അവസാനത്തെ കത്ത്

10
592
gayathri ramesh arteria
കഥ

ഗായത്രി ദേവി രമേഷ്

ഹീര റീത്തയുടെ വീട്ടിലേക്ക് കയറി വരുമ്പോൾ മഴ തോർന്നിട്ടില്ല. നനഞ്ഞ കാലൻ കുട പുറത്തെ കോലായിൽ വെച്ചു, മരവിച്ച കാൽചുവടുമായി അകത്തു കയറി. ആദ്യം കണ്ടത് അകത്തളത്തിലേക്കുള്ള ദ്രവിച്ച വാതിലായിരുന്നു. അതിനു മുകളിലായി മാലയിട്ട് വെച്ച റീത്തയുടെ ഫോട്ടോ. ആ വീട്ടിലേക്ക് പോരാൻ പുറപ്പെട്ടപ്പഴേ അവൾ അത് പ്രതീക്ഷിച്ചിരുന്നു. നേരത്തെ വരുമെന്ന് മുന്നറിയിപ്പ് കിട്ടിയത് പോലെ ആ വീടിന്റെ സന്ദർശന മുറി വളരെ അടുക്കിയിരുന്നു, “അമ്മയെവിടെ” ആശങ്കയേതും ഇല്ലാതെ ഹീര റീത്തയുടെ ചേച്ചി സബീറ്റയോട് ചോദിച്ചു.
“അമ്മ മുറിയിലുണ്ട്, കൊച്ച് പോയതിൽ പിന്നെ അങ്ങനെയൊന്നും പുറത്തിറങ്ങാറില്ല ” അവൾക്ക് മുഖം കൊടുക്കാതെ മച്ചിൽ നോക്കി സബീറ്റ ഉത്തരം പറഞ്ഞു. പിന്നീട് കുറച്ച് നേരത്തേക്ക് ആ മുറിയിൽ മൗനം നിറഞ്ഞു നിന്നു. മൗനത്തിന് വിരാമമിട്ടെന്ന പോലെ ഒരു കോഴി കൂവി. പെട്ടന്ന് എന്തോ ഓർത്തെടുത്ത് സബീറ്റ ഹീരയോട് ചോദിച്ചു “അമ്മയെ കാണണ്ടേ ” “വേണ്ട “ഹീര ജാള്യതയില്ലാതെ പറഞ്ഞു, തിരിച്ചു മറുപടി ഒന്നും പറയാതെ സബീറ്റ അവളെ റീത്തയുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയി.

ആ മുറി ഒരു വർഷ കാലത്തോളം വിജനമായി കിടന്നുവെന്ന് തോന്നത്തക്കവിധം അവിടെ ഒന്നുമുണ്ടായിരുന്നില്ല. ആരുടെയൊക്കെയോ സാന്നിധ്യം ആ മുറിയിൽ ഇപ്പോഴും ഉണ്ടെന്ന് തോന്നി പോകും. റീത്ത ഉപയോഗിച്ച മേശയിൽ നിറയെ പുസ്തകങ്ങൾ അടുക്കി വെച്ചിരുന്നു, ഒരു കോണിൽ ചായ പെൻസിലുകളും, പെയിന്റ് ബ്രഷ് എന്നിവയും കൂടാതെ പണ്ട് സ്കൂളിൽ വെച്ച് ഊട്ടിയിൽ പോയപ്പോൾ വാങ്ങിയ മഞ്ഞ നിറത്തിലുള്ള വാടാത്ത “ഊട്ടി പൂവ് ” ഒരു കപ്പിലായി ഇട്ടുവെച്ചിരിക്കുന്നു. അവളുടെ പൊക്കം കുറഞ്ഞ ചെറിയ കട്ടിൽ, അതിനു മുകളിലായി ഒരു ബുക്ക് ഷെൽഫ്, ഷെൽഫിന്റെ ഓരോ പഴുതിലും പുസ്തകങ്ങൾ. മുൻപ് ഒരുപാട് തവണ അവൾ ഈ മുറിയിൽ വന്നിട്ടുണ്ട്. അന്നൊന്നും തോന്നാത്ത ഒരുതരം ഇരുട്ട് വ്യാപകമായി പടർന്നിരുന്നു, അവളുടെ ഓരോ അടയാളങ്ങളും അവശേഷിപ്പുകളും ആ മുറിയിൽ കാണാം. മുന്നേ എത്ര തവണ വന്ന മുറിയാണ്.. ഒരു മാറ്റവും ഇല്ല അങ്ങനെ തന്നെ. അതേ ഓഫ് വൈറ്റ് നിറത്തിലുള്ള കർട്ടനുകളും നീലിച്ചു തോന്നിക്കുന്ന വിധം ഭിത്തിയുടെ ഒരു വശത്തായി അവൾ വരച്ച വാങ്കോഗ് മാതൃകയിലുള്ള പെയിന്റിംഗും. മുറിയുടെ ഓരോ കോണിലേക്ക് കണ്ണോടിച്ചാലും അവളുടെ അടയാളങ്ങൾ കാണാമായിരുന്നു, “കൊച്ച് അടുക്കി വെച്ചിരുന്നതാ എല്ലാം, പിന്നീട് ആരും അതൊന്നും തൊടാറില്ല. ഇടയ്ക്ക് വൃത്തിയാക്കാൻ കയറും, പൊടി തട്ടും, അവൾ കിടന്ന കട്ടിലിൽ ഒന്നിരിക്കും ,പിന്നീട് ഒച്ചയടക്കി കരഞ്ഞിട്ട് കണ്ണ് തുടച്ച് പുറത്തിറങ്ങും ” ഇതെല്ലാം പറയുമ്പോൾ സബീറ്റയുടെ ശബ്ദം തെല്ലും ഇറുന്നുണ്ടായിരുന്നില്ല. ഹീര സബീറ്റയ്ക്ക് മുഖം കൊടുക്കാതെ പുസ്തകങ്ങളിലേക്ക് നോക്കി നിന്നു. പറയാൻ വാക്കുകൾ ഒന്നും ഇല്ലാതെ വരുമ്പോൾ മനുഷ്യന്റെ മുന്നിൽ പുസ്തകങ്ങൾ ഇരിക്കുന്നത് വലിയ ഒരനുഗ്രഹമായി ഹീരയ്ക്ക് തോന്നി. വയ്യ, പുസ്തകങ്ങൾ നോക്കി വിതുമ്പാനും വയ്യ. വെറുതെ താൾ മറിച്ചു നോക്കി ഇരുന്നപ്പോൾ സബീറ്റ ഒരു കത്തുമായി വന്നു ” തലേന്ന് കൊച്ച് എഴുതി വെച്ചിരുന്നതാ, എല്ലാം അവൾ കണ്ടറിഞ്ഞപോലെ, അതെ പോലെ തന്നെ നടക്കേം ചെയ്ത്….” സബീറ്റ വാക്കുകൾ മുഴുമിപ്പിച്ചില്ല,

ഹീരയ്ക്ക്

വെള്ള പുതച്ചു കിടക്കുന്ന എന്നെ കാണാൻ നെല്ലിക്ക ചാക്ക് അഴിച്ചു വിട്ട പോലെ ഗേറ്റ് കടന്ന് ഒരുപാട് പേർ വരുന്നുണ്ട്, തലേന്ന് രാത്രി നന്നേ മഴപെയ്തത്കൊണ്ട് തന്നെ നല്ല കുളിരുണ്ട്. വീടിനകത്തു കയറുന്നവരുടെ കാൽപ്പാടുകൾ അടയാളങ്ങൾ പോലെ കിടപ്പുണ്ട്. മുടി കൊഴിഞ്ഞു വീണ ശേഷം ഞാൻ ഒരു കറുത്ത തുണി തലയിൽ ധരിക്കുമായിരുന്നു. അതും കെട്ടിപ്പിടിച്ചു അമ്മ നിലവിളിക്കുന്നുണ്ട്, അച്ഛൻ എന്റെ പുസ്തകങ്ങൾക്കും ചായങ്ങൾക്കും ഇടയിൽ ഇരിപ്പുണ്ട്. ചേച്ചി എന്റെ അടുത്ത് മിനുസമുള്ള എന്റെ മൊട്ടത്തല തടവുന്നുണ്ട്. അവളുടെ കൈവള്ളകൾ നന്നായി തണുത്തിരുന്നു, പക്ഷെ കരയുന്നില്ല മരവിച്ചിരിക്കുന്നു. പലരും അങ്ങിങ്ങായി കരയുന്നുണ്ട്. സാരി തുമ്പ് കൊണ്ട് മൂക്കു തുടയ്ക്കുന്നുണ്ട്, ഏങ്ങലടിയും വിതുമ്പലും കേൾക്കാം. കൂട്ടുകാരും ടീച്ചർമാരും വന്നു.. അവർ എന്റെ ഹൃദയ ഭാഗത്തായി ഒരുകെട്ട് ചുവന്ന റോസാ പൂക്കൾ കൊണ്ട് വെച്ചു. എനിക്കതിൽ അൽപ്പം നീരസം തോന്നി…എപ്പോളും വെള്ളപ്പൂക്കളോടായിരുന്നു പ്രിയം… പിന്നെ നീ വന്നിട്ടില്ല എന്ന തിരിച്ചറിവും, നീയുണ്ടായിരുന്നുവെങ്കിൽ എനിക്ക് ചുവന്ന പൂക്കൾ വെയ്ക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.
നിന്നെ മാത്രം കണ്ടില്ല.. വേണ്ട നീ വരണമെന്ന് എനിക്കില്ല ആത്മസുഹൃത്തേ….

ക്യാൻസറിനു കീഴടങ്ങി മുടിയൊരോന്നായി കൊഴിഞ്ഞു..
അവസാനം കറുത്ത തുണി തല മറച്ച് കണ്ണാടിയിൽ നോക്കും.. കണ്ണുകൾ കുഴിഞ്ഞ, കവിളൊട്ടിയ ആ രൂപം നോക്കി ദീർഘ നിശ്വാസത്തോടെ ഞാൻ പറയും ഞാൻ സുന്ദരി ആണെന്ന്! എന്നിരുന്നാലും നീ കാണാൻ വരുമ്പോഴെല്ലാം ഞാൻ ഒഴിഞ്ഞു മാറി. പ്രിയ കൂട്ടുകാരിയെ ഇങ്ങനെ നീ കാണണ്ട.
ആറടി മണ്ണിലേക്ക് ലയിക്കാനുള്ള സമയം അടുത്തെന്ന് തോന്നുന്നു, കൂട്ടനിലവിളി ഉയരുന്നുണ്ട്.. ഒരായിരം കഥകളും രഹസ്യങ്ങളും പിന്നെ നിന്നോട് തല്ലുകൂടലുമൊക്കെ ഇല്ല എന്ന തിരിച്ചറിവിൽ ഞാൻ എത്തിയിരിക്കുന്നു..ഒരപേക്ഷ മാത്രം നിനക്ക് പുതിയ കൂട്ടുകാരെ കിട്ടുമെന്നറിയാം എന്നിരുന്നാലും എന്റെ സ്ഥാനം അവിടെ ഒഴിച്ചിട്ടേക്കുക.. ഞാൻ അവിടെ തന്നെ ഉണ്ടാവും..
അവസാനമായി ഒന്നുകൂടെ..
എന്റെ പുസ്തകങ്ങളും എഴുത്തുകളും
ചായങ്ങളും ഞാൻ വരച്ച ചിത്രങ്ങളും സുരക്ഷിതമായി വെക്കുക. അവ എന്റെ ശ്വാസവും ജീവനുമാണ്……
അവ ഞാൻ ആണ്…!
ഇത്രമാത്രം..!
വിടചൊല്ലട്ടെ……

വിടചൊല്ലട്ടെ… വിടചൊല്ലട്ടെ… വീണ്ടും വീണ്ടും കാതിൽ കടലിരമ്പും പോലെ വാക്കുകൾ മുഴങ്ങികൊണ്ടിരുന്നു. അവളെല്ലാം കണ്ടിരിക്കുമോ ? ഹീര മനസിലോർത്തു.., എന്റെ അസാന്നിധ്യം വരെ കത്തിൽ എത്ര കൃത്യമായി എഴുതിയിട്ടുണ്ട്, മനുഷ്യന് മരണത്തെ കാണാനും മനസ്സ് വായിക്കാനും കഴിയുമോ, ആ കത്ത് കയ്യിലൊരു മരണം പേറുന്ന ഭാരം പോലെ അവൾക്ക് തോന്നി.
കണ്ണുകളിൽ ചൂട് ഇരച്ചു കയറുന്നത് പോലെ. കത്ത് സബീറ്റക്ക്‌ മടക്കി നൽകി. ആരോ പിന്നിൽ നിന്ന് വിളിക്കുന്നതിന്റെ ഓർമ്മപ്പെടുത്തൽ പോലെ തിരിച്ചു നടക്കുന്നതിനിടയിൽ വാതൽ പടിയിൽ കാൽ തട്ടി. വേദനയുണ്ടായിരുന്നുവെങ്കിലും വക വെക്കാതെ, അവൾ നടന്നു പോയി. ആന കൊമ്പിന്റെ അളവിൽ പെയ്യുന്ന മഴ അവളെ നനച്ചില്ല.. കോലായിൽ വെച്ച കാലൻ കുടയിലൂടെ വെള്ളം ഇറ്റ് ഇറ്റ് ഊർന്ന് കൊണ്ടേ ഇരുന്നു.

10 COMMENTS

  1. ഹൃദയം തൊടുന്നുണ്ട്. മുറിഞ്ഞ് ചോര ഇറ്റുന്നുണ്ട്. മരണം മനുഷ്യർ മുന്നേ കാണാറുണ്ട്.ചിലപ്പോഴെങ്കിലും . സ്നേഹം

LEAVE A REPLY

Please enter your comment!
Please enter your name here