ന പോലെയുമുള്ള ശബ്ദങ്ങൾ കേട്ട് തുടങ്ങും. അടുത്തായി ആരൊക്കെയോ മല കയറുന്നു എന്ന് വിചാരിക്കേണ്ട. ഇത് ആദിക്കുന്നിന്റെ ദേവതാസ്ഥാനത്തിന്റെ പ്രത്യേകതയാണ്. ഇവിടെയെത്തുന്ന എല്ലാവരും അവരുടെ ശബ്ദവും അവരറിയാതെ ദേവതയുടെ നിയന്ത്രണത്തിലാകും. നമ്മുടെ ചില ശബ്ദങ്ങൾ എങ്കിലും മല ഒളിപ്പിച്ച് വയ്ക്കും. അത് നിന്റെ പ്രണയത്തിന്റെ വാക്കുകളാവാതിരിക്കാൻ പ്രാർത്ഥിക്കുക.
കിയാബിദേവതയുടെ പുത്രൻമാർക്ക് ശബ്ദം കൊണ്ട് വസ്ത്രം ഉണ്ടാക്കാനാണ് ഈ വാക്കുകളെ ഒളിപ്പിച്ച് വയ്ക്കുന്നതത്രേ!.

ഇത് നിങ്ങളുടെ ജീവിതത്തിന്റെ അല്ലെങ്കിൽ പ്രണയത്തിന്റെ ഏറ്റവും കഠിനമായ ദിനങ്ങളാണ്. നിങ്ങളുടെ സമാഗമത്തിന് നിഷാന്ത ഈ സ്ഥലം തിരഞ്ഞെടുത്തുവെങ്കിൽ അവൾ എത്രത്തോളം സീരിയസ്സാണ് എന്ന് നീ മനസ്സിലാക്കേണ്ടതുണ്ട്. നിന്നെ തള്ളുകയോ കൊള്ളുകയോ ചെയ്യേണ്ട അവസ്ഥയിലേയ്ക്ക് അവൾ എത്തപ്പെട്ടിരിക്കുന്നു. നീയീ വേദാഡാറിന്റെ കുന്നിറങ്ങുമ്പോൾ ചേർത്തു വയ്ക്കാൻ ഒന്നുകിൽ മറ്റൊരു കൈ ഉണ്ടാകും; ഇല്ലായെങ്കിൽ അവൾ അവളുടെ പ്രണയ ശബ്ദം എന്നന്നേയ്ക്കുമായി ഉപേക്ഷിച്ച് ഈ മലയിടുക്കൾക്കിടയിലൂടെ നിനക്കൊരിക്കലും തേടിപ്പിടിക്കാനാവാത്ത വിധം അപ്രത്യക്ഷമാകും. നേരിയ കനലിന്റെ ചുവന്ന കട്ടകളാൽ സംരക്ഷിക്കപ്പെട്ട, ഊർന്നിറങ്ങുന്ന ചെറുചൂട് നിറഞ്ഞ ജലപാതക്കുഴിയിൽ ഒന്ന് മുങ്ങിയശേഷം നിനക്കും മടങ്ങാം. പ്രണയം നഷ്ടപ്പെട്ടാലും നേടിയാലും വേദാഡാറിന്റെ മണ്ണിൽനിന്ന് അലറി വിളിക്കരുത്. വേദാഡാറിന്റെ സംരക്ഷണ ദേവത’ വിനതയെ ‘ പ്രകോപിക്കരുത്. തിരികെ മടങ്ങാനാവില്ല. തിരികെ രക്ഷപ്പെട്ട് മടങ്ങിയാലും മനുഷ്യ ദുരന്തമായി ജീവിക്കേണ്ടി വരും. വേദാഡാറിന്റെ അറിഞ്ഞ കഥകൾ വളരെ കുറവാണ്. അനുഭവിച്ചറിഞ്ഞവർ തിരികെ വരുന്നില്ലെങ്കിൽ എങ്ങനെയാണ് കഥകൾ മനസ്സിലാക്കുക?.

“പോകുന്ന വഴിയിൽ കുന്നിന്റെ കഥ പറയാൻ ‘പാലിബാളി’ എന്ന് സ്വയം പരിചയപ്പെടുത്തി ആളുകളെത്തും. അവരുടെ കണ്ണുകളിലേയ്ക്ക് സൂക്ഷിച്ച് നോക്കണം. കൃഷ്ണമണിയുടെ നീലിച്ചയ്ക്ക് പകരം അവിടെ മഴവില്ലിന്റെ മനോഹാരിത തോന്നുന്നുവെങ്കിൽ അവർ പറയുന്ന വഴിയിൽ സഞ്ചരിക്കരുത്.
അവർ പാലാബാളിയുടെ ഭ്രഷ്ട് കൽപ്പിക്കപ്പെട്ട ഒറ്റയാൻമാരാണ്.
അവരോട് സത്യം മാത്രം പറയുക; അവർ നിങ്ങളെ സഹായിക്കും.
അവരുടെ ഗോത്രത്തിന് അപകടകരമായി നിങ്ങളിൽ ഒന്നുമില്ലെങ്കിൽ അവർ മികച്ച ചങ്ങാതിമാരാകും. അതിഥികൾക്കായുള്ള പുൽമേഞ്ഞ കുടിലിലേയ്ക്ക് അവർ വഴി പറഞ്ഞ് തരും. അതിഥിയാകുന്ന നിമിഷം മുതൽ അവരിലൊരാളാണ്; പുരുഷന്റെ നഗ്നതാ നിയമം താങ്കൾക്കും ബാധകമാവും.
താങ്കളുടെ ബാഗിൽ എത്ര വിലപിടിച്ച തുണിത്തരമുണ്ടെങ്കിലും കാര്യമില്ല; താങ്കൾ ഇവിടെ നഗ്നനാണ്.

നിഷാന്ത അയാളുടെ കുടിലിലേയ്ക്ക് കടന്ന് വന്നു. നഗ്നനായി ഒരു പെൺകുട്ടിയുടെ മുൻപിൽ നിൽക്കുക!. അയാൾക്ക് ഒരു ജാള്യത അനുഭവപ്പെട്ടു. അവൾക്ക് ഭാവഭേദമൊന്നുമുണ്ടായില്ല. തന്നെക്കണ്ട് ഉദ്ധരിച്ച അയാളുടെ ലിംഗഭാഗത്തെ അഭിമാനപൂർവ്വം അവൾ നോക്കി നിന്നു. ഒരു കൂട്ടം സ്ത്രീകൾ കുടിലിനുള്ളിലേയ്ക്ക് കടന്നു വന്നു. വിവിധ പ്രായത്തിലുള്ളവർ. ഇവിടുത്തെ പുരോഹിത വിഭാഗമാണിവർ. ഗോത്രത്തിലെ ഭർത്താവ് നഷ്ടപ്പെട്ട സ്ത്രീകൾ.  ദേവതയ്ക്കും രാജാവിനും ശേഷം ഏറ്റവും ബഹുമാനിക്കപ്പെടുന്നവർ. ആത്മനിയന്ത്രണത്തിന്റെ പാഠങ്ങൾ പകർന്ന് നൽകുന്നത് ഇവരാണ്. നിഷ്ഠകൾ ആരംഭിക്കും മുൻപ് മനസ്സിൽ എന്ത് സംശയമുണ്ടെങ്കിലും ചോദിച്ചു കൊള്ളാൻ അവർ അയാളോട് പറഞ്ഞു.

“പ്രണയവും ലൈംഗികതയും പുലർത്തുന്ന ഒരാൾ എങ്ങനെയാണ് ഇവിടെ ബ്രഹ്മചാരിയായി കണക്കാക്കുന്നത്”. അവരിലെ മുതിർന്ന പുരോഹിത പുഞ്ചിരിച്ചു.
 “പ്രണയവും ലൈംഗികതയും കാമത്തിന്റെ വഴിയിൽ മനസ്സിനെക്കൊണ്ട് എത്തിക്കാത്തിടത്തോളം അത് ആത്മീയാനുഭൂതിയാണ്. വിവാഹിതരായ മുനിമാരിൽ തപശക്തിയും ബ്രഹ്മചര്യവും നശിച്ചുപോകാത്തതും അവരുടെ കർമ്മങ്ങളിൽ കാമത്തെ ബോധപൂർവ്വമായി സന്നിവേശിക്കുവാൻ അവർ ശ്രമിക്കാത്തതു കൊണ്ടാണ്. വളരെ സൂഷ്മമായ നിഷ്ഠാബോധമാണത്”.
പ്രണയവഴിയിൽ ഒരു ആത്മീയഡേറ്റിംഗ്. ഡേറ്റിംഗിന്റെ അറുപത്തി ഏഴാം ദിവസം അവൾ പറഞ്ഞു.
“ഈ വിവാഹത്തിന് എനിക്ക് സമ്മതമാണ്”.
പാലാബാളി ഗോത്രത്തിന്റെ ഉത്സവം അരങ്ങേറുകയാണ്; ഗോത്രവർഗ്ഗക്കാർക്കൊഴികെ മറ്റാർക്കും അവിടുത്തേയ്ക്ക് പ്രവേശനമില്ല.
ഒളിച്ചു നിന്ന് കാണാൻ ശ്രമിക്കുന്നവർ പോലും അവർക്ക് ശത്രുക്കളാണ്.
ഇവിടെയെത്തി തിരിച്ചുവരാത്തവരുടെ കഥകൾ പറയുമ്പോൾ പലരും ഇവിടുത്തെ രഹസ്യങ്ങളിലേയ്ക്ക് കടന്നു കയറാൻ ശ്രമിച്ച് മരണപ്പെട്ടവരാണ്.
 ശത്രുവിനെ ഭക്ഷണമാക്കുന്ന ഇവർ അവരേയും ഭക്ഷിച്ചിട്ടുണ്ടാവുമോ…?.
എന്റെ പ്രണയത്തെ ഉറപ്പിച്ച് തന്ന പ്രിയ വേദാഡാർ നിന്റെ രഹസ്യങ്ങൾ, നിന്റെത് മാത്രമായി തുടരുക. വേദാഡാറിന്റെ പടിയിറങ്ങവേ എന്തോ ശബ്ദം കേട്ട് സായന്ത് തിരിഞ്ഞു നോക്കി.  ഒരു കൂറ്റൻ കല്ല് അവരെ ലക്ഷ്യമാക്കി താഴേയ്ക്ക് വരുന്നു.
 ” പോകൂ… നിങ്ങൾക്ക് വേദാഡാർ വിട്ട് തിരികെ പോകാൻ സമയം കഴിഞ്ഞിരിക്കുന്നു.
വേദാഡാറിന്റെ സംരക്ഷണദേവത വിനത നിങ്ങളോട് കോപിച്ചിരിക്കുന്നു. വേഗം…വേഗം.”
പുരോഹിത സമൂഹത്തിലെ സ്ത്രീകൾ അലറി വിളിച്ചു.  പാറയിടുക്കിന്റെ വിളുമ്പുകൾ തള്ളിനിൽക്കുന്ന ഭാഗത്തിലൂടെ കാവൽക്കാർ അവരെ പുറത്തേയ്ക്ക് വലിച്ചുകൊണ്ട് പോയി.  അവരുടെ ശരീരത്തിനോട് ചേർന്ന് അധികം അകലെയല്ലാതെ കല്ലുകൾ ഉരുണ്ട് താഴേയ്ക്ക് വീഴുന്നുണ്ടായിരുന്നു.
“തിരിച്ചറിയാനാവാത്ത എന്തോ ഒരു തെറ്റ് നിങ്ങളിൽ നിന്നും സംഭവിച്ചിരിക്കുന്നു.
അതെന്താണെന്ന് മനസ്സിലാക്കാനോ തിരുത്താനോ നിങ്ങൾക്ക് അവകാശമില്ല.
ഇനിയൊരിക്കലും വേദാഡാറിലേയ്ക്ക് മടങ്ങി വരരുത്.
മുകളിൽ പരിഹാര കർമ്മങ്ങൾ തുടങ്ങിയിരിക്കുന്നു.
അത് തീരുമ്പോൾ നിങ്ങൾ വേദാഡാറിന്റെ ശത്രുവാണ്.
അതിനു മുമ്പായി ആദിക്കുന്നും കടന്ന് നിങ്ങൾ പോയിരിക്കണം. വേഗം…വേഗം.”
 നന്ദി പോലും പറയാതെ അവർ ഓടി.
അപ്പോഴും അവർ കൈകൾ തമ്മിൽ ചേർത്ത് പിടിച്ചിരുന്നു; ഇനിയൊരിക്കലും വിടുകയില്ല എന്ന പോലെ…
നിനിത് പാൽ തന്റെ കഥയുടെ അവസാന എഡിറ്റിംഗും നടത്തി ഫേയ്സ്ബുക്കിൽ അപ് ലോഡ് ചെയ്തു. കഥയുടെ താഴെ കഥാപാത്രങ്ങളുടെ വിവരങ്ങൾ അന്വേഷിച്ച് നിരവധി ചോദ്യങ്ങൾ നിറഞ്ഞു.  എല്ലാവർക്കുമെന്ന മറുപടിയെന്നോണം അയാൾ ഇങ്ങനെ കുറിച്ചു. യഥാർത്ഥ പേരുകളും വിവരങ്ങളും പുറത്ത് വിടുവാനാവില്ല.
അവർ മടങ്ങി വന്നിട്ട് എട്ടുമാസം കഴിഞ്ഞിരിക്കുന്നു. അവളിപ്പോൾ ഒരു വേർപിരിയലിന്റെ ചിന്തയിലാണ്; അവളിലെ കാമത്തിന്റെ വഴികളെ ഉയർത്തിക്കൊണ്ടുവരാൻ അവൻ ശ്രമിക്കുന്നില്ലത്രേ!.

അവനിപ്പോഴും ആത്മാർത്ഥമായി അവളെ പ്രണയിച്ചു കൊണ്ടേയിരിക്കുന്നു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here