അഴലേകിയ വേനൽ പോമുടൻ

0
223

(കഥ)

ഗ്രിൻസ് ജോർജ്

‘അഴലേകിയ വേനൽ പോമുടൻ, മഴയാം ഭൂമിയിലാണ്ടു തോറുമേ..പൊഴിയും തരുപാത്രമാകവേ വഴിയേ പല്ലവമാർന്നു പൂത്തിടും..’
ഞാൻ വീണ്ടും വീണ്ടും ആ വരികളിലേക്കു നോക്കി. ഒടുക്കം കണ്ണുനീർപാട വന്നു മൂടി കാഴ്ച മങ്ങിയപ്പോൾ നോട്ടം അവസാനിപ്പിച്ചു. എനിക്കാ വരികൾ നല്ല പരിചിതമായി തോന്നി. എന്നാൽ എത്ര ശ്രമിച്ചിട്ടും എവിടെയാണത് വായിച്ചതെന്ന് ഓർമ്മ കിട്ടിയില്ല. കൂടുതൽ ഓർക്കാൻ ശ്രമിക്കുംതോറും ചിന്തകൾ ഒരു പരൽമീനിനെ പോലെ പിടി തരാതെ തെന്നി മാറിക്കൊണ്ടേയിരുന്നു. ഫേസ്ബുക്കിന്റെ പരിമിതമായ ജാലകത്തിലൂടെ റോജസ് മാഷ് എന്നെ നോക്കി ചിരിച്ചു. ചിരി തന്നെയാണോ? അറിയില്ല. റോജസ് മാഷ് കണ്ണുകൾ കൊണ്ടു ചിരിച്ചിരുന്ന മനുഷ്യനാണ്. മനുഷ്യൻ ഉള്ളു തുറന്നു ചിരിക്കുന്നത് കണ്ണു കൊണ്ടാണെന്ന് പപ്പാ പണ്ടു പറയുമായിരുന്നു. കവർഫോട്ടോയിൽ റോജസ് മാഷ് കണ്ണട വച്ചിട്ടുണ്ട്. കറുത്ത കട്ടി ഫ്രെയിമുള്ള കണ്ണട. ഫോട്ടോയിൽ ടച്ചു ചെയ്തു നോക്കി. ഇല്ല. പ്രൊഫൈൽ ലോക്കഡാണ്. അറിയാതെ വിരൽ മെല്ലെ ഫ്രണ്ട്റിക്വസ്റ്റിന്റെ ഓപ്ഷനിലേക്കു നീണ്ടു. അടുത്തനിമിഷം കൈകളിൽ വല്ലാത്തൊരു മരവിപ്പ് പടർന്നു. മരണത്തിന്റെ തണുപ്പ് വിരലിൽ കൂടി മെല്ലെ അരിച്ചു തുടങ്ങി കൈകളിൽ കൂടി പിച്ച വച്ച് ഹൃദയത്തിൽ കാലുകൾ വിടർത്തി ഞണ്ടിറുക്കമായി പരിണമിക്കുന്നത് ഞാനറിഞ്ഞു.
റോജസ് മാഷ് മരിച്ചു. ലോക്ക് ചെയ്തിട്ട ആ പ്രൊഫൈലിന്റെ അങ്ങേ തലയ്ക്കൽ എന്റെ ഫ്രണ്ട് റിക്വസ്റ്റ് അക്സെപ്റ്റ് ചെയ്യാൻ ഇനി റോജസ് മാഷിനു കഴിയില്ല. ലോക്ക് ചെയ്ത പ്രൊഫൈലിലെ ഫ്രണ്ട് ലിസ്റ്റിലിരുന്ന് മ്യൂച്ചൽഫ്രണ്ട്സ് എന്നെ നോക്കി ചിരിച്ചു. റോജസ് മാഷ് ഇപ്പോഴും ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. അറിഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ പഴയ മലയാളം ക്ലാസിലെന്ന പോലെ കുമാരനാശാന്റെ കവിതകളിലെ നവോത്ഥാന ചിന്തയെ കുറിച്ച് ഞങ്ങൾ മെസഞ്ചറിൽ കൂടി വീണ്ടും ചർച്ച ചെയ്തേനെ. ‘മധുവൂറും പദ നിരയാൽ’ ചിന്തയിൽ വീണ്ടും അനുഭൂതി നിറച്ചേനെ. റോജസ് മാഷിനെ ആദ്യമായി ഞാൻ കാണുന്നത് ഒരു ഉച്ചനേരത്താണ്. ഉച്ചഭക്ഷണത്തിന്റെ ആലസ്യത്തിൽ മയങ്ങിയിരുന്ന ക്ലാസിലേക്ക് പടർന്നു കയറുന്ന സോളിഡ് പെർഫ്യൂമിന്റെ കടുത്ത ഗന്ധമറിഞ്ഞാണു ഞാൻ ജനാല വഴി വരാന്തയിലേക്കു നോക്കിയത്. വെളിമാനംസ്കൂളിലെ ഒമ്പതാംക്ലാസിന്റെ ഭൂമിക്കടിയിലുള്ള നീളൻവരാന്തയിൽ എപ്പോഴുമൊരു ഇരുട്ടാണ്. വരാന്തയ്ക്കുമപ്പുറം അസംബ്ലിഗ്രൗണ്ടിന്റെ അതിരായ മൺതിട്ടയിൽ നിറയെ ആദവും ഹവ്വായും പൂവിട്ടു നിന്നു. പെയ്തു മതി തീരാത്തയൊരു മഴ നിത്യകല്യാണികളുടെ ഇതളുകളിൽ പിന്നെയും ഉരുണ്ടുകൂടുന്നത് ഞാൻ കണ്ടു.
ചിത്രീകരണം: മിഥുന്‍ കെ.കെ
“ദേടീ പുതിയ മലയാളം മാഷ് പോകുന്നു.” ഗേൾസിന്റെ നിരയിൽ നിന്നും ആരോ പറയുന്നു.
“ആളൊരു ചുള്ളനാണല്ലോ..”
“നല്ല പൊക്കം.. പക്ഷേ തല ഒട്ടകത്തിന്റേതു പോലാ..”
ക്ലാസിൽ പടരുന്ന കൂട്ടച്ചിരി.
പിറ്റേദിവസം ആ മുഖം ഞാൻ വ്യക്തമായും കണ്ടു. ഫ്രീ പിരിയഡിൽ മാഷ് ഞങ്ങളുടെ ക്ലാസിലേക്കു കയറി വന്നു. നല്ല പൊക്കം, ഷേവ് ചെയ്തിട്ട് ഒരാഴ്ച കഴിഞ്ഞെന്നു തോന്നിക്കുന്ന മുഖം. കൂട്ടുപുരികങ്ങൾക്കു താഴെ കറുത്ത ഫ്രെയിമുള്ള കട്ടിക്കണ്ണട.
പിന്നെ, പിന്നെ സോളിഡ് പെർഫ്യൂമിന്റെ ഗന്ധവും..
“ദേ നോക്കെടീ…” പെമ്പിള്ളേരിലൊരുവൾ അടുത്തിരുന്നവളെ തോണ്ടി.
“പോടീ ” – ആരുടെയോ അടക്കിച്ചിരി.
‘ദാഹിക്കുന്നു ഭഗിനീ, കൃപാരസ-
മോഹനം കുളിർ തണ്ണീരിതാശു നീ
ഓമലേ, തരു തെല്ലെന്നതു കേട്ടൊ-
രാ മനോഹരിയമ്പരന്നോതിനാൾ:-
അല്ലല്ലെന്തു കഥയിതു കഷ്ടമേ!
അല്ലലാലങ്ങു ജാതി മറന്നിതോ?’
ഒരു കാലഘട്ടത്തിൽ സമൂഹത്തിൽ നിലനിന്നിരുന്ന ജാതിവ്യവസ്ഥതിക്കെതിരെ വാളായി മാറിയ കുമാരനാശാന്റെ വരികൾ. എന്തു ശബ്ദമാണ് മാഷിന്. ഭാഷയിൽ അഗാധപണ്ഡിത്യം. വീണ്ടും മാഷിനെ കണ്ടു. നീളൻവരാന്തയുടെ അങ്ങേയറ്റത്തെ കൂറമണമുള്ള പുസ്തകങ്ങളുടെ ഇടയിൽ, തുരുമ്പിച്ച ഇരുമ്പുടാപ്പിനരികിൽ പാത്രം കഴുകാൻ പോയപ്പോൾ. ആദ്യവെള്ളിയാഴ്ചകളിൽ വെളിമാനംപള്ളിയിലെ വിശുദ്ധകുർബാനയിൽ അടുത്തടുത്തു നിന്നു ഞങ്ങൾ ഈശോയെ സ്വീകരിച്ചു.
ആർട്സ്ഡേയിൽ വലിയ ചാർട്ടുപേപ്പറിൽ നിറങ്ങളുപയോഗിക്കാതെ മാഷ് വരച്ച മഹാകവികളുടെ – കുമാരനാശാന്റെ ചിത്രങ്ങൾ ഉള്ളിൽ ആരാധന നിറച്ചു. എങ്കിലും മാഷിനെ ശരിക്കുമറിയുന്നത് കുറച്ചു നാളുകൾക്കുശേഷമാണ്. ആ കാലത്ത് എനിക്കൊരു വൺസൈഡ് പ്രണയമുണ്ടായിരുന്നു. ഗേൾസിന്റെ മധ്യനിരയിൽ അങ്ങേയറ്റത്തിരിക്കുന്ന വെളുത്തുമെലിഞ്ഞയൊരു പെങ്കൊച്ച്. വിരസമായ ഫ്രീ പിരിയഡുകളിൽ അവളെയും നോക്കിയിരുന്ന് ഉത്തമഗീതങ്ങൾ അയവിറക്കുന്നത് എന്റെ പതിവായിരുന്നു.
‘എന്റെ പ്രിയേ, നീ സുന്ദരി, നീ സുന്ദരി തന്നേ; നിന്റെ കണ്ണു പ്രാവിന്റെ കണ്ണുപോലെ ഇരിക്കുന്നു..’
പ്രണയം മണലേക്കാരുടെ മിഷൻപുരയിൽ മഞ്ഞഡിന്നിലടച്ചു വച്ചിരിക്കുന്ന ആസിഡ് പോലെയാണെന്ന് എനിക്കറിയില്ലായിരുന്നു. മരണത്തിന്റെ കയ്പ്പാണെന്നറിയാമെങ്കിലും ആസിഡ് ഒരിക്കലെങ്കിലും കുടിച്ചുനോക്കണമെന്നു തോന്നാത്തവർ ആരാണുള്ളത്?
പക്ഷേ ഒരു ക്ലാസ് മുഴുവൻ നോക്കി നിൽക്കേ അവളെന്റെ മുഖത്താഞ്ഞടിച്ചു.
“അവസാനിപ്പിച്ചോ നിന്റെ വായിൽ നോട്ടം”
അവളുടെ വിരൽത്തുമ്പ് എന്റെ കണ്മുന്നിൽ ചുവന്നു. മാനം പോയി. മലയാളംക്ലാസിലെ ബുജി ഇനിയെങ്ങനെ തലയുയർത്തി നടക്കും. അന്നു നല്ല മഴയുള്ള ദിവസമായിരുന്നു. ബ്ലെസി സിസ്റ്റർ ബോർഡിൽ വരച്ചിട്ട സമചതുരംപോലെയുള്ള സ്കൂൾമുറ്റം മഴയിൽ കരഞ്ഞു. ചരൽ വിരിച്ച മുറ്റത്തിനുമപ്പുറം റബർമരങ്ങൾ കാറ്റിലിളകി. നടക്കുകയാണോ ഓടുകയായിരുന്നോ? എനിക്കോർമ്മയില്ല. വാഹനങ്ങളുടെ നിർത്താതെയുള്ള ഹോണടി കേൾക്കാം. മഴയിൽ ചിതറുന്ന ഹെഡ്ലൈറ്റ് വെളിച്ചത്തിന്റെ മഞ്ഞപ്പൂക്കൾ. ഞാൻ ഒരു സ്വപ്നത്തിലെന്നവണ്ണം നടന്നു. ഒരു ബുള്ളറ്റിന്റെ ഇരമ്പം കേൾക്കാം. നടത്തം ഒന്നുകൂടി റോഡിനു നടുവിലൂടെയായി.
ചിത്രീകരണം: മിഥുന്‍ കെ.കെ
‘മധുരമല്ലാത്തൊരെൻ മൗനഗാനത്തിൽ മദതരളമാം മാമരക്കൂട്ടമേ.. പിരിയുകയാണിതാ ഞാനൊരധകൃതൻ, കരയുവാനായി പിറന്നൊരു കാമുകൻ!’
മനസ്സിൽ മുഴുവൻ ഇടപ്പള്ളിയാണ്. എന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു. ആ കവിതയേതെന്ന് ഓർത്തെടുക്കാൻ ശ്രമിച്ചുകൊണ്ടു മഴയിലൂടെ ഞാൻ കാലുകൾ വലിച്ചു നടന്നു. റോഡിന്റെ ഇടതുവശത്തൊരു കൈത്തോട് കുലംകുത്തിയൊഴുകുന്നുണ്ട്. ചെളിവെള്ളം നിറഞ്ഞ തോടിനുമപ്പുറം അറയ്ക്കക്കാരുടെ പാടശേഖരങ്ങൾക്കു മുകളിൽ മഴ നിർത്താതെ പെയ്തുകൊണ്ടിരുന്നു. ഈ പാടശേഖരം എനിക്കൊരുപാട് ഇഷ്ടമാണ്. കണക്കുടീച്ചർ മിനിജ ടീച്ചർ ബ്ലാക്ക്ബോർഡിൽ വൃത്തത്തിന്റെ ആരവും വ്യാസവും കണ്ടെത്താൻ പെടാപ്പാടു പെട്ടയൊരു അറുബോറൻ പിരിയഡിൽ ഞാൻ ഒരു സ്വപ്നത്തിൽ അവൾക്കൊപ്പം ഇവിടെയെത്തി മഴ നനഞ്ഞിട്ടുണ്ട്. അന്നത്തെ മഴയ്ക്ക് ഒരു പൂവിന്റെ മൃദുലതയായിരുന്നു. എന്നാൽ ഇന്നതൊരു കടന്നൽ കുത്താണ്. എന്റെ മുഖത്തെ ചിരി മാഞ്ഞു. പച്ച പാടശേഖരങ്ങൾക്കു നടുവിൽ ആകാശത്തുനിന്നും ദൈവം വലിച്ചെറിഞ്ഞ മേഘക്കഷ്ണം പോലെ മൂടൽ മഞ്ഞു വീണു നിറയുന്നു. എന്റെ മനസ്സിലും ആ മൂടൽമഞ്ഞിന്റെ ഉള്ളുപോലെ വല്ലാത്തൊരു ശൂന്യത നിറഞ്ഞു.
ബുള്ളറ്റിന്റെ ഇരമ്പൽ. ഏതോ കവിതയിലെ അവസാനവരികളുടെ താളത്തിലെന്നവണ്ണം എനിക്കരികിൽ അത് നിശ്ശബ്ദമാകുന്നത് ഞാനറിഞ്ഞു. സോളിഡ് പെർഫ്യൂമിന്റെ ഗന്ധം..
ഫെബ്രുവരി പ്രണയത്തിന്റെ മാസമാണ്. വെളിമാനംസ്കൂളിന്റെ മഞ്ഞനിറമുള്ള ഗെയിറ്റിനു മുകളിൽ ഗുൽമോഹറുകൾ ചുവന്നു പൊഴിയുന്ന ദിവസങ്ങൾ. ഒമ്പതാംക്ലാസിന്റെ വരാന്തയിലെ പഞ്ചാരമുക്കിൽ കളർ ചോക്കിനാൽ കമിതാക്കൾ പ്രണയചിഹ്നം വരച്ച് പേരുകൾ കോറിയിടുന്ന ഇന്റർവെല്ലുകൾ. പക്ഷേ എന്റെ ഉള്ളിൽമാത്രം ആളൊഴിഞ്ഞ ക്ലാസ്മുറിയുടെ നിശ്ശബ്ദതയാണ്. എന്നാൽ അതിനെയൊരു നീരാളിപ്പിടുത്തമായി വളർത്താൻ റോജസ്മാഷ് സമ്മതിച്ചില്ല. പല്ലിയെയും, ഓന്തിനെയും ചില്ലുഭരണയിൽ അടച്ചു വച്ചിരിക്കുന്ന കെമിസ്ട്രിലാബിൽ വച്ച് മാഷ് എന്നോടു നിരന്തരം സംസാരിച്ചു. സ്കൂൾ വിട്ടു കഴിഞ്ഞ് ജനുവേട്ടന്റെ തട്ടുകടയിൽ നിന്നും ഉള്ളിവട വാങ്ങി തന്നു. പള്ളിക്കു പുറകിലെ സെമിത്തേരിയെ വാരിപ്പുണർന്നു പോകുന്ന മൺപാതയിലൂടെ ഞങ്ങൾ ചുമ്മാ നടന്നു നീങ്ങി.
“ഈ ഭൂമിയിലെ ഏറ്റവും വലിയ മണ്ടത്തരത്തിന്റെ പേരെന്താണെന്ന് നിനക്കറിയാമോ?”
സ്കൂൾ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ സമ്മാനിക്കുമ്പോൾ ചെറുചിരിയോടെ മാഷ് ചോദിച്ചു.
“അതിന്റെ പേരാണ് ആത്മഹത്യ.”
സോളിഡ് പെർഫ്യൂമിന്റെ ഗന്ധം നിറഞ്ഞ ലൈബ്രറികൾ. ചോക്കുമണമുള്ള വരാന്തകൾ.. ഒരു ഞെട്ടലോടെ ഞാൻ ഓർമ്മകളിൽ നിന്നും ഉണർന്നു. ഒരു അപരിചിതനെ നോക്കുന്നതുപോലെ വീണ്ടുമാ ലോക്ക് ചെയ്ത പ്രൊഫൈലിലേക്കു തുറിച്ചു നോക്കി. ഇത് റോജസ് മാഷ് തന്നെയോ? റോജസ് മാഷ് ആത്മഹത്യ ചെയ്തുവെന്നോ? ഈ ഭൂമിയിലെ ഏറ്റവും വലിയ മണ്ടത്തരത്തിലേക്കു മാഷ് നടന്നു നീങ്ങിയെന്നോ? എത്ര ശ്രമിച്ചിട്ടും എനിക്കാ യാഥാർത്ഥ്യത്തെ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ട്രെയിനിന് തല വച്ചാണ് റോജസ് മാഷ് മരിച്ചിരിക്കുന്നത്. ഞാൻ ആ മരണത്തെക്കുറിച്ച് ചിന്തിച്ചു നോക്കി. സായന്തനത്തിന്റെ അവസാനവെളിച്ചത്തിൽ അകലെ നിന്നും പാഞ്ഞു വരുന്ന ട്രെയിൻ. ട്രെയിനിനുനേരെ നടന്നടുക്കുന്ന റോജസ് മാഷ്. മാഷ് തന്റെ പതിവ് നീല ഷർട്ടു തന്നെയായിരിക്കുമോ ധരിച്ചിട്ടുണ്ടാവുക? മാഷ് ഓർമ്മകളുടെ ഗന്ധമുള്ള സോളിഡ് പെർഫ്യൂം അടിച്ചിട്ടുണ്ടാകുമോ? മാഷിന്റെ മനസ്സിൽ അപ്പോൾ എന്തായിരിക്കും ഉണ്ടായിരുന്നിട്ടുണ്ടാവുക.. ഇടപ്പള്ളിയുടെ മണിനാദം? ആലോചിക്കും തോറും തലച്ചോറിൽ കാടുകൾ വളർന്നു. കുതിച്ചു പായുന്ന ട്രെയിനിന്റെ കടകടാ ശബ്ദം. മനസ്സ് ആളൊഴിഞ്ഞ പ്ലാറ്റ്ഫോം പോലെ ശൂന്യമാകുന്നു.
എട്ടുവർഷങ്ങൾക്കു മുൻപ് ഞാൻ പ്ലസ് ടു പഠനം പൂർത്തിയാക്കി. കാലത്തിനൊപ്പം ഉരുണ്ടും പിരണ്ടും നീങ്ങുമ്പോൾ, ജീവിതത്തോടു വല്ലാത്ത മടുപ്പു തോന്നുമ്പോഴൊക്കെയും ഉള്ളിന്റെയുള്ളിൽനിന്നും റോജസ് മാഷിന്റെ ശബ്ദം വീണ്ടും കേട്ടു.
‘എടാ ഈ ഭൂമിയിലെ ഏറ്റവും വലിയ മണ്ടത്തരത്തിന്റെ പേരെന്താന്നറിയുമോ?’ അതെനിക്കു ജീവിക്കാനുള്ള മോട്ടിവേഷൻ തന്നുകൊണ്ടേയിരുന്നു. ആളൊഴിഞ്ഞ സെമിത്തേരിക്കരികിലെ മൺപാതയിൽ നിന്നും സോളിഡ്പെർഫ്യൂമിന്റെ ഗന്ധം ഞാൻ മണത്തറിഞ്ഞു. പിന്നെ പതിയെപ്പതിയെ അതില്ലാണ്ടായി. ഓർമ്മകൾ അങ്ങനെയാണ്. പിന്നീടൊരു ഞെട്ടൽ ഉണ്ടാകുന്നതുവരെ മനസ്സിന്റെ ശവക്കുഴിയിൽ ഉയിർപ്പും കാത്തുമത് നീണ്ടുനിവർന്നു കിടക്കും. മാഷിനെക്കുറിച്ച് വീണ്ടും എന്തെങ്കിലും അറിയുന്നത് രണ്ടുകൊല്ലങ്ങൾക്കു മുൻപാണ്. തീർത്തും അവിശ്വസനീയമായ കാര്യങ്ങളായിരുന്നുവത്. സ്കൂളിൽ പ്ലസ് ടു വിന് പഠിച്ചുകൊണ്ടിരുന്ന ഏതോ മുസ്ലിം പെൺകുട്ടിയെ, പത്തൊമ്പതുകാരിയെ മാഷ് വിവാഹം ചെയ്തു. അവൾക്കത് രണ്ടാം വിവാഹമായിരുന്നുവത്രേ. മാഷ് മതം മാറിയെന്ന്, ഒരു സ്കൂൾ വിദ്യാർഥിനിയെ വിവാഹം കഴിച്ചുവെന്ന്!
വാർത്തകൾ എനിക്കൊട്ടും ദഹിക്കുമായിരുന്നില്ല. എന്റെ നെറ്റി ചുളിഞ്ഞു.
ഇതൊരു അധ്യാപകന് ചേർന്നതാണോ? അന്നെന്റെ കണ്ണുകൾ ഏറെക്കാലത്തിനുശേഷം ഫേസ്ബുക്കിൽ വീണ്ടും റോജസ് മാഷിന്റെ പേര് തിരഞ്ഞു. അൺഫ്രണ്ട് ഓപ്ഷനിലേക്കു വിരൽ നീളുന്നതിനും മുൻപ് ഞാൻ മാഷിനെ ഒരിക്കൽകൂടി നോക്കി. നീളൻവരാന്തയിൽ, നാലുമണിവെയിൽ നിഴൽച്ചിത്രങ്ങൾ വരച്ച അരഭിത്തിയിൽ കൈകൾ വച്ച്, അല്പം കുനിഞ്ഞ് വിദൂരതയിൽ നോക്കി നിൽക്കുന്ന മാഷ്. മാഷിന്റെ കണ്ണടയിൽ വെളിമാനംസ്കൂളിന്റെ നീലനിറം പ്രതിഫലിക്കുന്നു. അതായിരുന്നു അവസാന കാഴ്ച. പിന്നീടെപ്പോഴോ ആ ബന്ധം തകർന്നുവന്നും, മാഷിന്റെ ഭാര്യയ്ക്ക് ആദ്യമൊരു ബന്ധമുണ്ടായിരുന്നുവെന്നും അവൾ ആരുടെയോ കൂടെ പോയി എന്നുമൊക്കെ ആരോ പറഞ്ഞു കേട്ടു. ആ.. എന്തുമാകട്ടെ. എന്തായാലും എനിക്കെന്ത്? റോജസ് മാഷ് എന്റെ മനസ്സിന്റെ അൾത്താരയിൽ ഉടഞ്ഞയൊരു വിഗ്രഹം മാത്രമാണ്.
റോജസ് മാഷ് മരിച്ചു. പഴയ മലയാളം
പുസ്തകത്തിലെ ഏതോ കവിതയിൽ നിന്നും അടർന്നുവീണ രക്തപങ്കിലമായ വരികൾ പോലെ മാഷിന്റെ രക്തം റെയിൽവേ ട്രാക്കിന്റെ ഇരുമ്പു കമ്പികളിൽ ഇപ്പോൾ പറ്റിപ്പിടിച്ചിട്ടുണ്ടാകും. നാളെ അതും മായും.. ആദ്യം സുഹൃത്തുക്കളുടെ ഓർമ്മകളിൽ നിന്നും, പിന്നെ മാഷ് പഠിപ്പിച്ച വിദ്യാർത്ഥികളുടെ ഓർമ്മകളിൽ നിന്നും.. ഒടുവിൽ ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ മാഷിന്റെ ഇപ്പോഴത്തെ ഏറ്റവും അടുത്ത ബന്ധുക്കളുടെ ഓർമ്മകളിൽ നിന്നും. ഈ ഫേസ്ബുക്ക് ക്ലോസ് ചെയ്യുമ്പോൾ എന്റെ ഓർമ്മകളിൽ നിന്നും..
മനുഷ്യൻ അത്രയേ ഉള്ളൂ. മാഷിന്റെ മ്യൂച്ചൽഫ്രണ്ട്സിൽ ഇപ്പോഴും എന്റൊപ്പം ആ പഴയ മലയാളംക്ലാസിൽ ബെഞ്ചു പങ്കിട്ടവരുണ്ട്. അവർ മാഷിന്റെ മരണവാർത്ത അറിഞ്ഞുവോ എന്തോ. അറിഞ്ഞാൽ അവരും ഒരുപക്ഷേ മാഷിന്റെ ഫേസ്ബുക്ക് പ്രൊഫൈൽ ഓപ്പൺ ചെയ്തു നോക്കിയേക്കാം. വീണ്ടുമൊരു നോക്ക് കണ്ടശേഷം കുമാരനാശാന്റെ കവിതകൾ മനപ്പാഠമാക്കി ക്ലാസ്മുറികളിൽ മഴപ്പെയ്ത്തായ ആ പഴയ മലയാളം മാഷിന്റെ അൺഫ്രണ്ട് ഓപ്ഷനിൽ വിരൽ അമർത്തിയേക്കാം. കുമാരനാശാന്റെ… ഒരു മിന്നൽ പോലെ എനിക്കോർമ്മ വന്നു. മാഷ് ‘ബയോ’ ആയി ഇട്ടിരിക്കുന്ന വരികൾ.. അത് കുമാരനാശാന്റേതാണ്. കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയിലെ വരികൾ. ഫേസ്ബുക്ക്‌ ലോഗൗട്ടു ചെയ്യുമ്പോൾ അതിന്റെ ബാക്കി വരികൾകൂടി എനിക്കോർമ്മ വന്നു.
“അഴലേകിയ വേനൽ പോമുടൻ
മഴയാം ഭൂമിയിലാണ്ടുതോറുമേ
പൊഴിയും തരുപത്രമാകവേ,
വഴിയേ പല്ലവമാർന്നു പൂത്തിടും..
ക്ഷണമാത്രവിയോഗമുൾത്തടം
വ്രണമാ‍ക്കുംപടി വച്ചതെങ്കിലും
പ്രണയം തലപൊക്കിടാതെയി-
ന്നണലിപ്പാമ്പുകണക്കെ നിദ്രയായ്..”
പുറത്ത് പരിഭവങ്ങളുടെ കൂടു പൊട്ടിച്ച് ഒരു മഴ ആർത്തു പെയ്യാൻ തുടങ്ങി.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല7

LEAVE A REPLY

Please enter your comment!
Please enter your name here