HomeTHE ARTERIASEQUEL 26അതിസാധാരണമായ ഒരു ആണ്‍-പെണ്‍ പ്രണയകഥ!

അതിസാധാരണമായ ഒരു ആണ്‍-പെണ്‍ പ്രണയകഥ!

Published on

spot_img

ബിനീഷ് പുതുപ്പണത്തിന്റെ പ്രേമനഗരം എന്ന നോവലിന്റെ വായന

അനസ്. എന്‍. എസ്

അതിസാധാരണമായ ഒരു ആണ്‍-പെണ്‍ പ്രണയകഥ! അതിലുപരി എന്തെങ്കിലുമാണോ ബിനീഷ് പുതുപ്പണത്തിന്റെ ‘പ്രേമനഗരം’ എന്ന പര്യാലോചനയിലാണ് ഈ പ്രണയത്തില്‍ ‘മുഴച്ചു’നില്‍ക്കുന്ന ആ കാര്യം ഓര്‍ത്തത്. അത് അങ്ങേയറ്റം നിഷ്കളങ്കമായ സത്യസന്ധതയാണ്.

ശരിക്കും നിഷ്കളങ്കതയുടെ ആഖ്യാനത്തെ അശ്ലീലമെന്നും, കപടതയെ മാന്യമെന്നും വിളിച്ചുശീലിച്ചുറച്ച്, അവയുടെ സൂചക-സൂചിത ബന്ധം കീഴ്മേല്‍ മറിഞ്ഞു പോയ അനേകം നിര്‍മ്മിതസദാചാരബോധത്തിന്റെ വക്താക്കളില്‍ ഒന്നാണ് നമ്മളും എന്നതിനാല്‍ ഇവയുടെ വേര്‍തിരിവില്‍ പലപ്പോഴും നമുക്കും പിഴവ് പറ്റുന്നു.

നീലു, മാധവ് എന്ന രണ്ടു പേരുടെ ഹെട്രോസെക്ഷ്വല്‍(Heterosexual) പ്രണയാഖ്യാനമാണ് പ്രേമനഗരം. മുപ്പതുകളില്‍ പ്രായമെത്തി നില്‍ക്കുന്ന, അവിവാഹിതനും പത്രപ്രവര്‍ത്തകനുമായ മാധവാണ് നോവലിന്റെ ആഖ്യാതാവ്. നീലു നാല്‍പതുകളില്‍ എത്തിനില്‍ക്കുന്നവളും വിവാഹിതയും ഒരു കൗമാരക്കാരിയുടെ മാതാവുമായ ഒരുവളാണ്. അവരുടെ കണ്ടുമുട്ടല്‍ എല്ലാ അവിചാരിതപ്രണയത്തുടക്കങ്ങളുടെയും സത്തയാല്‍ ഉരുത്തിരിയപ്പെട്ടതാണ്. കൂട്ടിമുട്ടല്‍-കണ്ടുമുട്ടല്‍-പിന്നെയും കണ്ടുമുട്ടല്‍-ശ്വാസം മുട്ടല്‍- പ്രണയം എന്ന രേഖീയചരിത്രവഴിയില്‍ അവര്‍ പ്രണയബദ്ധരാകുന്നു. അവര്‍ എല്ലാ പ്രണയിതാക്കളെയും പോലെ ഭാരമില്ലായ്മയില്‍ പ്രവേശിക്കുന്നു. അവരില്‍ കുസൃതിയും വിലക്കപ്പെട്ട കനി രുചിക്കാനുള്ള ആദിമചോദനയും സ്വാഭാവികമായി ഉണ്ടാകുന്നു. അസെക്ഷ്വലോ (asexual) അറോമാന്റിക്കോ (aromantic) അല്ലാത്ത അവര്‍, അവരുടെ ആദ്യ കെ എസ് ആര്‍ ടി സി യാത്രയില്‍ വയനാടന്‍ മഞ്ഞുകൊള്ളവേ സ്പര്‍ശത്താല്‍ പുളകിതരാകുന്നു. പ്രണയത്തില്‍ സ്ത്രീ അതീവധൈര്യശാലിയും പുരുഷന്‍ അതീവഭീരുവും ആകുമെന്ന ഹെട്രോ ദ്വന്ദ്വ യുക്തിയില്‍ കാര്യങ്ങള്‍ അങ്ങനെ തന്നെ നീളുന്നു. പിന്നീടുള്ള ദിവസങ്ങള്‍ ഫോണ്‍വിളികളിലെ രതിനേരങ്ങളിലും സ്വയംഭോഗനിമിഷങ്ങളിലും അവര്‍ പരസ്പരം മനസ്സുകൊണ്ട് പര്യവേഷണം നടത്തുന്നു. നീലു കൈക്കൊണ്ട ധൈര്യത്തില്‍ അവര്‍ പിന്നീട് അവന്റെ താമസസ്ഥലത്ത് ഒരുമിക്കുന്നു. മനസ്സില്‍ മാത്രം കണ്ട ശരീരസ്ഥലികളെ അവര്‍ ആദ്യമായി അനാവൃതമാക്കുന്നു. അനന്തമായ സമയം ഖജനാവിലുള്ള വൈക്കം മുഹമ്മദ്‌ ബഷീറിന്റെ പടച്ചവനായി അവര്‍ രതിനേരങ്ങളില്‍ മാറുന്നു. ആദ്യത്തെ രതിസംഭ്രമവേഗം പിന്നീട് നിലച്ച സമയങ്ങളുടെ ഘടികാരരൂപം പുല്‍കുന്നു. ഭര്‍ത്താവും മകളും വീട്ടിലില്ലാത്ത, അയല്‍ക്കാരാരും പ്രശ്നമുണ്ടാകാത്ത ഒരു മൂന്നു നാല് ദിവസത്തെ അസുലഭവേളയില്‍ മാധവ് നീലുവിന്റെ വീട്ടിലേക്ക് ക്ഷണിക്കപ്പെടുന്നു. ഒരു വലിയവീട്ടില്‍ അവര്‍ ഒറ്റയ്ക്കാവുന്നു. രതിയുടെയും പ്രണയത്തിന്റെയും ചിന്തകള്‍ കൊണ്ട് ബന്ധിതരായ രണ്ടുപേര്‍ പ്രപഞ്ചത്തില്‍ എല്ലായിടത്തും ചെയ്യുക ഏദന്‍തോട്ടത്തെ തിരിച്ചുപിടിക്കുക എന്നതാവുന്നു. അതിനാല്‍, ഈ ലോകത്ത് ഒറ്റയ്ക്കാവുന്ന എല്ലാ രതിസമ്പന്നരായ ഇണകളെയും പോലെ അവരും ആ നാലു നാള്‍ വസ്ത്രങ്ങളോ മറ്റു ബന്ധനങ്ങളോ വേണ്ട എന്ന് തീരുമാനിച്ച് നഗ്നരാകുന്നു. ആ നാല് നാളുകളുടെ ആഖ്യാനത്തിന്റെ ശുദ്ധതയാണ് പ്രേമനഗരത്തിന്റെ ആത്മാവ്. അവിടെ അവര്‍ പരസ്പരം ശിശുക്കളാകുന്നു. നിഷിദ്ധം എന്ന് കരുതപ്പെട്ടിരുന്ന പ്രവര്‍ത്തികളിലൂടെയെല്ലാം കടന്നുപോയി അവര്‍ ശുദ്ധരാകുന്നു. ആ നാളുകള്‍ അവര്‍ കാമത്തിന്റെയും പ്രണയത്തിന്റെയും സകലമേഖലകളെയും സ്പര്‍ശിച്ചതായി സ്വയം തിരിച്ചറിയുന്നു. പിന്നെയുള്ള ജീവിതത്തിലും സാധാരണപോലെ പ്രണയം സംഭവിക്കുന്നു. നീലുവിന്റെ അടുത്ത് വരുന്ന സുമുഖരില്‍ അവന്‍ അസ്വസ്ഥനാവുകയും അവളുടെ ഫോണിന്റെ ബിസി ടോണില്‍ പിടിവിട്ടു സംശയാലുവാകുന്നു (ഏതൊരു നിഷ്കളങ്കകാമുകനെയും പോലെ). അവന്‍ അതിന്‍റെയൊക്കെ പേരില്‍ അവളോട്‌ കലഹിക്കുന്നു. നീലു അപ്പോഴൊക്കെ ഒരമ്മയുടെ ഭാവത്തില്‍ അവനെ നെഞ്ചില്‍ വലിച്ചിട്ട് എല്ലാ സംശയങ്ങളെയും ദൂരീകരിക്കുന്നു. അവിഹിതമെന്ന ചാപ്പ കുത്തപ്പെടുന്ന ബന്ധങ്ങള്‍ അധികാരത്തെ നോവിക്കാതിരിക്കുന്നിടത്തോളം മാത്രമേ മനോഹരമാകുന്നുള്ളൂ എന്ന തിരിച്ചറിവിനാലാകണം, നീലു മാധവിനെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നു. അപ്പോഴേക്കും അവര്‍ രതിയുടെ പാരമ്യത കണ്ടുകൊണ്ട്, അതിനെ കീഴടക്കി നിസ്സംഗതയിലേക്ക് കടന്നിരുന്നു. മാധവിന്റെ വീട്ടുകാര്‍ തന്നെ ഒരുക്കിയ ഒരുവളെ വിവാഹം കഴിക്കാന്‍ അവന്‍ സമ്മതം മൂളുന്നു. അവനു പ്രണയഭാവത്തിന്റെ എല്ലാ പൂര്‍ണ്ണതയും പകര്‍ന്ന്, അവന്റെ വിവാഹത്തിരക്കിന്റെ നാളുകളില്‍ അവനോടു യാത്ര പറയാതെ നീലുവും കുടുംബവും കാനഡയിലേക്ക് പോകുന്നു. പിന്നീട് നീലു എഴുതുന്ന ഇമെയിലില്‍ അവളുടെ തിരോധാന തീരുമാനം അവന്‍ നേരിട്ടറിയുന്നു. നിരുപാധികമായി സ്നേഹിക്കപ്പെട്ടതിന്റെ തീവ്രതയില്‍, അവരുടെ ആനവണ്ടിയാത്രയുടെ ഓര്‍മ്മ ഒരു പാട്ടായി ഒഴുകുന്നതിന്റെ സാന്ദ്രതയില്‍ നോവല്‍ അവസാനിക്കുന്നു.

പ്രേമനഗരം ഇത്രയുമാണ്. സമൂഹം പ്രണയിക്കരുത് എന്ന് സാധാരണഗതിയില്‍ വിലക്കിയിട്ടുള്ള രണ്ട് പദവികള്‍ കൈയ്യാളുന്ന രണ്ടു പേര്‍-വിവാഹിത/അവിവാഹിതന്‍-പ്രണയിച്ചതിന്റെയും രതിയില്‍ സ്വയം കണ്ടെത്തിയതിന്റെയും പരസ്പരം ആത്മാവായതിന്റെയും രതിയുടെ പാരമ്യതയില്‍ അതിനെ മറികടക്കുകയും ചെയ്തതിന്റെയും കഥ.

രതിയുടെ വന്യതയാലാണ് അവര്‍ പരസ്പരം ആരാധന നടത്തിയത്. ഖജുരാഹോയില്‍ എന്തിനാണ് ഇത്രയധികം രതിശില്പങ്ങള്‍- അതും പ്രകൃതിപരം എന്ന് ഘോഷിക്കപ്പെട്ട ലിംഗയോനീ സ്ത്രീപുരുഷസംയോഗത്തിനപ്പുറം നീളുന്ന ശില്പചിത്രണം-എന്ന സംശയത്തിന്, രതി ഭാവനയില്‍ കാണാവുന്നതിന്റെ പാരമ്യതയില്‍ കണ്ട വ്യക്തിയിലേ യഥാര്‍ത്ഥ ഭക്തിയും നിര്‍മ്മലതയും ഉണ്ടാകൂ എന്ന് പറയപ്പെട്ടിട്ടുണ്ട്. ആ രതിയുടെ കഥാര്‍സിസ് ഭക്തിക്ക് ആവശ്യമാണത്രേ. അതിനെ അനുഭവിക്കാനാണ് നീലു മാധവിനെ പാകപ്പെടുത്തിയത്.

സൈദ്ധാന്തിക അവലോകനങ്ങള്‍ക്കോ ഗാഢവായനയ്ക്കോ പ്രത്യക്ഷത്തില്‍ ഉതകുന്ന കൃതിയായല്ല ഇതിന്റെ രൂപകല്പന. ജനകീയമായ കഥാപാത്രചിത്രീകരണം എന്ന ആഖ്യാനരീതി അവലംബിക്കുന്ന അപ്ഫിക്ഷന്‍ സീരീസിലാണ് ഡിസി ബുക്സ് ഈ പുസ്തകം ഇറക്കിയിട്ടുള്ളത്. വായനയുടെ ജനകീയത മലയാളഭാഷയില്‍ ഉത്സവമായി മാറിയ നാളുകള്‍ കൂടിയാണിത്. പ്രേമനഗരം വായിക്കപ്പെടട്ടെ. ശ്ലീലാശ്ലീലങ്ങളുടെ പതിവുകള്ളികളില്‍ ഇത് പെട്ടുപോകാതിരിക്കട്ടെ.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

സ്വപ്നവും മിഥ്യയും ജീവിതത്തിന്റെ പാലങ്ങളും

ആത്മാവിന്റെ പരിഭാഷകൾ (സിനിമ, കവിത, സംഗീതം ) ഭാഗം 19 ഡോ രോഷ്നി സ്വപ്ന To you, I'm an atheist. To God, I'm the...

ഉപേക്ഷിക്കപ്പെട്ട നഗരത്തിന്റെ പാസ്സ്‌വേർഡ്

കവിത നിമ. ആർ. നാഥ്‌ നിന്നെയോർക്കുന്നു. ഉയിരിൽ നിന്നും ഇറങ്ങിപ്പോയൊരു നിഴൽ. ഉടലിൽ നിന്നും വേർപെട്ടു നിൽക്കുന്നോരവയവം. സമുദ്രജലവഴുപ്പ്. ഗർഭദ്രവഗന്ധം. ദിശതെറ്റിയുറഴി ചുഴിയരികുകളിൽ- ചുംബിക്കുന്നൊരു കപ്പൽ. ഉഗ്രതയുള്ള കരിമ്പുലിയെന്നവണ്ണം- മുരണ്ടമറുന്ന കറുത്ത റോയൽ...

A Man Called Otto

ഗ്ലോബൽ സിനിമാ വാൾ മുഹമ്മദ് സ്വാലിഹ് Film: A Man Called Otto Director: Marc Forster Year: 2023 Language: English പെന്‍സില്‍വാനിയയിലെ പിറ്റ്‌സ്ബര്‍ഗില്‍ താമസിക്കുന്ന...

MIRACLE OF ISTANBUL

പവലിയൻ ജാസിർ കോട്ടക്കുത്ത് “We had a mountain to climb but we kept fighting to the end.”...

More like this

സ്വപ്നവും മിഥ്യയും ജീവിതത്തിന്റെ പാലങ്ങളും

ആത്മാവിന്റെ പരിഭാഷകൾ (സിനിമ, കവിത, സംഗീതം ) ഭാഗം 19 ഡോ രോഷ്നി സ്വപ്ന To you, I'm an atheist. To God, I'm the...

ഉപേക്ഷിക്കപ്പെട്ട നഗരത്തിന്റെ പാസ്സ്‌വേർഡ്

കവിത നിമ. ആർ. നാഥ്‌ നിന്നെയോർക്കുന്നു. ഉയിരിൽ നിന്നും ഇറങ്ങിപ്പോയൊരു നിഴൽ. ഉടലിൽ നിന്നും വേർപെട്ടു നിൽക്കുന്നോരവയവം. സമുദ്രജലവഴുപ്പ്. ഗർഭദ്രവഗന്ധം. ദിശതെറ്റിയുറഴി ചുഴിയരികുകളിൽ- ചുംബിക്കുന്നൊരു കപ്പൽ. ഉഗ്രതയുള്ള കരിമ്പുലിയെന്നവണ്ണം- മുരണ്ടമറുന്ന കറുത്ത റോയൽ...

A Man Called Otto

ഗ്ലോബൽ സിനിമാ വാൾ മുഹമ്മദ് സ്വാലിഹ് Film: A Man Called Otto Director: Marc Forster Year: 2023 Language: English പെന്‍സില്‍വാനിയയിലെ പിറ്റ്‌സ്ബര്‍ഗില്‍ താമസിക്കുന്ന...