സിൻഡ്രല്ലയുടെ ഷൂ – ഭാഗം 2

0
307
Radhika Puthiyedath

രാധിക പുതിയേടത്ത്

കിടപ്പു മുറിയെക്കുറിച്ചോർക്കുമ്പോൾ തന്നെ പെങ്ങിന് അറപ്പ് തികട്ടി വന്നു. വിയർപ്പും രക്തവും കണ്ണീരും സ്രവങ്ങളും മണക്കുന്ന ചേരിമുറി. നിരത്തിയിട്ട മൂന്ന് നിലകളിലുള്ള ഇരുമ്പുകട്ടിലുകൾ. വെള്ളം കാണാത്ത വിരിപ്പുകൾ. നീണ്ട ഇടനാഴിയിലെ തുറക്കാത്ത വാതായനങ്ങൾ. കുളിക്കാതെ, നനയ്ക്കാതെ ഉടുത്തത് മാറ്റിയുടുക്കാനില്ലാത്ത കുറെ പെണ്ണുങ്ങൾ.

“ഫെറി എത്തിയിട്ടില്ല.” മുറിയിലെ പെണ്ണുങ്ങൾ കാത്തിരിപ്പിലാണ്.

“എത്തിയിട്ട് എന്തിനാ? വരുന്നവരോടൊന്ന് സംസാരിക്കാൻ പോലും കഴിയില്ലല്ലോ” . മുറുമുറുപ്പിൽ ഒരുവൾ കട്ടിലിൽ നിന്നെഴുന്നേറ്റു ഭക്ഷണമുറിയിലേക്ക് നടന്നു.

തൊട്ടപ്പുറത്തെ ചെറിയ ഭക്ഷണ മുറിയുടെ മൂലക്ക് വച്ച സൂപ്പും പൊടിച്ച ഉരുളക്കിഴങ്ങും തണുത്തിരിക്കുന്നു. വിശപ്പ് നൽകിയ രുചി ചേർത്ത് അവർ ചവർക്കുന്ന സൂപ്പ് വലിച്ചു കുടിച്ചു. പിയർ ചാരി പുകയൂതി നിൽക്കുന്ന നീരാവിക്കപ്പലുകൾ ദ്വീപിൽ നിന്ന് കാണാം. ചായയിലകൾ നിറച്ച ചാക്കുകെട്ടുകൾ പോലെ പൗരസ്‌ത്യരെ കൊണ്ടുവന്നു തള്ളുന്ന കപ്പലുകൾക്കും വേണമല്ലോ വിശ്രമം.

“ഓഫിസർക്കും പാറാവുകാർക്കും കൈക്കൂലി കൊടുക്കാൻ കൈയിലെവിടുന്നാ? റെയിൽ റോഡ് പണിക്കാർക്ക് വിൽക്കാനെത്തിച്ച നൂലി*യാണ് ഞാനെന്ന് !” മരമേശക്കിപ്പുറമിരുന്നു തന്റെ വിഷമങ്ങളുടെ കൂമ്പാരമഴിക്കുന്ന യുവതി. നേരിട്ട് കാണാത്ത ഭർത്താവിനെ തേടി കപ്പൽ കയറിയവൾ. ഓഫിസർമാർക്ക് വേണ്ട തെളിവുകൾ നൽകാത്തതിനാൽ അവളെ വേശ്യയെന്ന് മുദ്രകുത്തിയിരിക്കുന്നു. പസഫിക് മെയിൽ എന്ന നീരാവി കപ്പലിൽ രണ്ടു ദിവസത്തിനുള്ളിൽ തിരിച്ചു നാടുകടത്തും.

“ഞാൻ കൊടുത്ത തെളിവുകൾ പോരെന്ന്. അവർക്ക് വേണ്ടത് വെള്ളി നാണയങ്ങൾ ആണ്… ഇനി.. ”

യാത്രക്കായുള്ള ശേഖരിച്ച പണം തിരികെ കൊടുക്കാനില്ലാതെ ഹോങ്കോങ്ങിലെ അടിമച്ചന്തയിൽ വിൽക്കപ്പെടുന്ന മറ്റൊരുവൾ. രാവിലെ കഴിച്ച ഉണക്ക റൊട്ടി തികട്ടി വരുന്നു. സിയോൾ, യോക്കോഹാമ, പഞ്ചാബ്—വെളുത്തവരല്ലാത്തവർക്ക് ഇവിടെ കാത്തിരിക്കുന്നത് നീണ്ട തടങ്കൽ വാസം. പരദേശികൾക്ക് മുന്നിൽ അഴിഞ്ഞു വീഴുന്ന ആത്മാഭിമാനം.

“വസ്ത്രങ്ങൾ അഴിക്കണം. അമ്മയാണെന്ന് ഉറപ്പിക്കാനുണ്ട്.” ദ്വീപിലെത്തിയ ആദ്യദിവസം ആശുപത്രിയിൽ വിടർത്തിയ കാലുകൾക്കിടയിൽ അഴിഞ്ഞുവീണ ആത്മാഭിമാനം. ഒരു തുറന്ന ഓവിൽ മലവും മൂത്രവും ശേഖരിച്ചു കൈമാറണം. കുടൽവിരകൾ ഇല്ലാത്തവർക്ക് മാത്രം പ്രവേശനമുള്ള കാലിഫോർണിയ. പൊട്ടിയ ഓവിൽ നിന്ന് കടൽക്കാറ്റ് കൊണ്ടുവരുന്ന മൂത്രത്തിന്റെ, അടുക്കളയിലെ ചീഞ്ഞ ഉരുളക്കിഴങ്ങിന്റെ, പന്നിമാംസത്തിന്റെ മൂർച്ചയേറിയ ഗന്ധത്തിൽ മുങ്ങിയ തടങ്കലിൽ തളച്ചിടിപ്പെടുന്ന അനേകം ബാലികമാർ, ബാലന്മാർ, യുവാക്കൾ, യുവതികൾ.

(ചിത്രീകരണം – രാധിക പുതിയേടത്ത്)

മരചുമരിൽ കോറി വരക്കുകയാണ് കുഞ്ഞുമിങ്ങ്.
“മാമ്മ, എന്തിനാ എന്റെ വിരലുകൾ ഒടിച്ചു കെട്ടിയത് ? യീയുടെ കൂട്ടത്തിൽ ചേരണം.”
അവൾ തിരിഞ്ഞു നിന്ന് ചോദിച്ചു. “..ചുവന്ന വിളക്ക് കൊളുത്തി പറന്നു വാള് വീശി …ശത്രുക്കളെ തലയരിഞ്ഞു.. ” കരയുന്ന പെൺകുട്ടിയെ നോക്കി അവൾ പുലമ്പി.

“കൂന്തലൊതുക്കാതെ, പാദങ്ങൾ കെട്ടാതെ
വിദേശികളുടെ തല കൊയ്തു
തലകളോരോന്നായി അരിഞ്ഞു
പുഞ്ചിരിവിതറി അവർ കണ്ഠമറുത്തു…”*

കലാപത്തിനിറങ്ങിയ തന്റെ സഹോദരി അവൾക്ക് എന്നും അത്ഭുതമായിരുന്നു.
ഗ്രാമത്തിലെ ചെറുപ്പക്കാർ യുദ്ധത്തിലായിരുന്നു. കൃഷിയിടങ്ങൾ കൈയടക്കി, ഫാക്ടറികെട്ടി, സി നദി കരിയോയിലിൽ മുക്കി, നാട് മുറിച്ചു വില്പനച്ചരക്കാക്കിയ വിദേശികൾക്കെതിരെ. അവരെ സഹായിച്ചിരുന്ന ചക്രവർത്തിക്കെതിരെ. ഹോങ് ഡെൻങ്ങ് സാവോ യുദ്ധത്തിലായിരുന്നു. പുതിയ യുദിയുമായി വന്നു വേരുകൾ പിഴുതെറിയുന്ന പരദേശികൾക്കെതിരെ.

“ശോണവര്‍ണ്ണ ലോഹയിൽ
ശോണവര്‍ണ്ണ ദീപവുമേന്തി
വൂഷ്, ഒരു പങ്കയുടെ ചടുലതയിൽ
അവർ സ്വർഗത്തിലേക്ക് പറന്നു” *

“വായടയ്ക്ക്. നീയിതൊക്കെ എവിടുന്നാണ് പഠിച്ചത്?” പെങ്ങ് കുഞ്ഞു മിങ്ങിനെനോക്കി കണ്ണുരുട്ടി.

“മുത്തശ്ശി..” അവൾ ചുവരിൽ വരച്ചുകൊണ്ടേയിരുന്നു.

“ഇതെന്താ കോറിവയ്ക്കുന്നത് ?” വാളും ദീപവുമേന്തിയ പെൺയോദ്ധാവിനെ കോറി വച്ചിരിക്കുകയാണ് കുഞ്ഞിമിങ്ങ്. അതുകണ്ട പെൺകുട്ടി എഴുന്നേറ്റ് വന്നു കാന്റണീസിൽ കുറിക്കാൻ തുടങ്ങി.

കോണിപ്പടികൾ ഇളകുന്ന ശബ്ദം. ഒച്ചകേട്ടുവന്ന പാറാവുകാരൻ.

പുറകോട്ട് രണ്ടടി വച്ച്, മുട്ടിൽ ഇരുന്ന്, പുരികം കൂർപ്പിച്ച് , പാറാവുകാരന് നേരെ വാള് ചൂണ്ടുന്ന കുഞ്ഞുമിങ്ങ്. അവളെ പിടിച്ചുമാറ്റുന്ന പെങ്ങ്.

പെട്ടന്നാണ് ഗ്രഹണം കഴിഞ്ഞു തെളിഞ്ഞ നിലാവെളിച്ചം പോലെ പാറാവുകാരനെ തള്ളിമാറ്റി ഒരു വെള്ളക്കാരി കടന്നു വന്നത്.

“മാമ്മ , കാതറിൻ..”

കുഞ്ഞുങ്ങൾക്ക് നൽകാൻ ഒരു കൈനിറയെ ജെല്ലിയും ബണ്ണും മറുകയ്യിൽ ബൈബിളുമായെത്തുന്ന കാതറിൻ. അവരാണ് സിൻഡ്രല്ലയെ കുട്ടികൾക്ക് പരിചയപ്പെടുത്തിയത്.

“കാതറിൻ, സ്റ്റോറി സ്റ്റോറി..” കുട്ടികൾ ഇംഗ്ലീഷ് പഠിച്ചു തുടങ്ങി.

പുറത്തുനിന്ന് സ്ത്രീകളുടെ ബാറാക്ക് സന്ദർശ്ശിക്കാനനുവാദമുള്ള ഏകവ്യക്തിയാണ് കാതറിൻ. മാലാഖമാരുടെ ദ്വീപിലെത്തുന്ന മാലാഖ. ദ്വീപിനെ പുറംലോകവുമായി ഘടിപ്പിക്കുന്ന ഫെറിക്ക് വേണ്ടി കാത്തിരിക്കുന്നവരുടെ ഏക പ്രതീക്ഷാനാളം.
കൈത്തുന്നലിനു വേണ്ട നൂലുകളും ചൈനീസ് പുസ്തകങ്ങളും കഥകളും മധുരവുമായെത്തുന്ന കാതറിൻ ഒരു ബുദ്ധസന്യാസിനിയെ ഓർമിപ്പിച്ചു.
ഭക്ഷണമുറിയിലെ മേശക്കുചുറ്റും കൂടിയിരുന്ന് ഇവർ ഇംഗ്ലീഷിന്റെ ബാലപാഠങ്ങൾ പകർന്നു കൊടുത്തു.

“നിങ്ങൾ യുദ്ധം ചെയ്തിട്ടുണ്ടോ ?” കുങ് ഫു മുറകൾ കാണിച്ചുകൊണ്ടു കുഞ്ഞുമിങ്ങ് ചിണുങ്ങി. “എന്റെ ഇളയമ്മ യോദ്ധാവാണ്. പറന്നു പറന്നു അവർ ശത്രുക്കളുടെ തലയരിയും .“

“ ആണല്ലോ.” കാതറിൻ ചിരിച്ചു, “ പക്ഷെ, സമാധാനത്തിന്റെ യോദ്ധാവ്. അടിമകളെ, മുറിവേറ്റവരെ, വിശക്കുന്നവരെ രക്ഷിക്കുന്ന യോദ്ധാവ്.” കാതറീന്റെ മുഖത്ത് നിന്ന് ഭംഗിയായി ചൈനീസ് ഒഴുകി.

കുഞ്ഞുമിങ്ങിന്റെ കണ്ണ് തിളങ്ങി.

“അടിമകൾ എന്ന് പറഞ്ഞാൽ എന്താ ..?”

“ഭക്ഷണം നൽകാതെ, പണിക്കുള്ള കൂലി നൽകാതെ പകലന്തിയോളം പണിയെടുപ്പിക്കുന്ന രീതി. കുഞ്ഞുങ്ങളെപോലും കളിയ്ക്കാൻ അനുവദിക്കാതെ പഠിക്കാൻ അനുവദിക്കാതെ ഭക്ഷണം നൽകാതെ പൂട്ടിയിടുന്നു“

“അപ്പൊ , ഇതും ജയിൽ അല്ലെ? കാതറിൻ ഞങ്ങളെ ഇവിടുന്ന് രക്ഷിക്കുമോ “

കാതറിന്റെ കണ്ണ് ഒരിട നനഞ്ഞു.

“ഒരിത്തിരി ദിവസം കൂടി. ഓഫിസർമാർ കടലാസു പണിയുടെ തിരക്കിലല്ലേ? അതൊക്കെ തീർത്ത് നിങ്ങളെ ബാബക്കൊപ്പം പറഞ്ഞയക്കും.” കുഞ്ഞു മിങ്ങിനെ ചേർത്ത് നിറുത്തി സമാധാനിപ്പിച്ചു. മേശപ്പുറത്ത് വച്ച ബൈബിൾ തുറന്നു.

“ ദൈവത്തിൽ സന്തോഷം കണ്ടെത്തുക. അദ്ദേഹം നിങ്ങളുടെ ഇച്ഛകൾ പൂർത്തീകരിക്കും.”

കുഞ്ഞുമിങ്ങ് കണ്ണുകൾ മുറുക്കിയടച്ചു.

“നിങ്ങൾ ഈ ആഴ്ച്ച പഠിച്ച ഇംഗ്ലീഷ് വാക്കുകൾ പരസ്‌പരം പറഞ്ഞു പരിശീലിക്കൂ. അടുത്ത ആഴ്ച കാണാം. ബോട്ട് വരാനുള്ള സമയമായി”

കാതറിന്റെ പ്രാർത്ഥനക്കിടയിൽ പെങ്ങ് പതുക്കെ ബങ്കറിലേക്ക് പോയിരുന്നു. അഭിമുഖത്തിന് വേണ്ട ഉത്തരങ്ങൾ അയവെട്ടണം. അവൾ നെഞ്ചിൽ തൊട്ടു നോക്കി. നെഞ്ചിൽ നിന്ന് ചെരുപ്പിലേക്കും ചെരുപ്പിൽ നിന്ന് നെഞ്ചിലേക്കും ചുരുട്ടിയ രക്തക്കറ പുരണ്ട കടലാസുകൾക്ക് സ്ഥാനചലനം സംഭവിച്ചു. അതിലെ ഓരോ അക്ഷരങ്ങളും കവിതകളായി പെങ്ങിന്റെ തലച്ചോറിൽ നൃത്തംവച്ചു.

“എന്റെ ഗ്രാമത്തിൽ നൂറു വീടുണ്ട്
വീട്ടിനുള്ളിൽ നെല്ലറയുണ്ട്
നെല്ലറക്ക് രണ്ടകമുണ്ട്
ചൂരൽ വിരിച്ച കട്ടിലുണ്ട്
കട്ടിലിൽ പുൽപായയുണ്ട്
പായക്ക് താഴെ പണപ്പെട്ടിയുണ്ട് ..”

ആവർത്തനം. കവിതകളുടെ ആവർത്തനം. അക്ഷരങ്ങൾ ദഹിപ്പിച്ച് വാക്കുകളും വാചകങ്ങളുമാക്കി പരിവർത്തനം ചെയ്ത്, ഗാംസാമിൽ പ്രവേശനം നേടാനുള്ള അഭിമുഖത്തിൽ ഓഫീസർമാർക്ക് മുന്നിൽ ഛര്‍ദ്ദിക്കാനുള്ളതാണ്.

മാസങ്ങൾ നീണ്ട തടങ്കൽവാസത്തിന് ശേഷമാണ് ആദ്യത്തെ അഭിമുഖം നിശ്ചയിച്ചത്. പെങ്ങിനോട് ചോദിക്കുന്ന അതെ ചോദ്യങ്ങൾ ഭർത്താവിനോടും ചോദിക്കുന്നു. “നിങ്ങളുടെ രണ്ടുപേരുടെയും ഉത്തരങ്ങൾ സാമ്യമെങ്കിൽ നിങ്ങൾക്ക് സാൻ ഫ്രാൻസിസ്കോയിലേക്ക് പ്രവേശിക്കാം. ഒരു ചെറിയ പിശകുവന്നാൽ അറിയാല്ലോ, തിരിച്ച് കപ്പൽ കയറാം.” ആരും കാണാത്ത വരാന്തയുടെ മൂലയിൽനിന്ന് മിൻ തന്നെ ഉപദേശിച്ചത് പെങ്ങ് ഓർത്തു. വെള്ളക്കാരൻ കാമുകനെ ചുംബിച്ചത് രഹസ്യമായി സൂക്ഷിക്കാൻ നൽകിയ സഹായം. “300 ഡോളർ നൽകിയാൽ ഒരു വക്കീലിനെ കിട്ടും. അവർ നോക്കിക്കോളും ബാക്കി കാര്യങ്ങൾ.. ഈ നിറം… കൊക്കേഷ്യനായിരുന്നെങ്കിൽ ”

ഡോളറില്ല. കൊക്കേഷ്യനുമല്ല.

ഹോങ്കോങ്ങിൽ നിന്ന് വന്ന കപ്പലിലെ സ്റ്റിറേജ് ക്ലാസ്സിലുണ്ടായിരുന്ന ഏവരെയും ഒരു ഫെറിയിൽ കുത്തി നിറച്ചാണ് ദ്വീപിൽ കൊണ്ടുവന്നിറക്കിയത്. നുള്ളിയ ചായയിലകൾ ചാക്കിൽ കൊണ്ടിടുന്ന പോലെ കിഴക്കിൽ നിന്നെത്തിയവരെ ദ്വീപിൽ തള്ളി. കൂടെ കൊണ്ടുവന്നതൊക്കെ ഒരു പിയറിലെ ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടത്തിൽ നിക്ഷേപിക്കപ്പെട്ടു. ഫസ്റ്റ് ക്ലാസ്സ് യാത്രക്കാരിയെ പോലെ വേഷം ധരിച്ച ഒരു പേർഷ്യക്കാരിയും കൂടെ കപ്പലിൽ ഉണ്ടായിരുന്നു. തടങ്കലിലെത്തിയ എല്ലാവരും ഓഫീസിൽ വിവരങ്ങൾ നൽകണം. ആ നീണ്ട വരിയിൽ പെങ്ങിനു തൊട്ടുമുന്നിൽ അവളും ഉണ്ടായിരുന്നു….

യീ : ആന്റി
യുദി: മതം
കവിത ക്രെഡിറ്റ് : Chinese Women in a Century of Revolution, 1850-1950 by Kazuko Ono and Joshua A. Fogel

ഹോങ് ഡെൻങ്ങ് സാവോ: ബോക്‌സർ കലാപത്തിൽ പങ്കെടുത്ത സ്ത്രീ വിഭാഗം
കവിത : Chinese Women in a Century of Revolution, 1850-1950 by Kazuko Ono and Joshua A. Fogel

Wearing all red, Carrying a small red lantern, Woosh, with a wave of the fan, Up they fly to heaven.[2]

ഭാഗം 1


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here