കവിത
യഹിയാ മുഹമ്മദ്
കടൽ.
കുഞ്ഞിനെ
കൈവെള്ളയിൽ കിടത്തി
കരയിലേക്ക് നീന്താൻ പഠിപ്പിക്കുന്നു.
വെള്ളത്തിൽ നീന്തുന്നത് പോലെ
എളുപ്പമല്ലല്ലോ കരയിലെ നീന്തൽ
കല്ലും മുള്ളും നിറഞ്ഞത് കൊണ്ട്
മേനിയാകെ ഉരഞ്ഞു പൊട്ടും.
കടൽ കുഞ്ഞ്
നീന്തി നീന്തി
നാടും കാടും കടന്ന്
മലയുടെ
ഉച്ചി വരെയെത്തി.
കടലെത്ര തിരിച്ചുവിളിച്ചിട്ടും
അവനുച്ചിയിൽ നിന്ന്
താഴെക്കിറങ്ങി വന്നതേയില്ല.
കുഞ്ഞുങ്ങൾ.
വികൃതിക്കുരുന്നുകളുണ്ടോ പറയുന്നത് കേൾക്കുന്നു!
നീന്തിപ്പോയ ഇടങ്ങളിലാകെയവൻ
പച്ചപ്പു നിറച്ചു..
ദാഹിച്ചു വിണ്ടുകീറിയ
തരിശുനിലങ്ങളിലവൻ.
കൈക്കുമ്പിളിൽ കോരി
ദാഹജലം വേണ്ടുവോളം നൽകി.
അപ്പൻ്റെയല്ലേ മോൻ
അപ്പനെപ്പോലെ
പരോപകരിയാവാതിരിക്കുമോ?
കരയുടെ തെമ്മാടി കൂട്ടങ്ങൾ
അവനെ കോപ്രായങ്ങൾ കാട്ടി
പേടിപ്പിച്ചു.
നുള്ളിയും പിച്ചിയും എറിഞ്ഞു.
രസിച്ചു. ആർത്തട്ടഹസിച്ചു.
പേടിച്ച് പേടിച്ച് പാവം
കടലിലേക്ക് തന്നെ തിരിച്ചു പോയി.
പോവുമ്പോൾ പച്ചപ്പിനേയും
ഒപ്പം കൂട്ടി.
ദാഹിച്ചു ദാഹിച്ചു.
അവിടം വീണ്ടും തരിശുഭൂമിയായി.
ഉണങ്ങിയുണങ്ങി
വിണ്ടുകീറി.
പാവം കർഷകരുടെ
കാൽ മടമ്പു പോലെ
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.