കഥ
ഗ്രിൻസ് ജോർജ്
1.
പതിനഞ്ചുവർഷങ്ങൾക്കപ്പുറത്തുനിന്നും ഇരച്ചുവന്നയൊരു മഴയെന്നിൽ തിമിർത്തു പെയ്തു.
അതിന്റെ നനവേറ്റ ഞാൻ പൊള്ളിപ്പിടഞ്ഞു. കണ്ണുതുറന്നിട്ടും കുറച്ചുനേരംകൂടി ആ കാഴ്ചയെന്റെ കണ്ണിൽ തന്നെയുണ്ടായിരുന്നു.
അതുവരെ ശാന്തമായിരുന്ന മനസ്സിൽ പൊടുന്നനെ പറന്നെത്തിയ അസ്വസ്ഥതയുടെ കാർമേഘങ്ങൾ കൂടുകൂട്ടി. ഒരു ക്ലാസ്സ്റൂം. അതാണെന്നെ വേദനിപ്പിച്ചത്. നീലനിറമുള്ള അതിലെ തടി ഡസ്ക്കുകൾ.. കളർ ചാർട്ടുകൾ തൂക്കിയിട്ട ത്രികോണാകൃതിയിൽ കള്ളികളുള്ള തുരുമ്പിച്ച ജനാല. ജനാലയ്ക്കപ്പുറം വാഴത്തോട്ടങ്ങളിൽ നിർത്താതെ പെയ്യുന്ന മഴ. മലയാളപുസ്തകത്തിൽ ഒളിച്ചുവച്ച ഒരു പെൺകുട്ടിയുടെ ചിത്രം.
പിന്നെ..
പിന്നെയൊരു വെളുത്ത കടലാസു കഷ്ണം. തുമ്പപ്പൂക്കൾ പോലെ പാഞ്ഞുപോകുന്ന അതിലെ അക്ഷരങ്ങൾ..
പതിനഞ്ചുവർഷങ്ങൾ! ഞാൻ വിരലുകൾ മടക്കി കണക്കുകൂട്ടി. കുർബാന കഴിയാനായതും എനിക്കാ ക്ലാസ്സ്മുറിയേതെന്ന് കൃത്യമായി ഓർമ്മ വന്നിരുന്നു.
‘ആറ് ഇ.’ സിസിലിടീച്ചറുടെ ക്ലാസ്സ്റൂം!
റ ആകൃതിയിലുള്ള ആനാംവാതിലിന്റെ മുകളിൽ ഈന്തപ്പനകൾക്കിടയിൽ പറന്നുകൊണ്ടിരുന്ന മാലാഖമാർ തങ്ങളുടെ ചിറകുകളൊതുക്കി എന്നെ നോക്കിച്ചിരിച്ചു. അപ്പോൾ വെളുത്തകുരിശുയർന്നു നിൽക്കുന്ന ചെടിക്കുളം പള്ളിക്കുമുകളിൽ ആകാശം ആ ക്ലാസ്സ് മുറിയുടെ നിറത്തിൽ മൂടിക്കെട്ടാൻ തുടങ്ങിയിരുന്നു.
കുർബാന കഴിഞ്ഞതും മഴയിൽ നനഞ്ഞുതുടങ്ങിയ ചരൽമുറ്റം ധൃതിയിൽ മുറിച്ചുകടന്നു ഞാൻ നടന്നു. വെള്ളപൂശിയ പള്ളി സെമിത്തേരിയും നിറയെ കടലാസുപൂക്കൾ തിങ്ങിവളരുന്ന വീടിന്റെ കൂറ്റൻ മതിൽക്കെട്ടും കാറിന്റെ വിൻഡോ ഗ്ലാസിൽ ചിത്രങ്ങൾ വരച്ച് എനിക്കു മുന്നിലൂടെ മിന്നായംപോലെ കടന്നുപോയി..
‘ടി. കെ. ജി’ എന്നു വെണ്ടയ്ക്കാമുഴുപ്പിൽ എഴുതിവച്ചിട്ടുള്ള സൂപ്പർമാർക്കറ്റിന്റെ പാർക്കിംഗ് ഏരിയയിൽ വണ്ടിയൊതുക്കി. പിന്നെ, ഷോപ്പിന്റെ അരികിലെ പായൽ വഴുക്കുന്ന ഇടവഴിയിലൂടെ.. ആ വെളുത്ത കടലാസിലെ വള്ളികൾപോൽ തേങ്ങിക്കരയുന്ന മഴയെ കൂട്ടുപിടിച്ചു കള്ളുഷാപ്പ് ലക്ഷ്യമാക്കി പതിയെ നടന്നു..
2.
രണ്ടാമത്തെ കുപ്പി കാലിയായതും പുറത്തു മഴ ശക്തി പ്രാപിച്ചിരുന്നു. പലകത്തട്ടിയുടെ മറവിനിടയിലൂടെ മഴ പെറ്റ കുഞ്ഞുങ്ങൾ എന്നെ വന്നു പൊതിഞ്ഞു. പല്ലുകടിച്ചുകൊണ്ടു തടി ഡസ്ക്കിൽ മുഷ്‌ഠിചുരുട്ടി ഞാൻ ആഞ്ഞിടിച്ചു. “മറക്കണം. എല്ലാം മറക്കണം..” എങ്ങനെ മറക്കാനാണ്. മറക്കാനാഗ്രഹിക്കുന്ന കാര്യങ്ങൾ മഴയിലാദ്യം തളിർക്കും. ചെറിയൊരു ചെടിയായി ഓർമ്മയുടെ വളം തിന്നതു പതിയെ വളരും. പിന്നെ.. പിന്നൊരുനാളതു വൻമരമാകും. മനസ്സിന്റെ ഏറ്റവും അടിത്തട്ടിൽ അതിന്റെ ഓർമ്മകൾ പിണഞ്ഞുകിടക്കും. “പേടിക്കണം. എപ്പോഴാണവ തലയുയർത്തി കൊത്തുക എന്നറിയില്ല.” പിറുപിറുത്തുകൊണ്ടു ഡസ്ക്കിൽ തല ചായ്ച്ചു കിടന്നു. അതിനെ ശരിവയ്ക്കും പോലെ മഴഞരമ്പുകൾ മണ്ണിൽവീണു പൊട്ടി. കള്ളിനൊപ്പം പതുപതുത്ത മേഘങ്ങൾക്കിടയിലൂടെ മനസ്സൊരു തൂവലായി പറക്കാൻ വെമ്പിയതാണ്. പക്ഷേ മനസ്സിൽ വളർന്ന ആ മരം..”നാശം. ഈ ഓർമ്മകൾ എന്നെ തേടിയെത്താതിരുന്നുവെങ്കിൽ..”
പതിനഞ്ചുവർഷങ്ങൾ.
ഇല്ല. ഇനിയും ആ ഓർമ്മയുടെ മഴയമ്പേറ്റു പനി പിടിക്കാൻ എനിക്കു മനസ്സില്ല. ആ ക്ലാസ്സ്മുറി. അതിന്നു ഞാൻ അടിച്ചുപൊളിക്കും!
എന്നിട്ട്.. എന്നിട്ടു മീനുകൾപോൽ വഴുതി വഴുതിവന്നു കൊത്തുന്ന ഈ നശിച്ച ഓർമ്മകളുടെ ലോകത്തുനിന്നും പുതിയ കുപ്പായമണിഞ്ഞു പുതിയൊരു ഞാൻ ഉയിർത്തെഴുന്നേൽക്കും..അതൊരു ഉറച്ച തീരുമാനമായിരുന്നു. പകയൊരു കോടാലിയായി ഉള്ളിലെ ആലയിൽ മൂർച്ച കൂടുകയാണ്. അദ്ധ്യാപകൻ ചോദിച്ച ചോദ്യത്തിന് അടിക്കുമുൻപുള്ള അവസാനനിമിഷം ഉത്തരത്തിന്റെ പാതി കണ്ടുപിടിച്ച കുട്ടിയെപ്പോലെ ബെഞ്ചിൽനിന്നും ഞാൻ ചാടിയെണീറ്റു. എന്നിട്ടു തിരിഞ്ഞുനോക്കാതെ കെട്ടിടങ്ങൾക്കിടയിൽ വെളുത്ത ഓർമ്മകളായി പെയ്യുന്ന ആ മഴയിലേക്കിറങ്ങി നടന്നു..
3.
ചോക്കുമണമുള്ള നീളൻവരാന്ത.. മുകളിലെ നിറംമങ്ങിയ ഓടുകൾക്കു താങ്ങായി വരാന്തയിൽ കുത്തിനിർത്തിയിരിക്കുന്ന നീലപ്പെയിന്റടിച്ച ഉരുളൻതൂണുകൾ. ചരൽവിരിച്ച മുറ്റത്തൊരു മാവിന്റെ കുറ്റി നിൽക്കുന്നു. ഉപയോഗശൂന്യമായ ബാസ്ക്കറ്റ്ബോൾ ഗ്രൗണ്ട്. ഇരുമ്പുചുവയുള്ള വെള്ളമുള്ള പഴയ ആ ടാപ്പെവിടെയാണ്? പെൺകുട്ടികളുടെ മൂത്രം മണക്കുന്ന വള്ളിപ്പയറുകൾ ഇടതിങ്ങി വളർന്ന റബ്ബർമരങ്ങളെവിടെ?
പ്രണയം പരതിത്തടഞ്ഞ.. പരിഭവങ്ങളുടെ, കൂട്ടുവെട്ടലുകളുടെ ഓർമ്മകൾ നിറഞ്ഞ പഴയ സ്കൂളിലൂടെ ആ ക്ലാസ്സ്മുറി ലക്ഷ്യമാക്കി നടന്നു. ജോൺസൺ മാഷിന്റെ ചൂരൽ പ്രകമ്പനം സൃഷ്ടിച്ച വരാന്തയിലൂടെ നടക്കുമ്പോൾ നേർത്തഭയം ചങ്കിടിപ്പു കൂട്ടി. കൈയിലെ ഇരുമ്പുദണ്ഡു വിയർപ്പിൽ കുതിരുന്നു. ഭയമകറ്റാനെന്നവണ്ണം ഇരുമ്പുദണ്ഡിൽ മുറുകെപ്പിടിച്ചു. നേർത്ത കാറ്റിൽ മഴയൊരു കാട്ടുപൂച്ചയെപ്പോലെ കുതിച്ചെത്തി. സ്കൂൾ വരാന്തയെ അതു നക്കിത്തുടച്ചു. മുഖത്തെ മഴവെള്ളം തുടച്ചുമാറ്റിയൊന്നു കിതച്ചു. മുന്നിലാ ക്ലാസ്സ്മുറി. പൂട്ടിയിട്ട തുരുമ്പു പിടിച്ച ഇരുമ്പുതാഴിൽ നോക്കി ഞാൻ പല്ലു കടിച്ചു. പിന്നെ കൈയിലെ ഇരുമ്പുകഷ്ണം പിന്നോക്കം വലിച്ച് ആയം പിടിച്ചു. രണ്ടാമത്തെ അടിയിൽ
പൂട്ടിനൊപ്പം ഇരുമ്പുകൊളുത്തുകൂടി മഴയിലേക്കിളകിത്തെറിച്ചു. പണ്ടത്തെ ജോൺസൺമാഷിന്റെ അടിയിങ്ങനെയായിരുന്നു. അടിക്കൊപ്പം പുറകിൽ നിന്നുമൊരു പിടി മാംസം തെറിച്ചു പോകുന്നതുപോലെ തോന്നും. അതുപോലെ ഈ ക്ലാസ്സ്റൂം ഇന്നു ഞാൻ അടിച്ചു പൊളിക്കും. “എന്നിട്ട്.. എന്നിട്ട്.. ഓർമ്മകളിൽനിന്നും..”പൂർത്തീകരിക്കാനാകാതെ ഞാൻ കിതച്ചു. തള്ളിത്തുറന്നപ്പോൾ മരവാതിൽ കരഞ്ഞു. വർഷങ്ങളുടെ ബന്ധനത്തിൽനിന്നും മോചിതമായ ഓർമ്മകൾ തിമിർത്തു പെയ്യുന്ന മഴയിലേക്കു പറന്നു പോയി..അകത്തേക്കു കയറിയപ്പോൾ ആരൊക്കെയോ വാതിൽ കടന്നു പുറത്തേക്കു പാഞ്ഞു പോയതു പോലെ. ആരൊക്കെയാണത്? അനീഷ്, ജിസ്പിൻ, ജോമിൻ, രാഹുൽ, സിദ്ധിഖ്… പിന്നെ.. പിന്നെ.. ഓർമ്മയിൽപ്പിടഞ്ഞു ഞാനൊരു കാസരോഗിയെപ്പോലെ കിതച്ചു. പിന്നെ അവൻ. എന്റെ അപ്പന്റെ അനിയന്റെ മകൻ. തോമസ്. അല്ല. തോമസ് കെ കാഞ്ഞിരത്തിങ്കൽ. പുറത്തേക്കു പോയവർ അകത്തേക്കുവീണ്ടും പാഞ്ഞു കയറുന്നു.
“നോക്കെടാ.. എന്റെ അപ്പനു കൊടുക്കാൻ അവന്റെയപ്പൻ തന്നുവിട്ടൊരു കത്ത്. പൈസ വേണമത്രേ പൈസ. അതും അഞ്ഞൂറു കുലുവ.”
തോമസ് കെ കാഞ്ഞിരത്തിങ്കൽ കൈയിലെ കടലാസുയർത്തിപ്പിടിച്ചു കൂട്ടുകാരെ കാണിക്കുന്നു. അവർ എനിക്കു ചുറ്റും കൂടുന്നു. പിന്നെ എന്നെ നോക്കി കളിയാക്കിച്ചിരിക്കുന്നു.
“ഞാൻ തോമസ്. തോമസ് കെ, തോമസ് കെ. കാഞ്ഞിരത്തിങ്കൽ.. എനിക്കു വലിയ വീടുണ്ട്. കാറുണ്ട്. നിങ്ങൾ കേട്ടിട്ടില്ലേ കാഞ്ഞിരത്തിങ്കൽ ഹാർഡ് വേർസ്.. കീഴ്പ്പള്ളിയിൽ…”
“പിന്നേ..” അവരൊറ്റക്കെട്ടായി ആർക്കുന്നു. പണ്ടാരം.. ഞാൻ അപ്പനോടു കാലു പിടിച്ചു പറഞ്ഞതാണ് ഈ പണിക്കു നിക്കണ്ടായെന്ന്. കറുത്തുമെലിഞ്ഞ ചെറുക്കൻ ക്ലാസ്സിൽ ഒറ്റയ്ക്കാവുന്നു. നാണക്കേടിന്റെ വഴുക്കലുള്ള നാവുകൊണ്ടാ ക്ലാസ്സ്റൂമവനെ നക്കിത്തുടയ്ക്കുകയാണ്. ജീവിതാവസാനംവരെ നീളുന്നയൊരു ഓർമ്മപ്പെടുത്തലുമായി അവരുടെ ചിരികൾ മഴയുടെ താളത്തിനൊത്തു വീണു പൊട്ടി.
4.
മഴയിൽ മാറാല കെട്ടിയ ആ പഴയ ക്ലാസ്സ്മുറിയിൽ ഞാൻ തളർന്നു. കൈയിൽനിന്നും ഇരുമ്പുദണ്ഡൂർന്നു താഴെപ്പതിച്ചു. വെറുപ്പും വിദ്വേഷവും പകയും മഴയുടെ നീരാളിക്കൈകളായി എന്നെ വന്നു വരിഞ്ഞുമുറുക്കി. എന്നാൽ ഒന്നും ചെയ്യാൻ കഴിയാതെ, ഒരു മഴനാമ്പിനെ പിടിക്കാൻപോലും ബലമില്ലാത്ത കൈകളുള്ള പഴയ ആറാംക്ലാസ്സുകാരനായി തടിഡസ്ക്കിൽ പതിയെ ഞാൻ തല ചായ്ച്ചു. ഉറക്കം കണ്ണിനെ പൊതിയുന്നു. ആരോ അരികിലേക്കു വരുന്നതു പോലെ.. നേർത്ത മഴയ്ക്കിപ്പോൾ പാദസരത്തിന്റെ താളമാണ്. മഴ പോലെ മൃദുലമായ രണ്ടു തണുത്ത കരങ്ങൾ. അതെന്റെ തോളിലമരുന്നു.
“വരൂ..”
കാച്ചെണ്ണയുടെ മണമുള്ളയൊരു പെൺകുട്ടി. അവളെന്നെ വിളിക്കുന്നു. മലയാളപുസ്തകത്തിൽനിന്നും അടർന്നുവീണ ഓർമ്മയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമായി അവളുടെ മെലിഞ്ഞ കരങ്ങൾ. ഞാനൊരു സ്വപ്നത്തിലെന്നവണ്ണം അവൾക്കൊപ്പം നടന്നു. തടിമേശയ്ക്കു പുറകിൽ പുഞ്ചിരിയുമായി സിസിലി ടീച്ചറിരിക്കുന്നു. പഴയ അതേ മെറൂൺസാരി. സാരിയുടെ മുഞ്ചാണിയിൽ കുറുകുന്ന പക്ഷികൾ. ടീച്ചറുടെ കൈകളിലെ വെളുത്ത കടലാസു കഷ്ണങ്ങൾ കാറ്റിൽ പറന്നു.
“അതു വാങ്ങൂ..” അവൾ പറയുന്നു. യാന്ത്രികമായി എന്റെ കൈകൾ നീണ്ടു. അതെന്റെ പ്രോഗ്രസ്സ് കാർഡാണ്. അതിന്റെ കോളങ്ങളിൽ ചുവന്നനിറത്തിൽ എനിക്കുകിട്ടിയ മാർക്കുകൾ അടയാളപ്പെട്ടിരുന്നു.
“ഈ സ്കൂളിൽ മോഡൽപ്പരീക്ഷയ്ക്കു മാർട്ടിനെല്ലാ വിഷയങ്ങൾക്കും നൂറിൽ നൂറാണ്. ഇവൻ നമ്മുടെ ക്ലാസ്സിന്റെ അഭിമാനമാണ്.”
സിസിലി ടീച്ചർ പറയുന്നു. ക്ലാസ്സിൽ നിർത്താതെ മുഴങ്ങുന്ന കരഘോഷങ്ങൾ. കൂട്ടുകാരുടെ മുഖത്തിപ്പോൾ തിങ്ങിനിറയുന്നത് അത്ഭുതമാണ്. എവിടെ? എന്നെ പരിഹസിച്ചവരെവിടെ?
ഞാൻ പതിയെ തലയുയർത്തിനോക്കി. ആരെയും കാണുന്നില്ല. വിണ്ടുകീറിയ ബ്ലാക്ക്ബോർഡിനുമുകളിൽ റോസ്നിറമുള്ളയൊരു ടെസ്റ്റർ തൂങ്ങിനിൽക്കുന്നു. പാന്റിന്റെ പോക്കറ്റിൽനിന്നും പേഴ്സു വലിച്ചെടുത്തു. അതിന്റെയുള്ളിലെയൊരു ഫോട്ടോ പുറത്തെടുത്തു പതിയെ ചുളിവുകൾ നിവർത്തി. പണ്ടു ഞാൻ മലയാളപുസ്തകത്തിൽ ഒളിപ്പിച്ചുവച്ചയാ ചിത്രം. ഓർമ്മയിൽ കുറേ വർഷങ്ങളായി കാഞ്ഞിരങ്ങൾ മാത്രം കായ്ച്ച അതേ ക്ലാസ്സ്മുറിയിലിന്നു ഞാനൊരു മുന്തിരിക്കുലകൾ മധുരിക്കുന്ന പ്രണയത്തിന്റെ താഴ്‌വര സ്വപ്നം കാണുകയാണ്. ചെറിയൊരു കാറ്റു വീശി. കാറ്റിലാ ചിത്രം ക്ലാസ്സ്മുറിയിൽ പറന്നുയർന്നു.
മഴയിലേക്കു പറന്നയാ ചിത്രത്തിനു പുറകേ തുമ്പിയെ പിടിക്കാനെന്നവണ്ണം ഞാൻ പുറത്തേക്കിറങ്ങിയോടി. മധ്യാഹ്ന വെയിലേറ്റു തിളങ്ങുന്ന
മഞ്ഞമന്ദാരങ്ങളും ബോഗൺവില്ലകളും പൂവിട്ടയൊരു ഓർമ്മയുടെ പൂന്തോട്ടത്തിലേക്ക്.. ബൈബിളിൽ പറഞ്ഞിട്ടുള്ള നക്ഷത്രങ്ങളുടെ നഗരത്തിലേക്ക്. എനിക്കറിയാം. അവിടെയൊരു കടലാസുചെടിയിൽ പുതിയൊരു ഹൃദയം എനിക്കായി പൂത്തുനിൽക്കുന്നുവെന്ന്.
“നിന്റെ പറക്കാത്ത പാവയ്ക്കും,പാവാടത്തുമ്പിക്കും ഉയിരിന്റെ ഊഞ്ഞാലയാകുന്നു ഞാൻ..
നിന്റെ കണ്ണാടിത്തുമ്പിക്കും കൈതോലപ്പറവയ്ക്കും പിരിയാത്ത കൂട്ടായി പോരുന്നു ഞാൻ..
നിന്നോടു മിണ്ടാതെ ഉറങ്ങില്ല ഞാൻ.. നിന്നോടു മിണ്ടാതെ ഉറങ്ങില്ല ഞാൻ!”
ആരോ എന്റെ ചെവിയിൽ മെല്ലെ പാടി
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല