പ്രതാപ് ജോസഫ്
What I like about photographs is that they capture a moment that’s gone forever, impossible to reproduce.”
— Karl Lagerfeld
കാൾ ലാഗർഫീൽഡ് ഒരു ജർമൻ ഫോട്ടോഗ്രാഫർ ആണ്. ഒരു ഫാഷൻ ഫോട്ടോഗ്രാഫർ എന്നോ ഫാഷൻ ഡിസൈനർ എന്നോ കൂടി വിളിക്കാവുന്ന ആൾ. ഒരുപക്ഷേ ഫോട്ടോഗ്രാഫിയുടെ ഏറ്റവും മഹത്തായ നിർവചനങ്ങളിൽ ഒന്നാണിത്. നമുക്ക് തത്വചിന്തകനായ ഹെറാക്ളീറ്റസിന്റെ ഒരു വചനം പെട്ടെന്ന് ഓർമവരും. ഒരാൾക്ക് ഒരു നദി രണ്ടുവട്ടം മുറിച്ചുകടക്കാൻ ആവില്ല എന്നുള്ളത്. നദി എന്നത് ഒരു പ്രവാഹമാണ്, അത് അനുനിമിഷം മാറിക്കൊണ്ടിരിക്കുന്നു, ഇപ്പോഴുള്ള നദി അല്ല അടുത്ത നിമിഷത്തെ നദി. മുറിച്ചുകടക്കുന്ന മനുഷ്യന്റെ കാര്യവും അങ്ങനെ തന്നെയാണ്, അയാളും അനുനിമിഷം മാറിക്കൊണ്ടിരിക്കുന്നു. ഫോട്ടോഗ്രഫി സമയത്തിലും സ്ഥലത്തിലും സംഭവിക്കുന്ന ഒന്നാണ്. ഒരു പ്രത്യേക സമയത്തെ, ഒരു പ്രത്യേക സ്ഥലത്തെ അത് എന്നെന്നേക്കുമായി രേഖപ്പെടുത്തി വെക്കുന്നു. ഫോട്ടോഗ്രാഫിയുടെ ഉദായത്തിന് ശേഷം ചരിത്ര ഗവേഷകരുടെ പണി എളുപ്പമായി. നമ്മുടെ ജീവിതത്തിന്റെ തെളിവുകൾ അതാത് കാലത്തെ ഫോട്ടോഗ്രാഫിൽ ഉണ്ട്. നൂറ്റാണ്ടുകൾ മുൻപുള്ള ജീവിതത്തെക്കുറിച്ചുള്ള അറിവുകൾ നൽകുന്നത് ഫോസിലുകൾ ആണ്. ആധുനിക കാലത്തെ ഫോസിലുകളാണ് ഫോട്ടോഗ്രാഫുകൾ എന്നു പറയാം. ഓരോ ക്ലിക്കും കാലത്തെക്കുറിച്ചുള്ള എന്തെങ്കിലും അടയാളം അവശേഷിപ്പിക്കുന്നു. വേറൊരു രീതിയിൽ, ഒരു കല എന്ന നിലയിൽ ഇത് ഫോട്ടോഗ്രഫിക്ക് മാത്രം അവകാശപ്പെടാവുന്ന ഒരു കാര്യം ആണെന്നും പറയാം. മറ്റേതൊരു സൃഷ്ടിയും കലയുടെ അഭാവത്തിൽ എളുപ്പം കാലഹരണപ്പെട്ടു പോകും. പക്ഷേ, ഒരു ഫോട്ടോഗ്രാഫിന് കലയെന്ന നിലയിൽ വലിയ പ്രസക്തി ഇല്ലെങ്കിൽ പോലും അത് ചരിത്രത്തിന്റെ ഒരു വലിയ അവശേഷിപ്പാണ്. എല്ലാക്കാലത്തും അതിന് മൂല്യമുണ്ട്. ചരിത്രം എന്നുപറയുമ്പോൾ അത് രാജ്യങ്ങളുടെയും ഭരണാധികാരികളുടെയും അവരുടെ ചെയ്തികളുടെയും മാത്രം ചരിത്രമല്ല, ചരിത്രത്തിന് പല തലങ്ങളുണ്ട്. സാമൂഹിക ചരിത്രമുണ്ട്, കുടുംബ ചരിത്രമുണ്ട്, വ്യക്തി ചരിത്രമുണ്ട്. ഇവ ഓരോന്നിനും ഭാവികാലത്തിൽ പ്രസക്തിയുമുണ്ട്. പിന്നീട് ഒരിക്കലും സംഭവിക്കാൻ ഇടയില്ലാത്ത, ഒരിക്കലും പുനഃ സൃഷ്ടിക്കാൻ കഴിയാത്ത ഒരു മുഹൂർത്തമാണ് ഓരോ ഫോട്ടോഗ്രാഫും. ഫോട്ടോഗ്രഫി എന്ന കലയുടെ ഏറ്റവും വലിയ പ്രസക്തിയും അതുതന്നെ.
പുലിസ്റ്റർ പുരസ്‌കാര ജേതാവായ കെവിൻ കാർട്ടർ ആത്മഹത്യ ചെയ്തു. അദ്ദേഹത്തിന്റെ വിശ്വപ്രസിദ്ധമായ ചിത്രം എല്ലാവർക്കും ഓർമയുണ്ടാവും. പട്ടിണികൊണ്ട് മരണത്തോടടുക്കുന്ന ആഫ്രിക്കൻ ബാലന്റെ ചിത്രം. മരണത്തിന് കാത്തുനിൽക്കുന്ന കഴുകൻ. ആഫ്രിക്കയിലെ കൊടിയ ദാരിദ്ര്യത്തിന്റെ ഐക്കൻ ഇമേജായി മാറാൻ ആ ചിത്രത്തിന് കഴിഞ്ഞു. ആഫ്രിക്കയിലെ എന്നല്ല, പട്ടിണി എന്ന പ്രഹേളികയുടെ, ദാരിദ്ര്യം എന്ന മനുഷ്യാവസ്ഥയുടെ രൂക്ഷത ആ ചിത്രം വിനിമയം ചെയ്തു. പിൽക്കാല മനുഷ്യരുടെ ജീവിതത്തെ ആ ചിത്രം എത്രമാത്രം സ്വാധീനിച്ചിട്ടുണ്ടാവും. ഒരു ഫോട്ടോഗ്രാഫറുടെ എത്തിക്സിനെക്കുറിച്ചുപോലും നിരവധി ചർച്ചകൾ ഉണ്ടായി. എത്രയെത്ര യുദ്ധചിത്രങ്ങൾ, പലായനത്തിന്റെയും കൂട്ടക്കുരുതിയുടെയും ചിത്രങ്ങൾ. ലോകത്തെ മാറ്റിമറിക്കുന്നതിൽ ആ ചിത്രങ്ങൾ വഹിച്ച പങ്ക് എത്ര വലുതാണ്. കഴിഞ്ഞ അര നൂറ്റാണ്ടിൽ അധികമായി രഘുറായ് എന്ന ഫോട്ടോഗ്രാഫർ ഇന്ത്യയെ പകർത്തുന്നു. ചരിത്രത്തിലെ നിർണായക നിമിഷങ്ങളെ, നിർണായക വ്യക്തിത്വങ്ങളെ എത്ര മനോഹരമായി പകർത്തുന്നു. ഭോപ്പാൽ വിഷവാതക ദുരന്തത്തെക്കുറിച്ചുള്ള പ്രധാനപ്പെട്ട ചിത്രങ്ങളെല്ലാം രഘുറായിയുടേതാണ്. ബംഗാളിലെ അഭയാർത്ഥി പ്രവാഹം, മദർ തെരേസയുടെ ജീവിതം ഇങ്ങനെ ഒരു ഫോട്ടോഗ്രാഫറുടെ കണ്ണിലൂടെയാണ് പിൽക്കാല ജീവിതം ചരിത്രത്തെ കാണുക. കാലത്തെ അയാൾ തന്റെ സവിശേഷമായ കാഴ്ചയിലൂടെ കൊത്തിവെക്കുകയാണ്. അത് വർത്തമാനത്തിൽ നിരന്തരം നടന്നുകൊണ്ടിരിക്കുന്ന ഒരു പണിയാണ്. ഭാവി ജീവിതത്തിന് അത് പലരീതിയിൽ ഉപകരിക്കുന്നു. നിങ്ങളുടെ കുട്ടിക്കാലത്തെ ഒരു ചിത്രത്തിന് നിങ്ങൾ എത്രമാത്രം മൂല്യം കല്പിക്കുന്നുണ്ട്. അതുപോലെയാണ് ഓരോ ഫോട്ടോഗ്രാഫും. ഈ നിമിഷത്തെ നിങ്ങളുടെ ഒരു ചിത്രത്തിന് ചിലപ്പോൾ നിങ്ങൾ ഇപ്പോൾ ഒരു മൂല്യവും കല്പിക്കുന്നുണ്ടാവില്ല. പക്ഷേ ഇരുപതോ മുപ്പതോ കൊല്ലം കഴിയുമ്പോൾ ആ ഫോട്ടോഗ്രാഫിന്റെ മൂല്യം എത്ര വലുതായിരിക്കും. ഫോട്ടോഗ്രഫി അതുകൊണ്ടുതന്നെ വർത്തമാനത്തിന്റേതെന്നപോലെ ഭാവിയുടെയും കലയാണ്. കാലത്തെ അത് ചില്ലുഭരണികളിലാക്കി ഉണക്കി സൂക്ഷിക്കുന്നു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.