അയനം

Published on

spot_imgspot_img

കഥ

ചെറിയാൻ. കെ. ജോസഫ്

കുഞ്ഞപ്പ, നിരത്തിനോരത്ത് തളംകെട്ടിയ നിറം മങ്ങിയ ചെളിവെള്ളം ചവുട്ടിത്തെറിപ്പിച്ചു നടന്നു. ബസ്‌സ്റ്റോപ്പിൽ പരിചിത മുഖങ്ങൾ ഒന്നുമില്ല. ബെഞ്ചിൽ ഇരിക്കുന്നവർ പരസ്‌പരം നോക്കാതെ, ചിരിക്കാതെ മൊബൈലിൽ എന്തെല്ലാമോ കുത്തികൊണ്ടിരിക്കുന്നു. അവരുടെ ഇടയിൽ ഇരിക്കാൻ എന്തോ ഒരു സങ്കോചം. പണ്ടു നാണുവാശാനും കുട്ടനും മുത്തുകോയയും അവിടെയിരുന്നു തലക്കുലുക്കി സൊറ പറയുമായിരുന്നു , കുമ്പ കുലുക്കി പൊട്ടിച്ചിരിക്കുമായിരുന്നു. കാണുമ്പോഴേ വിളിക്കും.

” വാ ആശാനേ വാ . വന്നു കുത്തിരിക്ക്‌ ”
ഇപ്പോൾ അവരെവിടെ ?.
എല്ലാവരും ഒറ്റമുലച്ചിക്കൊപ്പം തലയില്ലാക്കുന്നേറി മറഞ്ഞേ തീർന്നു. പ്രശാന്തി വരുവാൻ ഇനിയും സമയമെടുക്കും. ഇരിക്കുക തന്നെ. സ്കൂളിൽ പോകേണ്ട കുട്ടികൾ വന്നു തുടങ്ങി. അവർ എത്തിയപ്പോൾ സംസാരത്തിന്റെ താളമുണർന്നു. മൊബൈലുകൾക്കിടയിൽ വലിയ ആശ്വാസം.

” ഇന്നെവിടെയാ പെരുവണ്ണാനേ തെയ്യം കെട്ടിയാടുന്നേ ? ”
മൊബൈൽ ഇല്ലാത്ത തെങ്ങു കയറ്റക്കാരൻ പാച്ചു. കൈയിൽ തളപ്പും, പുറത്ത് തെങ്ങു കയറുന്ന യന്ത്രവും പേറി മഞ്ഞപ്പല്ലുകൾ മുഴുവൻ വെളിയിലാക്കി അയാൾ ചിരിച്ചു.
ഇന്നെവിടെയാ ? ഭഗവതിയേ , ഓർമ്മ കിട്ടുന്നില്ലല്ലോ !

അവസാനം പ്രശാന്തി വന്നു. എല്ലാവരും കയറിപ്പറ്റാൻ തിരക്കു കൂട്ടുന്നു. ബസ്സിൽ പോകണമോ? . മുത്തപ്പോ , ഒന്നും തിരിയുന്നതില്ലല്ലോ. കുഞ്ഞപ്പ വേച്ചു വേച്ചു നടന്നു. എവിടെ നിന്നോ നനഞ്ഞ ചകിരി കത്തുന്ന മണം. വെളുപ്പിനേ, കടവിനോരത്തെ കുളിമുറിയിൽ തെയ്യം കെട്ടാൻ പോകുന്ന അച്ഛന് വെള്ളം ചൂടാക്കുന്ന അമ്മയെ ഓർമ്മ വന്നു. പിന്നെ പ്രേമയും അവിടെത്തന്നെ തനിക്കായി ചകിരിയും ചൂട്ടും കത്തിക്കുമായിരുന്നു. ഇപ്പോൾ അവരെല്ലാം ഒറ്റമുലച്ചിക്കൊപ്പം തലയില്ലാക്കുന്നേറി മറഞ്ഞേ തീർന്നിരിക്കുന്നു.

” അങ്കിളേ , അങ്കിളേ ഈ മുത്തപ്പന്റെ അമ്പലത്തിലേക്കുള്ള വഴിയേട്ത്തൂ ?”
അരികിൽ ബൈക്കു നിറുത്തി, സ്വർണ്ണ കടുക്കനിട്ട ബാല്യക്കാരൻ ചോദിച്ചു. അയാളെ ഒട്ടിയിരുന്ന മദാമ്മ പെണ്ണിന്റെ ജീൻസ്‌ ടൗസറിനു താഴെ ഇളംവെയിലേറ്റു തിളങ്ങുന്ന ചുവന്നു തുടുത്ത തുടകളിലും മഞ്ഞ ഉടുപ്പിനു മീതെ പാതിയും വെളിവായ തുടുത്ത മുലകളിലും കണ്ണുകൾ ഇഴഞ്ഞു. പൊടുന്നനവെ വെള്ളിടി പോലെ തെയ്യം കെട്ടിയാടുന്ന അമ്പലമുറ്റം മനസ്സിൽ തെളിഞ്ഞു.
അവർക്കു വഴി പറഞ്ഞുകൊടുത്തു തിരക്കിട്ടു നടന്നു.

കള്ളു നിറച്ച കുടം വായിലേക്ക് ഒഴിച്ചു കടല പുഴുങ്ങിയതും ചവയ്ക്കുമ്പോൾ കുഞ്ഞപ്പ അലിഞ്ഞേ തീരും. പ്രപഞ്ചശക്തികൾ ഉണർന്നേയാടും . പിന്നെ കുഞ്ഞപ്പയിൽ പുതിയ ഭാവം ഉണരുകയായി, പുതിയ വെളിച്ചം നിറയുകയായി. അരയാൽത്തറയിൽ ഇരുന്ന് മധുവും കൂട്ടരും ചമയങ്ങൾ അണിയിച്ചുകഴിയുമ്പോൾ, കരിപുരട്ടിക്കഴിയുമ്പോൾ , കുരുത്തോലപ്പാവാടയുമുടുത്ത് അലറിക്കൊണ്ട് അമ്പലമുറ്റമേറും. ഇന്നാരാണ് ദക്ഷിണയുമായി കാത്തിരിക്കുന്നത് ?. കോന്തുണ്ണി നായർ ശൂന്യമായ മിഴികൾ ആകാശത്തു കോറി വക്രിച്ച ചുണ്ടുകളിൽ വികൃതമായ ചിരിയുമായി വിളിക്കുന്നു. നായരേ, നിന്റെ രൂപത്തിനപ്പുറം കാലം കുറിച്ചിട്ട ജരാനരകൾ ഇപ്പോൾ കുഞ്ഞപ്പ അറിയുന്നു.

മുത്തപ്പോ , കുഞ്ഞപ്പ പറയട്ടെ.

കോന്തുണ്ണി കരിഞ്ഞ അരയാലിലകൾ വരണ്ട പൊടിമണ്ണിലേക്കു പാറുന്നതു നോക്കി ചിരിച്ചു. വെറുതെ, വെറുതെ ചിരിച്ചു. അവന്റെ നെറുകും തലയിൽ കൈകളമർത്തി കുഞ്ഞപ്പ അലറി.
നിന്റെ ദുഃഖം ഞാനറിയുന്നു മകനേ
” എന്തോന്നു ദുഃഖം അല്ല സന്തോഷം മൂത്താരേ?”
മുത്തപ്പന്റെ മുൻപിൽ തലയും വാലുമില്ലാതെ വെറുതെ ഓരോന്നു പറയല്ലേ കോന്തുണ്ണി “

മഞ്ഞ പല്ലുകൾക്കിടയിൽ വിരലുകൾ കോറി കോന്തുണ്ണി പിന്നെയും ചിരിച്ചു.
” കിഴക്കൻ ചെമ്പകത്തിനു മുകളിൽ വീണ്ടും സൂര്യൻ പൊട്ടിവിടർന്നപ്പോൾ ഞാൻ മാത്രം ബാക്കിയായി എന്റെ പെരുവണ്ണാനേ. ചെമ്പകപ്പൂക്കളിൽ കൊക്കുരുമ്മി പാടുന്ന മുറിവാലൻ തത്ത പോലും ഇന്നുവന്നില്ല. ”
പിന്നെയും കോന്തുണ്ണി ചിരിച്ചു .

ചുവന്ന ചെത്തിപ്പൂക്കൾ കനലിൽ വാരിവിതറി കുഞ്ഞപ്പ അലറി.
” മുത്തപ്പോ, വഴി തുറക്കോ “
നീണ്ടുമെലിഞ്ഞ കഴുത്തു കുമ്പിട്ടു വിളറിയ കണ്ണുകൾ തുറപ്പിച്ചു പിളർന്ന വായോടെ കോന്തുണ്ണി അറിഞ്ഞു. അൻപതു കൊല്ലം മുൻപേ കെട്ടി കൂടെ കൊണ്ടു പോന്ന ദേവി വെയിലിന്റെ ഞരമ്പുകളിലൂടെ വെൺമേഘത്തിൽ ഏറി തുഴഞ്ഞു തുഴഞ്ഞ് അകലുന്നത്. അകത്തെ ഇരുട്ടുമുറിയിലെ ചാക്കുക്കട്ടിലിൽ നിന്നും ഇനി അവളുടെ ചിലമ്പിച്ച ശ്വാസത്താളം കേൾക്കുകയില്ല. തളർന്നു പോയതിന്റെ വേദന നെഞ്ചിൻക്കൂടിൽ ഞരക്കങ്ങൾ ആയി ഉയരുകില്ല. ഇളയമോൻ ഉണ്ണി മുത്താനക്കുന്നിലെ കശുമാവിൻ കൊമ്പിൽ കെട്ടിത്തൂങ്ങി ചത്തപ്പോൾ അവൾ തളർന്നതാണ്. അപ്പോഴും കോന്തുണ്ണി ചിരിച്ചു. പിന്നെ കോന്തുണ്ണി ഒണക്കന്റെ കടവിലെത്തി വല നിറയുവോളം വരാലും വാളയും നോങ്ങലും പിടിച്ചു. അതു ഷാപ്പിൽ വിറ്റു നുരക്കുന്ന കള്ളും കല്ലുമ്മേക്കായയും കഴിച്ചു രസിച്ചു ഏതോ നാടൻപ്പാട്ടു പാടി താളമിട്ടു.
” അല്ല കോന്തുണ്ണിയാരെ അന്റെ ചെക്കനല്ലേടോ തൂങ്ങിച്ചത്തു കിടക്കുന്നത് ?”
കൂട്ടത്തിൽ താളമിട്ട സതീശൻ കൊട്ട് നിറുത്തി അത്ഭുതത്തോടെ ചോദിച്ചു.
ദുരന്തങ്ങളുടെ മുഖത്തു പതിവു ചിരികൊണ്ടു കോറി കോന്തുണ്ണി പിന്നെയും പാടി.

കുഞ്ഞപ്പയുടെ നെറുകയിൽ ഇരുന്നു മുത്തപ്പൻ ഉഴറി.
‘ദുഃഖങ്ങളിലും ദുരിതങ്ങളിലും നിർജീവമായി ഒഴുകുന്ന ഒരു ജീവി’
അവനെക്കുറിച്ച് എന്തു പറയാൻ !
തെയ്യം കാണാൻ കൂടിയിരിക്കുന്നവരിലേക്ക് മുത്തപ്പൻ പാറി.

” തെരേസാ, തെരേസാ “. മുത്തപ്പൻ വിളിച്ചു. കടുക്കനിട്ട ബാല്യക്കാരന്റെ കൈകളിൽ ഒതുങ്ങി നിന്ന പെൺകുട്ടിയുടെ തളർന്ന മിഴികൾ അമ്പരപ്പോടെ വിടർന്നു. ഇയാൾക്കെങ്ങിനെ തന്റെ പേരറിയാം ?
ഒരു കൗതുകത്തിന് തെയ്യം കാണാൻ വന്നതാണവൾ. ഡൽഹിയിൽ കോർപ്പറേറ്റ് മാഗ്‌നെറ്റിന്റെ മകൻ വിളിച്ചിട്ടാണ് വന്നത്. ഇന്ത്യ മുഴുവൻ കറങ്ങി. അവസാനം മൂന്നാറിൽ നിന്നാണ് ഇവിടെ എത്തിയത്‌.

‘ തെരേസാ, നിന്നെ ഞാൻ അറിയുന്നു. പലരുടേയും ലൈംഗിക പങ്കാളിയായി ലോകം മുഴുവൻ കറങ്ങിയ മിടുക്കിയാണ് നീ .’

അതേ മുത്തപ്പാ , യുക്രൈയിനിൽ നിന്നു വേദനയിൽ നിറഞ്ഞ അസ്വസ്ഥതയോടെ, അവ്യക്തയോടെ അതിർത്തി കടന്നു. പിന്നെ വാഴ്സോവിൽ. അവിടെ പലതുമറിഞ്ഞു, വിലപ്പിടിപ്പുള്ള മാംസപിണ്ഡമായി മാറി. വാഴ്‌സോ പിന്നിട്ടു പാരീസ്, സൂറിച്ച്, ബെർലിൻ, ട്യൂറിൻ, ന്യൂയോർക്ക്‌, ലാപാസ്, കെയ്റോ, ജറുസലേം, ദുബായി….. അങ്ങിനെ അങ്ങിനെ അറിയപ്പെടാത്ത കാറ്റ് എവിടെയെല്ലാമോ പാറിക്കളിച്ചു.

അന്നു യുക്രയിനിലെ ഉരുളക്കിഴങ്ങുപ്പാടത്തു ചൂടുള്ള വെയിൽ മെല്ലെ മെല്ലെ മങ്ങുന്നതു നോക്കി കണ്ണുമിഴിച്ച പെൺകുട്ടി. കുന്നിൻചെരുവിലെ പാടത്ത് പപ്പ വള്ളികളേ തലോടി നടക്കുന്നുണ്ടായിരുന്നു. തെക്കൻ കാറ്റിലൂടെ പറക്കുന്ന നീല കുരുവികളുടെ സംഗീതം. തളർന്ന ലില്ലിപ്പൂക്കളെ ചുറ്റി പാറിയ മഞ്ഞ പൂമ്പാറ്റകൾ. എല്ലാം എല്ലാം എന്തൊരു അനുഭൂതിയായിരുന്നു.

പൊടുന്നനവേ അനുഭൂതികളുടെ പൂമ്പാറ്റകൾ എങ്ങോ പറന്നകന്നു. റഷ്യൻ സ്വാമ്രാജ്യമോഹത്തിന്റെ പടയാളികൾ യുക്രയിന്റെ മണ്ണിൽ പറന്നിറങ്ങി. പുലർച്ചെ മുതൽ അകലെ നിന്നു കേട്ട വെടിയൊച്ചകൾ ഇപ്പോൾ അടുത്തു അടുത്തു വരുന്നു. പേടിച്ചുവിറങ്ങലിച്ച കൊച്ചുയുവാൻ അമ്മയെ ഇറുകെപ്പിടിച്ചു തേങ്ങി. പപ്പാ രാജ്യത്തിനു വേണ്ടി പോരാടാൻ പട്ടാളത്തിൽ ചേർന്നു. ആ സ്ഫോടക ശബ്ദങ്ങൾക്കിടയിൽ പപ്പയുടെ അവസാന നിലവിളിയുണ്ടാവുമോ ?!.
വിറയാർന്ന ശരീരം ജനലഴികളിൽ താങ്ങി അവൾ ആകാശത്തേക്കു നോക്കി. കറത്തിരുണ്ടു വിറളിപ്പിടിച്ച ആകാശം !.

മാർഗ്രിത്ത സെൽഫോണിൽ അമ്മയെ വിളിച്ചു. ഗ്രാമം മുഴുവൻ റഷ്യൻ പട്ടാളം വളഞ്ഞുവത്രേ. ഇനി ഇവിടെ നിൽക്കുന്നത് അപകടമാണ്. എല്ലാവരും അതിർത്തി കടന്നു പോളണ്ടിലേക്ക് പലായനം ചെയ്യുന്നു പോലും. അവരും പോകുകയാണ്‌, വേഗം റെഡിയാവാൻ ഞങ്ങളോടു പറയുന്നു. പിറന്ന മണ്ണ് വിട്ടു എവിടേക്കുമില്ലായെന്ന് അമ്മ വാശി പിടിച്ചു.

തനിയെ കുന്നിൻചെരുവിൽ ഇരുന്നു പാടിയ പൂവാലൻ കുരുവിക്കു ചുറ്റും ഭയാനകമായ മൂകത തളംകെട്ടി പരക്കുകയായിരുന്നു. അതിനിടയിൽ എപ്പോഴോ യുവാന്റെ നിലവിളി പൊട്ടിവീണു. ഓടിച്ചെന്നു നോക്കുമ്പോൾ അവൻ മുറ്റത്തു ചോരയൊലിപ്പിച്ചു കിടന്നു കരയുന്നു. അഞ്ചാറു പട്ടാളക്കാർ വീടിനുള്ളിൽ കയറിയിരിക്കുന്നു !. അവർ അമ്മയുടെ മടിയിലിരുന്ന യുവാനേ വലിച്ചെറിഞ്ഞു കാണും.
കരഞ്ഞു കുതറിയ അമ്മയെ അവർ ഉള്ളിലേക്കു വലിച്ചിഴക്കുന്നു. അമ്മയെ രക്ഷിക്കാൻ ഓടി ചെന്നു.
” വിടരാൻ വെമ്പുന്ന പൂവുള്ളപ്പോൾ വാടി തുടങ്ങുന്ന പൂവെന്തിന് ?”
അവളെ കോരിയെടുത്ത വസൂരിക്കുത്തു പിടിച്ചവൻ അട്ടഹസിച്ചു പൊട്ടിച്ചിരിച്ചു.

മനസ്സു മടുത്ത കുഞ്ഞപ്പ ഉഴറി കുഴഞ്ഞു. വേദനയോടെ മുത്തപ്പനായി അയാൾ അലറി .
തെരേസ്സാ , തെരേസ്സാ, നിന്റെ ജന്മത്തിന്റെ വേദന അറിയുന്നത് ആർക്ക് ?”

അപ്പോൾ , ചെളിപിടിച്ച നഖത്താൽ സ്വന്തം മഞ്ഞപ്പല്ലിട കുത്തി മണത്ത കോന്തുണ്ണി ചിരിച്ചു.
ആകാശത്തേക്കു പറക്കുന്ന അപ്പൂപ്പൻത്താടികളെ നോക്കി കോന്തുണ്ണി പിന്നെയും ചിരിച്ചു .
തെരേസയുടെ വിടർന്ന മുലകളെ നോക്കി കോന്തുണ്ണി ചിരിച്ചു തുളളി .
കോന്തുണ്ണിയുടെ അവിടവിടെ പൊട്ടിയടർന്ന മഞ്ഞപ്പല്ലുകൾ കണ്ടു തെരേസ വിളറി.

അനന്തരം, ചമയങ്ങൾ കഴുകി, കുരുത്തോലക്കെട്ടു പൊട്ടിച്ചു കുഞ്ഞപ്പ കുണ്ടനിടവഴിയിലേക്കിറങ്ങി. മഞ്ഞ വെയിലും മാറാലകളും തൂങ്ങിയ കൊങ്കിണി ചെടികൾ നിറഞ്ഞാടിയ ഇടവഴി. കൊങ്കിണിപ്പൂക്കളിൽ ഉരുമ്മി പറന്ന പൂമ്പാറ്റകളും തുമ്പികളും ഇടവഴി പൊതിഞ്ഞു. പൂക്കളുടെ സുഗന്ധത്തെ മൂടി കപ്പ ചുടുന്ന മണം. വഴിയോരത്തെ പുറ്റുകളിൽ പിളർന്ന വായോടെ കരിനാഗങ്ങൾ ആലസ്യത നുകർന്നു. മന്ദീഭവിച്ച ശിരസ്സും തളർന്ന കാലുകളുമായി കുഞ്ഞപ്പ മെല്ലെ നടന്നു. എന്നാലോ, മുത്തപ്പന്റെ പട്ടികൾ അയാളെ കടന്നു കുരച്ചുകൊണ്ടു മുന്നോട്ട് ഓടി കൊണ്ടേയിരുന്നു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...