കഥ
രാധിക പുതിയേടത്ത്
ചെമ്പകത്തിന്റെ വേരറ്റം നനഞ്ഞു പുതഞ്ഞ ചെമ്മണ്ണിൽ നിന്ന് വലിച്ചു പുറത്തിട്ട് സൊഹൈൽ തുടർന്നു, ”ചെമ്പകപ്പൂക്കളുടെ അതേ മണമാണ് വേരിനും. മത്തു പിടിപ്പിക്കുന്ന കസ്തൂരിയുടെ മണം.” തണുത്ത വേരുകളിലൊന്ന് അവനെന്റെ മൂക്കിലേക്കടുപ്പിച്ചു. മുടിയിഴകളിലെ നീല റിബണിലുറപ്പിച്ച മഞ്ഞച്ചെമ്പകപ്പൂക്കൾ വിസ്മൃതിയുടെ മലമടക്കുകളിൽ നിന്നും ഊറിയിറങ്ങി. “നോക്കടാ, മഴയെടുത്തിട്ടും പുഞ്ചിരിക്കുന്ന പൂക്കൾ.” ചളിയിൽ സൂക്ഷ്മതയോടെ ബൂട്സുകളുറപ്പിച്ച് അവൻ കയ്യിലെ ഫ്ലാഷ് തുരുതുരാ മിന്നിച്ചു. “ഷാനെ, ഇനി ഒരു ചായ ആവാം.” ചിതറിക്കിടക്കുന്ന ചില്ലകളിൽ നിന്ന് പൊട്ടിച്ചെടുത്ത ചെമ്പകപ്പൂക്കൾ പോക്കറ്റിലേക്കിട്ട്, മഴ ചവിട്ടി മെതിച്ച ബസ്റ്റോപ്പിനപ്പുറം, ചാക്കുകൾ വലിച്ചു കെട്ടിയ ചായ്പ്പ് ലക്ഷ്യമാക്കി ഞങ്ങൾ നടന്നു. ഇലത്തുള്ളികൾക്കും ചീറിയടിക്കുന്ന കാറ്റിനും ഓർമകളുടെ ഗന്ധം.
“മൈതാനത്തിന്റെ ചെരുവിലെ ചെമ്പകമരങ്ങൾ ഓർമയുണ്ടോ?”
ഞങ്ങളുടെ സ്‌കൂളിന്റെ വികാരമായിരുന്നു ആ ചെമ്പകമരങ്ങൾ. പ്രണയിതാക്കൾ മത്സരിച്ചു പറിച്ചു സമ്മാനിച്ചിരുന്ന പൂക്കൾ. ഈ പൂക്കളിലൂടെ എത്രയോ പ്രണയങ്ങൾ വസന്തമറിഞ്ഞിരുന്നു.
ചായക്കോപ്പകൾ നിരത്തിവച്ച സ്റ്റീൽ പാത്രം നനഞ്ഞൊട്ടിയ ബെഞ്ചിന്റെ ഒത്തനടുവിലേക്ക് നീക്കികൊണ്ട് ഞാനവനെ നോക്കി. “പൂവ് ചോദിച്ചു വരുന്നവരെ കാണുന്നതെ ആ വീട്ടുകാർക്ക് കലിയായിരുന്നു !”
ചായ്പ്പിന്റെ ഇടതുവശത്തു വച്ച പൊട്ടിയ പെയിന്റ് ബക്കറ്റിൽ താളമടിച്ചുകൊണ്ടിരിക്കുന്ന മഴത്തുള്ളികളിൽ നിന്നും അവന്റെ കണ്ണുകൾ, ദൂരെ, തല കുമ്പിട്ടു നിൽക്കുന്ന സ്കൂൾ കെട്ടിടത്തിലേക്കും, മുഖം കനത്ത മൈതാനത്തിലേക്കും, തീപ്പെട്ടിക്കോലുകൾ കണക്കെ ചിതറിക്കിടക്കുന്ന മരക്കൊമ്പുകളിലേക്കും, തിരക്കിട്ടൊഴുകുന്ന വെള്ളച്ചാലുകളിലേക്കും നീങ്ങി.
“അതൊക്കെയെന്നേ മുറിച്ചു കളഞ്ഞു! ഒപ്പം കാപ്പിതോട്ടവും കവുങ്ങിൻതോപ്പും നെൽപ്പാടങ്ങളും. വേദനിച്ച ഭൂമി മുറിവ് കഴുകിക്കളഞ്ഞതാ ഈ കാണുന്നതൊക്കെ!”
“അല്ല, നിനക്കിപ്പോഴും കിട്ടാറുണ്ടോ.. പൂക്കൾ. ഇപ്പൊ കിട്ടുന്നത് കാട്ടുപ്പൂക്കളായിരിക്കും, ല്ലേ?”
മടിയിൽ ചാരിവച്ച കറുത്ത ക്യാമറബാഗ് ഒന്നൂടെ ഭദ്രമായി അടുപ്പിച്ചു വച്ച് സൊഹൈൽ ചിരിക്കാൻ ശ്രമിച്ചു. സ്കൂളിലെ പെൺകുട്ടികളെയും ടീച്ചർമാരെയും കൈയിലെടുത്ത ചിരി മങ്ങിയിരിക്കുന്നു. 9C-ലെ നീന പറഞ്ഞത് കണ്ണിൽ ചെമ്പകപ്പൂക്കൾ വിരിയുന്ന ചിരിയാണ് അവന്റേതെന്നാണ്. ഒരു സ്പോർട്സ് ഡേയുടെ അന്ന് നാന്നൂറ് മീറ്റർ ഓടിവന്ന സൊഹൈലിനെ നോക്കിയവളത് പറഞ്ഞപ്പോൾ അവന് നാലു പെടകൊടുക്കാനാണ് തോന്നിയത്. സ്ഥലം മാറ്റം കിട്ടിയ ബോട്ടണി ടീച്ചർ പോകുന്നതിനു മുന്നേ പുസ്‌തകം സമ്മാനിച്ചത് കുസൃതികളൊപ്പിക്കുന്ന സൊഹൈലിന് മാത്രം. സ്കൂളിലെ പഠിപ്പികളുടെയും കാമുകന്മാരുടെയും അപ്രിയം ഒരു പോലെ ഏറ്റു വാങ്ങിയ ഓട്ടക്കാരൻ. അവനെങ്ങനെ കാടും ക്യാമറയും പ്രിയപ്പെട്ടതായോ എന്തോ.
സൊഹൈൽ തന്റെ ബാഗിന്റെ പോക്കറ്റിൽ നിന്ന് പലതായി മടക്കിയ വയലറ്റ് കടലാസ് പുറത്തേക്കെടുത്തു മേശമേൽ വച്ചു. ഡയറി മിൽക്കിന്റെ പൊതി. ഉള്ളിൽ കരിഞ്ഞുണങ്ങിയ ഇലക്കഷ്ണങ്ങൾ. പൊതിയിൽ പെന്നു കൊണ്ട് കോറിയിട്ട ചിത്രം.
“ചെമ്പക പൂക്കളാണ്. ഭാഗ്യയുടെ വീട്ടിൽ നിന്ന്.” അവനൊന്നു നിറുത്തി, ചൂടാറിയ ചായ മുഴുവനും ഒറ്റ വലിക്ക് തീർത്തു. “ അവളെനിക്ക് സമ്മാനിച്ചതാണ്. സെന്റോഫിന്റെ അന്ന്. അവളെന്നെയാ വരച്ചിരിക്കുന്നത്. “ സ്‌ക്രീനിൽ തെളിഞ്ഞ ചുവന്ന വട്ടം അമർത്തി ഇടറിയ ശബ്ദത്തിൽ അവൻ തുടർന്നു. “ ആ ചിത്രവും പൂക്കളും എന്തോ കളയാൻ തോന്നിയില്ല. കുറെ കാലം വീട്ടിലെ മേശക്കള്ളികളിലെവിടെയോ ഇട്ടു. പിന്നെ ലെൻസുകൾക്ക് കൂട്ടായി ഈ ബാഗിലെത്തി.”
“എന്ത്, ആ വയൽക്കരയിലെ കാവൊക്കെ ഉണ്ടായിരുന്ന വീട്ടിലെ, ഉറുദു കവിത ഒക്കെ എഴുതുന്ന..”
“ഒന്ന് പോടാ, ഇമാമിന്റെ മോള് ഷാഹിനക്ക് സംസ്‌കൃതം പഠിക്കാമെങ്കിൽ ഭാഗ്യക്ക് ഉറുദു കവിത എഴുതാം ചൊല്ലാം. ഭാഷയെ ഭാഷയായി കണ്ടാപ്പോരേ?” അവന്റെ കണ്ണ് നന്നായി ചുവന്നിരിക്കുന്നു. നോട്ടം അപ്പോഴും സ്‌കൂൾ മൈതാനത്തിലെവിടെയോ ഉടക്കിനിന്നു.
“ഞാനൊന്നും പറഞ്ഞില്ലല്ലോ. .. എടാ, അവള് വരക്കുവായിരുന്നോ? അപ്പൊ നിങ്ങള് … അതെപ്പോ!”
വാർഷികോത്സവത്തിനു വേദിയിൽ വയ്ക്കാനായുള്ള നെല്ലും പറയും എടുക്കാനായി ഭാഗ്യ വീട്ടിലേക്ക് കൊണ്ട് പോയതും, കവുങ്ങിൻ തോപ്പിനെ വകഞ്ഞു മാറ്റി താഴേക്കിറങ്ങുന്ന അമ്പതിനാല് പടിക്കെട്ടുകൾ എണ്ണിയതും, വയലിനും കവുങ്ങിൻതോപ്പിനുമിടയിൽ നൂണ്ടൊഴുകുന്ന തോട്ടിൽ കളിച്ചതും, കുളപ്പടികളിലിരുന്നു മീൻ പിടിച്ചതും, പഴുത്ത കവുങ്ങിൻ പാളകൾ ശേഖരിച്ചു പൈക്കിടാങ്ങൾക്ക് കൊടുത്തതും, നട്ടുച്ചക്ക് കാവിൽ കയറരുതെന്ന ആജ്ഞ തെറ്റിച്ചതും, കാവിനെ പൊതിയുന്ന കാട്ടുമരങ്ങളും ഔഷധ ചെടികളും കണ്ടു നേരം വൈകിയതും ബയോളജി ടീച്ചർ വീട്ടുകാരെ വിളിച്ചു പറയുമെന്ന് പേടിപ്പിച്ചതും അവൻ ഒരു കവിതപോലെ ഉരുവിട്ട് കൊണ്ടിരുന്നു.
“…സ്‌കൂൾ വിട്ട ശേഷം അവളെഴുതിയ കത്തുകൾക്കൊരിക്കലും മറുപടി അയച്ചില്ലെടാ. ആ കാവൊക്കെ പോയല്ലേ? അരയാലും പനയും മഞ്ചാടിയും ഒക്കെ …” സൊഹൈൽ ആ കടലാസു കഷ്ണം ഭദ്രമായി മടക്കി തിരിച്ചു ബാഗിലേക്കു വച്ചു. ശേഷം, മെമ്മറികാർഡും ഒരു ചെറിയ ലാപ്ടോപ്പും പുറത്തേക്കെടുത്തു. കാർഡ് ലാപ്ടോപ്പിന്റെ മെമ്മറി സ്ലോട്ടിലേക്ക് മാറ്റി.
“നിസ്‌ക്കരിക്കാത്ത നിനക്കെന്തിനാ കാവ്? അതവര് പണ്ടേ പൊളിച്ചു.” മഴ പിന്നെയും കനത്തു തുടങ്ങി. മാനത്താരോ നെല്ല് പുഴുങ്ങുന്ന മേളം. രണ്ടു ചായക്ക് കൂടെ പറഞ്ഞ് അവൻ തിരിച്ചു വന്നു .
“സ്വന്തം വീട്ടിലെ ആരാധനാലയം പൊളിച്ചാൽ ആർക്ക് ചേതം? അവരാ ഭഗവതിയെയും കുട്ടിച്ചാത്തനെയും ബ്രഹ്മരക്ഷസ്സിനെയും ഒക്കെ വേറെ എവിടേയോ ആവാഹിച്ചു കുടിയിരുത്തിയെന്നും ഇല്ലെന്നും ഒക്കെ പറയുന്ന കേൾക്കുന്നു. ഒരു രാത്രി കൊണ്ടാണത്രേ അവരത് പൊളിച്ചു മാറ്റിയത്. ആരും ഒച്ചപ്പാടൊന്നും കേട്ടില്ലെന്ന്. അവളുടെ അമ്മക്ക് കിട്ടിയതാ ആ തറവാട്. പിന്നീട് തോട്ടത്തിലെ മരങ്ങൾ ഓരോന്നായി മുറിച്ചു വിൽക്കാൻ തുടങ്ങി. പിന്നെ കാപ്പിത്തോട്ടവും കവുങ്ങിൻ തോപ്പും മുറിച്ചു കൊടുത്തു മൊട്ടക്കുന്നാക്കി. ഇപ്പൊ അതും…അത് പോട്ടെ, നീ എടുത്ത ചിത്രങ്ങൾ നോക്കട്ടെ.”
ഉരുൾപൊട്ടലിന്റെ ഭീതിയേറിയ ദൃശ്യങ്ങൾ മിന്നി മറഞ്ഞ സ്‌ക്രീൻ അവസാനം ഒന്നിൽ നിശ്ചലമായി. ചിത്രത്തിൽ, മണ്ണിൽ പുതഞ്ഞു നിൽക്കുന്ന പൂക്കൾ പച്ചകുത്തിയ കൈവിരലുകൾ. ചെളിപുരണ്ട നഖങ്ങളിൽ നീല നിറം.
“എടാ…”
കണ്ണുകളിൽ നിന്നുതിരുന്ന മലവെള്ളപ്പാച്ചിൽ അടക്കി അവൻ ഒരു ഫോട്ടോയും കത്തും എന്റെ കൈയിൽ തന്നു. ഫോട്ടോയിൽ പച്ചകുത്തിയ അതേ കൈവിരലുകൾ.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
Congratulations Radhika! Keep up the good work ????