HomeTHE ARTERIASEQUEL 76നിറയുകയാണ് കണ്ണുകൾ

നിറയുകയാണ് കണ്ണുകൾ

Published on

spot_imgspot_img

അനുസ്മരണം

പ്രമോദ് പയ്യന്നൂർ

പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനരികിലെ മഹാദേവ ഗ്രാമത്തിൽ ജനിച്ച് കളിച്ച് വളർന്ന ഒരാളാണ് സതീഷേട്ടൻ. അതിന്റെ എല്ലാ സാംസ്‌കാരിക ബോധങ്ങളും കലയെ കുറിച്ചും മനുഷ്യരെ കുറിച്ചുമൊക്കെയുള്ള ഉൾകാഴ്ചകളൊക്കെയുള്ള നല്ല മനസിന്റെ ഉടമ. ഒരാൾ നമ്മളിൽ നിന്നും വേർപെട്ട് പോകുമ്പോൾ പറയുന്ന വെറും വാക്കല്ലിത്. മറ്റുള്ളവരുടെ നന്മ കാണുമ്പോൾ അതിൽ സന്തോഷിക്കുക എന്ന് പറയുന്നത് മനുഷ്യരുടെ ഒരു പ്രധാനപ്പെട്ട ക്വാളിറ്റിയാണെന്ന് ഞാൻ വിശ്വസിക്കുന്നു. അതായിരുന്നു സതീഷേട്ടനിൽ ഉണ്ടായിരുന്ന ഏറ്റവും വലിയൊരു ഗുണവും. ചെറുപ്പം മുതലേ സതീഷേട്ടന്റെ കഥകളിങ്ങനെ വായിക്കാറുണ്ടായിരുന്നു. ഒരു ചെറുകഥാകൃത്ത് എന്നൊക്കെയുള്ള രീതിയിൽ വായനാശാലകളിലൊക്കെ പോവുമ്പോൾ സതീഷ് ബാബു പയ്യന്നൂരിന്റെ പേര് കേൾക്കാറുണ്ടായിരുന്നു.

പയ്യന്നൂർ ബസ് സ്റ്റാന്റിനും റയിൽവെ സ്റ്റേഷനുമിടയിലുള്ള കേളോത്ത് എന്ന സ്ഥലത്താണെന്റെ വീട്. അടുത്ത്, സർഗ എന്ന പേരിലൊരു കലാ സമിതിയുണ്ടായിരുന്നു. എന്റെ ഒക്കെ കുട്ടിക്കാലത്ത് സർഗ്ഗ വളരേ സജീവമായിരുന്നു. എന്റെ ജേഷ്ഠന്മാരൊക്കെയായിരുന്നു അതിന്റെ സംഘാടകരിൽ പലരും. എല്ലാവർഷവും, ലൈബ്രറി പ്രവർത്തനങ്ങളും ഫിലിം ഫെസ്റ്റും അതോടൊപ്പം തന്നെ തിയറ്ററും ആയിട്ട് ബന്ധപ്പെട്ട നാടകങ്ങളുടെ അവതരണങ്ങളും സർഗ്ഗയിൽ അരങ്ങേറാറുണ്ടായിരുന്നു. ഞാൻ ആറാം ക്ലാസ്സിലോ മറ്റോ പഠിക്കുമ്പോഴാണ് ഒരു നാടകമേളയ്ക്ക് അദ്ദേഹത്തെ കാണാൻ കഴിഞ്ഞത്. മേളയുടെ സംസ്‍കാരിക സമ്മേളത്തിന് പ്രസംഗിക്കുന്നത് സതീഷ് ബാബു പയ്യന്നൂരായിരുന്നു. കഥ പറയുന്നതുപോലെ ഇരിക്കും അദ്ദേഹം സംസാരിക്കുമ്പോൾ എന്നൊക്ക പറഞ്ഞു കേട്ടതിനാൽ കുറേ നേരം മുന്നേ തന്നെ സാംസ്കാരിക കൂട്ടായ്മയുടെ വേദിയുടെ മുന്നിൽ പോയി ഇടംപിടിച്ചു. സതീഷേട്ടൻ അന്ന് സംസാരിച്ചതൊക്കെ ഇന്നും മനസ്സിലങ്ങനെ നിൽക്കുന്നുണ്ട്. അതൊരു കഥ പറച്ചിലിന്റെ ശൈലി തന്നെയായിരുന്നു. മനുഷ്യ നന്മയിലൂന്നിയിട്ടുള്ള ചിന്തകളൊക്കെ അദ്ദേഹം സരസമായി പങ്കുവെച്ചു. പറഞ്ഞ കാര്യങ്ങളിൽ പലതും എന്റെ കുഞ്ഞു മനസിന്റെ ബോധത്തിൽ അടിയുറച്ചു. ഇന്നുമവ തെളിഞ്ഞു നില്പുണ്ട്.

പിന്നീട്, പയ്യന്നൂർ കോളേജിൽ ഞാൻ സ്റ്റുഡന്റ് എഡിറ്ററായി പ്രവൃത്തിക്കുമ്പോഴാണ് സതീഷേട്ടനെ ഒന്ന് അടുത്ത് പരിചയപ്പെടാൻ കഴിഞ്ഞത്. കോളേജ് മാഗസീനുകളിലും പല സുവനീറുകളിലുമൊക്കെയായി സതീഷേട്ടന്റെ കഥകൾ അതിന് മുൻപേ തന്നെ വായിച്ചിട്ടുണ്ട്. ഞാൻ തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ പഠിക്കുമ്പോഴും സതീഷേട്ടന്റെ ആർട്ടിക്കിൾ വാങ്ങിക്കാൻ വേണ്ടിയും മറ്റും ഞാൻ അദ്ദേഹത്തിനെ കണ്ടിരുന്നു. സ്കൂൾ ഓഫ് ഡ്രാമയിൽ പഠിക്കുമ്പോൾ തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ ചിത്രാജ്ഞലി സ്റ്റുഡിയോയിൽ ഫിലിം പഠനം ഒരു ഭാഗമാണ്. ലാസ്റ്റ് സെമസ്റ്ററിൽ അതും കൂടെ പഠിക്കണം. അതിന്റെ കാര്യത്തിനായി ചെന്നപ്പോൾ സതീഷേട്ടനെ വീണ്ടും കണ്ടു. അപ്പോഴേക്കും ഞാൻ സാഹിത്യം അടിസ്ഥാനമാക്കി, എംടിയുടെയും,ഒ എൻ വി യുടെയും വൈക്കം മുഹമ്മദ് ബഷീറിന്റെയും കഥകളെ ആസ്പദമാക്കി നാടകങ്ങൾ ചെയ്തിരുന്ന ഒരാളെന്ന രീതിയിൽ അറിയപ്പെട്ടുതുടങ്ങിയിരുന്നു. ഒരു സാഹിത്യകാരൻ എന്ന രീതിയിൽ, എന്നോട് അത്തരം കാര്യങ്ങൾ ചെയ്യുന്നതിലുള്ള സന്തോഷം അറിയിക്കാനദ്ദേഹം മറന്നില്ല. അന്നൊക്കെ അവിടെ വരുമ്പോൾ അരിസ്റ്റോ ജംഗ്ഷനിൽ കൃഷ്ണകുമാർ പൊതുവാൾ എന്ന എന്റെ ഒരു സുഹൃത്തും കൂടെ ഉണ്ടാവുമായിരുന്നു. കൃഷ്ണകുമാറിനെ ഞാൻ കാണാൻ പോകുമ്പോൾ കൃഷ്ണകുമാറും സതീഷേട്ടനും തമ്മിൽ നല്ല അടുപ്പത്തിലായിരുന്നു. ഒരിക്കൽ അരിസ്റ്റോ ജംഗ്ഷനിൽ വെച്ചു കണ്ടപ്പോൾ ഞങ്ങളെ സതീഷേട്ടൻ ഒരു ഹോട്ടലിൽ കൂട്ടിക്കൊണ്ട് പോയി. മസാല ദോശയും ചായയും വടയും ഒക്കെ വാങ്ങിച്ചു തന്നു, സ്നേഹിച്ചു. അതൊരു നാടിന്റെ സൗഹൃദമായിരുന്നു. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കണം എന്നുള്ള പറച്ചിൽ.. അതൊക്കെ മതിയായിരുന്നു അന്ന് കലയും മറ്റ് അന്വേഷണങ്ങളൊക്കെ പോവുന്ന എനിക്ക് മനസ്സിൽ ഒരു ഇന്ധനമായി നിറയാൻ. പിന്നീടങ്ങോട്ടുള്ള സർഗ്ഗാത്മക പ്രവർത്തനങ്ങൾക്ക് ചാലകശക്തിയായി മാറാൻ അത്തരം സ്നേഹങ്ങൾക്ക് കഴിഞ്ഞിരുന്നു. അങ്ങനെ നമ്മളെ സ്നേഹിച്ച ഒരാൾ, മുൻപേ നടന്ന ഒരാൾ..

അതുകഴിഞ്ഞ് കൈരളി ടീവിയിൽ പ്രവർത്തിക്കുമ്പോഴൊക്കെ സതീഷേട്ടനുമായി കൂടുതൽ അടുക്കാൻ കഴിഞ്ഞു. ബാങ്കിലെ നല്ലൊരു ജോലി വേണ്ടാന്ന് വെച്ച് സർഗ്ഗാത്മക പ്രവർത്തനങ്ങൾക്ക് വേണ്ടിയും എഴുത്തിന് വേണ്ടിയും ദൃശ്യമാധ്യമ രംഗത്തെ പ്രവർത്തനങ്ങളെ കൂടുതൽ സജീവമാക്കാൻ വേണ്ടിയും മാറ്റിവെച്ച ജീവിതമായിരുന്നു സതീഷേട്ടന്റേത്. വിദേശയാത്രാവിവരണങ്ങൾ അടക്കം, വിവിധ ചാനലുകൾക്ക് വേണ്ടി വിവിധ തരത്തിലുള്ള പ്രോഗ്രാമുകൾ സംവിധാനം ചെയ്യാനും അദ്ദേഹത്തിന് കഴിഞ്ഞു. സംവിധാനത്തിന് പുറമെ, തിരക്കഥകളും ആ കൈകളിൽ ഭദ്രമായിരുന്നു. കേരളത്തിലെ വിഖ്യാതരായിട്ടുള്ള വ്യക്തികളെ കുറിച്ച് ഞാൻ ഒരു ഡോക്യുമെന്ററി ചെയ്യുമ്പോഴും, റിപ്പോർട്ടർ ടീവിയുടെ പ്രോഗ്രാം ചീഫ് എന്ന രീതിയിൽ പ്രവർത്തിക്കുമ്പോഴും സതീഷേട്ടന്റെ വിളി എത്താറുണ്ടായിരുന്നു. ചെയ്ത പരിപാടികൾ നല്ലതാവുമ്പോൾ അവയെ അഭിനന്ദിക്കാൻ സതീഷേട്ടൻ എന്നും സമയം കണ്ടെത്തി. വളരെ വേണ്ടപ്പെട്ട ചിലർ നമ്മളെ വിളിച്ച് “അത് നന്നായി” എന്ന് പറയുന്നത് തരുന്നൊരു സന്തോഷം.. അങ്ങനെ പറയാൻ മടി ഇല്ലാതെ അത് പറയുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന, ജേഷ്ഠസഹോദരനെ പോലെ പ്രിയപ്പെട്ട ഒരാൾ ആയിരുന്നു എനിക്ക് സതീഷേട്ടൻ. ഞാൻ ബാല്യകാലസഖി സിനിമ ചെയ്യുന്ന സമയത്തും സതീഷേട്ടന്റെ വിളിയും പ്രോത്സാഹനവും കൂടെയുണ്ടായിരുന്നു.

കേരളസർക്കാറിന്റെ സാംസ്‌കാരികവിനിമയകേന്ദ്രമായ ഭാരത്‌ ഭവന്റെ സെക്രട്ടറി എന്ന നിലയിലെ സതീഷേട്ടന്റെ സംഭാവനകൾ എടുത്തുപറയേണ്ടതാണ്. പദവിയോട് അങ്ങേയറ്റത്തെ ആത്മാർത്ഥത പുലർത്തിയ സതീഷേട്ടൻ, അഞ്ചുവർഷത്തോളമവിടെ സേവനമനുഷ്ഠിച്ചു. നളന്ദയിലെ ചെറിയൊരു മുറിയിൽ ഒതുങ്ങിയിരുന്ന ഭാരത് ഭവന് ഒരു ആസ്ഥാനം വേണമെന്ന് ആഗ്രഹിക്കുകയും, അതിനായലഞ്ഞ്, ഒടുവിൽ തൈക്കാട് തൃപ്തി ബംഗ്ലാവ് അതിനായി കണ്ടെത്തുകയും ചെയ്തു. ചെമ്മാൻകുടി ശ്രീനിവാസയ്യരും, കുട്ടിക്കാലത്ത് ഗാനഗന്ധർവൻ യേശുദാസും താമസിച്ച, ചരിത്രപ്രാധാന്യമുള്ള ആ ഒരു ഇടത്തിനെ ഭാരത് ഭവനാക്കി മാറ്റിയതും സതീഷേട്ടനായിരുന്നു. ഭാരത് ഭവന് പിന്നീട് കൈവന്ന നേട്ടങ്ങളിലൊക്കെയും സതീഷേട്ടന് അനിഷേധ്യമായ പങ്കുണ്ട്. ആ സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് മണ്ണൊരുക്കിയതാ പയ്യന്നൂരുകാരനായിരുന്നു. മണ്ണെന്ന് പറയുമ്പോൾ അദ്ദേഹത്തിന്റെ തന്നെ നോവൽ ഓർമ വരുന്നു. മണ്ണെന്ന പേരിൽ പ്രകൃതിയേയും മനുഷ്യനെയും കുറിച്ചെഴുതിയ ആ നോവൽ തന്ന അനുഭൂതി വലുതാണ്. മനസിലേക്ക് വിരലാഴ്ത്തിയ രചനയായിരുന്നു മണ്ണ്. മഹാകവി പി കുഞ്ഞിരാമൻ നായരുടെ ജീവിതം അടിസ്ഥാനമാക്കി പുതിയ നോവലിന്റെ പണിപ്പുരയിലാണെന്നായിരുന്നു അവസാനഫോൺകോളുകളിൽ ഒന്നിനിടെ സതീഷേട്ടൻ ആവേശത്തോടെ പറഞ്ഞത്. ഏറ്റവും സത്യസന്ധമായി ഉദ്യമം പൂർത്തിയാക്കാനായി യത്നിക്കുകയാണെന്ന് കഴിഞ്ഞ മാസവും പറയുകയുണ്ടായി. ഒപ്പം, തിരക്കഥ എഴുത്തും നടക്കുന്നുണ്ടായിരുന്നു. മലയാള സാഹിത്യത്തിന് ഏറെ സംഭാവനകൾ ഏകിയ ആ മനുഷ്യനെ മലയാള സിനിമയ്ക്ക് വേണ്ടവിധത്തിൽ ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല. ഓർക്കുംതോറും സ്നേഹത്തിന്റെ പുതിയ പുതിയ ഓർമ്മകൾ മനസിലേക്ക് ഇരച്ചെത്തുന്നു. ഇക്കഴിഞ്ഞ മാസം ഭാരത്‌ ഭവനിൽ വെച്ച് ജയകുമാർ ഐഎഎസ്സിനെ, അദ്ദേഹത്തിന്റെ എഴുപതാം പിറന്നാളിൽ അനുമോദിക്കുന്ന ചടങ്ങുണ്ടായിരുന്നു. സതീഷേട്ടനെ പ്രത്യേകം ക്ഷണിച്ചു. വരാമെന്ന് ഏറ്റെങ്കിലും, പരിപാടിയുടെ തലേദിവസം അച്ഛന് സുഖമില്ലാതായതിനാൽ പങ്കെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ജയകുമാർ സാറിനോട് ഇക്കാര്യം പറയണമെന്ന് തലേന്ന് തന്നെ എന്നെ വിളിച്ചേൽപ്പിച്ചു.

കൊൽക്കത്തയിലെ വിശ്വഭാരതി യൂണിവേഴ്സിറ്റിയിലാണ് നിലവിൽ ഞാനുള്ളത്. തീസിസ് സമർപ്പിക്കാനായി ഇവിടെ എത്തിയ സമയത്താണ് സതീഷേട്ടന്റെ വിയോഗവാർത്ത വലിയൊരു വേദനയായി എത്തിയത്. ആ നിമിഷം മുതൽ ജയകുമാർ സാറടക്കം നിരവധി പേരെന്നെ വിളിക്കുകയാണ്‌. ഭാരത് ഭവനിൽ സതീഷേട്ടന്റെ ഭൗതികശരീരം പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. വിഖ്യാതരായ പലരും അവസാനമായി അന്തിമ ഉപചാരങ്ങൾ അർപ്പിക്കാൻ എത്തിക്കൊണ്ടിരിക്കുകയാണ്. ഇവിടിരുന്ന് ഓൺലൈനിലാ ചടങ്ങ് കാണുമ്പോൾ മനസ് വല്ലാതെ പിടയുന്നു. നിറയുകയാണ് കണ്ണുകൾ. ഏറെ സ്നേഹിക്കുന്ന, ഏറെ മോട്ടിവേറ്റ് ചെയ്യുന്നൊരാൾ. എന്റെ അനിയനെന്നാണ് അദ്ദേഹമെന്നെ പരിചയപ്പെടുത്താറ്. ഇരുവരുടെയും വേര് പയ്യന്നൂരായതിനാൽ “പയ്യന്നൂരുകാർ” എന്നും പലരും ഞങ്ങളെ വിളിച്ചുപോന്നു. മലബാറിന്റെ ഐക്യബോധത്തിന്റെ അടയാളമായിരുന്നു ആ വിശേഷണം. സതീഷ് ബാബു പയ്യന്നൂരിന് പിന്നാലെ പ്രമോദ് പയ്യന്നൂർ ഭാരത്‌ ഭവനിലെ സെക്രട്ടറി ആയതിനെ പറ്റിയും പലരും തമാശ രൂപേണ പറയാറുണ്ടായിരുന്നു. ഒരു വേദിയിലെ പ്രഭാഷണത്തിനിടെ അടൂർ ഗോപാലകൃഷ്ണൻ സാർ “ഈ സ്ഥാപനം പയ്യന്നൂരുകാരാണ് മുന്നോട്ട് കൊണ്ടുപോകുന്നത്” എന്ന് പോലും പറയുകയുണ്ടായി. വടക്കുനിന്ന് വന്ന്, തലസ്ഥാനനഗരിയെ സർഗ്ഗസമ്പന്നമാക്കിയത് പയ്യന്നൂരുകാരാണ് എന്നും പറയാറുണ്ട് പലരും. സതീഷേട്ടനാണ് ആ വിത്തിട്ടത്.കഴിഞ്ഞ ആറര വർഷമായി ഭാരത് ഭവൻ സെക്രട്ടറി പദവി കൈകാര്യം ചെയ്യുന്ന എനിക്ക്, അതിനുള്ള വഴിയും ഇടവുമൊരുക്കിയത് സതീഷേട്ടനായിരുന്നു.ഇടതുപക്ഷ സർക്കാരിന് കീഴിൽ, കേരളത്തിനകത്തും പുറത്തും നിരവധി പരിപാടികളുമായി ഭാരത് ഭവൻ മുന്നേറുമ്പോൾ, അതിന്റെ ആദ്യഘട്ടത്തിൽ സതീഷേട്ടൻ വഹിച്ച പങ്ക് സ്തുത്യർഹമാണ്.. പദ്മരാജൻ സാറുമായി അടുപ്പം വെച്ചുപുലർത്തിയിരുന്ന സതീഷേട്ടൻ, പദ്മരാജൻ സാറിന്റെ അകാലവിയോഗത്താലാണ് സിനിമാ മേഖലയിൽ നിന്നകന്ന് പോയതെന്ന് പലപ്പോഴുമെനിക്ക് തോന്നിയിട്ടുണ്ട്. കേരളത്തിന്റെ സാഹിത്യ-സാംസ്കാരിക ലോകത്തിന് ആ മനുഷ്യൻ നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. ജേഷ്ഠസഹോദരതുല്യനായ പ്രിയപ്പെട്ട കലാകാരനെ, പ്രിയപ്പെട്ട സാംസ്‌കാരിക പ്രവർത്തകനെ, പ്രിയപ്പെട്ട മനുഷ്യനെ, വ്യക്തിയെ, മറന്നുകൊണ്ടെനിക്ക് ഒരുകാലത്തും മുന്നോട്ട് പോവാനാവില്ല… ചിരസ്മരണകളോടെ…


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

spot_img

1 COMMENT

 1. ഹൃദയരക്തത്താൽ എഴുതിയ
  ഓർമ്മക്കുറിപ്പ്.
  പ്രിയപ്പെട്ട പയ്യന്നൂരുകാരൻ എഴുത്തുകാരൻ്റെ
  അകാല ദേഹവിയോഗത്തിൽ
  അഗാധമായ ദു:ഖമുണ്ട്.
  ആദരവോടെ വിട.????????????

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...