സുലു കരുവാരക്കുണ്ട്
നീ പിരിഞ്ഞതിൽ പിന്നെ
നിന്നോളം ആഴത്തിൽ
വേരാഴ്ന്ന് പോയിട്ടില്ല
ഒരു ബന്ധവും…
അത്രമേൽ മൃദുവായി
ചുംബിച്ചിട്ടില്ല ഒരു
പൂവിലും…
അത്രമേൽ ചേർന്ന് നിന്നിട്ടില്ല
ഒരു ഹൃദയത്തിലും….
അത്രമേൽ കോർത്തു പിടിച്ചിട്ടില്ല
ഒരു വിരലിലും…
അത്രമേൽ തീവ്രമായി
നോക്കിയില്ല ഒരു കണ്ണിലേക്കും…
അത്രമേൽ വാചാലമായിട്ടില്ല
ഒരു മഴയോടും…
അത്രമേൽ കുളിരറിഞ്ഞില്ല
ഒരു മഞ്ഞിലും…
അത്രമേൽ ഉഷ്ണിച്ചില്ല
ഒരു വേനലിലും…
അത്രമേൽ ആഗ്രഹത്താൽ കണ്ടില്ല
ഒരു ഉദയാസ്തമയവും..
അത്രമേൽ ആഴത്തിൽ
ഉറങ്ങിയിട്ടില്ല
ഒരു നിശയിലും…
അത്രമേൽ ഇഷ്ടത്തോടെ
യാത്ര പോയിട്ടില്ല ഒരു ഇടങ്ങളിലേക്കും…
അത്രമേൽ ആഗ്രഹത്തോടെ
മിണ്ടിയില്ല
സ്വപ്നങ്ങളിൽ പോലും…
നിറയെ നീയുള്ള പാട്ടുകളിൽ പോലും
മറന്നു വെച്ചിരുന്നു നിന്നെ..
നീ നിറഞ്ഞ വരികളെപ്പോഴോ നിനക്കും മുമ്പേ
പടിയിറങ്ങി പോയിരുന്നു…
അത്രമേൽ നീയെന്നിൽ
നിറഞ്ഞു നിൽക്കുമ്പോഴും,
ശൂന്യമായൊരു നേരവും
കാലവും
പെയ്യാൻ മറന്നൊരു മഴ പോലെ
എന്നിൽ ബാക്കിയാവുന്നു.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.