കടൽ ഞണ്ടുകളുടെ അത്താഴം

0
264
കഥ
ആശ എസ് എസ്
ഉപ്പുവെള്ളം മോന്തികുടിച്ചു തളർന്നു കിടന്ന മണൽക്കൂനകളുടെ മുകളിലേക്ക് ചാടിക്കയറിയ കടൽഞണ്ടുകൾ നിർത്താതെ തലങ്ങും വിലങ്ങും പാഞ്ഞുകൊണ്ടിരുന്നു.
മനൽക്കൂനയിൽ കാലൻ കുട ആഞ്ഞു കുത്തി പത്രോസ് ആഴക്കടലിനെ കണ്ണെടുക്കാതെ നോക്കിക്കൊണ്ടിരുന്നു. മണൽക്കൂനകളിൽ ഒളിച്ചു കളിച്ചു കൊണ്ടിരുന്ന ഒരു ഞണ്ട് പത്രോസിന്റെ കാലൻകുടയുടെ ചുവട്ടിൽ വന്ന് വഴിമുട്ടി നിന്നു. പത്രോസ് ചെരുപ്പിടാത്ത കാലു പൊക്കി ഞണ്ടിനെ തൂത്തെറിഞ്ഞു. മുറുക്കി തുപ്പൽ പോലെ ഞണ്ട് തെറിച്ച് എങ്ങോട്ടൊ പോയി. കടൽക്കാറ്റ് പത്രോസിന്റെ ചീകി ഒതുക്കാത്ത മുടിയെ ആട്ടിയുലച്ചു കൊണ്ടിരുന്നു.

“എന്നാടാ പത്രോസ്സേ… കടലേ ചാടി ചാവാൻ പോവാണോ?”

പാറക്കെട്ടുകൾക്ക് ഇടയിൽ നിന്നും അപ്പൂപ്പൻതാടി കൂട്ടം പോലെ ഒരു തല പൊങ്ങി വന്നു പല്ലിളിച്ചു കാട്ടി.  വെറ്റില ചുവപ്പ് ആ പല്ലുകളിലെല്ലാം ഒട്ടിപ്പിടിച്ച് ഇരിപ്പുണ്ടായിരുന്നു.

കള്ള് ഷാപ്പിലെ കറി വെപ്പുകാരൻ ഔസേപ്പാണ്. വെളുപ്പാൻ കാലത്ത് ഞണ്ട് പിടിക്കാൻ ഇറങ്ങിയതാണ്. പത്രോസും ഔസേപ്പും പണ്ട് അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു സ്വാതന്ത്ര്യ ദിനത്തിന് ഇത് പോലെ ഞണ്ട് പിടിക്കാൻ പോയി. അന്ന് പാറക്കെട്ടിൽ വലിഞ്ഞു കയറി മറിഞ്ഞു വീണ ഔസേപ്പ് വീട്ടിൽ ചെന്നപ്പോൾ അവന്റെ അമ്മച്ചി അവന്റെ മുതുക് തല്ലി പൊളിച്ചു. സ്വാതന്ത്ര്യ ദിനമായിട്ട് ഈ വീട്ടിൽ ഞണ്ട് പിടിക്കാൻ പോലും സ്വാതന്ത്ര്യമില്ലെന്ന് ചോദിച്ച് അന്ന് ഔസേപ്പ് കടലിൽ ചാടാൻ പോയി. അന്ന് അവന്റെ കാലിൽ പിടിച്ചുവലിച്ച് കരയിൽ കയറ്റിയത് പത്രോസ്സാണ്. ആ ഔസേപ്പാണ് ഇപ്പോൾ കടലിൽ ചാടി ചാവാൻ പോവാണോന്ന് ചോദിക്കുന്നത്. പത്രോസ് ഒന്ന് ഇളിച്ചു കാണിച്ചു.
“ഇവിടിരുന്നാലേ… എനിക്ക് എന്റെ ചത്തു പോയ അമ്മച്ചിയെ കാണാം. വെള്ളക്കുപ്പായമിട്ട്, തലയിൽ കിരീടം വച്ച് അമ്മച്ചി വെള്ളക്കൊക്കുകളുടെ കൂടെ കടലീന്ന് കയറി വരും. അന്നേരം ഇവിടെ പകൽ വെളിച്ചത്തിലും നക്ഷത്രം തെളിയും.”

ഔസേപ്പ് വാ പൊളിച്ചു നിൽകുവാണ്. അയാളുടെ കുട്ടയിൽ നിന്നും അപ്പോൾ തന്നെ നാലഞ്ച് ഞണ്ടുകൾ ചാടിപ്പോയി.

“ഇത് കിറുക്ക് മൂത്തതാ…”

ഒന്നു നീട്ടി തുപ്പി ഔസേപ്പ് ഞണ്ടുകളുടെ പുറകെ പാഞ്ഞു. പത്രോസ് കടലും നോക്കി ഉപ്പു കാറ്റും കൊണ്ട് മിണ്ടാതെ ഇരുന്നു.
ഔസേപ്പ് പുലിമുട്ടുകൾ കടന്ന് ഇടവഴിയിലേക്ക് കയറി തിരിഞ്ഞു നോക്കി. പാറക്കെട്ടുകൾക്ക് ഇടയിൽ നര വീണ തലയും കാലൻ കുടയുടെ വളഞ്ഞ പിടിയും വരച്ചു വച്ചൊരു ചിത്രം പോലെ കടലിനു മുന്നിൽ തെളിഞ്ഞു നിന്നു.

ഇടവഴിയിലെ കറിവേപ്പിലയും നുള്ളി ഔസേപ്പ് ഷാപ്പിലേക്ക് കയറി ചെന്നപ്പോൾ തലേന്നത്തെ കോഴിക്കറി എണ്ണയിൽ വറ്റിച്ച് അടുക്കള പുറത്തേക്ക് വാങ്ങി വച്ച് വറീത് ഒരു ബീഡി ഊതി പുക വിടുവായിരുന്നു. ഇളകി പോയ പല്ലുകൾക്ക് ഇടയിലൂടെ തിങ്ങി ഞെരുങ്ങി പുക ചുരുൾ അവന്റെ ചുണ്ടുകൾക്ക് ഇടയിലൂടെ പുറത്ത് വന്ന് വട്ടം ചുറ്റി.

“കാണാണ്ടായപ്പോ ഞണ്ട് പിടിക്കാൻ പോയോരെ കടല് കൊണ്ടോയീന്നാ കരുതിയെ..”

“പ്പ്പാ… നിറുത്തെടാ… ഈ ഔസേപ്പിനെ അങ്ങനെ ഒന്നും കടല് കൊണ്ട് പോകുകേല…”

ഞണ്ടിന്റെ കയ്യും കാലും ഒടിച്ചു വൃത്തിയാക്കി ഔസേപ്പ് ഉരുളിയിലിട്ട് മഞ്ഞൾ വിതറി, വെള്ളം ചേർത്ത് അടുപ്പത്തു വച്ച് ആഞ്ഞ് ഊതി.

“നീയാ പത്രോസിനെ കണ്ടാരുന്നോ?”
“ഞാനെങ്ങും കണ്ടില്ല…കാലത്ത് ചായ കുടിക്കാൻ കൂടി കണ്ടില്ല..”
“എന്നാലേ..ആ കടപ്പുറത്ത് ഇരിപ്പൊണ്ട് കുടയും കുത്തി..എന്തോ കാര്യായിട്ട് പറ്റീന്നാ തോന്നണേ…പഴയ നാടകത്തിലെ ഡയലോഗ് ഏതാണ്ട് പറയുന്നുണ്ട്…”
വറ്റിച്ച കോഴിച്ചാറിൽ മുക്കിയ കള്ളപ്പം വറീത് ആർത്തിയോടെ വായിൽ തിരുകി.
“ഓ.. ആ നാടക ട്രൂപ്പ് പൊളിഞ്ഞേ പിന്നെ ആ പത്രോസ് മിണ്ടാട്ടം മുട്ടിയ പോലെയാ… കഷ്ടമായിപ്പോയി.പണ്ടൊക്കെ പള്ളിപ്പെരുന്നാളിനു എന്തായിരുന്നു മേളം.. പത്രോംസിന്റെ ദാവീദ് വേഷം.. എന്നാ എടുപ്പാരുന്നു… വെള്ള കുപ്പായോം നീണ്ട മുടിയും അരയിലെ കെട്ടും…”

ഔസേപ്പിന് പത്രോസിനെ പുകഴ്ത്തുന്നത് കേട്ടാൽ അപ്പോ കലി കയറും. പണ്ട് മുതലേ അത് അങ്ങനെയാണ്. നാലാം ക്ലാസ്സിലെ കൊല്ലപ്പരീക്ഷക്ക് പത്രോസ്സ് ജയിച്ചു.. ഔസേപ്പ് തോറ്റു. അന്ന് ഉച്ചക്ക് ഔസേപ്പിന്റെ അമ്മച്ചി വറുത്തരച്ച പോർക്ക് മുമ്പിൽ കൊണ്ട് വച്ചിട്ട് അവന്റെ ചെവിയിൽ പോയി വിളിച്ചു.. “എടാ ഔസേപ്പേ….വന്ന് പോർക്കിനെ തിന്നെടാ…”

അന്ന് ഔസേപ്പ് കള്ള ഉറക്കം ഉറങ്ങി..

പിന്നെ പത്രോസ്സ് സിലോണിൽ പോയി. നാട്ടിൽ വന്ന് വലിയ വീട് വച്ചു. ഫിയറ്റ് കാർ വാങ്ങി കവലയിൽ വന്ന് പുത്തൻ പാണക്കാരനെ പോലെ ഒരു നിൽപ്പ് നിന്നു. അന്ന് ഞണ്ട് പിടിക്കാൻ പോയിട്ട് കുട്ടയും കൊണ്ട് ആ വഴി വന്ന ഔസേപ്പ്, പത്രോസിനെ കണ്ടപ്പോൾ കള്ള് ഷാപ്പിൽ കയറി ഒളിച്ചിരുന്നു.
പത്രോസ് നാടക ട്രൂപ്പ് തുടങ്ങിയപ്പോൾ ഔസെപ്പിനെയും വിളിച്ചു. അന്ന് ഔസേപ്പ് ഞണ്ട് പിടിക്കാൻ എനിക്ക് സമയമില്ല അപ്പോഴാ നിന്റെ നാടകം എന്നും പറഞ്ഞ് പുച്ഛിച്ച് കടപ്പുറത്ത് പോയിരുന്നു.
അങ്ങനെ പത്രോസിനെ കാണുമ്പോൾ തന്നെ ഔസേപ്പിന് അസൂയ മൂക്കും.
പത്രോസ് അപ്പോഴും പാറക്കെട്ടുകൾക്ക് മുകളിൽ ഇരിക്കുവായിരുന്നു. തെക്കോട്ടുള്ള ട്രെയിൻ കൂകിപ്പാഞ്ഞു പോയി. കടൽക്കര മുഴുവൻ ചൂടു ഇഴഞ്ഞിഴഞ്ഞ് വന്നു. കടൽക്കാക്ക കൂട്ടങ്ങൾ മേഘക്കൂട്ടങ്ങൾക്ക് ഇടയിലേക്ക് പറന്നടുത്തു.

ദൂരെ ആഴക്കടലിന്റെ അറ്റത്തു നിന്നും ഒരു വെള്ളപ്പൊട്ട് പറന്നു പറന്നു പത്രോസിന്റെ അടുത്തേക്ക് വന്നു.

“അമ്മച്ചീ….”.പത്രോസ് നീട്ടി വിളിച്ചു.

അമ്മച്ചി ഉപ്പു പിടിച്ച മണൽപ്പരപ്പിൽ ചമ്രം പിണഞ്ഞിരുന്ന് സ്വർണ്ണത്തലമുടിയിലെ വെള്ളം തട്ടിക്കളഞ്ഞു.

“പത്രോസ്സേ… കാത്തിരുന്നു മടുത്തോടാ…”

ഔസേപ്പ് കാറ്റിൽ ഉളയുന്ന കാലൻ കുടയെ ഒന്നു കൂടി ആഴത്തിൽ കുത്തി.

“ഓ… അമ്മച്ചിക്ക് ഇപ്പോ ഈ ഔസേപ്പിനെ വേണ്ടല്ലോ..”

“എന്തിനാടാ കെറുവിക്കുന്നെ… നീ അമ്മച്ചിടെ കൊച്ചു പത്രോസ് അല്ലിയോടാ”

“നൊണയാ.. അമ്മച്ചിക്ക് ലില്ലിക്കുട്ടിയും മാണിക്കുട്ടിയും കഴിഞ്ഞേ ഉളളൂ ഈ പത്രോസ്…അല്ലെങ്കിൽ അമ്മച്ചി എന്നെ പൊറം പൊളിയും പോലെ അടിക്കോ??”

അമ്മച്ചി മണലിൽ മലർന്ന് കിടന്ന് ആകാശം നോക്കി ചിരിച്ചു.  കൈകൾ വിടർത്തിക്കിടന്ന് അമ്മച്ചി വീണ്ടും പൊട്ടി പൊട്ടി ചിരിച്ചു. അമ്മച്ചിയുടെ സ്വർണ നിറമുള്ള തലമുടി നിറയെ ഉപ്പും മണലും പറ്റിപ്പിടിച്ചു. അമ്മച്ചി എഴുന്നേറ്റിരുന്നു.
“എന്തിയേടാ എന്റെ അരിപ്പത്തിരീം കൂട്ടാനും “
“മറന്നു പോയമ്മച്ചി… ഇപ്പോ പഴേ പോലെ ഒന്നും മനസ്സിൽ നിക്കണിലമ്മച്ചി… “
“സാരമില്ലടാ കൊച്ചനെ… നീയെന്നും ഈ കടപ്പൊറത്തോട്ടല്ലേ വരണേ.. അപ്പൊ കൊണ്ടന്നാ മതിയെടാ “

അമ്മച്ചി ചിരിച്ചു, പത്രോസും.

ആ… ഇനി നീ പറയടാ… കൊച്ചു പത്രോസ്സേ.. എന്നതാ നിന്റെ വെഷമം?? “

പത്രോസ് മണലിലേക്ക് ഇറങ്ങി ചമ്രം പിണഞ്ഞിരുന്നു. കടൽക്കാറ്റ് അമ്മച്ചിയുടെ സ്വർണതലമുടികൾക്ക് ഇടയിലൂടെ നുഴഞ്ഞിറങ്ങി പുറത്തുവന്നു.

ചിത്രീകരണം: സുബേഷ് പത്മനാഭന്‍
“അമ്മച്ചീ.. അമ്മച്ചിക്ക് അറിയോ.. എന്നെ ഇപ്പോ ആർക്കും കണ്ണെടുത്താ കണ്ടൂടാ…”

“നീ വീണ്ടും നാടക ട്രൂപ്പ് തുടങ്ങിയോടാ..”

“അമ്മച്ചി… ഞാനിപ്പോ കടലേ പോയി ചാടും..”

അമ്മച്ചി പൊട്ടിച്ചിരിച്ചു. ഉപ്പു പരന്ന മണൽത്തരികൾ വാരി പത്രോസിന്റെ കുപ്പായത്തിലേക്ക് ഇട്ടു. കുപ്പായത്തിന്റെ കീശ മണൽ തരികൾ കൊണ്ട് നിറഞ്ഞു.
പത്രോസ് മണലിൽ മലർന്നു കിടന്ന് ആകാശം കണ്ടു. വെള്ളക്കൊറ്റികൾ കാലു നീട്ടി മിന്നൽ പോലെ മേഘക്കെട്ടുകൾക്ക് മുകളിലൂടെ പറന്നു പോകുന്നു. മേഘക്കെട്ടുകൾ പതിയെ താഴേക്ക് ഇറങ്ങി വരും പോലെ വെള്ള നിറം പത്രോസിന്റെ  കണ്ണിലാകെ വെള്ള നിറം പടർന്നു. പത്രോസ് കണ്ണു മുറുകെ അടച്ചു. എന്നിട്ടും ചുറ്റും മേഘക്കൂട്ടങ്ങൾ. പത്രോസ് ഉറക്കെ വിളിച്ചു “അമ്മച്ചീ….”

പത്രോസ് കണ്ണ് തുറന്നു ചുറ്റും നോക്കി. മേഘക്കെട്ടുകൾ എങ്ങോട്ടോ പറന്നു പോയിരിക്കുന്നു. അമ്മച്ചി ആകാശം നോക്കി കിടന്നിടത്ത്, മണൽത്തരികൾ മുതുകിൽ ചുമന്ന് ഞണ്ടുകൂട്ടം ഓടിപ്പായുന്നു.

“ഈ അപ്പനിതെന്നാത്തിന്റെ കേടാ… നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാനായിട്ട്..”

തോമസ്കുട്ടിയാണ്. പത്രോസിന്റെ മൂത്ത മകൻ. തോമസ് കുട്ടി വന്നപാടേ അപ്പനെ കൈയിൽ തൂക്കി എഴുന്നേൽപ്പിച്ചു വലിച്ചു പിടിച്ചുകൊണ്ടു കാറിനകത്തേക്ക് തള്ളി.

“ഞാൻ എന്റെ അമ്മച്ചിയെ കണ്ടടാ..”

വെള്ളികണ്ണിൽ കണ്ണീരു നിറച്ച് പത്രോസ് പറഞ്ഞു. ഉമനീർ വറ്റിയ നാക്ക് കുഴഞ്ഞു കുഴഞ്ഞു പത്രോസിനു മിണ്ടാട്ടം മുട്ടി. കാറിന്റെ പുറകിലത്തെ സീറ്റിൽ പത്രോസ് ചാരിക്കിടന്നു കണ്ണടച്ചു.

അമ്മച്ചി വെള്ളക്കൊക്കുകളുടെ കൂടെ ചിറകു വീശിപ്പറന്ന് മേഘക്കെട്ടുകൾക്ക് ഇടയിൽ ഒളിച്ചു..

വീടിന്റെ ഇരുട്ടു മുറിയിൽ പത്രോസ് മലർന്നു കിടന്ന് സ്വപ്നം കണ്ടു. മേഘക്കൂട്ടങ്ങൾക്ക് മേലെ വെള്ളത്തുണിയിൽ കെട്ടിയുയർത്തിയ നാടകവേദി. പത്രോസിന്റെ യേശു വേഷം ഒരു ഗുഹക്കു മുന്നിൽ കൈകൾ ഉയർത്തി നിൽക്കുന്നു.

“ലാസറെ പുറത്തു വരിക…”

പ്രേതശീലകളാൽ ചുറ്റപ്പെട്ട ലാസർ ഗുഹയിൽ നിന്നും പുറത്തു വന്നു. പത്രോസ് സൂക്ഷിച്ചു നോക്കി. ലാസാറിന് ഔസേപ്പിന്റെ ഛായ. പണ്ട് ഉപ്പുവെള്ളം കുടിച്ച് അവൻ മണത്തരികൾക്ക് മേലെ മലർന്നു കിടന്ന പോലെയുള്ള ചുണ്ടും കണ്ണും.

“ഔസേപ്പേ…”

പത്രോസ് ഉറക്കെ വിളിച്ചു. പത്രോസ് കണ്ണുകൾ വലിച്ചു തുറന്നു. ജനൽക്കമ്പികൾക്കു മീതെ തുണിമറ ഉയർന്നു പൊങ്ങുന്നു.

പത്രോസ് കാലൻകുടയും കുത്തി പുറത്തേക്ക് ഇറങ്ങി. അകലെയൊരു കപ്പൽ നങ്കൂരമിടുന്ന ഒച്ച മുഴങ്ങിക്കേട്ടു. പത്രോസ് ഇടവഴികൾ കടന്ന് നടന്നു. ഓടിക്കൊണ്ടിരുന്നപ്പോൾ നിലച്ചു പോയൊരു യന്ത്രം പോലെ പത്രോസ് ഔസേപ്പിന്റെ ചായക്കടക്കു മുന്നിൽ കുടയും കുത്തി നിന്നു.

“എന്നാടാ പത്രോസ്സേ…”

പത്തിരി മാവ് കുഴച്ചു കൊണ്ട് ഔസേപ്പ് ചോദിച്ചു. പത്രോസിന്റെ തൊണ്ടക്കുഴിയിൽ ഉമിനീർ വറ്റി വരണ്ട് ഒട്ടിപ്പിടിച്ചിരുന്നു. വെള്ളക്കണ്ണ് വട്ടത്തിൽ കറക്കി പത്രോസ് ചിരിച്ചു. പത്തിരി മാവ് ചൂണ്ടിക്കാട്ടി പത്രോസ് പിറുപിറുത്തു. ഔസേപ്പ് പത്രോസിനെ കടയ്ക്ക് ഉള്ളിൽ പിടിച്ചിരുത്തി. പത്രോസ് ഔസേപ്പിനെ പാതിയടഞ്ഞ കണ്ണുകൊണ്ട് മൊത്തമായി നോക്കി.

“ഞാൻ കണ്ടു.. സ്വപ്നത്തില്… മേഘത്തിന് മേലെ ഒരു ഗുഹ.. ഞാനും നീയും… ഞാൻ കണ്ടു ”

ഔസേപ്പും വറീതും മുഖത്തോട് മുഖം നോക്കിയിരുന്നു.

“പത്രോസ്സേ .. വീട്ടിക്കൊണ്ടാക്കാം… വയ്യാതിരിക്കുവല്ലയോ…”

“എനിക്ക് ഒരു ഏനക്കേടുമില്ല…

എനിക്ക് അരി പത്തിരി വേണം.. എന്റമ്മച്ചിക്ക് അരി പത്തിരി ഇല്ലാതെ പറ്റുകേല “
പത്രോസ് കൈവിരലുകൾ കൂട്ടിത്തിരുമ്മി എന്തൊക്കെയോ പിറുപിറുത്തു.

ഔസേപ്പും വറീതും കൂടി അരിപ്പത്തിരിയും ഞണ്ടു കറിയും വാഴയിലയിൽ പൊതിഞ്ഞു കെട്ടി പത്രോസിന് കൊടുത്തു.

“ഔസേപ്പേ… ഞാൻ എറങ്ങി നടന്നൂന്ന് നീ തോമസൂട്ടിയോട് പറയല്ല് കേട്ടാ… അവനെന്നെ തല്ലും ”

പത്രോസ് പൊതിക്കെട്ടും എടുത്ത് ഇടവഴിയിലൂടെ നടന്നു. പുലിമുട്ടുകളിലൂടെ വീഴാതെ നടന്ന് പത്രോസ് മണലിൽ കാലൻ കുട ആഞ്ഞു കുത്തി,ചമ്രം പിണഞ്ഞിരുന്നു.

 തീരം തേടി വന്ന തിരമാലകൾക്ക് ഒപ്പം ഞണ്ടുകൂട്ടങ്ങൾ കടയിലേക്ക് കയറി വന്നു. അന്തിവെയിലിൽ ഉപ്പുവെള്ളം ചുവന്നു തുടുത്തു. ഉപ്പു പരലുകൾ പാറകെട്ടുകളിൽ പറ്റിപ്പിടിച്ചു. പത്രോസ് കടലും നോക്കി മിണ്ടാതെ ഇരുന്നു. വെള്ളക്കുതിരക്കളെ പോലെ കുതിച്ചു ചാടി തിരമാലകൾ കടൽക്കരയിലേക്ക് കയറിവന്നു. അവയുടെ കൂടെ അമ്മച്ചിയും വെള്ളക്കൊക്കുകളും മണൽപ്പരപ്പുകളിലേക്ക് പറന്നിറങ്ങി. അമ്മച്ചിയുടെ സ്വർണതലമുടിയിൽ നിറയെ മഞ്ഞപ്പൂമ്പാറ്റകൾ പാറിക്കളിക്കുന്നു.

അമ്മച്ചി പത്രോസിന്റെ അരികത്തു വന്നിരുന്നു അവന്റെ മുടിയിൽ തലോടി.

“അമ്മച്ചീ…. അമ്മച്ചിക്ക് ഞാൻ എന്നതാ കൊണ്ട് വന്നേന്ന് കണ്ടാ?”

പത്രോസ് അരിപ്പത്തിരിയും ഞണ്ടു കറിയും അമ്മച്ചിക്ക് മുമ്പിൽ തുറന്നു വച്ചു.അമ്മച്ചി അരിപ്പത്തിരി ഞണ്ട് ചാറിൽ മുക്കി നാവിൽ വച്ചു പിന്നെ ഒരൽപ്പം നുള്ളിയെടുത്ത് പത്രോസിനും കൊടുത്തു. പത്രോസ്സും അമ്മച്ചിയും തിരമാലകളുടെ ഇരമ്പലുകൾ കേട്ടുകൊണ്ട് നിലാ വെളിച്ചത്തിൽ അരിപ്പത്തിരിയും വറ്റിച്ച ഞണ്ട് ചാറും കഴിച്ചിട്ട് ആകാശം നോക്കി കിടന്നു.
“എടാ.. പത്രോസേ… നെനക്ക് തിരമാലകൾക്ക് മേലെക്കൂടെ വെള്ളക്കുതിരയുടെ പൊറത്ത് കയറി പോണോ?”
“അമ്മച്ചി.. എന്നെ കൊണ്ടൊവോ?”
“നീ… വാടാ.. ഞാൻ കൊണ്ടോവാം ആഴക്കടലിനപ്പുറം വെള്ളക്കുതിരകൾ ചിറകു വച്ച് പറക്കും. അവിടെ വെള്ളമേഘങ്ങൾ മൂടിയ തട്ട്. അവിടെ നിനക്ക് നാടകം കളിക്കാം.. യേശുവാകാം.. ദാവീദാകാം….”
അമ്മച്ചി എഴുന്നേറ്റ് കടലിലേക്ക് നടന്നു. നിലാവെളിച്ചം മണൽപ്പരപ്പുകൾക്ക് ഉള്ളിലേക്ക് ഇറങ്ങിച്ചെന്നു. പത്രോസ് അമ്മച്ചിയുടെ പിറകെ നടന്നു. അമ്മച്ചി തിരമാലകൾക്കു മീതെ പറന്നു. തിരമാലകളിൽ നിന്നും വെള്ളക്കുതിരകൾ മണൽപ്പരപ്പിലേക്ക് ഇറങ്ങി വന്നു പത്രോസിനെയും കൊണ്ട് തിരമാലകൾക്ക് മീതെ പറന്നു..

വെളിച്ചം പരന്നു. കടൽ ചൂടു പിടിച്ചു.. കടൽക്കാക്കകൾ മണൽതിട്ടകളിലും പാറക്കെട്ടിലും വട്ടം ചുറ്റിപ്പറന്നു. ഞണ്ടു കറിയിലും അരിപ്പത്തിരിയിലും  ഉറുമ്പുകളും ഞണ്ടുകളും വേലികെട്ടി..

പത്രോസ് ഉപ്പുവെള്ളം മോന്തിക്കുടിച്ച് കണ്ണുകളടച്ചു തണുത്തുറഞ്ഞ് നനഞ്ഞ മണലിനെ ചുംബിച്ചു കിടന്നു…

പത്രോസിന്റെ വെള്ളിക്കണ്ണുകളിൽ അപ്പോഴും തിരമാലകൾക്കു മേലെ പറന്നു പൊങ്ങുന്ന വെള്ളക്കുതിരകളായിരുന്നു…..

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here