കഥ
ബിനുരാജ് ആർ. എസ്
1.
“തീട്ടം ബൈജൂന്റണ്ടി ഞെരടി ഒടയ്ക്കണം”, സേവിയും ഗോപനും തീരുമാനിച്ചു. “ഇനി ഒരുത്തനോടും അവനിങ്ങനെ കാണിക്കരുത്. കുറേ നാളായി പല കാര്യങ്ങൾക്ക് ഓങ്ങി വെക്കണ്. നമ്മളക്കൊണ്ടെന്തക്ക പറ്റോന്നവന് കാണിച്ച് കൊടുക്കണം.”
ഒരു ഹർത്താൽ ദിവസം വൈകുന്നേരം നടന്ന സംഭവമാണ് സേവിയെയും ഗോപനെയും ഇങ്ങനെയൊരു തീരുമാനത്തിലെത്തിച്ചത്. ഹർത്താലായതുകൊണ്ട് പാലയ്ക്കൽ കാവിനടുത്തുള്ള ആമ്പൽക്കുളത്തിന്റെ കോൺക്രീറ്റുകെട്ടിൽ നേരത്തേ തന്നെ കവടികളിസംഘം ഒത്തുകൂടിയിരുന്നു. ആദ്യമെത്തിയ സംഘം എട്ടും കുറ്റീം കളി തുടങ്ങി. രണ്ടുപേരും കൂടി എത്തിക്കഴിഞ്ഞാൽ അടുത്ത സെറ്റ് കളി തുടങ്ങാനായി കളവും വരച്ചിട്ട് കാത്തിരിക്കുകയായിരുന്നു സേവിയും ഗോപനും. അപ്പോഴാണ് എവിടെ നിന്നെന്നില്ലാതെ ബൈജു പ്രത്യക്ഷപ്പെട്ടത്. ലോക്കൽ സർവീസ് നടത്തുന്ന ചലഞ്ചർ ജീപ്പിലെ കിളിയാണ് ബൈജു. ഓട്ടമില്ലാത്ത ദിവസമായതു കാരണം അവനും നേരത്തെയാണ്. ബൈജുവിന്റെ മുഖത്തേക്ക് നോക്കിയ പാടെ സേവിയും ഗോപനും ചിരി തുടങ്ങി. മീശയും താടിയുമുൾപ്പെടെ വടിച്ചിറക്കി ഒരുമാതിരി വഴുവൻ കോലം. സേവിയും ഗോപനും തമ്മിൽ പറഞ്ഞ വിശേഷണം കേട്ട് കവടികളിക്കാരും മുഖമുയർത്തി നോക്കി, തലയറഞ്ഞ് ചിരി തുടങ്ങി. ആ കളിയാക്കിച്ചിരി അത്ര പിടിച്ചില്ലെങ്കിലും അതൃപ്തി മുഖത്ത് കാണിക്കാതെ, എന്നാൽ മനസിലൊരു കണക്കുകൂട്ടലുമായി സേവിക്കും ഗോപനും നേരെ നിന്ന് ബൈജു ഒരു പ്രസ്താവനയിറക്കി- “ഇന്നലെ കടേപ്പോയി പുതിയൊരെണ്ണം വാങ്ങിച്ചളിയാ…”
പറഞ്ഞതിന്റെ ബാക്കിയെന്നോണം ബൈജു അവിടെത്തന്നെ നിന്ന് കൈലിമുണ്ടഴിച്ചൊന്ന് പ്രദർശിപ്പിച്ചു. പുതുതായി വാങ്ങിയ സാധനം കാണാൻ സേവിയും ഗോപനും ഒന്ന് നോക്കി, നോക്കണ്ടായിരുന്നെന്ന് തോന്നി, ഉടനേ നോട്ടം പിൻവലിച്ചു. പുതിയത് പോയിട്ട് ഒന്നും ഉണ്ടായിരുന്നില്ല. മാത്രമല്ല, മുഖം പോലെ അവിടെയും വടിച്ച് വഴുമ്പൻ പരുവത്തിൽ. ഒരു പ്രതികാരം ചെയ്ത സംതൃപ്തിയിൽ കൈലി കുടഞ്ഞുടുത്ത് ബൈജു കവടികളി കാണാൻ പോയിരുന്നു. കണ്ട കാഴ്ച്ചയെ ചിരിച്ചു കളഞ്ഞെങ്കിലും സേവിക്കും ഗോപനും അത് വലിയൊരു ക്ഷീണമായി. തങ്ങളുടെ ആണത്തത്തെയല്ലേ അവൻ കളിയാക്കിയത്! ആലോചിക്കുന്തോറും ഇരുവരും പുകഞ്ഞുനീറി.
2.
ബൈജുവിനോട് ഏറ്റുമുട്ടാൻ എളുപ്പമല്ല. നല്ല തടിമിടുക്കാണവന്. എന്നുമല്ല, തല്ലുകൊള്ളിത്തരമായും പെണ്ണ് കേസായും നാട്ടിൽ നല്ല ചീത്തപ്പേരും. ബൈജുവുമായി തല്ലുകൂടി നടക്കുകയാണെന്നറിഞ്ഞാൽ പിന്നെ വീട്ടിൽ പോലും കേറ്റില്ല, നാട്ടിലും നാറും. തീട്ടമെന്ന അവന്റെ പേര് തന്നെചൊവ്വയും വെള്ളിയും ചന്തയുള്ളതു കൊണ്ട് ആ ദിവസങ്ങളിൽ ജീപ്പ് കൂടുതൽ ട്രിപ്പടിക്കും. രാവിലെ നാലു മണിക്ക് തന്നെ ട്രിപ്പ് തുടങ്ങും. മുകളിൽ സാധനങ്ങളും കെട്ടിവെച്ച് കുത്തി ഞെരുക്കിയായിരിക്കും യാത്ര. കൂടുതലും പെണ്ണുങ്ങളായിരിക്കും യാത്രക്കാർ. പിറകിലെ ചെറിയ ഡോറിലും ഡ്രൈവറിന്റെ പാതി സീറ്റിലും വരെ പെണ്ണുങ്ങൾ ഇറുകിക്കേറിയിരിക്കും. ആ ദിവസങ്ങളിൽ പതിവ് സൈഡ് സ്റ്റെപ്പ് വിട്ട്, ബാക്ക് ഡോറിന്റെ പിന്നിലായിരിക്കും ബൈജുവിന്റെ നിൽപ്പ്. ഡോറിന് താഴെ വീതിയുള്ള സ്റ്റെപ്പിൽ കാലുകളകത്തി വെച്ച്, കൈ വിരിച്ച് രണ്ട് വശത്തായി പിടിച്ച് പുതുതായി കെട്ടിയ വലയിൽ ചിലന്തി ഇരിക്കുന്നതു പോലൊരു നിൽപ്പുണ്ട്, ബാക്ക് ഡോറിന് മുകളിലിരിക്കുന്ന പെണ്ണുങ്ങളുടെ പിൻഭാഗത്ത് അറിയാത്തതു പോലെ തട്ടിയും തലോടിയും, ഇടയ്ക്ക് കൊമ്പ് കൊണ്ടൊന്ന് മുട്ടിച്ചും.. ഒരു ദിവസം ബൈജുവിന്റെ തുടർച്ചയായ കരപരിലാളനയേറ്റ സ്ത്രീ തിരക്കിനിടയിലും കഷ്ടപ്പെട്ട് മുഖമൊന്ന് തിരിച്ച് ചോദിച്ചു-
“കിട്ടിയാ മോനേ?”
“എന്തെര് ചേച്ചീ?”
“തീട്ടം… നീയതല്ലേ തപ്പിക്കൊണ്ടിരുന്നത്…?
ഒരു നാറ്റക്കഥയിൽ നിന്നാണ്.
പല കൈ മറിഞ്ഞ് ആ കഥ നാട്ടിലെത്തി. അങ്ങനെ ബൈജു, തീട്ടം ബൈജുവായി നാമകരണപ്പെട്ടു.
“അമ്പലക്കൊളത്തില് ആമ്പല് പൂക്കാൻ തൊടങ്ങീട്ടൊണ്ട്. അവൻ ആമ്പല് പറിക്കാൻ എറങ്ങുമ്പം വെള്ളത്തിനടീക്കുടച്ചെന്നവന്റെ സാധനം കണ്ടിച്ച് കളയണം”
പ്രതികാര നടപടികളെക്കുറിച്ചുള്ള ചർച്ചയിൽ ഗോപനാണത് പറഞ്ഞത്. ആമ്പൽക്കുളത്തിൽ വിരിയുന്ന പൂക്കളൊക്കെ ബൈജു തന്നെയാണ് പറിക്കാറ്. ജീപ്പിൽ വെക്കാനാണ്. പക്ഷേ, അവിടെ വെച്ചൊന്നും അവനെ ഒന്നും ചെയ്യാൻ പറ്റില്ല.
“കുളത്തിനടിയിൽ അവൻ അറിയാതെ നീ പോയി കണ്ടിക്കോടാ രോമേ?”
സേവി ഗോപനെ അടക്കി. ആവേശം മാറ്റിവെച്ച് ചിന്തിച്ചപ്പോൾ ഗോപനും അത് ശരിയാണെന്ന് തോന്നി. സേവിക്ക് കൃത്യമായ ഒരു പദ്ധതിയുണ്ടായിരുന്നു.
ആദ്യം ബൈജുവിന്റെ ഓരോ ദിവസവും എങ്ങനെയാണെന്നറിയണം. രാവിലെ എപ്പൊ എണീക്കും, എവിടെയൊക്കെ പോകും, ആരെയൊക്കെ കാണും, തിരിച്ച് എപ്പോൾ വീട്ടിൽ കയറും, ഇതൊക്കെ. എന്നിട്ട് ഏറ്റവും സൗകര്യപ്രദമായ ഒരു സമയം കണക്കാക്കി ആക്രമിക്കണം. ആളറിയരുത്. വേണ്ടിവന്നാൽ മറ്റാരുടെയെങ്കിലും സഹായവും തേടണം. തീട്ടത്തിന് നാട്ടിൽ ശത്രുക്കൾ കുറവല്ല. ഏറ്റവും പ്രധാനം, നമ്മുടെ മനസിലുള്ള കാര്യം ഒരു കാരണവശാലും അവൻ അറിയരുത്. ഗോപനും അതംഗീകരിച്ചു.
വണ്ടിയിൽ സ്ഥിരം പണിയുള്ളതു കൊണ്ട് ബൈജുവിന്റെ ദിനചര്യകൾക്കെല്ലാം ഒരു ക്രമമുണ്ടായിരുന്നു. അതിരാവിലെ തന്നെ വീട്ടിൽ നിന്നിറങ്ങും. ഏഴു മണി കഴിഞ്ഞാണ് തിരിച്ചെത്തുക. കുളിച്ച് വീണ്ടും കവടികളി സംഘത്തിനടുത്തെത്തും. അവിടെ ചുറ്റിത്തിരിഞ്ഞ് കഥകളും പറഞ്ഞ് പത്ത് മണിയടുപ്പിച്ചാണ് വീട്ടിൽ കയറുക. സ്ഥിരം വഴികളിലൂടെയുള്ള പോക്കും വരവും. അത്യാവശ്യം ഇരുട്ടടി കൊടുക്കാനുള്ള വകുപ്പൊക്കെയുണ്ട്. പക്ഷേ, നാട്ടിലും പരിസരത്തും വെച്ചായാൽ അവന്റെ ബഹളമോ നിലവിളിയോ കേട്ട് ആരെങ്കിലും ഓടി വന്നാലോ? അതുമല്ല, പണി കൊടുക്കാൻ ഒത്തയൊരുത്തനെ കിട്ടുകേം വേണം. അങ്ങനെ ബൈജുവിന്റെ സഞ്ചാരപഥം അന്വേഷിക്കുന്നത് തൽക്കാലം നിർത്തി സേവിയും ഗോപനും അവന്റെ ശത്രുക്കളുടെ കണക്കെടുത്ത് തുടങ്ങി. അതിനിടയിലാണ് അല്പം ദുരൂഹതയുള്ള ഒരു സംഗതി അവരുടെ ശ്രദ്ധയിൽപ്പെട്ടത്.
ഒരു മാസമായി അരമണിക്കൂർ ലോഡ് ഷെഡ്ഡിങ്ങാണ്. രാത്രി എട്ട് മണി മുതൽ എട്ടര വരെ കറണ്ട് പോകും. ചില ദിവസങ്ങളിൽ കറണ്ട് പോകുന്ന കൃത്യസമയം നോക്കി ജംഗ്ഷനിലൊന്ന് പോകാനെന്ന് പറഞ്ഞ് ബൈജു തടിതപ്പും. അന്ന് പിന്നെ കുളക്കരയിലേക്ക് വരില്ല. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമൊക്കെ ഇങ്ങനെയുണ്ടാവും.
ഇതിലെന്തെങ്കിലും രഹസ്യമുണ്ടോന്ന് ഒന്നന്വേഷിക്കാൻ സേവിയും ഗോപനും ഉറച്ചു. അങ്ങനെ രണ്ട് ദിവസത്തിനപ്പുറം കറണ്ടുപോയ കൃത്യസമയത്ത് ബൈജു തിടുക്കപ്പെട്ടിറങ്ങിയപ്പോൾ അവരും ഒളിച്ച് പിറകേ പിടിച്ചു. കുളക്കര കടന്ന് വരമ്പിലൂടെ കുറേ ദൂരം നടന്നാണ് ഇടറോഡിൽ കയറുന്നത്. അവിടന്ന് പിന്നെയും പതിനഞ്ച് മിനിറ്റ് നടന്നാൽ ജംഗ്ഷനാവും. വരമ്പിന്റെ ഒരു വശത്ത് ചെറുതോടും മറുവശത്ത് മരച്ചീനിത്തോട്ടവുമാണ്. തഴച്ചു നിൽക്കുന മരച്ചീനി മറവിലൂടെ ഇരുവരും മെല്ലെ മുന്നോട്ട് നീങ്ങി. ഇടറോഡിൽ കയറുന്നതിന് കുറച്ച് മുൻപായി മരച്ചീനിത്തോട്ടം അവസാനിക്കും. പിന്നെ, റോഡിന് വശം ചേർന്നുള്ള വീടുകളും പറമ്പുകളുമാണ്. മറപറ്റി പതിയെ പിന്തുടർന്ന സേവിയും ഗോപനും അവിടെയെത്തിയപ്പോൾ പെട്ടെന്ന് ബൈജുവിനെ കാണാനില്ല! അവർ തിരിഞ്ഞ് മരച്ചീനി വിളയിലേക്ക് തന്നെ നോക്കി. ഇനിയവൻ മരച്ചീനി തോണ്ടിയെടുക്കാനോ മറ്റോ കയറിയതാണോ? പക്ഷേ മരച്ചീനിത്തലപ്പുകളിലൊന്നും അനക്കം കാണുന്നുമില്ല. ചുറ്റി നോക്കുന്നതിനിടയിലാണ് സേവി ആ കാഴ്ച കാണുന്നത്.
റോഡിലേക്കെത്തുന്നതിന് തൊട്ട് മുൻപ് ഇടതു വശത്ത് തയ്യൽക്കട മധുവിന്റെ വീടാണ്. കൊന്നയും ചെമ്പരത്തിയും കടലാവണക്കുമൊക്കെ നിരയൊപ്പിച്ച് നട്ട്, അതിനിടയിൽ കമ്പ് കുഴിച്ച് കെട്ടിവെച്ചതാണ് പുരയിടത്തിന്റെ അതിർത്തിവേലി. ചെമ്പരത്തിയുടെ മറവിൽ കുറച്ച് നേരം പതുങ്ങി നിന്ന ശേഷം ബൈജു കമ്പുകൾ അകത്തി വേലിക്കകത്തേക്ക് കയറുകയാണ്. നേരെ നടന്നെത്തുന്നത് വീടിന് പുറകുവശത്തെ കിണറ്റിൻ കരയിൽ. കിണറ്റിന്റെ തൂൺമറവിൽ അവനെ പ്രതീക്ഷിച്ച് ഒരാൾ നിൽക്കുന്നുണ്ടായിരുന്നു. മധുവിന്റെ ഭാര്യ സ്മിത. തിടുക്കത്തിൽ എന്തോ ജോലി ചെയ്തു തീർക്കുമ്പോലെയാണ് പിന്നെയവർ പ്രവർത്തിച്ചത്. സ്മിതയെ ബൈജു വേഗം കിണറ്റിനപ്പുറത്തുള്ള അലക്കുകല്ലിലേക്ക് കിടത്തി, നൈറ്റി തെരുത്തുകയറ്റി കാലുകളുയർത്തിപ്പിടിക്കുന്നതിനിടയിൽ സ്വന്തം കൈലി മുണ്ടഴിച്ച് കഴുത്തിൽച്ചുറ്റി. ചലനം വേഗം പ്രാപിക്കുന്നതിനിടയിൽ, കണ്ടു നിൽക്കുന്ന സേവിയും ഗോപനും തമ്മിൽത്തമ്മിൽ നോക്കി.
അപ്പൊ അതാണ് ബൈജൂന്റെ ഒളിച്ചുകളി. രണ്ടാളുടേം കണ്ണുകൾ ഒന്ന് മിന്നി. ഇത് തന്നെയാണവസരം. ഇങ്ങനെയൊരു വകുപ്പിൽ പിടിപെട്ടാൽ പിന്നെ അവൻ ജന്മത്ത് നാട്ടിൽ തല പൊക്കി നടക്കില്ല. നല്ല അടിയും കിട്ടും. പക്ഷേ, ആ അവസരത്തിൽ തങ്ങൾ എന്ത് പ്രവർത്തിക്കണമെന്ന് അവർക്കപ്പോഴും തിട്ടമില്ലായിരുന്നു. ഒന്നുകിൽ ആളെ വിളിച്ച് കൂട്ടാം, അല്ലെങ്കിൽ തരം നോക്കി പിന്നിൽ ചെന്ന് അടി പറ്റിക്കാം. പക്ഷേ, രണ്ടായാലും, ചെയ്തത് തങ്ങളാണെന്നവന് മനസിലാകും. അതപകടമാണ്. നാട്ടിൽ നാണം കെടുന്നതിന്റേം അടി കിട്ടുന്നതിന്റേം കലി മുഴുവൻ അവൻ തങ്ങളോട് തീർക്കും. പരസ്പരം ഒന്നും സംസാരിച്ചില്ലെങ്കിലും ഒരേ സമയം സേവിയുടെയും ഗോപന്റെയും മനസിൽ ഇതേ ചിന്തകളായിരുന്നെന്ന് കണ്ണുകൾ കൊണ്ടവർ തിരിച്ചറിഞ്ഞു. മൺതരിയനങ്ങുന്ന ശബ്ദം പോലുമുണ്ടാക്കാതെ അവർ വന്ന വഴിയേ തിരിച്ചു പോയി.
3.
“നമ്മളാണിതിന് പിന്നിലെന്ന് അവനൊരിക്കലും അറിയല്ല്. പക്ഷേ, സംഭവം നാട്ടിൽ പാട്ടാവണം. അവന് നല്ല അടീം കിട്ടണം. അതിന് പറ്റിയ ഒരാളെ കണ്ടുപിടിച്ച് ഈ വിവരം രഹസ്യമായി കൈമാറണം. തീട്ടത്തിനെ കൈയ്യോടെ പിടിപ്പിക്കണം”, പ്രതികാരദാഹികൾ ഉറപ്പിച്ചു.
തരം കിട്ടിയാൽ ബൈജുവിന് ഒരു ഇരുട്ടടിയെങ്കിലും കൊടുക്കാൻ തക്കം പാർത്തിരിക്കുന്ന പലരുമുണ്ട് നാട്ടിലും പുറത്തും. എന്നാലും അതിൽ ഏറ്റവും ഉശിരൻ പൂക്കൈതമൂട്ടിലെ ദിലി തന്നെയാണെന്ന കാര്യത്തിൽ ഇരുവർക്കും തർക്കമില്ല. കല്ലുവിള വയലും കഴിഞ്ഞ് ഉദ്ദേശം രണ്ട് കിലോമീറ്റർ ദൂരെയാണ് പൂക്കൈതമൂട്. മുൻപ് എല്ലാ വർഷവും കല്ലുവിള പാലയ്ക്കൽ കാവിലെ ഉത്സവത്തിന് തല്ലുണ്ടാകും. ഗാനമേളയുടെ ദിവസമായിരിക്കും സ്ഥിരം തല്ല്. ഡിസ്കോ പാട്ട് വരുമ്പോൾ കല്ലുവിളയിലെ ആണുങ്ങൾ മാത്രമേ ഡാൻസ് കളിക്കാവൂ. അത് കവടികളി സംഘത്തിന്റെ നിയമമാണ്. വേറെ ആര് എണീറ്റ് കളിച്ചാലും അടി നടക്കും. കുറേ വർഷങ്ങളായി ഗാനമേള ദിവസം പുറം നാട്ടുകാരൊന്നും അധികം ഉത്സവം കാണാനുണ്ടാകാറില്ല. വന്നാൽത്തന്നെ എണീറ്റ് കളിക്കാറുമില്ല. എന്നാൽ കഴിഞ്ഞ വർഷം ഒരു കോലൻ ചെറുക്കൻ വന്ന് ഡാൻസ് കളിച്ചു. നല്ല തല്ലും വാങ്ങി. അതിന്റെ കണക്ക് ചോദിക്കാൻ ഈ വർഷം അവന്റെ ചേട്ടൻ വന്ന് ഡാൻസ് കളിക്കുമെന്ന് അനൗദ്യോഗികമായൊരു വെല്ലുവിളി നടത്തിയിട്ടുണ്ട്. ആ വെല്ലുവിളി നടത്തിയവനാണ് ദിലി. ദിലിയുടെ അനിയനെ അടിച്ചവരിൽ പ്രധാനി ബൈജുവാണ്. ദിലിക്കും കല്ലുവിളയിൽ അത്യാവശ്യം സുഹൃത്തുക്കളൊക്കെയുണ്ട്. അടുത്ത ഉത്സവത്തിന് തീട്ടത്തിന് നല്ല തല്ലുറപ്പാണ്. പക്ഷേ, അതുവരെ കാത്തിരിക്കാൻ പ്രതികാരദാഹികൾക്കാവില്ല. മാത്രമല്ല, ബൈജുവിന് കിട്ടുന്ന അടിയിൽ തങ്ങളുടെ കൂടി കൈയ്യൊപ്പ് വേണമെന്ന് അവർക്കൊരു നിർബന്ധബുദ്ധിയുമുണ്ട്.
4.
ദിലിയുടെ അനിയൻ ടിജി സേവിയുടെ പരിചയക്കാരനാണ്. ഉത്സവത്തിന് വന്ന് തല്ലുകൊണ്ട ശേഷം ടിജിയുമായി അത്ര അടുപ്പം കാണിക്കാറില്ലെങ്കിലും, തങ്ങൾക്ക് രണ്ടുപേർക്കും ഒരു പോലെ ഉപകാരപ്പെടുന്ന ഈ വിവരം അവനെ അറിയിക്കാൻ തന്നെ സേവി തീരുമാനിച്ചു. സംഭവത്തിന്റെ കൃത്യമായ വിവരം അവൻ പറഞ്ഞില്ല. രാത്രി കറണ്ട് പോകുന്ന സമയത്ത് തീട്ടത്തിന് തയ്യൽക്കട മധുവിന്റെ പുരയിടത്തിലൊരു ഒളിച്ചു കയറലുണ്ടെന്ന് മാത്രം പറഞ്ഞു. മോഷണത്തിനായിരിക്കാമെന്നൊരു സാധ്യതയും. തക്കം പാർത്ത് ഒന്ന് പിറകെ പോയാൽ കൈയ്യോടെ പിടിച്ച് നാറ്റിക്കാം.
മൂന്ന് ദിവസത്തിനു ശേഷം ഊറി വന്ന ആവേശത്തിൽ കറണ്ട് പോയ നേരം നോക്കി ജംഗ്ഷനിലേക്കെന്ന് പറഞ്ഞിറങ്ങിയ ബൈജുവിന് പിറകേ ദിലിയുമുണ്ടായിരുന്നു, ഒറ്റയ്ക്ക്, ഒളിച്ച്. ബൈജുവിന്റെ ലക്ഷ്യസ്ഥാനം ഏകദേശം തിട്ടമുണ്ടായിരുന്നതുകൊണ്ട് സുരക്ഷിതമായ ഒരകലം പാലിച്ചു കൊണ്ടാണ് ദിലി പിൻതുടർന്നത്. വേലിക്കലെ കടലാവണക്കിന്റെ കവര വിടവിലൂടെ ബൈജുവിന്റെ നിൽപ്പനടി കണ്ട നിമിഷം തന്നെ പ്രതീക്ഷിച്ച പോലൊന്ന് സംഭവിച്ചുകണ്ടതിന്റെ സംതൃപ്തിയിൽ ദിലി അറിയാതെയൊന്ന് ചിരിച്ചു. ശബ്ദമുണ്ടാക്കാതെ വേലി കടന്ന്, നിഴലു പോലും വീഴ്ത്താതെ ബൈജുവിന്റെ പിന്നിൽ ചെന്ന് ഒരു കൈ കൊണ്ട് അവന്റെ കഴുത്തിൽ ചുറ്റിയിരുന്ന കൈലിമുണ്ട് മുറുക്കിപ്പിടിച്ച്, മറുകൈയ്യിൽ കരുതിയിരുന്ന കത്തി അവന്റെ വയറിന് കീഴേക്ക് നീട്ടി ആ കള്ളവണ്ടിയോട്ടൽ പകുതിയിൽ നിർത്തിച്ച ശേഷം, ഉറക്കെ ഒച്ച വെച്ച് ആളെക്കൂട്ടുന്നതിന് പകരം ദിലി പതുക്കെ പറഞ്ഞു-
“എനിക്കും വേണം.”
തീട്ടം ബൈജുവിനെ നാലാള് കാൺകെ ഉത്സവത്തിനിട്ട് തന്നെ അടിക്കണമെന്നത് ദിലിക്കൊരു വാശിയായിരുന്നു. അതിനിനിയും സമയമുണ്ട്. കറണ്ട് കട്ടിന്റെ നേരം കണക്കാക്കി സ്ഥിരമായിട്ട് ഒരേ വീട്ടുവളപ്പിൽ കയറുന്നത് കക്കാനായിരിക്കില്ലെന്നറിയാവുന്നതു കൊണ്ട് തന്നെയാണ് ദിലി ബൈജുവിന് പിറകേ ഒറ്റയ്ക്കിറങ്ങിയത്. അവൻ മനസിൽ ഏകദേശം കണക്കുകൂട്ടിയതും ഇതൊക്കെത്തന്നെയായിരുന്നു. പിടിക്കപ്പെട്ട ആ അവസരത്തിൽ ബഹളം വെയ്ക്കാനോ തിരിച്ച് തല്ലാനോ നോക്കിയാൽ സ്വയം അകപ്പെടുമെന്നറിയാവുന്നതു കൊണ്ട് ബൈജുവിനും ദിലിയെ അനുസരിക്കുകയല്ലാതെ മാർഗമില്ലായിരുന്നു. നിമിഷം കൊണ്ട് അവശനിലയിലായ പൗരുഷവും തൂക്കി നിസ്സഹായനായി അവൻ നിന്നു. അവന്റെ കൈലിമുണ്ട് ദിലി കൈയ്യിൽ ചുറ്റിയെടുത്തിരുന്നു. അമ്പരപ്പോടെ, അതിലേറെ നിരാശയോടെ അലക്കുകല്ലിൽ നിന്നെണീറ്റ സ്മിതയുടെ മുഖത്ത്, പക്ഷേ ബൈജുവിന്റെയത്രയും ഭയമുണ്ടായിരുന്നില്ല. ബൈജുവിന് നേരെ കത്തി ചൂണ്ടി, സ്മിതയോട് ഒന്നുകൂടി അടുത്ത്, ദിലി ഒരിക്കൽക്കൂടി പറഞ്ഞു, “എനിക്കും വേണം.”
5.
“എന്റെ മക്കളാണെ നാളെ ഞാൻ തന്നിരിക്കും, സത്യം. ഇന്നിനി വയ്യ, നീ നാളെ ഇതേ സമയത്ത് വാ.” സ്മിത കൊടുത്ത ഉറപ്പിൽ ദിലി ബൈജുവിന് കൈലി തിരിച്ച് കൊടുത്തു. രണ്ടുപേരും വേലിയുടെ രണ്ട് ഭാഗത്തുകൂടി പുറത്തിറങ്ങി രണ്ടു വഴികളിലേക്ക് മടങ്ങിയതും കറണ്ട് വന്നു.
അടുത്ത ദിവസം കൃത്യസമയത്ത് അതേ സ്ഥലത്ത് ദിലിയെത്തി. പക്ഷേ, അന്ന് നടന്നത് അവൻ തീരെ പ്രതീക്ഷിക്കാത്തൊരു നീക്കമായിരുന്നു. ദിലി കിണറ്റിൻ കരയിലെത്തിയതും, ഒന്നിലധികം ടോർച്ചുകൾ ഒരേ സമയം അവന്റെ കണ്ണിന് നേരെ വെളിച്ചം കൊണ്ടാക്രമിച്ചു. ഒപ്പം “കള്ളൻ കേറിയേ, കള്ളൻ കേറിയേ” എന്ന സ്മിതയുടെ അലറിവിളിയും. ഇത്തരത്തിലൊരു നാട്ടാരെക്കൂട്ടൽ ദിലിയുടെ ഭാഗത്തുനിന്ന് ഈ ദിവസങ്ങളിൽ ഉണ്ടാകുമെന്ന് മുൻകൂട്ടി കണക്കാക്കിയിരുന്ന സേവിയും ഗോപനും അടുത്ത വീടുകളിൽ മോഷണശല്യത്തെക്കുറിച്ച് അവ്യക്തമായൊരു മുന്നറിയിപ്പും കൊടുത്തിരുന്നു. കറണ്ട് പോയ നേരമായതിനാൽ സിറ്റൗട്ടിലും, മുറ്റത്തുമൊക്കെയായി കാറ്റ് കൊണ്ടിരുന്നവർ നിലവിളികേട്ട് ഓടിയെത്താൻ തുടങ്ങി. നിന്നാൽ സംഗതി കൈവിട്ടുപോകുമെന്നറിഞ്ഞ് ദിലി വേലി പൊളിച്ചോടി. നൂൽപ്പാലം പോലുള്ള വരമ്പിലൂടെ പാഞ്ഞോടുമ്പോൾ ദിലിയുടെ മനസിൽ പ്രതികാരപദ്ധതികളെക്കുറിച്ചുള്ള ആലോചനയായിരുന്നു. ബൈജുവിനോടല്ല, സ്മിതയോട്.
പത്രമിടുന്ന മണിക്കുട്ടനാണ് പരിചയമുള്ള വീടുകളിലൊക്കെ ആ വാർത്തയെത്തിച്ചത്. മധുവിന്റെ വീടിന് മുന്നിലെ മതിലിലും ഗേറ്റിലുമൊക്കെ കരിയോയിൽ വാർത്തകൾ. മതിലിന്റെ ഒത്ത നടുക്ക് എല്ലാവരും കാണുന്ന രീതിയിൽ കട്ടിവെള്ളപ്പേപ്പറിലൊരു ചിത്രവും. അലക്കുകല്ലിൽ മലർത്തിക്കിടത്തിയ പെണ്ണിനെ ഒരുത്തൻ ഭോഗിക്കുന്നു. പെണ്ണിന്റെ പടത്തിലേക്ക് അടയാളം വരച്ച് ‘വെടി സ്മിത’ എന്നെഴുതിയിട്ടുണ്ട്. ആണിന്റെ പടത്തിന് നേരെ തീട്ടമെന്നും. ചുവരെഴുത്തിലും പോസ്റ്ററിലും തീർന്നില്ല ദിലിയുടെ പ്രതികാരം. താൻ കൂടി ഉൾപ്പെട്ട ആ സംഭവ കഥ അതുപോലെ തന്നെ ദിലി കല്ലുവിളയിൽ പറഞ്ഞ് പരത്തി. സ്മിതയെയും ബൈജുവിനെയും പരമാവധി നാറ്റിക്കാനായെങ്കിലും ആ കൈവിട്ട കളി കാരണം ദിലിക്കും സംഭവിച്ചു വലിയൊരു നഷ്ടം. വാർത്ത കല്ലുവിളയിൽ നിന്ന് ദിലിയുടെ നാട്ടിലുമെത്തി. ഏകദേശം ഉറച്ചു വന്ന അവന്റെ കല്യാണം അതോടെ മുടങ്ങി. ബൈജു വണ്ടിയിൽ പോക്ക് നിർത്തി, പകൽ വെട്ടത്ത് സ്വന്തം വീട്ടിൽ പോലും കയറാനാകാതെ കവടികളി നോക്കിയിരുന്നു.
സ്മിതയെ, പക്ഷേ ഇതൊന്നും വലുതായിട്ട് ബാധിച്ചില്ല. എന്നുമല്ല, ഏതോ ഒരു ഭാരം തന്നെ വിട്ടുപോയതുപോലെ അവൾ കൂടുതൽ സ്വതന്ത്രയായി. മതിലിലെ കരിയോയിലെഴുത്ത് മായ്ക്കാൻ നിൽക്കാതെ അവൾ മതിലുമുഴുവൻ കരിയോയിൽ പൂശി. മധുവിന്റെ തയ്യൽക്കട അവൾ ഏറ്റെടുത്ത് നടത്തി. ഇതെല്ലാം കണ്ട് കലിയിളകിയ ദിലി കൂടുതലാളുകളോട് കഥ പറയാൻ നാടുവിട്ട് പോയി.
6.
ബൈജുവിന്റെ സന്തോഷം മുഴുവനും സ്വന്തം നാടാണ്. കാവിലെ ഉത്സവമാണ്. കവടികളി കണ്ട്, കഥ പറഞ്ഞും കേട്ടുമിരിക്കലാണ്. മറ്റൊരു നാട്ടിൽ ജീവിക്കാൻ അവന് കഴിയില്ല. കൂട്ടുകാരിൽ പലരും ഗൾഫിലെത്തിയിട്ടും അവനതിന് ശ്രമിച്ചിട്ടില്ല. എത്ര പ്രശ്നങ്ങളുണ്ടായിട്ടും, നാണം കെട്ടിട്ടും അവന് നാടിനെ പിരിയാനായില്ല. സ്മിതയ്ക്ക് വന്ന ദുര്യോഗത്തിൽ അവനാണ് നീറിയത്. സ്മിതയോട് പ്രണയമാണോ എന്നവനറിയില്ല. വിവാഹിതയായി നാട്ടിലെത്തിയതു മുതൽ ബൈജുവിന്റെ കൗമാരസ്വപ്നങ്ങളിൽ അവളുണ്ടായിരുന്നു. രണ്ട് മക്കളുമായിക്കഴിഞ്ഞ് വാടിത്തുടങ്ങിയ കാലത്തായിരുന്നെങ്കിലും അവളുടെ ക്ഷണം അവൻ നിരസിച്ചില്ല. ചുണ്ടുകളുടെ സ്പർശം ആഴത്തിലാസ്വദിക്കാൻ അവൾ പറഞ്ഞിട്ടാണ് അവൻ മുഖവും അരപ്രദേശവും വടിച്ച് വെളുപ്പിച്ചത്. സ്മിത നാട്ടിലേക്ക് വന്നതു മുതൽ പല കാലത്തായി മോഷ്ടിച്ചെടുത്ത അവളുടെ അടിയുടുപ്പുകൾ ബൈജു തീയിട്ട് നശിപ്പിച്ചു. ദിലിയോട് അടങ്ങാത്ത പക തോന്നിയെങ്കിലും, പ്രതികാരം ചെയ്യാനുള്ള മനസ്സായിരുന്നില്ല ബൈജുവിനപ്പോൾ. നാടിനോട് വിട പറയാൻ സമയമായെന്നവന് തോന്നി.
കവടികളിസംഘം
“എട്ട്! ഹാ, ഇനി ഒര് മൂന്നും കൂടെ കിട്ടിയാ നിന്ന ഞാൻ തെറിപ്പിക്കും… ഹൊ, രണ്ടായിപ്പോയി…”
“അളിയാ ഇവന് ഇനി രണ്ട് കിട്ടിയാ എനിക്ക് പണിയാവും, അവനെ വെട്ടിമാറ്റ്..”
“എന്നാലും ആ തീട്ടത്തിന് കേറി തൂങ്ങേണ്ട വല്ല കാര്യോം ഒണ്ടായിര്ന്നാ..?”
“ശെരീം തന്ന, അവള് പുല്ല് പോല നടക്കണ്. മറ്റോൻ വേറെ പെണ്ണന്നേഷിച്ച് തൊടങ്ങി”
“ന്നാലും ഈ തീട്ടം ഇത്രേന്നാളും അവളെ ഒതുക്കി അടിച്ചോണ്ടിരുന്നല്ല്..”
“എനിക്ക് നേരത്തേ സംശയം ഒണ്ടായ്ര്ന്ന്”
“നാല്! ദാ നിന്ന വെട്ടിമാറ്റി. പോയി വെളീലിരിന്നോ… ഇനിയിപ്പം കറണ്ട് പോവുമ്പം നമ്മക്കൊന്ന് പോയി നോക്ക്യാലാ..”
“അതെ അലക്ക് കല്ല് വെറ്തേ കെടക്കല്ലേ…?”
“ഒരെട്ടെറക്കി അവന വെട്ടടാ…”
രണ്ട് പേരും കൂടി വന്നാൽ അടുത്ത സെറ്റ് കളി തുടങ്ങാനായി കളം വരച്ചിട്ട് കത്തിരിക്കുകയായിരുന്നു സേവിയും ഗോപനും.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.