HomeTHE ARTERIASEQUEL 65'ഉരസലുകളുടെ പൊതുയാത്രകൾ'

‘ഉരസലുകളുടെ പൊതുയാത്രകൾ’

Published on

spot_imgspot_img

വിരൽനഖനാഗമിഴയും ഊടുവഴികളിൽ ഭാഗം – പത്ത്

അനിലേഷ് അനുരാഗ്

ജീവൻ്റെ ഏറ്റവും പ്രകടമായ അടയാളങ്ങളിലൊന്നാണ് ചലനം. ജീവനുള്ളവയെല്ലാം ചലിക്കുന്നു എന്ന ലളിതയുക്തിയെ തിരിച്ചുവായിച്ചാൽ ചലനാത്മകയുള്ളതിനെല്ലാമാണ് ജീവനുണ്ടാവുക എന്ന് കിട്ടിയേക്കും. അതുകൊണ്ടുതന്നെ ജീവലോകത്തിൽ നിരന്തരമായ ചലനങ്ങളുണ്ടാകും; ഏതു ഭാഷയിലായാലും അവയെ നാം നിരവധി വാക്കുകളിലൂടെ – യാത്ര, സഞ്ചാരം, പ്രയാണം, പലായനം – ലോകത്തിന് പരിചയപ്പെടുത്തും. ഇടങ്ങൾ മാറ്റാനുള്ള ഈയൊരു ജൈവികപ്രേരണയാണ് ചെറുതും, വലുതുമായ ജീവികളുടെ യാത്രകളുടെയെല്ലാം കാരണഹേതു. പ്രപഞ്ചത്തിലെ ചലിതകലകളെല്ലാം സഞ്ചാരത്തിലേർപ്പെടുന്നത് പ്രധാനമായും നിലനിൽപുമായി ബന്ധപ്പെട്ട ഭൂമിശാസ്ത്രപരമോ, ജീവശാസ്ത്രപരമോ ആയ ഗതികേടുകൾ കൊണ്ടാണെങ്കിലും, അതിൽ നിന്നും വ്യത്യസ്തമായി മനുഷ്യൻ്റെ യാത്രകൾ നിലനില്പ് എന്ന ആവശ്യം കൊണ്ട് അവസാനിക്കുന്നില്ല; അതിജീവനത്തിന് വേണ്ടി മാത്രമല്ല മനുഷ്യർ യാത്ര ചെയ്യുന്നത്. ജീവിതത്തിൻ്റെയും, അസ്തിത്വത്തിൻ്റെയും അർത്ഥങ്ങളുടെ പുനർനിർണ്ണയവും, അപനിർമ്മാണവും വരെ മനുഷ്യർ യാത്രയിലൂടെ നിർവ്വഹിക്കാറുണ്ട്. അങ്ങനെ സഞ്ചാരത്തിലൂടെ സാധ്യമാക്കാൻ മനുഷ്യർ ശ്രമിക്കുന്ന അനുഭവങ്ങളിലൊന്നാണ് ആനന്ദവും.

മോട്ടോർ ഘടിപ്പിച്ച ഇരുചക്രവാഹനങ്ങളും, കാർ,ജീപ്പ് മുതലായ ‘നാൽക്കാലി’കളും സാമ്പത്തിക അസമത്വവും, തൊഴിൽപരമായ ചൂഷണവും പാരമ്പര്യമായി നിലനിർത്തിപ്പോന്ന കുടുംബക്കാർക്ക് മാത്രം പ്രാപ്യമായിരുന്ന ഒരാഡംബരമായിരുന്ന കാലം മുതൽ ഇന്നുവരെ കേരളത്തിലെ ബഹുജനങ്ങളുടെ വാഹനം തീവണ്ടിയും, ബസ്സും തന്നെയായിരുന്നു. കേരളത്തിലെ മനുഷ്യരുടെ നിത്യജീവിതത്തിലെ അവിഭാജ്യമായ ഘടകമായിരുന്നു (ഇന്നുമതെ) മേല്പറഞ്ഞ രണ്ട് പൊതുഗതാഗത സംവിധാനങ്ങളിലുള്ള സഞ്ചാരങ്ങൾ. ഒരു ദിവസത്തിലെ വിവിധ നേരങ്ങളിലായി ഒന്നു മുതൽ നാല് വരെയുള്ള മണിക്കൂറുകൾ മലയാളികൾ ഇവയിലൂടെയുള്ള ഗതാഗതത്തിനായി ചെലവിടുന്നുണ്ടാവണം. അതുകൊണ്ട് തന്നെ സ്വഭാവത്തിലും, പെരുമാറ്റത്തിലുമുള്ള മനുഷ്യരുടെ പ്രത്യേകതകളും, വൈകല്യങ്ങളും പ്രകടമാകുന്ന ഒരു വേദി കൂടിയാണ് ഇത്തരം നിത്യയാത്രകൾ.

മറ്റു സാമൂഹ്യവ്യവഹാരങ്ങളിൽ എന്നതുപോലെ യാത്രകളിലും ഒരാളുടെ ‘തനിനിറം’ പുറത്തുവരുന്നത് മുതിർന്നവരുടെ അകമ്പടിയില്ലാതെ പുറത്തുപോകാൻ ഒരുവൻ ‘മുതിരുന്ന’ കൗമാരം തൊട്ടായിരിക്കും. അതെന്തായാലും, ഒരാളുടെയും യാത്രകളിലെ ആദ്യസ്പർശാനുഭൂതി ബോധപൂർവ്വമായ ഒന്നായിരിക്കാൻ സാധ്യതയില്ല. അപ്രതീക്ഷിതവും, അനിയന്ത്രിതവുമായി ആളുകൂടുന്ന നിത്യയാത്രകളിൽ ഒന്നിലായിരിക്കും സർവ്വസാധാരണമായും ഒരു കൗമാരക്കാരൻ ഉടലിനും, ഉയിരിനും ആനന്ദം പകരുന്ന തൻ്റെ ആദ്യ രതിസ്പർശത്തിലെത്തിച്ചേരുന്നത്. പക്ഷെ, വരകളിലൂടെയും, വാക്കുകളിലൂടെയും രതിയുടെ വിശാലപ്രപഞ്ചത്തിലേക്ക് ജ്ഞാനസ്നാനം ചെയ്യപ്പെട്ടുകഴിഞ്ഞ കുമാരന്മാർ വളരെ സ്വാഭാവികമായാണ് യാത്രകളിലെ ഈ ഉടൽവിനിമയങ്ങളിലേക്ക് കടക്കുക. പൊതുവാഹനയാത്രകളിലെ ആൾത്തിരക്കിൽ ആദ്യമൊക്കെ അറിയാതെയും, പിന്നീട് ‘അറിയാത്തതുപോലെയും’ ഉണ്ടാകുന്ന രതിസ്പർശങ്ങളെ അവ സംഭവിക്കുന്ന സ്ഥലങ്ങളും, ആനന്ദം കൈമാറുന്ന രീതികളുമനുസരിച്ച് പ്രധാനമായും മൂന്ന് വിഭാഗങ്ങളായിത്തിരിക്കാം എന്ന് തോന്നുന്നു.

ഇവയിൽ ആദ്യത്തെതും, ഏറ്റവും ‘ജനകീയ’മായതുമായ യാത്രാസ്പർശം പൊതുവാഹനങ്ങളിൽ കയറുമ്പോഴും, ഇറങ്ങുമ്പോഴും, അവയ്ക്കകത്ത് നിൽക്കുമ്പോഴും ഉള്ളതാണ്. നിത്യമോടുന്ന ദീർഘദൂര ബസ്സ്, തീവണ്ടികളുടെയും, ബസ്സ് എന്ന് വിളിക്കപ്പെടാൻ മാത്രം വലിപ്പമില്ലാത്ത, ഒരു നേരം ഒരു വാഹനത്തിന് കടന്നുപോകാൻ മാത്രം വീതിയുള്ള റോഡുകളുള്ള നാട്ടിൻപുറങ്ങളിൽ നിന്നും നഗരങ്ങളിലേക്ക് സ്കൂൾ – കോളേജ് വിദ്യാർത്ഥികളെയും, തൊഴിലാളികളെയും കുത്തിഞെരുക്കി വരുന്ന ‘കുട്ടിബസ്സു’കളുടെയും വാതിൽപ്പടിയ്ക്കൽ ആണ് ഇത്തരം തൊട്ടുപോകലുകളുടെ അരങ്ങേറ്റമുണ്ടാവുക. നേരത്തിന് തന്നെ തങ്ങളുടെ ലായങ്ങളിൽ എത്തിച്ചേരാൻ തിരക്കുകൂട്ടുന്ന ആൺപെൺ യാത്രികരുടെ പെട്ടെന്നുണ്ടാകുന്ന ആൾക്കൂട്ടത്തിനിടയിലാണ് അക്ഷരാർത്ഥത്തിലെ ഈ നൈമിഷിക സുഖത്തിൻ്റെ സാധ്യത. രണ്ടു മനുഷ്യരുടെ രണ്ടു ശരീരഭാഗങ്ങൾ തമ്മിൽ തിരക്കിലുണ്ടായിപ്പോയതെന്ന മട്ടിലുണ്ടാകുന്ന ഈ മന:പൂർവ്വ ഉരസൽ സംസ്കൃതിയുടെ ഉല്പന്നമെന്ന് മനുഷ്യന് ഒരിക്കലും അവകാശപ്പെടാൻ കഴിയാത്ത തരത്തിൽ മൃഗീയമായ (മൃഗങ്ങളുടേതെന്ന അർത്ഥം മാത്രം) ഒരു ലൈംഗീകമുദ്രയാണ്. തങ്ങളുടെ ലൈംഗീകതാല്പര്യം അപരനെ അറിയിക്കുവാൻ ജീവിലോകത്തിലെങ്ങും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഈ സംഭോഗസൂചനയെ, പക്ഷെ, മനുഷ്യൻ മാത്രം സൗന്ദര്യവൽക്കരിക്കുകയും, സാഹിത്യവൽക്കരിക്കുകയും ചെയ്തിട്ടുണ്ടെന്ന് കാണാൻ കഴിയും. ടോൾസ്റ്റോയിയുടെ ‘അന്ന കരീനിന’യിൽ തന്നിലൊതുങ്ങിയ സ്ത്രീയും, അക്കാലത്തെ റഷ്യൻ സദാചാരമൂല്യങ്ങൾ ജീവിതത്തിൽ അക്ഷരംപ്രതി അനുവർത്തിക്കുന്നവളും, അലക്സി കരീൻ എന്ന ഉന്നതോദ്യോഗസ്ഥൻ്റെ പ്രൗഢയായ ഭാര്യയുമായ അന്ന, കാല്പനീകതയിലും, സദാചാരവിരുദ്ധതയിലും അഴിഞ്ഞുലഞ്ഞു ജീവിക്കുന്ന വ്രോൺസ്കിയെന്ന പട്ടാള ഓഫീസറുടെ പ്രണയത്തിൽ പതിയ്ക്കുന്നത് ഇത്തരമൊരു ഉരസരിലൂടെയാണെന്ന് വേണമെങ്കിൽ അല്പം അതിശയോക്തിപരമായി പറയാം !

പൊതുവാഹനങ്ങളിലെ കയറ്റത്തിലും, ഇറക്കത്തിലും ഉണ്ടാകുന്ന (ഉണ്ടാക്കുന്ന) നൈമിഷികമായ ഇത്തരം മുട്ടിയുരുമ്മലുകളുടെ ദീർഘവും, വികസിതവുമായ വകഭേദം ഉണ്ടാവുക വാഹനങ്ങൾക്ക് ഉള്ളിലായിരിക്കും. ബസ്സിലാണെങ്കിൽ തിരക്കുമൂലം മുൻ വാതിലിൽ സാഹസികമായി തൂങ്ങി നിൽക്കുന്ന ‘കിളി’ എന്ന് ഓമനപ്പേരുള്ള ക്ലീനറുടെ നിർദ്ദേശപ്രകാരമെന്ന വ്യാജേന മുന്നിലൂടെ കയറിയവരും, പിറകിലൂടെ കയറി വേറെ വഴിയില്ല എന്ന നാട്യത്തിൽ മുന്നോട്ട് നടന്നവരും എത്തിച്ചേരുന്ന ബസ്സിൻ്റെ മധ്യഭാഗത്താണ് രത്യാവേശത്തിൻ്റെ തീപ്പൊരികൾ ചിതറിക്കുന്ന തട്ടുമുട്ടലുകൾ നീണ്ടുനിൽക്കുന്ന ഉടൽ -ഉരുമ്മലുകളായി രൂപാന്തരപ്പെടുന്നത്. സാധാരണയായി ബസ്സുകളുടെ (വിശിഷ്യാ വാഹനത്തിൻ്റെ ഓരോ ഇഞ്ചും ലാഭത്തിനായി പ്രയോജനപ്പെടുത്തുന്ന പ്രൈവറ്റ് ബസ്സുകളുടെ) മധ്യത്തിൽ, ഒരു സീറ്റിൻ്റെ പകുതിയിലായി സ്ഥിതിചെയ്യുന്ന ഇരുമ്പ് തൂണ് ഈ ഉരുമ്മലിൻ്റെ ഭൗതികസാഹചര്യത്തെ കൂടുതൽ സൗകര്യപ്രദമാക്കി മാറ്റും. വാഹനം സഞ്ചരിക്കുന്ന ദിശയ്ക്ക് ഉന്മുഖമായി നിൽക്കുന്ന ഒരാളുടെ (പൊതുവെ ഒരു സ്ത്രീയുടെ) ദേഹത്തിൻ്റെ പിറകിൽ അജ്ഞാതനായ ഒരു പുരുഷൻ തൻ്റെ ലൈംഗീകാവയവമുൾപ്പെട്ട മധ്യഭാഗം കൊണ്ട് അമർത്തി രതിസുഖം നേടുന്ന ഈ പ്രക്രിയയ്ക്ക്  നാട്ടുഭാഷാ-രതിവിജ്ഞാനകോശത്തിലുള്ള ദ്വയാർത്ഥപ്രയോഗം ‘ജാക്കിവെക്കുക’ എന്നതാണ്. ജാക്കി എന്ന ഉപകരണം ബസ്സുകൾ പോലെയുള്ള പൊതുവാഹനങ്ങളിൽ ടയർ മാറ്റാനും മറ്റും നിരന്തരം ഉപയോഗിക്കപ്പെടുന്നതായതുകൊണ്ടും, ഉദ്ധരിക്കപ്പെട്ട പുരുഷലിംഗത്തിനോടുള്ള അതിൻ്റെ സാരൂപ്യം കൊണ്ടുമാകണം നിതംബവും, അരക്കെട്ടും തമ്മിലുള്ള ഈ രതിവിനിമയത്തിന് അങ്ങനെയൊരു പേര് വരാനുള്ള കാരണം.

ബസ്സുകളും, തീവണ്ടികളും പോലെയുള്ള പൊതുവാഹനങ്ങളിൽ സംഭവിക്കുന്ന മറ്റൊരുതരം രതിസ്പർശങ്ങൾ ഉടൽവൃക്ഷത്തിൽ നിന്ന് പുറത്തേക്ക് പടർന്ന കൊമ്പുകളായ കൈകാലുകൾ ഉപയോഗിച്ചിട്ടുള്ളതാണ്. അരയ്ക്ക് മീതെയുള്ള ഭാഗങ്ങൾ കൊണ്ട് ഒട്ടും പ്രാപ്യമല്ലാത്ത അകലങ്ങളിലേക്ക് എത്തിപ്പിടിക്കുന്ന കിനാവള്ളിച്ചുറ്റുകൾ പോലെയാണ് വാഹനത്തിരക്കിലെ രതിസുഖാന്വേഷകരുടെ പാദങ്ങളും, വിരലുകളും സഞ്ചരിക്കുക. ‘ഹേയ് ഞാനോ?’ എന്നൊരു ഭാവം മുഖത്ത് എടുത്തണിഞ്ഞ്, കണ്ണുകൾ മറ്റുള്ളവർക്ക് സംശയം ജനിപ്പിക്കാതെ ഋജുരേഖയിൽ നിലനിർത്തേണ്ടതുകൊണ്ട് അസാധ്യക്ഷമയോടെയും, സംവേദനത്തോടെയും രതിദൗത്യത്തിനിറങ്ങുന്ന മോഹം മൂത്ത പാദവിരലുകൾ വഴിതെറ്റി അവയുടെ ലക്ഷ്യസ്ഥാനമായ മൃദുപാദത്തോട് ചേർന്നു കിടക്കുന്ന അചേതനവസ്തുക്കളായ ചെരുപ്പ്, സീറ്റിൻ്റെ ഇരുമ്പുകാലുകൾ എന്നിവയിൽ ‘തെറ്റിദ്ധാരണാസുഖം’ കണ്ടെത്തുന്നതും വിരളമല്ല. പാദങ്ങളോളം ‘റീച്ച്’ ഇല്ലെങ്കിലും മുട്ടുകാൽ എന്ന കാൽമുട്ടും ഈ തട്ടുമുട്ടുകളിൽ ഗണനീയമായ പങ്കുവഹിക്കുന്നുണ്ട്. (‘മുട്ടുകാലിനും കൈയ്യുണ്ടോ?’ – എന്നൊരു പ്രയോഗം ഒരു സുഹൃത്തിൻ്റെ കഥയിൽ വായിച്ചതോർക്കുന്നു). രണ്ടുകാലിൽ ലംബമായുള്ള നില്പിൽ രതിസ്പർശങ്ങൾ പരിശീലിക്കുന്ന ചില ജാക്കിച്ചാൻമാരുടെ മുഖ്യ ഉപകരണം നാട്ടുഭാഷയിൽ ‘ചണ്ണ ‘ എന്ന് വിളിക്കുന്ന തുടയുടെ മാംസളവും, പേശീദൃഢവുമായ ഉപരിഭാഗത്തിൻ്റെ അരികുകളാണ്. അരക്കെട്ടിൻ്റെ വീതി കൊണ്ട് പൂർണ്ണമായും സീറ്റിൽ ഉൾക്കൊള്ളാനാകാതെ ഇരിക്കുന്ന ഒരാളുടെ, സീറ്റിൻ്റെ കുഷ്യനും കവിഞ്ഞിരിക്കുന്ന ഭാഗമാണ് ഈ അരികുരസലിന് വിധേയമാകുന്നതെങ്കിൽ, അതേ അവസ്ഥയിൽ സീറ്റിൽ ഇരിക്കുന്ന ആളാണ് സുഖാന്വേഷിയെങ്കിൽ അയാളുടെ വിരലുകളാണ് അറിയാതെ അടുത്തുവരുന്നയാളിൻ്റെ കാൽത്തുടകളിൽ രതിചിത്രങ്ങൾ വരയ്ക്കുക. ഈയൊരു സാധ്യത കൊണ്ടാവണം തിരക്കുള്ള ബസ്സുകളിൽ മുൻവാതിലിന് തൊട്ടുപിറകിലുള്ള സീറ്റിന് ഇത്രയും ഡിമാൻ്റുണ്ടാകുന്നത്. മേല്പരാമർശിക്കപ്പെട്ട സ്പർശനങ്ങൾക്കെല്ലാം പുറമെയാണ് ഒരു രാത്രി മുഴുവൻ സഞ്ചരിക്കുന്ന ദീർഘദൂര ബസ്സുകളിൽ ലൈറ്റുകൾ അണയുന്ന അർദ്ധരാത്രിയോടെ, സീറ്റുകൾക്കിടയിൽ അരങ്ങേറുന്ന കൈ-കാൽ വിരലോട്ടങ്ങൾ. നിന്നും, ഇരുന്നുമുള്ള ഈ മുഴുനീള രാത്രി വിനിമയങ്ങളിലെ ഒരു പങ്ക് ദീർഘദൂര ബസ്സുകളിലെ ഡ്രൈവർ ഒഴികെയുള്ള തൊഴിലാളികൾക്കായിരിക്കാനും ചെറുതല്ലാത്ത സാധ്യതയുണ്ട്.

പൗരധർമ്മത്തിൻ്റെയും, മനുഷ്യാവകാശത്തിൻ്റെയും, സ്ത്രീ സമത്വത്തിൻ്റെയും വീക്ഷണകോണുകളിൽ നിന്ന് വായിച്ചാൽ പുരുഷൻ്റെ ഭാഗത്തുനിന്ന് സ്ത്രീകളിലേക്കുണ്ടാകുന്ന ഇത്തരം ഇടപെടലുകളെ അവളുടെ ശരീരത്തിലേക്കുള്ള കടന്നുകയറ്റവും, ലൈംഗിക അതിക്രമവുമായാണ് വായിക്കപ്പെടുന്നത്. പരസമ്മതമില്ലാതെ കണ്ണുകൾ കൊണ്ടുപോലും നടത്തുന്ന ഏത് സുഖാന്വേഷണവും സംശയലേശമെന്യെ ഒരു കടന്നുകയറ്റമായി കാണാവുന്നതാണ്. ബലപ്രയോഗം കൂടി ചേർക്കപ്പെടുമ്പോൾ അത് ലൈംഗീകഹിംസയുടെ തലത്തിലേക്ക് ഉയരുന്ന ഒരു കുറ്റകൃത്യമായി മാറുകയും ചെയ്യും. എന്നാൽ, ആധുനിക മന:ശ്ശാസ്ത്രത്തിൻ്റെ പരിപ്രേക്ഷ്യത്തിൽ ഇത്തരം രതിസ്പർശങ്ങളെ ലൈംഗീകതയുമായി നേരിട്ട് ബന്ധമില്ലാത്ത അനുബന്ധ – ആസക്തികളിൽ (Paraphilia) ഒന്നായാണ് വായിക്കപ്പെടുന്നത്. പരഹിംസാ ആനന്ദം (Sadism), ആത്മഹിംസാ ആനന്ദം ( Masochism), ഒളിച്ചുനോട്ടമെന്ന ദർശനാനന്ദം (Voyeurism/Scopophilia), സ്വയം പ്രദർശനാനന്ദം ( Exhibitionism) എന്നീ സ്വഭാവവൈകല്യങ്ങളുടെ കൂട്ടത്തിലാണ് Frotteurism അഥവാ Frotteuristic Disorderഎന്ന സാങ്കേതിക നാമമുള്ള ഇത്തരം ആൾക്കൂട്ട സ്പർശങ്ങളെയും മന:ശ്ശാസ്ത്രജ്ഞർ ഉൾപ്പെടുത്തുന്നത്. ഒരു വ്യക്തിയെ അയാളുടെ അറിവോ, സമ്മതമോ കൂടാതെ സ്വന്തം ആനന്ദത്തിനായി ആൾക്കൂട്ടങ്ങളിൽ വച്ച് സ്പർശിക്കുന്ന വഴിതെറ്റിയ (perverted) ലൈംഗീകപ്രയോഗമായാണ് ആധുനിക മന:ശ്ശാസ്ത്രം Frotteurism ത്തിനെ നിർവ്വചിക്കുന്നത്. ഈ മന:ശ്ശാസ്ത്ര ധാരണകളെ ഉൾക്കൊണ്ട പല ആധുനിക സമൂഹങ്ങളിലും ബലപ്രയോഗമില്ലാത്ത Frotteurism ത്തിനെ മുൻകൂട്ടി തയ്യാറാക്കി ചെയ്യുന്ന ഒരു കുറ്റകൃത്യത്തിലുപരിയായി സംസ്കൃത സമൂഹത്തിന് യോജിക്കാത്ത ഒരു സ്വഭാവ വൈകല്യമായാണ് കണക്കാക്കുന്നത്. സാന്ദർഭികമായി, ആൾക്കൂട്ട സ്പർശങ്ങൾ ഒരു സാമൂഹികശല്യമായി മാറിയ ജപ്പാനീസ് സംസ്കാരത്തിൽ ഇത്തരക്കാരെ വിളിക്കുന്ന ‘Chikan’ (ച്ഷികാൻ) എന്ന പേരിന് ഇന്ന് ലൈംഗീകോത്തേജന വീഢിയോസൈറ്റുകളിൽ (porn sites) വലിയ (കു)പ്രസിദ്ധിയാണുള്ളതെന്ന് കാണാൻ കഴിയും.

സ്ത്രീവാദത്തിൻ്റെയും, മന:ശ്ശാസ്ത്രത്തിൻ്റെയും, നിയമത്തിൻ്റെയും വായനകളെ അംഗീകരിക്കുമ്പോഴും ആൾക്കൂട്ട സ്പർശമെന്ന ഈ അന്തർവൈയക്തിക (Interpersonal) പ്രതിഭാസത്തെ സമഗ്രമായി മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ അതിന് രതിശാസ്ത്രത്തിൻ്റെതായ ചില അനന്യ പരിപ്രേക്ഷ്യങ്ങൾ കൂടിയുണ്ട് എന്ന് നമുക്ക് കാണാൻ കഴിയും. അധികാരത്തിൻ്റെയും, കടന്നുകയറ്റത്തിൻ്റേയും ഇടപെടലുകളില്ലാത്ത ചില ശാരീരികാനന്ദ വിനിമയങ്ങളും ഇത്തരം തൊടലുകളിൽ സംഭവിക്കുന്നുണ്ടെന്നത് ഒരു വാസ്തവമാണ്. മേല്പറഞ്ഞ യുക്തി ഇത്തരം തൊട്ടുതലോടലുകളെ ആശാസ്യവൽക്കരിക്കുന്നൊന്നുമില്ലെങ്കിലും അത് കേവലം ഏകപക്ഷീയ അധികാരപ്രയോഗമാണെന്ന ധാരണയെ പുനർവിചിന്തനത്തിന് എടുക്കാനെങ്കിലും പ്രേരിപ്പിച്ചേക്കാം. യാത്രയ്ക്കിടയിലെ രതിസ്പർശങ്ങൾ കപടസദാചാരത്തിലൂന്നിയ ഒരു സമൂഹത്തിൻ്റെ അംഗീകൃത ലൈംഗീകതയോടുള്ള വ്യക്തികളുടെ വിയോജിപ്പായും വായിക്കാവുന്നതാണ്. എല്ലാ ഗൂഢ(രതി)മാർഗ്ഗങ്ങളിലും വെളിച്ചം കയറാത്ത, ഒരു തിരസ്കൃതലോകത്തിൻ്റെ വഴി തെറ്റിയ ആവിഷ്ക്കാരം നമുക്ക് വായിച്ചെടുക്കാവുന്നതാണല്ലോ.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

2 COMMENTS

  1. സത്യവും സ്പഷ്ടവുമായ മാനസികാപപ്രഥനം.
    സൂക്ഷ്മ നീരീക്ഷണങ്ങൾ. മനശാസ്ത്ര
    ലേഖനത്തിൻ്റെ കാമ്പും കനവും.

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...