ലോകം

0
388
Aneesh paarambuzha arteria

കവിത

അനീഷ് പാറമ്പുഴ

ലോകത്തിന്റെ നാലു കോണുകളിലിരുന്ന്
നാലുപേർ
രാത്രിയിൽ
രാവിലെ
മധ്യാഹ്നത്തിൽ
സായാഹ്നത്തിൽ
സ്വപ്നങ്ങളിൽ
മഞ്ഞും മഴയും
വെയിലും പൊടിക്കാറ്റും
വീഴ്ത്തിക്കൊണ്ടിരിക്കുന്നു

മഞ്ഞിലൊരാൾ
ലോകം മുഴുവൻ കണ്ണെത്താ ദൂരത്തേക്കു നീണ്ടു കിടക്കുന്ന
മഞ്ഞുപോലെ ഏകാന്തമാണെന്നു കരുതുന്നു

കാട്ടിലൊരാൾ
കറുപ്പിൽ
തണുപ്പിൽ
ഇനിപ്പിൽ
കാട്ടാറിന്റെ ഒച്ചയിൽ
മലയണ്ണാൻറെ ചിലമ്പലിൽ
ലോകം ഇപ്പോൾ ഉറക്കമാണെന്നു കരുതുന്നു

കടലിലൊരാൾ
ആദ്യസൃഷ്ടി ജലത്തിൽ എന്നുറപ്പിച്ചു
ചെറിയൊരു വഞ്ചിയിൽ
താൻ മാത്രം
ഉറങ്ങുന്ന ലോകത്തിന് കാവലിരിക്കുകയാണ് എന്ന് കരുതുന്നു

മണലിൽ ഇനിയും ഒരാൾ
മോശയെപ്പോലെ താനീ
മരുഭൂമിയിലൂടെ ജനസഞ്ചയങ്ങളെ
തെളിച്ചു കൊണ്ട് നടക്കുന്നു എന്നു കരുതുന്നുണ്ടാവാം

ലോകത്തിന്റെ പല ഭാഗങ്ങളിൽ അപ്പോൾ
ഉറങ്ങുന്നവർ
ഉണ്ണുന്നവർ
രമിക്കുന്നവർ
കളിക്കുന്നവർ
പ്രസംഗിക്കുന്നവർ
പറക്കുന്നവർ
കൊലപാതകങ്ങൾ,
പീഡനങ്ങൾ
നടത്തുന്നവർ
കടലിൽ മീൻ പിടിക്കുന്നവർ
അങ്ങനെ അങ്ങനെ അങ്ങനെ

മനുഷ്യൻ
ആൾക്കൂട്ടങ്ങളിൽ ഏകാന്തതയും
ഒറ്റപെടലിൽ ലോകത്തെയും തന്നെ
നിർമ്മിച്ചു കളയും.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here