ജീവിച്ചു ജീവിച്ചു ജീവിതത്തെ തൊടുമ്പോൾ

0
405
athmaonline-jibu-kochuchira-thumbnail

ജിബു കൊച്ചുചിറ

“എന്താണ് ഇങ്ങനെയൊക്കെ? അവൻ ആത്മഗതം ചെയ്തു. മുപ്പത്തി മൂന്നാം പിറന്നാളിന്നാണ് എന്നതായിരുന്നു അവനെ കൂടുതൽ അലോസരപ്പെടുത്തിയത്.
” ഹോ! അങ്ങനെയെന്തെങ്കിലും സംഭവിച്ചാൽ ” ഓർത്തപ്പോഴെ പ്രാണവെപ്രാളം കൊണ്ടവന്റെ തൊണ്ട വരണ്ടു. ഫ്ലാസ്ക്കിൽ നിന്ന് അൽപ്പം ചൂടുവെള്ളം എടുത്തവൻ കസേരയിലേക്ക് ചാഞ്ഞിരുന്നു . മരണത്തിനും ജീവിതത്തിനുമിടയിൽ ഒരു നൂൽപ്പാലത്തിലൂടെയാണ് പൊയ്കൊണ്ടിരിക്കുന്നത് അതിന്റെ ഇടയിൽ ഇങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ. ആളുകളുടെ മുഖത്ത് എങ്ങനെ നോക്കും? , ഇതുവരെ നടിച്ച മേനിയൊക്കെ പൊളളായിരുന്നു എന്നറിയുമ്പോൾ എന്തായിരിക്കും അവരുടെ പ്രതികരണം?. ഹോ! ഓർക്കുമ്പോഴെ തലചുറ്റുന്നു.

കുറച്ചു ശുദ്ധവായു വേണം എന്ന തോന്നലിൽ ഐവാൻ അച്ചൻ പുറത്തെക്കിറങ്ങി. ഓർക്കുമ്പോഴൊക്കെ ഓർമ്മകൾ ഓടി വരുന്ന വല്ലാത്ത ഒരു രോഗമുണ്ടായിരുന്നയാൾക്ക്. തന്നോട് തന്നെ ചോദ്യങ്ങൾ തൊടുത്തുവിട്ടയാൾ ആ രോഗത്തെ വീണ്ടും ഉണർത്തി. അങ്ങനെ ഒരു കുഞ്ഞുണ്ടായാൽ ആരായിരിക്കും അതിന്റെ അമ്മ ? ഓർക്കാൻ ശ്രമിച്ചപ്പോഴെ സിരകളിൽ ‘നിന്നും രക്തം ത്രസിക്കാൻ തുടങ്ങി. അദ്ദേഹത്തിന്റെ മനസ് ഇളകി മറിഞ്ഞു കൊണ്ടിരിക്കയാണ്. ജീവിതത്തിന്റെ ഏടുകളിൽ കണ്ടുമുട്ടിയ എല്ലാ സ്ത്രികളുടെയും മുഖം അവന്റെ ഓർമ്മഞരമ്പിലൂടെ ഓടിവന്നുകൊണ്ടിരുന്നു.
സംഭവിക്കേണ്ടത് സംഭവിക്കുമെന്ന് പറഞ്ഞ് പണ്ടത്തെപ്പോലെ നിസ്സംഗത പാലിക്കാൻ പറ്റിയ പ്രശ്നമല്ലല്ലോ ഇത്. അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ തന്നിലേക്ക് വഴിക്കണ്ണുകൾ എറിഞ്ഞിരിക്കുന്നവരൊക്കെ കൂട്ടം ചേർന്നാക്രമിക്കും എന്നത് തീർച്ചയല്ലേ.. കേവലം സ്വപ്നമല്ലേ എന്നു ചിന്തിച്ച് തള്ളി കളയാനും മനസ് അനുവദിക്കുന്നില്ല.



അങ്ങനെ പഴയതൊക്കെ തെളിമയോടെ അവനിൽ തികട്ടി വന്നു. ലോകം ഉറങ്ങിക്കിടന്ന ആ നോരത്ത് അയാൾ മറവിയുടെ മാറാലകൾക്കിടയിൽ നിന്നും ഓർമ്മയുടെ ഓരോരോ അടരുകളും ശ്രദ്ധപൂർവം പെറുക്കിയെടുത്തു പുനർ പരിശോധിച്ചു കൊണ്ടിരുന്നു. അപ്പോൾ ആ സ്ത്രീ മുന്നിൽ വന്നു നിൽക്കുന്നതായി അവനു തോന്നി. അവന്റെ കണ്ണുകൾ ആ രാത്രിയിലെ പോലെ വീണ്ടും ഉൽകണ്ഠാകുലമായി. ഹൈസ്കൂൾ കുട്ടികളുടെ ജില്ല കലോത്സവം നടക്കുന്ന കാലം. ആശ്രമത്തിന്റെ പറമ്പിൽ ഒരു വലിയ വരിക്ക മാവ് പഴുത്തു നിൽപ്പുണ്ടായിരുന്നു. അത് പറിക്കാൻ പുറത്തേക്കിറങ്ങുമ്പോളാണ് ആ വിളിവന്നത്

“ഐവാനെ……., സുപ്പിരിയർ അച്ചൻ തന്നെ തിരക്കുന്നുണ്ട്ട്ടോ” റോയി ശെമ്മാശ്ശനായിരുന്നത്. അവൻ വെക്കം നടന്ന് സുപ്പിരിയറച്ചന്റെ മുറിയിലെത്തി.
“വിളിച്ചിരുന്നോ…. ” ഐവാൻ മുറിയുടെ പുറത്ത് നിന്ന് തിരക്കി.
” കയറിവരു” അടഞ്ഞ സ്വരത്തിൽ അച്ചനവനെ മുറിയിലേക്ക് ക്ഷണിച്ചു. അവൻ അകത്തേക്ക് കയറിയതും അദ്ദേഹം കുത്തിച്ചുമച്ചു കൊണ്ട് വായിച്ചിരുന്ന മാഗസിൻ മേശപ്പുറത്തെക്കിട്ടു.
“തനിക്കു തോന്നുന്നതൊക്കെ എഴുതാമെന്നാ?” അയാൾ ശബ്ദം കൂടുതൽ കനപ്പിച്ചു കൊണ്ടു ചോദിച്ചു.
” തോന്നലുകളാണല്ലോ എഴുത്ത് ” അവൻ മറുപടി നൽകി.
“തന്റെ അത്തരം തോന്നലുകൾ ഇവിടെ നടക്കൂല… പുറത്തു പോയി എന്തു തോന്നിവാസം വേണമെങ്കിലും എഴുതിക്കോ, ഇവിടെ ആർക്കും പരാതിയില്ല…” അയാൾ അൽപ്പം കൂടി രോഷാകുലനായി.. ഉറൂബിന്റെ ഗോപാലൻ നായരുടെ താടി എടുക്കാൻ വരുന്ന കുഞ്ചുവിന്റെ ഭ്രാന്ത് മറ്റുള്ളവരിലേക്ക് പകർന്നു കൊണ്ടിരിക്കുന്നതു പോലെയാണ് ചിലരുടെ തോന്നലുകൾ കൈമാറി കൈമാറി ഒടുക്കം ഈ രൂപത്തിലെത്തുക.”ഇതിപ്പോൾ ആരു കൊളിത്തിയ തീയുടെ ചൂടാണോ ആവോ?” അവൻ മുറുമുറുത്തു.
“എന്താടോ?”
“ഒന്നും ഇല്ലച്ചോ” അവൻ ചിരിക്കാൻ ശ്രമിച്ചു.



” പെടിക്കെണ്ടടോ, ഞാൻ തന്നെ ഒന്നു വിരട്ടിയതാ. കഥകൾ നമ്മൾ തിരഞ്ഞെടുക്കുന്നതല്ലല്ലോ, കഥകൾ നമ്മളെ തിരഞ്ഞെടുക്കുന്നതല്ലേ.. താൻ ഇനിയും എഴുതിക്കൊടോ?”അച്ചൻ അഭിമാനത്തോടെ അവന്റെ തോളിൽ തട്ടി. ഐവാന്റെ കണ്ണിൽ നിന്ന് ആനന്ദം ഒലിച്ചിറങ്ങി. ജീവിതത്തിൽ മനുഷ്യർ പാകമാകാത്ത ഒരു ചെറുപ്പക്കാരന്റെ കഥയായിരുന്നു അവൻ മാസികയിൽ എഴുതിയത്. പക്ഷേ ഉൾപ്രേരണയ്ക്കനുസ്യതമായി നടക്കുന്ന ഇതുപോലെ ചില മനുഷ്യർ തന്റെ ജീവിതത്തിനു പാകമാകുന്നുണ്ട് എന്നോർത്തവൻ കൂടുതൽ കൃതജ്ഞതാ ഭരിതനായി.
“ഐവാനെ, തന്നെ ഇപ്പോൾ വിളിച്ചതേ, നമ്മുടെ ജയിംസച്ചന് തീരെ സുഖമില്ല.. അതൊണ്ട് താൻ നമ്മുടെ കലോത്സവം നടക്കുന്ന ഇടം വരെ ഒന്നു പോകണം… മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് നമ്മൾ ആരെങ്കിലും ചെന്നില്ലെങ്കിൽ മോശമല്ലേടോ?”
”ഞാൻ പോകാച്ചോ”ഐവാൻ പൂർണ മനസോടെ സമ്മതം പറഞ്ഞു പുറത്തേക്കിറങ്ങി.

കലോത്സവ വേദി. ഒന്ന് രണ്ട് പരിപാടിയൊക്കെ കണ്ട് കുട്ടികളെ പ്രോത്സാഹിപ്പിച്ചു പോകാനിറങ്ങിയപ്പോൾ സന്ധ്യയായി. അപ്പോഴാണ് ജീന ടീച്ചറെകൂടി ഒപ്പം കൂട്ടണമെന്ന് എലിയാമ്മ ടീച്ചർ പറഞ്ഞത് ഓർത്തത്. മുഷിഞ്ഞും ഒഴിഞ്ഞും കിടന്ന തെരുവിലൂടെ ജീന ടീച്ചറോടൊപ്പം അവൻ ബസ്സ്റ്റാന്റ് ലക്ഷ്യമാക്കി നടന്നു. ടിക്കറ്റ് എടുക്കുമ്പോഴും ബസിറങ്ങുമ്പോഴും ഓട്ടോയിൽ കയറുമ്പോഴും അവർ തമ്മിൽ തമ്മിൽ ഒന്നും മിണ്ടാതെ മൗനം തിന്നിരുന്നു. ഒരു പ്രതിമയാണോ തന്റെ ഒപ്പം യാത്രചെയ്യുന്നത് എന്ന് അതുകൊണ്ടുതന്നെ അവന് തോന്നാതിരുന്നുമില്ല. ഓട്ടോയിൽ അവരെ വീട്ടിൽ എത്തിച്ചതിനു ശേഷം ആശ്രമത്തിലേക്ക് മടങ്ങണമെന്നായിരുന്നു അവൻ തീരുമാനിച്ചുറച്ചിരുന്നത്. പക്ഷേ, ഇതുവരെ മൗനിയായിരുന്നവൾ വീടെത്തിയതും വാ തുറന്നു.
” വീട്ടിൽ കയറിയിട്ടു പോകു, ഒരു കപ്പ് കാപ്പിയിട്ടു തരാം” അവൾ അവനെ വീട്ടിലേക്കു ക്ഷണിച്ചു… വച്ചു നീട്ടിയ സ്നേഹം നിരസിച്ചു പതിവില്ലാത്തതു കൊണ്ടാകാം അവൻ അവളോടൊപ്പം വീട്ടിലേക്ക് നടന്നു. ആ രണ്ടു നില വീട്ടിൽ ടീച്ചർ ഒറ്റക്കായിരുന്നു താമസമെന്ന് അവിടേയ്ക്ക് കയറുന്നത് വരെ അവന് അറിയില്ലായിരുന്നു. അറിഞ്ഞപ്പോൾ ചോദിക്കാതിരുന്നുമില്ല.
“ടീച്ചർ ഇവിടെ തനിച്ചാ..?”
“ഉം” അവർ മൂളുക മാത്രം ചെയ്തു.
“ഇരിക്കൂ, ഞാൻ കാപ്പിയിട്ടു വരാം ” സോഫ ചൂണ്ടിക്കാട്ടി അവൾ പറഞ്ഞു.



അവൻ അവിടെയിരുന്ന് ചുറ്റും നോക്കി മുമ്പിൽ ക്രിസ്തുവിൻ്റെ പുഞ്ചിരിക്കുന്ന രൂപം തൂങ്ങിക്കിടക്കുന്നു, അത് അവന് കുറച്ചു കൂടി സുരക്ഷിത ബോധം നൽകി. അൽപ്പം നേരം കഴിഞ്ഞപ്പോൾ അവൾ സാരിയൊക്കെ മാറ്റി നൈറ്റിയുടുത്ത് ആവി പറക്കുന്ന രണ്ടു ചൂടു കാപ്പിയുമായി വന്നു. അവൻ ഒന്ന് എടുത്ത് പതിയെ മൊത്തി കുടിച്ചു തുടങ്ങി. അവൾ മറ്റെ ഗ്ലാസ് എടുത്ത് അവന്റെ അഭിമുഖമായിരുന്നു.

“എന്തിനാണ് അച്ചൻ പട്ടത്തിനു പോയത് ?” എല്ലാ മനുഷ്യരും പതിവായി തനിക്കു നേരെ തൊടുത്തുവിടുന്ന അതെ ചോദ്യം അവരും ആവർത്തിക്കുന്നത് കണ്ട് അവന് അമർഷം തോന്നി.ഉത്തരം പറഞ്ഞു മടുത്ത ചോദ്യം.

” എന്തോ ഇഷ്ട്ടം തോന്നി.. പോന്നു അത്രതന്നെ” അവൻ മനസില്ലാ മനസോടെ അവളുടെ കണ്ണിൽ നോക്കാതെ ഉത്തരം പറഞ്ഞു. സ്ത്രീകളുടെ കണ്ണിൽ നോക്കി സംസാരിക്കാൻ അവന് പേടിയായിരുന്നു. തന്റെ അമ്മയെപ്പോലെ എല്ലാ സ്ത്രീകളും കണ്ണിലൂടെ തന്റെ രഹസ്യങ്ങൾ വായിച്ചെടുക്കുമോ എന്ന് അവൻ ഭയപ്പെട്ടിരുന്നു. അവൾ ചായ കുടിക്കാതെ അവന്റെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുന്നത് കണ്ട് അവന് വല്ലാത്ത പരിഭ്രമം തോന്നി തുടങ്ങി. അവളുടെ ചുഴിഞ്ഞുള്ള നോട്ടം വളരെ ദുസ്സഹമായിരുന്നു. ആണുങ്ങളുടെ നോട്ടം എത്ര മാത്രം ഒരു പെൺകുട്ടിയെ നോവിക്കുന്നുവോ അതിനേക്കാൾ തീവ്രമാണ് തനിച്ചിരിക്കുന്ന ഒരു സ്ത്രീയുടെ ചുഴ്ന്നു നോട്ടം. സ്നേഹത്തിനു വേണ്ടിയുള്ള അവന്റെ വിശുദ്ധ ദാഹത്തേയവൾ ചൂക്ഷണം ചെയ്യാൻ ഒരുങ്ങുകയാണോ എന്നവൻ ഭയപ്പെട്ടു. എങ്കിലും അവൾ സുന്ദരിയായിരുന്നു..

“ടീച്ചറുടെ മാതാപിതാക്കളൊക്കെ?” ഉള്ളിലെ പേടി മറക്കാൻ അവൻ ചോദിച്ചു.
“ചാച്ചനും അമ്മയും അങ്ങു കോട്ടയത്താണ്, ഭർത്താവുമായി പിരിഞ്ഞു ഇപ്പോൾ തനിച്ചാണ് താമസം” അവൾ ചെറു പുഞ്ചിരിയോടെ പറഞ്ഞു.. ഉത്തരം കേട്ടവൻ കൂടുതൽ വിയർത്തു. ചായ വേഗം കുടിച്ച് മടങ്ങാൻ മനസ് പ്രേരിപ്പിച്ചു കൊണ്ടിരുന്നു.
” ഞാൻ ഒരു കാര്യം ചോദിക്കട്ടെ, ശെമ്മാശ്ശനോട് ” അവർ ശൃംഗാരം കലർന്ന ശബ്ദത്തിൽ പറഞ്ഞു.
” ഉം” അവൻ മൂളി.
” വിലക്കപ്പെട്ടതിനോട് എന്തുകൊണ്ടാണ് ആളുകൾക്കിത്ര കണ്ട് മോഹം തോന്നുന്നത്? ” ആ ചോദ്യം അവന് വല്ലാത്ത ആശ്വാസം നൽകി. ആ ചോദ്യത്തിൽ തന്നെ ദംശിക്കാൻ കാത്തിരിക്കുന്ന സർപ്പത്തെ തിരിച്ചറിയാൻ കഴിഞ്ഞില്ല. പുഞ്ചിരിയോടെ മറുപടി നൽകി:” ചെയ്യാരുതെന്ന് പറയുന്നത് ചെയ്യുമ്പോളാണ് മനുഷ്യന് കൂടുതൽ രസം കിട്ടുന്നത്. ഇവിടെ തുപ്പരുത് എന്ന് എഴുതിയാൽ നമ്മുടെ ആളുകൾ അവടെ തുപ്പും അത് അവർക്ക് ഒരു തരത്തിലുള്ള ആത്മസംതൃപ്ത്തി നൽകും എന്നു തോന്നുന്നു.”
ഉത്തരം കേട്ട് അവൾ ചിരിച്ചു. അവന് കുറച്ചു കൂടി അവളോട് അടുപ്പം തോന്നി.
“ശെമ്മാശ്ശൻ സോർബ വായിച്ചിട്ടുണ്ടോ?” അവൾ തിരക്കി.
” ഇല്ലാ ” എന്ന വൻ മറുപടി നൽകി.
” വായിച്ചിട്ടില്ലായെങ്കിൽ വായിക്കണം, ജീവിക്കുക എന്നതിൽക്കവിഞ്ഞ് യാതൊരു ലക്ഷ്യവും ജീവിതത്തിനില്ലെന്നറിയുന്നിടത്താണ് ജീവിതം ആരംഭിക്കുന്നത് ” അവൾ പറഞ്ഞു..
അവൻ അത് ശരിവെച്ചു.
“എനിക്കയാളോട് ഭയങ്കര അസൂയയാണ് , ഒരിക്കലെങ്കിലും ഒരു സോർബയാകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കാറുണ്ട്, നിങ്ങൾ ചെറുപ്പമാണ്.. ഈ യൗവനം പാഴാക്കരുത്”
അവൻ ചിരിച്ചു ഒപ്പം അവളും



“ശെമ്മാശ്ശാ എനിക്ക് ഇപ്പോൾ വിലക്കപ്പെട്ട ഒന്ന് സ്വന്തമാക്കണമെന്നു തോന്നുന്നു.. അതിനോട് വല്ലാത്ത പ്രേമം തോന്നുന്നു.”
“എന്താണത്? അവന്റെ കണ്ഠമിടറി..
അവൾ അവനോട് കൂടുതൽ ചേർന്നു വന്നു കൊണ്ടിരുന്നു.. പതിവിനു വിരുദ്ധമായി ഒരു സ്ത്രീയുടെ കണ്ണിൽ നിന്നും അവനവളുടെ ആഗ്രഹത്തെ വായിച്ചെടുത്തു. ഇരുപത്തിരണ്ടാം വയസിൽ ഉള്ളിലും പുറത്തും ഇരുട്ടു കയറി അവൻ സ്തബ്ധനായി നിന്നു പോയി… അവൾ കൂടുതൽ അടുത്തു വന്നു കൊണ്ടിരിക്കയാണ്…. ഒലിച്ചിറങ്ങിയ വിയർപ്പുകണങ്ങൾ അവന്റെ ശരീരത്തിന്റെ താപമേറ്റ് ആവിയായി പറന്നു കൊണ്ടിരുന്നു. യൗവനത്തിന്റെ ആദ്യ ശതകങ്ങളിൽ തന്നെ ഇതു വരെ അനുഭവിക്കാത്ത ഒരു സ്ത്രീയുടെ രുചിയും ഗന്ധവും തന്നോടു കൂടുതൽ ചേർന്നു വരുന്നു. തന്നേക്കാൾ പ്രായമുള്ള സ്ത്രീ. തന്റെ കുഞ്ഞിനേ പോലെ തന്നെ ഓമനിക്കുമോ?… വിവാഹമോചിതയാണ്.. അവളുടെ ആദ്യ ഭർത്താവിനെ ആകുമോ അവൾ തന്നിൽ തിരയുക? അധ്യാപികയാണവൾ, പാഠങ്ങൾ പഠിച്ചിട്ടില്ലാത്ത കുട്ടിയാണെന്നറിയിമ്പോൾ ചൂരൽ കൊണ്ട് അവൾ തന്റെ പുറം പൊളിക്കുമോ? അവന്റെ സിരകൾ തിളച്ചു.. അടിവയറ്റിൽ നിന്നും എന്തോ വല്ലാതെ ആളി കത്തി കൊണ്ടിരുന്നു…. അവളുടെ ചുണ്ടുകൾ കടുതൽ ചേർന്നു വന്നു… ആദ്യ ചുംബനത്തിന്റെ ലഹരിയിലേക്ക് ആഴ്ന്നിറങ്ങാൻ തുടങ്ങിയതും… “എങ്ങനെയാണ് ഒരാൾക്ക് ഒരു തുള്ളി ജലം ഒരിക്കലും വറ്റാതെ സൂക്ഷിക്കാൻ കഴിയുക” എന്ന് തലയിലിരുന്ന് ഒരു ചെകുത്താൻ പറയുന്നത് കേട്ടു. “സത്യമാണെന്ന് തോന്നുന്നത് സത്യമാണെന്നതിന് എന്ത് തെളിവ് ?” സ്വയം ചോദിച്ചവൻ അവളുടെ ജിജ്ഞാസതകളെ ഒരു നിമിഷം കൊണ്ടു തട്ടിമാറ്റി പുറത്തെക്കിറങ്ങി പിൻതിരിഞ്ഞു നോക്കാതെ ഇരുട്ടിലേക്ക് ഇറങ്ങി നടന്നു.. “അഭിനിവേശം എങ്ങനെയാണ് സ്നേഹമാകുന്നത്? അവൻ സ്വയം ചോദിച്ചു. അന്ന് രാത്രിയിൽ ഒന്നും സംഭവിച്ചില്ലല്ലോ എന്ന് അവൻ ആശ്വസിച്ചു. പക്ഷേ അടുത്തിരുന്നു മറ്റൊരു ചെകുത്താൻ അവനെ പരിഹസിച്ചു. ” ജീന ടീച്ചർക്കു മാത്രമല്ലല്ലോ സന്താനോത്പാദന ശേഷിയുള്ളത്?

കപ്യാര് ഗബ്രിയേൽ ചേട്ടൻ തട്ടി വിളിച്ചപ്പോൾ പെടുന്നനെ അവൻ ഓർമകളിൽ നിന്ന് തിരിച്ചു വന്നു. ആറു മണിയുടെ കുർബാന തുടങ്ങാൻ നേരമടുത്തു എന്ന് അയാൾ ഓർമ്മപ്പെടുത്തി. അവൻ പെട്ടെന്ന് മുറിയിൽ കടന്ന് പ്രഭാതകർമ്മങ്ങൾ നടത്തി ളോഹയുടുത്ത് പുറത്തെക്കിറങ്ങി. മുഖം പ്രസന്നമാക്കാൻ എന്നും ചെയ്തിരുന്നതൊക്കെ ചെയ്യാൻ മറന്നു. എങ്ങനെയെങ്കിലും കുർബാന ചൊല്ലി തീർക്കണമെന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു. മനസാക്ഷിയുടെ ഭാരം വലിയ ഒരു ചുമടു പോലെ നെഞ്ചിൽ ഏറി വന്നതുകൊണ്ടവൻ വല്ലാതെ തളർന്നിരുന്നു.



കുർബാന കഴിഞ്ഞിറങ്ങിയപ്പോൾ പലരും വന്നു പറഞ്ഞു ” അച്ചന്റെ കുർബാനക്ക് പഴയ തീക്ഷ്ണതയുണ്ടായില്ല , അനുഭവമായില്ല”. അവൻ ആരെയും ഗൗനിക്കാൻ നിന്നതെയില്ല. കാരണം , ഇപ്പോഴും ആ സ്വപ്നത്തിൽ തന്നെ മനസ് ഉടക്കി കിടക്കയാണ്. പള്ളി ശൂന്യമായിട്ടും അവന്റെ ചങ്കിടിപ്പു നിലച്ചില്ല ഏറ്റെടുക്കണ്ട അപമാന ഭാരത്തിന്റെ തീവ്രതയോർത്ത് അവൻ നീറി നീറി പുകഞ്ഞുകൊണ്ടിരുന്നു. അയാളുടെ അസ്വസ്ഥമായ മനസ് പിറുപിറുത്തു കൊണ്ട് ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് സഞ്ചരിച്ചു കൊണ്ടിരുന്നു. മുറിയിലേക്ക് കയറിയപ്പോൾ തന്നെ ആദ്യം പ്രേമം തോന്നിയ പെൺകുട്ടിയെ ഓർത്തെടുക്കാൻ ശ്രമിച്ചു പക്ഷേ, പ്രേമം കേവലം പ്രേമം മാത്രമായതുകൊണ്ടായിരിക്കാം അവളുടെ മുഖം മാത്രം ഓർമയിൽ തെളിഞ്ഞില്ല. അവളുമല്ല തീർച്ച, പിന്നെയോ? ആര്? തന്റെ സ്വപ്നങ്ങൾ ഒന്നും നടക്കാതിരുന്നിട്ടില്ല. മുപ്പത്തിമൂന്നാം വയസിൽ താൻ ഒരപ്പനാകുമെന്ന സ്വപ്നം..
“ഈശ്വരാ…. എന്താണ് ഇതിനെ വെറും ഒരു സ്വപനം എന്നു പറഞ്ഞു തള്ളികളയാനാകാത്തത് ”
ഉള്ളുലഞ്ഞു കൊണ്ടിരിക്കെ അവൻ മൗനത്തിലേക്കാണ്ടു. “ഹൃദയത്തിന്‍റെ നിറവില്‍ നിന്നാണല്ലോ അധരം സംസാരിക്കുന്നത്. (ലുക്കാ, 6: 43-45)”.വചനം അവന്റെ മനസിൽ തെളിഞ്ഞു.

” ബുദ്ധദേവന് പോലും 29 വയസുവരെ ലൗകിക ജീവിതം അനുവദിക്കപ്പെട്ടില്ലേ? ബുദ്ധന്റെ ബോധോദയം പോലും അദ്ദേഹത്തിന്റെ ലൗകിക ജീവിതത്തിന്റെ പരിണിത ഫലമല്ലേ?” അത്താഴം കഴിക്കുന്നതിനിടയിൽ അവൻ വികാരി അച്ചനോട് ചോദിച്ചു.
“ചിലതിനെ സ്വന്തമാക്കിയാലല്ലേ അതിനെ പൂർണ മനസോടെ പരിത്യജിക്കാൻ കഴിയുകയുള്ളു”. വികാരി തന്റെ പാത്രത്തിൽ നിന്ന് ഓംലേറ്റ് ഫോർക്കിൽ കുത്തി അകത്താക്കുന്നതിനോടൊപ്പം പറഞ്ഞു.



പിന്നിട് തന്റെ മുറിയിലെത്തി ഡയറിതാളുകളിൽ ഐവാൻ അച്ചൻ ഇങ്ങനെ കുറിച്ചിട്ടു.
എന്താണ് എന്നെ അലട്ടുന്ന പ്രശ്നം ? അച്ചടക്കവും ശിക്ഷണവും നിറഞ്ഞ സെമിനാരി ജീവിതം കഴിഞ്ഞ് കിട്ടുമെന്ന് പ്രതിക്ഷിച്ച ആനന്ദം ഇപ്പോൾ ലഭിക്കുന്നില്ല. ബ്രഹ്മചര്യവും, ദാരിദ്രവും, അനുസരണവും വ്യതമായി അനുഷ്ഠിച്ചാൽ കിട്ടുമെന്നു വാഗ്ദാനം ചെയ്യപ്പെട്ട ആത്മസംതൃപ്തി അനുഭവപ്പെടുന്നില്ല. ഇതാണ് കാരണം ഇതു മാത്രമാണ് കാരണം. അവൻ എഴുത്തു നിറുത്തി തലക്ക് കയ്യ് വെച്ചിരുന്നു.

അവന്റെ ശരീരത്തിൽ അഡ്രിനാലിൻ കൂടുതൽ ശ്രവിക്കപ്പെടുകയും മാംസപേശികൾ കൂടുതൽ വലിഞ്ഞു മുറുകാനും തുടങ്ങി… വല്ലാത്ത പിരിമുറുക്കം. ഇനി എന്ത് ?എന്ന ചോദ്യം കഴുകനെപ്പോലെ ആക്രമിച്ചുകൊണ്ടിരിക്കുന്നു. പ്രേമമില്ലാത്ത ജീവിതം അർത്ഥശൂന്യമാണെന്നും ജീവിതമില്ലാത്ത പ്രേമം പിന്നെയും അർത്ഥവത്താണെന്നും ആരോക്കയോ അവന്റെ ചുറ്റും നിന്ന് മൂളുന്നതായി തോന്നുന്നു… ജീവിതത്തിന്റെ വിശാലത അവനെ ഹഠാദാകർഷിച്ചു കൊണ്ടെയിരിക്കുകയാണ്. ഈ ലോകത്തിലെ ഒട്ടുമിക്ക മനുഷ്യരെ പോലെ അവനും ഭ്രമിക്കപ്പെട്ടിരുന്നു. എല്ലാരെയും പോലെ അവനും എന്തിനൊക്കയോ വേണ്ടി ആശിച്ചു കൊണ്ടിരുന്നു. ശരിക്കും പറഞ്ഞാൽ അവൻ സമാധാനമില്ലാതെ തേടിക്കൊണ്ടിരിക്കുന്നവരിലൊരാളായി.



“ജീവിക്കാത്ത ജീവിതത്തെയാണ് ഭയപ്പെടെണ്ടത് ” പെടുന്നനെ ഒരു അശരീരി സ്വർഗത്തിൽ നിന്നും മുഴങ്ങി. അവനിൽ ദു:ഖം കൂടുതൽ ഘനിഭവിച്ചു.. കടുത്ത ശൂന്യതയും തളർച്ചയും തന്നെ ഇല്ലാതാക്കികൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവിൽ അവൻ ദേവാലയത്തിലേക്ക് ഓടി. ക്രൂശിതന്റെ മുമ്പിൽ ഇരു കരങ്ങൾ ഉയർത്തി
” അല്ലയോ ദൈവമേ, ജീവിതത്തിന്റെ അന്തർധാരയിലിരിക്കുന്ന പൊരുൾ എനിക്ക് വെളിപ്പെടുത്തി തരിക”
പിന്നീടവൻ മൗനമായി.. മൗനം അവനോട് സംസാരിച്ചു തുടങ്ങി … എങ്ങനെ ജീവിച്ചാൽ ശരിയായ ജീവിതമാവുമെന്നവൻ സ്വന്തം ആത്മാവിനോട് ചോദിച്ചു . ഉള്ളിലെ പരം പൊരുൾ അവന് വെളിപ്പെട്ടു.. ജീവിച്ചു ജീവിച്ചു ജീവിതത്തെ തൊടാൻ അത് അവന് ശക്തി നൽകി.ഇതുവരെ താൻ മറ്റാർക്കോ വേണ്ടി ജീവിക്കുകയായിരുന്നു. മറ്റാരുടെയോ ആത്മിയത ചുമക്കുകയായിരുന്നു. റൂമിയും, ക്രിസ്തുവും നബിയും അവർ അവരായിരുന്നതു പോലെ അവനും അവനായിരിക്കാനുള്ള വിളിയാണ് തന്റേതെന്നും, അത് ഇത്ര നാൾ മനസിലാക്കാൻ കഴിയാതെ പോയതാണ് തന്റെ അരക്ഷിതാവസ്ഥകൾക്കു കാരണമെന്നും അവന് ബോധ്യമായി. അവൻ സ്വയം വെളിച്ചമായി തനിക്കു തന്നെ പ്രകാശമായി.. സ്വപ്നത്തിൽ കണ്ടതുപോലെ മുപ്പത്തിമൂന്നാം പിറന്നാളിൽ സന്യാസിയായിരിക്കെ തന്നെ വിശാലമായ ഒരു ആത്മിയതക്ക് അവൻ ജന്മം നൽകി. അവന്റെ സ്വന്തം ബീജത്തിൽ പിറന്ന കുഞ്ഞ്.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here