രാധിക പുതിയേടത്ത്
“നെക്സ്റ്റ് ..”
“പേര് “
“സൈറ ഹുസ്സെൻ “
“വംശം?”
“കൊക്കേഷ്യൻ”
ചുവന്ന കവിളും സിൽക്ക് തൊപ്പിയും വെള്ളാരം കല്ലുപോലുള്ള കണ്ണുകളുമുള്ള പേർഷ്യക്കാരിയെ കണ്ടാൽ കൊക്കേഷ്യൻ അല്ലെന്ന് ആരും പറയില്ല. വെള്ളക്കാർക്ക് അധികം താമസമില്ലാതെ തന്നെ ദ്വീപിൽ നിന്ന് പുറത്തു കടക്കാം. മഞ്ഞ നിറമുള്ളവർ, തവിട്ടു നിറമുള്ളവർ, തലയിൽ കെട്ടുള്ളവർ, മുടി മുന്നിൽ മൊട്ടയടിച്ച് പിന്നിൽ പിന്നിക്കെട്ടിയ നീണ്ട മുടിയുള്ളവർ, അങ്ങനെ അമേരിക്കക്കാർക്ക് പഥ്യമല്ലാത്തവർ ഇവിടെ അഭിമുഖത്തിന് ഊഴം കാത്ത് അമാവാസികൾ എണ്ണി തീർക്കുന്നു.
ചിലർ കടലിലും കൈക്കോലിലും അഭയം തേടുന്നു. മാലാഖമാരുടെ ദ്വീപിൽ നിറച്ചും ആത്മാക്കളാണ്. മൂർച്ച കൂട്ടിയ മുളങ്കോൽ ഒരു ചെവിയിൽ നിന്ന് മറു ചെവിയിലേക്ക് കുത്തിയിറക്കി തലച്ചോറിളക്കിയ സ്ത്രീയുടെ ആത്മാവ് ഓവുമുറിയിൽ കവിതകൾ ചൊല്ലാറുണ്ടത്രെ.
“നിൻ ചുടുചുംബനങ്ങൾക്കുകേഴുന്ന താമരപ്പാദങ്ങൾ
നിന്റെ വരവറിയിക്കാത്ത ദേശാടനപക്ഷികൾ
ദ്വീപിൻ നിശ്ശബ്ദതയിൽ മണ്ണടിഞ്ഞ നിശാശലഭങ്ങൾ
എരിഞ്ഞടങ്ങിയ മൺപിറാവിലെ മോഹശകലങ്ങൾ “
ദ്വീപിലെത്തിയ ആദ്യ ദിവസങ്ങളിൽ പേർഷ്യക്കാരിയാണ് പെങ്ങിനു കൂട്ടായി ഓവുമുറിയിൽ പോയത്. വഴുക്കലും മെഴുക്കും പായലും അടിഞ്ഞ, മൂത്രവും രക്തവും തങ്ങി നിൽക്കുന്ന ദ്രവിച്ച ഭിത്തിയിൽ അള്ളിപ്പിടിച്ചിരിക്കുന്നത്, ഗ്രാമത്തിലെ ഈച്ചകൾ പറക്കുന്ന കുഴിക്ക് കുറുകെയിട്ട മുളക്കഷ്ണങ്ങൾക്ക് മേലെ ഇരിക്കുന്നതിനേക്കാൾ ശ്രമകരം. ദേഹത്തിൽ ഇരുട്ട് കേറിപ്പിടിച്ചു. തുരുമ്പിച്ച പൈപ്പിലൂടെ കൂർത്ത ദൃംഷ്ടങ്ങൾ നീണ്ടു വന്നു.
“മാമ്മ…” പെങ്ങ് അലറി. ശബ്ദം മറ്റാരും കേട്ടില്ല. വിരലുകളിൽ രക്തം പൊടിഞ്ഞു.
“മരുന്ന് എന്റെടുത്തുണ്ട് .” സൈറയുടെ മുറി കാന്റണിലുള്ള സംസാരത്തിൽ പെങ്ങിന്റെ ഭയം അലിഞ്ഞു.
ഹോങ്കോങ്ങിൽ പേർഷ്യൻ സാധനങ്ങൾ വിൽക്കാൻ എത്തിയതാണ് ഹമീദും സൈറയും. ഡമാസ്‌ക്‌സ് എന്നോ മറ്റോ ആണ് സ്ഥലപ്പേര് പറഞ്ഞത്. ഇംഗ്ലീഷുകാർ ഹോങ്കോങ് കീഴടക്കിയതോടെ കച്ചവടം നിന്നു. കൈയിലെ സ്വർണ ശേഖരം ഹമീദിന് എളുപ്പത്തിൽ സാൻ ഫ്രാൻസിസ്കോയിൽ എത്തി പെട്ടു. രണ്ടുവർഷങ്ങൾക്ക് ശേഷം സൈറയെ അമേരിക്കയിലേക്ക് കൊണ്ട് വരാനുള്ള തയ്യാറെടുപ്പ് നടത്തി. വലിയ തുക ദ്രവ്യമായും പണമായും കൊടുത്തുവത്രേ. കച്ചവടക്കാർ എന്ന രീതിയിൽ എത്തിയതാണെങ്കിലും എന്തോ സംശയത്തിന്റെ പേരിൽ സൈറയെ ദ്വീപിലേക്ക് പരിശോധനകൾക്കായി അയച്ചു. ഹോംഗ് കോങ്ങിലെ കപ്പൽ കയറാനുള്ള നീണ്ട നിരയിൽ തുടങ്ങിയ പരിചയം കപ്പലിലേക്കും സാൻ ഫ്രാൻസിസ്‌കോ തീരത്തും പിന്നീട് ഏയ്ഞ്ചൽ ദ്വീപിലേക്കും നീണ്ടു.
“നിനക്ക് പേടി ഉണ്ടോ?” കടൽക്കാറ്റിന്റെ ഉച്ചാവസ്ഥയിലും മുഴങ്ങുന്ന സൈറൺ. കൈകൾ മുറുകെ പിടിച്ചു അവർ മുറിയിലേക്ക് തിരിച്ചെത്തി. കുഞ്ഞുമിങ്ങ് ഉറങ്ങിയിരുന്നു.
“പെങ്ങ്,” ഇരുട്ടിലും വെട്ടിത്തിളങ്ങുന്ന ഒരു മുന. അത് പെങ്ങിന്റെ കഴുത്തിന് തൊട്ടടുത്തുണ്ട്. ഇരുട്ടിൽ നിന്ന് ഒരു പെൺ ശബ്ദം, “എഴുന്നേൽക്ക്, നിനക്ക് ഗാംസാമിലെ സ്വർണമലകൾ കാണേണ്ടേ?” ചുവന്ന റാന്തൽ വിളക്കിൽ ആ ശബ്ദത്തിന്റെ ഉറവിടം കണ്ടു.
ചുവന്ന പട്ടിൽ പൊതിഞ്ഞ ഒരു സ്ത്രീ രൂപം. വാളും റാന്തലുമായി യി, തന്റെ ചേച്ചി. അവൾ പോകാമെന്ന് ആഗ്യം കാണിച്ചു. കുനിഞ്ഞുയർന്ന ഇരുവരും താഴെ മാലാഖമാരുടെ ദ്വീപിലെ വയലറ്റ് വിരിച്ച കാട്ടുപൂക്കൾ കണ്ടു. നെഞ്ച് വിരിച്ചു നിൽക്കുന്ന പാറകളിൽ കെട്ടിമറയുന്ന തിരമാലകൾ. ജിയു ജിൻ ഷാ*യ്ക്കപ്പുറം ഇളംചുവപ്പ് രാശിക്കെതിരെ തിളങ്ങുന്ന മലനിരകൾ. അവയുടെ വിഛേദിക്കപ്പെട്ട മാറിടങ്ങൾ. കീറിമുറിച്ചു ചങ്ങലയിട്ട ചോളപ്പാടങ്ങൾ. വഴിമാറിയൊഴുകുന്ന നദികൾ. നദികൾ വിഴുങ്ങിയ കാടുകൾ. തലയറുക്കപ്പെട്ട അനേകായിരം കാട്ടുമൃഗങ്ങൾ: ചത്ത കരടിക്ക് ചുറ്റും നിൽക്കുന്ന കുഞ്ഞു കരടികൾ; തൊലി ഉരിഞ്ഞു മാറ്റിയ ചെന്നായ്ക്കൾ; കൊമ്പു മുറിഞ്ഞു ചോരവറ്റി ചെരിഞ്ഞ മാൻകൂട്ടങ്ങൾ. ചങ്ങലക്കിട്ട മണ്ണ് വലിക്കുന്ന മനുഷ്യർ.
“ഈ നാട് നിനക്ക് വേണോ? പെങ്ങ് നിലവിളിച്ചു.
“മാമ്മ, എന്തു പറ്റി?.” കുഞ്ഞുമിങ്ങ് അമ്മയെ പിടിച്ചെഴുന്നേല്പിച്ചു.
പന്നിയുടെ പല്ലും താമര അല്ലികളും ഉപ്പും ചേർത്തുണ്ടാക്കിയ പാൽപ്പൊടിയുടെ മണം. പെങ്ങിന് കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല. ഗ്രാമത്തിലെ പ്രഭാതത്തിന്റെ മണം.
സൈറയുടെ കടലാസുകൾ ശരിയായി. അവളെക്കൂട്ടാൻ ഹമീദ് വരും. രണ്ടു വെള്ളക്കാർ വന്നൊപ്പിട്ടു കൊടുത്താൽ കച്ചവടക്കാർക്ക് കുടുംബങ്ങളെ ദ്വീപിൽ നിന്ന് കൊണ്ടുപോവാം. ചെന്നിനെ നേരിട്ട് കാണാൻ അനുവാദമില്ല. കത്തിടപാടുകളും അനുവദനീയമല്ല. ഓഫീസിലെ ശിപായി മുഖേനയാണ് വിവരങ്ങൾ അറിയുന്നത് . ഭർത്താവ് കച്ചവടക്കാരനായിട്ടും തടങ്കലിൽ കഴിയാനാണ് യോഗം. പെങ്ങിന്റെ കവിളുകൾ നീറി. ഇളയമ്മമാർ തടവിലാക്കിയ സിൻഡ്രല്ലയെപോലെ തന്റെ രാജകുമാരനെ കാത്ത് ഈ തടങ്കലിൽ കഴിയാനാണ് യോഗം.
ഹോങ്കോങ് തീരത്ത് ജോലി ചെയ്യുന്ന അകന്ന ബന്ധുവാണ് ബാലനായ ചെന്നിനെ കൂട്ടികൊണ്ട് പോകുന്നത്.
“നമ്മളുടെ കൂട്ടരുണ്ടവിടെ. കുന്നിൻ ചെരിവുകൾ വളച്ചു കെട്ടി, മണ്ണ് കുഴിച്ചു എടുത്ത്, കഴുകി അരിച്ച് പൊന്നെടുക്കാൻ ഉള്ള വിദ്യയൊക്കെ അവിടെയെത്തിയാൽ പഠിപ്പിച്ചു തരും.” ചെന്നിന്റെ അമ്മക്ക് നൂറ് റ്റെയിൽ വെള്ളി നാണയങ്ങൾ കൊടുത്താണ് ചെന്നിനെ ബന്ധു കൊണ്ടുപോവുന്നത്. “ജിയു ജിൻ ഷായിൽനിന്ന് പൊന്നിൽ പൊതിഞ്ഞ കത്തുകൾ ഇവിടെ എത്തും. ഈ മുറ്റത്ത്” അരച്ചാൺ വയറിന്റെ വിളിയിൽ ആയമ്മ മകനെ വിറ്റു.
കൊടുത്ത വെള്ളിനാണയങ്ങളും, കപ്പൽയാത്രയുടെ ചിലവും, അതിന്റെ മുന്നൂറ് ശതമാനം പലിശയും ചേർത്ത് ദല്ലാളിന് കൊടുക്കേണ്ട തുകയുടെ കാര്യം അവരോട് പറഞ്ഞില്ല. മൂന്ന് വർഷങ്ങൾ കൊണ്ട് ആ പണം ചെന്നിന്റെ ബന്ധു ദല്ലാളിന് തിരിച്ചു നൽകി. ചെന്നിന്റെ പണി അറുന്നൂറിരട്ടിയായി. “300 ഡോളർ എത്ര ടായിൽ ആണെന്ന് നിനക്കറിയുമോ?” കുടിച്ച് ലക്ക് കേട്ട് അയാൾ ചെന്നിനോട് ചോദിക്കും. ഭൂമിയെ ബലാത്കാരം ചെയ്യുന്ന മനുഷ്യരിലൊരാൾ. പകലന്തിയോളം സ്വർണ അയിരുകൾ വിതറിയ മണ്ണുമായി ചെന്നിനെ മൈലുകളോളം നടത്തി. സ്വർണം വറ്റിയ ഭൂമിയെ അവർ വെട്ടിക്കീറി തീവണ്ടി പാളങ്ങൾ നട്ടു. ചെന്നിനെയാവട്ടെ അയാൾ മറ്റൊരു ദല്ലാളിന് വിറ്റു. പാറയിളക്കി മലകൾ തുരന്നു ഇരുമ്പുപാളങ്ങൾ ഉറപ്പിക്കുന്ന പണിക്കിടയിലാണ് ചെൻ, ചാൾസ് എന്ന ഐറിഷുകാരനെ പരിചയപെടുന്നതും ഇംഗ്ലീഷ് പഠിക്കാനാരംഭിക്കുന്നതും.
“നാട്ടിലില്ലാത്ത രാജാവിനോട് നീയെന്തിനാണ് വിധേയത്വം കാണിക്കുന്നത് ? ഈ നാട്ടിൽ ഒന്നിനോട് മാത്രം വിധേയത്വം മതി – പണം” ചാൾസ് ഉപദേശിച്ചു.
ചെൻ തന്റെ നീണ്ടു പിന്നിയിട്ട മുടി വെട്ടി മാറ്റി. കൂടുതൽ സായിപ്പന്മാർ സുഹൃത്തുക്കളായി. സാൻ ഫ്രാൻസിസ്കോ ചൈന ടൗണിൽ മീൻ വിൽപ്പന തുടങ്ങി. ആംഗലേയ വസ്ത്രങ്ങൾ ധരിച്ചും ആംഗലേയ ഭാഷ സംസാരിച്ചും ചെന്നിന്റെ കച്ചവടം പൊടിച്ചു. പൊന്നിന്റെ പൊടി ചിയാവോ പിജോ* വഴി അമ്മക്ക് അയക്കാൻ മാത്രം അയാളുടെ കച്ചവടം വളർന്നു. എങ്കിലും ചീനക്കാർക്ക് അമേരിക്കൻ പൗരത്വം നിഷിദ്ധമായിരുന്നു. അവരെന്നും താത്‌കാലിക ജീവനക്കാർ.
ചൈനയിൽ പണക്കാരനായി തിരിച്ചെത്തിയ ചെൻ, താമര പാദങ്ങളുള്ള സുന്ദരിയായ പെങ്ങിനെ വിവാഹം കഴിച്ചു. വിവാഹ ശേഷം പരിമിതമായ സന്ദർശനങ്ങൾ. സ്വർണം വിതറിയ ജീന്സിനിൽ അവളെയും കുഞ്ഞിനെയും കൊണ്ടുപോകാനെത്തും എന്നെഴുതിയ സന്ദേശങ്ങൾ.
ദ്വീപിലെ ചെറിമരങ്ങൾ പൂക്കാൻ തുടങ്ങിയിരിക്കുന്നു. താഴെ ഇളം ചുവപ്പ് പരവതാനി വിരിച്ച പോലെ. താൻ ദ്വീപിലെത്തിയ കാലത്ത് ഈ മരങ്ങൾ ഇലകൾ കൊഴിച്ച് മഞ്ഞിൽ കുളിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നല്ലോയെന്ന് പെങ്ങ് ഓർത്തു. കുഞ്ഞുമിങ്ങിനൊപ്പം പൂക്കൾ പെറുക്കുമ്പോഴാണ് നീല കുപ്പായമിട്ട ശിപായിയുടെ വിളി കേട്ടത്.
“യുവർ ഇന്റർവ്യൂ ഈസ് നെക്സ്റ്റ് വീക്ക് .”
പെങ്ങിന്റെ കണ്ണുകൾ താമരയിതളുകൾ പോലെ വിടർന്നു.
“ബ്രിങ്ങ് യുവർ പേപ്പർസ് വിത്ത് യു.” അയാൾ പറഞ്ഞത് മനസ്സിലാക്കാൻ മൊഴിമാറ്റക്കാരിയുടെ ആവശ്യം വന്നില്ല. പെങ്ങിനു തന്റെ ഇംഗ്ലീഷ് പരിജ്ഞാനത്തിൽ അഭിമാനം തോന്നി.
യൂക്കാലിപ്റ്റസ് മരങ്ങൾക്കിപ്പുറം നിലയിലും മഞ്ഞയിലും തളിർത്ത കാട്ടുപൂക്കൾ വസന്തത്തിന്റെ വരവറിയിക്കാൻ തുടങ്ങിയിരിക്കുന്നു. ചെറി മരങ്ങൾക്കൊപ്പം ദ്വീപിലെ പ്രണയവും പൂത്ത് തളിർത്തു. “മാമ്മ, നോക്ക് ..” ഓർമ്മകളുടെ വലയിൽ പെട്ട നിമിഷങ്ങൾ കുടഞ്ഞിട്ടു. കുഞ്ഞുമിങ്ങിന്റെ മുഖത്തൊരു നാണം. അവൾ ചൂണ്ടിയ ദിശയിൽ കടൽക്കരവരെ പടർന്നുനിൽക്കുന്ന യൂക്കാലിപ്റ്റസ് മരങ്ങൾക്ക് പിന്നിൽ രണ്ട് ശരീരങ്ങൾ. ഓഫീസിലെ മിന്നും വെള്ളക്കാരനായ ഉദ്യോഗസ്ഥനും. വംശങ്ങൾ തമ്മിൽ കൂടിക്കലരാനാനുവാദമില്ലാത്ത പ്രവിശ്യയിലെ കലാപകാരികൾ. സർക്കാർ ജോലിയിൽ നിന്ന് പുറത്താക്കി അടിമകളായി മുദ്രകുത്തി നാടുകടത്തപ്പെടാൻ പോകുന്ന രണ്ടുപേർ.
ഇരുപുറവും ഇരുമ്പുകമ്പികൾ വലിച്ചു കെട്ടിയ യുദ്ധകാലവീഥികളെ ഓർമ്മിക്കുന്ന വരാന്തക്കപ്പുറത്തെ മുറിയിലാണ് അഭിമുഖം. ഒരു മരക്കസേരക്ക് അപ്പുറത്ത് രണ്ടു വെള്ളക്കാരായ ഉദ്യോഗസ്ഥർ. തൊട്ടടുത്ത് നിൽക്കുന്ന മിൻ, ചൈനക്കാരിയായ ശിപായി. മൊഴിമാറ്റക്കാരി.
തടിച്ച കണ്ണടക്കുള്ളിലെ കൂർത്ത നോട്ടം പെങ്ങിന്റെ മുഖം തുളച്ചു കീറി മുറിക്കു പുറത്തെ ഇരുമ്പു വേലിയിൽ തട്ടി പ്രതിഫലിച്ചു. ചുറ്റും കൂടി നിൽക്കുന്ന ചില സ്ത്രീകൾ ഉള്ളിലേക്ക് എത്തിനോക്കി തിരിച്ചു പോയി.
“ഫോട്ടോ.. ഷോ യുവർ ഫാമിലി പിക്ചർ.”
“ശാ ഹിങ് ചാവുപ്യൻ”. മിന്നിന്റെ അനുകമ്പയുടെ സ്വരം.
പെങ്ങ് അവരുടെ മുഖത്തേക്ക് നോക്കി. “ചെൻ നിങ്ങളുടെ ഭർത്താവ് തന്നെയാണെന്ന് ഓഫീസർക്ക് ഉറപ്പു വരുത്തണം.” പെങ്ങ് തന്റെ ചൂരൽപ്പെട്ടി കാലുകൊണ്ട് അടുപ്പിച്ചു. ഒരു നിമിഷം കൈകൾ പെട്ടിക്കു നേരെ നീണ്ടുവെങ്കിലും അത് തിരിച്ചു മടിയിലേക്ക് തന്നെ വന്നു. ഉദ്യോഗസ്ഥൻ തന്റെ കറുത്ത കോട്ട് വലിച്ചു ശരിയാക്കി, കുഞ്ഞുമിങ്ങിന്റെ മുഖത്തേക്ക് നോക്കി. മുഷിഞ്ഞ കി പാവോ വസ്ത്രത്തിൽ എന്നോ കുടിച്ച സൂപ്പിന്റെ കറ. ചുണ്ടു കോട്ടി പുരികമുയർത്തി അയാൾ പെങ്ങിനെ നോക്കി. പ്രത്യേകം പറഞ്ഞു തയ്യാറാക്കിയ, ഫോട്ടോ സഹിതമുള്ള വിവാഹ സർട്ടിഫിക്കറ്റ് കൊണ്ട് തൃപ്തിയാവാത്തത് പോലെ.
“കൊണ്ടു വന്നിരുന്നു. അവൾ അബദ്ധത്തിൽ കടലിൽ കളഞ്ഞു.” ആ മുറിയിലെ നോട്ടങ്ങൾ തന്നെ ഭിത്തിയിൽ ആണിയടിച്ചു തറപ്പിച്ചതുപോലെ പെങ്ങിനു തോന്നി . മുഷിഞ്ഞ കിപാവോയിൽ തുന്നിവച്ച പൂക്കളിൽ അവൾ മുറുക്കിപ്പിടിച്ചു. കടൽത്തിരകൾക്ക് കൊടുത്തത് മനഃപാഠമാക്കിയ ചോദ്യാത്തരങ്ങളുടെ കടലാസുക്കെട്ടുകളാണെന്ന് അവൾ പറഞ്ഞില്ല. ചോദ്യമുനകൾ വരുന്തോറും ഭയം ഒരു നിഴലായി അവളെ പൊതിഞ്ഞിരുന്നു.
“നിങ്ങളുടെ ഭർത്താവിന്റെ ഗ്രാമത്തിൽ ആദ്യമായി തീ പിടിച്ചത് എന്നാണ് ?”
“ഞാൻ വന്നതിനു ശേഷം തീ പിടിച്ചിട്ടില്ല. എന്റെ ഭർത്താവിന്റെ അച്ഛൻ, കുട്ടി ആയിരുന്നപ്പോൾ, ആ ഗ്രാമത്തിന്റെ ഒരു ഭാഗം മുഴുവൻ കത്തിയിരുന്നു.”
“നിങ്ങളുടെ അമ്മക്ക് താമരക്കാലുകൾ ഉണ്ടായിരുന്നോ?”
“ഉണ്ട്. എനിക്കും എന്റെ മോൾക്കും ചെറിയ കാലുകളാണ്” അവൾ തന്റെ കാലുകൾ ഉയർത്തി.
“നിങ്ങളുടെ ഭർത്താവിന്റെ അമ്മയുടെ വീട്ടിൽ എത്ര വളർത്തു മൃഗങ്ങൾ ഉണ്ട് ? അവ ഏതൊക്കെയാണ് ?”
“അവർ പന്ത്രണ്ട് വയസ്സിൽ വിവാഹം കഴിഞ്ഞു ഗ്രാമത്തിലെത്തിയതാണ്.. ഞാനിതുവരെ അവരുടെ സ്വന്തം വീട്ടിൽ പോയിട്ടില്ല”
“നിങ്ങളുടെ അയൽക്കാരുടെ വീട്ടിൽ ധാന്യങ്ങൾ സൂക്ഷിച്ചിരുന്നത് എവിടെയാണ് ?”
“അടുക്കളയിലെ മൂലയിൽ” പെങ്ങ് കുറച്ചു നേരം വിരൽ ചുണ്ടിലമർത്തി മറുപടി പറഞ്ഞു.
“നിങ്ങളുടെ ഗ്രാമത്തിലെ പുഴക്കരയിൽ എത്ര വീടുകൾ ഉണ്ട് ?”
“എട്ടോ ഒമ്പതോ ഉണ്ടെന്നാണ് ഓർമ.”
ചോദ്യോത്തരവേളക്ക് അവസാനമില്ല. മഞ്ഞുമണികൾ മുഴങ്ങിയ നേരത്ത് തുടങ്ങിയ ചോദ്യങ്ങൾ അടുക്കളയിലെ ഉച്ചമണി മുഴങ്ങിയിട്ടും തീർന്നില്ല. കുഞ്ഞുമിങ്ങ് നിലത്ത് തളർന്നുറങ്ങിയിരിക്കുന്നു. വെറും വെള്ളമാണ് അവളുടെ അന്നത്തെ ആഹാരം. ചോദ്യമുറിയിലെ ഏകജനാലക്കപ്പുറത്ത് ഇരുമ്പ് കമ്പികളിലൂടെ പടർന്നു കയറുന്ന വയലറ്റ് നിറത്തിലുള്ള പൂക്കൾ. വയലറ്റ് നിറം കൊടുക്കുന്ന ബേയ് ജിൻ കൈ പുഷ്പങ്ങളാണ് ഗ്രാമത്തിലുള്ളത്. കവിളിലൂടെ ഒലിച്ചിറങ്ങിയ നീർച്ചാലുകൾ മിൻ ശ്രദ്ധിക്കുന്നത് അവൾ കണ്ടു.
ഉദ്യോഗസ്ഥനും, വിരൽ കൊണ്ട് പ്രവർത്തിപ്പിക്കുന്ന ഉപകാരണം കൊണ്ടെഴുതുന്ന മനുഷ്യനും എന്തോ ചർച്ചയിലാണ്. എത്ര വേഗത്തിലാണ് വിരലുകൾ ചലിപ്പിച്ചു കടലാസു മുഴുവൻ അക്ഷരങ്ങൾ നിറക്കുന്നത്. രാവിലെ മുതൽ അയാളുടെ വിരലുകൾക്കും വിശ്രമമുണ്ടായിരുന്നില്ല. യി പോലുള്ള വസ്ത്രം ധരിച്ച അയാൾ, താനെഴുതിക്കൂട്ടിയ കടലാസുകൾ ഓഫീസർക്കുമുന്നിൽ നിരത്തി. കുറച്ചു സമയത്തെ ചർച്ചക്കുശേഷം ഉദ്യോഗസ്ഥൻ എന്തോ മുരണ്ടു.
“നിങ്ങളുടെയും ഭർത്താവിന്റെയും ഉത്തരങ്ങൾ തമ്മിൽ വൈരുദ്ധ്യങ്ങൾ ഉണ്ട്. നിങ്ങൾ വിവാഹിതരാണെന്നത് ഓഫീസർക്ക് വിശ്വസനീയമായി തോന്നുന്നില്ല ..” മനോഹരമായ കാന്റൺ ഭാഷയിൽ സിൽക്ക് കുപ്പായമിട്ട മിൻ തർജ്ജമ ചെയ്തു.
“പക്ഷെ …” പെങ്ങിനെ മുഴുമിക്കാൻ അവർ അനുവദിച്ചില്ല.
“നിങ്ങൾക്ക് അപ്പീലിന് പോവാം. ഇനി വിളിപ്പിക്കുമ്പോൾ വരിക.”
പെങ്ങ് മകളെ വിളിച്ചെഴുന്നേല്പിച്ചു മിന്നിനു നേരെ തിരിഞ്ഞു.
“എന്റെ വീട്ടിലെ കാര്യങ്ങളും ഭർത്താവിന്റെ വീട്ടിലെ കാര്യങ്ങളും കുടുംബക്കാരെക്കുറിച്ചും എനിക്കറിയാം. അയല്പക്കവും കുറച്ചൊക്കെ അറിയാം. തെരുവിലെ ആദ്യത്തെ തീപിടുത്തം, പുഴക്കരയിലെ വീട്ടിലെ മുറികളുടെ എണ്ണം, പത്തായം വച്ച മുറി ഒക്കെ എനിക്കെങ്ങനെ അറിയാനാണ്.”
വെള്ളക്കാരൻ മേശവലിച്ചിട്ട് മൂക്കിലെ കണ്ണട ഉറപ്പിച്ച് ആ കുടുസ്സു മുറിയിൽ നിന്ന് ഇറങ്ങി..
“ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം തന്നാൽ മതി. ഇന്നത്തെ അഭിമുഖം കഴിഞ്ഞു. നിങ്ങൾക്ക് തിരിച്ചു മുറിയിലേക്ക് പോകാം. ഇനി വിളിക്കുമ്പോൾ വന്നാൽ മതി.”
ഉപ്പു ചുവയ്ക്കുന്ന കാറ്റ് മുറിയെ ഒന്നുകൂടെ പൊള്ളിച്ചു. പേപ്പറുകൾ വാരിയെടുത്ത്, മര കസേര വലിച്ചിട്ട് മിൻ തുടർന്നു. “നോക്ക്, ആവശ്യമില്ലാതെ ഒച്ചയുണ്ടാക്കി ഉദ്യോഗസ്ഥരെ വെറുപ്പിക്കണോ. കുറച്ച് ക്ഷമ കാണിച്ചാൽ നിങ്ങൾക്ക് നല്ലത് “
ചൂരൽ പെട്ടി എടുത്ത് പെങ്ങ് പുറത്തേക്ക് നടന്നു.
“മാ വിശക്കുന്നു” മിങ്ങ്. ദയനീയമായി നോക്കുന്ന കണ്ണുകൾ. പാവം. കാലുകൾ ഏന്തിവലിച്ചാണ് അവൾ നടക്കുന്നത്. കെട്ടുകളഴിച്ചു ചോര കഴുകിക്കളഞ്ഞിട്ട് ആഴ്ചകളായി. ഈ ദിവസത്തിന്റെ തയ്യാറെടുപ്പിന്റെ പരിഭ്രമത്തിൽ അവളുടെ കരച്ചിൽ കേട്ടില്ല . ഈ ദിവസങ്ങൾ ഒന്നു തീർന്നു കിട്ടിയിരുന്നെങ്കിൽ.
കലപില ഒച്ചയുണ്ടാക്കി ഏതാനും കുട്ടികൾ പെങ്ങിനു കുറുകെ ഓടി. അടുക്കളയിലെ ബഹളം. പെങ്ങിനു പെട്ടെന്ന് നാട്ടിൽനിന്ന് ഇവിടെയെത്തിയ എല്ലാവരോടും ദേഷ്യം വന്നു. കള്ളപേപ്പറുകൾ തയ്യാറാക്കി ഗാം സാമിലെ ജോലിക്കാരുടെ മക്കളെന്നോ കുടുംബക്കാരെന്നോ പറഞ്ഞെത്തുന്നവർ. സത്യസന്ധമായി വരുന്നവരെയും സംശയത്തിന്റെ മുനയിലാക്കുന്ന നിയമലംഘനം. പട്ടിണിമാറ്റാൻ പടിഞ്ഞാറേക്ക് കയറ്റിയയക്കുന്ന കുഞ്ഞുങ്ങളെക്കുറിച്ചോർത്തപ്പോൾ പെങ്ങിന്റെ ദേഷ്യം ദ്വീപിൽ പെയ്യുന്ന മഴപോലെ അപ്രത്യക്ഷമായി.
കോണിപ്പടികൾക്കപ്പുറം കാന്റോണിൽ മുറുമുറുക്കുന്ന കുറെയാളുകൾ. തടങ്കലിലുള്ളവരുടെ ബന്ധുക്കളെന്ന വ്യാജേനയെത്തിവരും ഉണ്ട്. അവർ നാണയത്തുട്ടുകളെണ്ണി വാങ്ങി സത്യത്തിന്റെ മുഖംമൂടി ധരിക്കുന്നു.
ആവിക്കപ്പലുകളെ സ്വീകരിക്കുന്ന മലകൾ പെങ്ങിനെയും കുഞ്ഞുങ്ങളെയും നോക്കി നെടുവീർപ്പിട്ടു. നീലത്തിമിംഗലത്തെ പോലെയുള്ള ആൽക്കട്രാസ് ദ്വീപ് വെള്ളത്തിൽ നിന്ന് തലയുയർത്തി നിൽക്കുന്നു. സാക്ഷി പറയാൻ ചെൻ ആരെയെങ്കിലും കൊണ്ടു വരണം. വക്കീലിനെ ഏർപ്പെടുത്താൻ പണം സംഘടിപ്പിക്കാൻ പോയിരിക്കുകയാണെന്നാണ് മിൻ രഹസ്യമായി അറിയിച്ചിരിക്കുന്നത്.
ബങ്കറിലെ ചുമരിൽ വേട്ടാളൻ കൂടുകെട്ടി കഴിഞ്ഞു. ഏതാനും ലാർവകൾ ഉള്ളിലുണ്ട്. മുറിയിലെ എട്ടുകാലികളിൽ ഒന്നിനെ ഭക്ഷണമാക്കിയിട്ടുണ്ടാവും. മുന്നേ താമസിച്ച ചൈനക്കാരിയുടെ പട്ടുതൂവാല പൊടിപിടിച്ചു ബങ്കറിനടിയിൽ കാണാം . എങ്ങോട്ടോ പോകുന്ന ആവിക്കപ്പലിന്റെ മുരൾച്ച കേൾക്കാം. ചുമരിൽ നിറയെ കുഞ്ഞുമിങ്ങിന്റെ കുത്തിവരകൾ. വരകളും വരിയും അവൾക്ക് ചങ്ങാതിമാരായിക്കഴിഞ്ഞു. കോഴിയിറച്ചിയുടെ വെള്ളത്തിൽ കൂണ് പുഴുങ്ങി മാമ്മ ഉണ്ടാക്കുന്ന സൂപ്പിന്റെ മണം നാസാരന്ധ്രങ്ങളെ തുളച്ചു ഹൃദയത്തിലേക്കാഴ്ന്നിറങ്ങി. വെള്ളക്കാർക്കുള്ള ഭക്ഷണ മുറിയിൽ നിന്നാണ്.
“മാമ്മ ആ സൂപ്പ് കിട്ടുവോ നമുക്ക് ?”
“ബാബ വരുമ്പോൾ നമുക്കതേ സൂപ്പ് ഉണ്ടാക്കി കഴിക്കാം. ഇപ്പൊ മോള് ഈ ചോറ് കഴിക്കു.”
“ ഇതിൽ പുഴു ഉണ്ട് മാമ്മ ..എനിക്ക് വേണ്ട ഇത്.”
മുറിയിലാരോ കൊണ്ടുവന്ന പലഹാരപ്പൊതി കൊടുത്തു അവളുടെ വിഷമം മാറ്റി.
ആ രുചിമധുരം ചീന വലയിട്ട് ഓർമ്മകളെ വീണ്ടും പിടിച്ചു. ആയ് ഉരുട്ടി ഉണക്കി വയ്ക്കുന്ന അപ്പത്തിന്റെ രുചി.
ദിവസങ്ങളും മാസങ്ങളും ഉരുണ്ടു നീങ്ങി. ടൈറ്റാനിക് എന്നൊരു വലിയ കപ്പൽ മുങ്ങിയ വാർത്തകൾ നിറഞ്ഞു. ഇതിനിടയിൽ ചീനക്കാർ നല്ല ഭക്ഷണത്തിനായി പ്രക്ഷോഭമുണ്ടാക്കി. മിൻ വെള്ളക്കാരനായ ഉദ്യോഗസ്ഥനെ വിവാഹം കഴിച്ചു. ഇരുവർക്കും ജോലിയും നഷ്ടപ്പെട്ടു. അനുവാദമുള്ള വേറൊരു സ്ഥലത്തു പോയാണ് അവർ വിവാഹം നടത്തി സർട്ടിഫിക്കറ്റ് വാങ്ങിയത്. മിന്നിന് പകരമായി മറ്റൊരു ചൈനക്കാരനെത്തി. വെള്ളക്കാരുടെ വേഷം ധരിച്ച ചൈനക്കാരൻ.
അതൊരു ഹാലോവീൻ ദിനമായിരുന്നു. ദുര്‍ഭൂതങ്ങളെ ഓടിക്കാനുള്ള തയ്യാറെടുപ്പുകൾ
മാലാഖമാരുടെ ദ്വീപിൽ തകൃതിയായി നടക്കുന്ന ദിനം. വലുതും ചെറുതുമായ മത്തന്റെ കൂമ്പാരങ്ങൾ കൂട്ടിയിടുന്ന തടങ്കൽ നിവാസികൾ. ദ്വീപിൽ ജീവിതമവസാനിപ്പിച്ച ആത്മാക്കൾ കുത്തിനിറുത്തിയ കോലങ്ങളിൽ തമ്പടിച്ചു. പട്ടണത്തിൽ നിന്ന് ഫെറിയെത്തുന്ന ദിവസം.
ആൾക്കൂട്ടവും ബഹളവും കേട്ടാണ് പെങ്ങും പുറകെ കുഞ്ഞുമിങ്ങും ഓടിയിറങ്ങിയത്. പായ്കപ്പലിൽ നിന്നിറങ്ങിയ ആരോ ബഹളമുണ്ടാക്കുന്നു. നീല വേഷധാരിയായ കാവൽക്കാരൻ അയാളെ പിടിച്ചു വലിച്ചു മാറ്റുന്നു.
“നിന്നെ ഞാനിവിടുന്നു രക്ഷിക്കും. നമ്മൾ ചൈന ടൗണിൽ താമസിക്കും …”
ചെൻ. ഇരുകൈയിലും ബലമായി പിടിച്ച് നാലഞ്ചു കാവൽക്കാർ.
“നാണയതുട്ടുകൾ നിങ്ങൾക്ക് മതിയായില്ലേ? കള്ള ലാവോയികൾ..”
അവൾ സിൻഡ്രല്ലയായി. പടിക്കെട്ടുകൾ ചവിട്ടിയിറങ്ങി തന്റെ രാജകുമാരനു നേരെ ഓടിയടുത്തു. കാലിലെ താമരചെരിപ്പുകൾ ശ്വാസംമുട്ടി വലിച്ചെറിഞ്ഞു. ചുറ്റുമുള്ള മുൾവേലിയും കാവൽക്കാരും അവൾ കണ്ടില്ല.
ചുറ്റും മാദ്രിനിൽ മുഴങ്ങുന്ന മുദ്രാവാക്യങ്ങൾ. “നീതി നൽകുക. ജീവിക്കാൻ അനുവദിക്കുക. മഞ്ഞ ആപത്തല്ല ..”
“എനിക്ക് ഭർത്താവിനോട് സംസാരിക്കണം..” പെങ്ങ് ഒരു കാവൽക്കാരനോട് പറഞ്ഞു.
അയാൾ “ഗോ ഗോ “ എന്നലറി. വേറൊരാൾ വന്ന് അവളെയും മോളെയും മുറിയിലേക്ക് വലിച്ചിഴച്ചു.
കോട്ടും തൊപ്പിയും ഇട്ട ഉദ്യോഗസ്ഥനും ചൈനക്കാരനായ സഹായിയും പുറത്തേക്ക് ഇറങ്ങി വന്നു.
“ലെറ്റ് ഹിം ഇൻ “ അയാൾ കാവൽക്കാർക്ക് ആജ്ഞ കൊടുത്തു.
അവർ ചെന്നിന്റെ മേലെയുള്ള പിടിവിട്ടു. അയാൾ വേച്ചു വേച്ചു മുൾവേലി തുറന്ന് പെങ്ങിന് അരികത്തേക്ക് നടന്നു.
“എ കൂലി, ആർ യു മേക്കിങ് എ ഹോങ്കോങ് പ്രോസ്ടിട്യൂറ്റ് ആക്ട് ആസ് യുവർ വൈഫ് ?“
പെങ്ങിനതിന്റെ അർത്ഥം പൂർണമായും മനസ്സിലായില്ലെങ്കിലും ചെൻ അയാളെ ചവിട്ടി വീഴ്ത്തി.
“സെൻറ് ദേം ഓൾ ബാക് “ കണ്ടു നിന്ന ഓഫീസർ അലറി.
കഞ്ഞി പശ മുക്കിയ തുണികൾ. കഞ്ഞി വെള്ളം കൊണ്ട് കഴുകിയ മുടി. പയറു പൊടി ഉരച്ചു തേച്ചു കുളിച്ച ചർമം. മരവേരുകളും ഇഞ്ചിയും മഞ്ഞളുമിട്ടു പുഴുങ്ങിയ ചെറു ചൂട് വെള്ളം. ഗ്രാമത്തിന്റെ മണം. തിരമാലകൾക്ക് പുറകിൽ ഉപേക്ഷിച്ച സ്വപ്നങ്ങൾ. തിരമാലകൾക്കപ്പുറം കൊടുത്ത പണം തിരിച്ചു വാങ്ങാൻ കാത്തിരിക്കുന്ന രൂപങ്ങൾ. മുന്നിൽ മുഴങ്ങുന്ന മണി. മരണത്തിന്റെ വിളി.
“നമുക്ക് കടലമ്മ മാത്രം..” ചെൻ മന്ത്രിച്ചു. അതൊരു അമാവാസിയായിരുന്നു.
കൈകോർത്ത മൂന്നു നിഴലുകൾ.
“മാമ്മ”. വെള്ളപട്ടുതുണിയിൽ കാലിട്ടടിച്ച് അമ്മിഞ്ഞ കുടിക്കുന്ന മുഖം മുന്നിൽ വീശിയടിച്ചു. ഹോങ്കോങ്ങിലെ മനുഷ്യ സ്രവങ്ങളൊഴുകുന്ന വഴുവഴുത്ത തെരുവോരങ്ങളിൽ അലയേണ്ട നുലിയുടെ വിഷമം താമരച്ചെരിപ്പോളം ചെറുതായി.
“പെങ്ങ്, വാളെടുക്കുക. കഴുത്തുകളരിയുക “ ചുവന്ന ളോഹയിൽ മിനുത്ത വാളും കൈയിൽ ചുവന്ന ദീപവുമായി അവൾ വീണ്ടും.
“ ശോണവര്‍ണ്ണ ലോഹയിൽ
ശോണവര്‍ണ്ണ ദീപവുമേന്തി
വൂഷ്, ഒരു പങ്കയുടെ ചടുലതയിൽ
അവർ സ്വർഗത്തിലേക്ക് പറന്നു”
കുഞ്ഞുമിങ്ങിന്റെ താമര ചെരുപ്പുകളൂരി അവൾ തിരമാലകൾക്ക് കൊടുത്തു.
തിരമാലകൾക്കൊപ്പം ലോകം ഉയർന്നമർന്നു. രാജ്യങ്ങൾ യുദ്ധം ചെയ്തു. തൊണ്ണൂറ് ലക്ഷം യോദ്ധാക്കൾ കൊല്ലപ്പെട്ടു. റഷ്യയിൽ കലാപമുണ്ടായി. ഓട്ടോമൻ സാമ്ര്യാജ്യം ഛിന്നഭിന്നമായി.
അമേരിക്കയിൽ ആദ്യമായി സ്ത്രീകൾക്ക് വോട്ടവകാശം കിട്ടിയ വർഷം. മഞ്ഞിൽ മുങ്ങിയ സാൻ ഫ്രാൻസിസ്കോയിലെ പിയറിൽ ചൂടുള്ള കാപ്പിമൊത്തി ചിലർ അന്നത്തെ പത്രം ഉറക്കെ വായിച്ചു.
“ Slave Woman Shot Dead in Hong Kong”The Chinese slave who rescued hundreds of female children from sex trade market in Hong Kong shot dead.
അവസാനിച്ചു
ആദ്യഭാഗങ്ങൾ വായിക്കാം
ജിയു ജിൻ ഷാ: സാൻ ഫ്രാൻസിസ്കോ അഥവാ ഓൾഡ് ഗോൾഡ് മൗണ്ടൈൻ.
സ്വർണ ഖനന കാലത്തെ പരാമര്‍ശം
ഹാങ്ങ് : സൂപ്
ചിയാവോ പിജോ: റെമിറ്റൻസ് ബോക്സ്
കിപാവോ: ലോഹപോലുള്ള വസ്ത്രം
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.