ചമ്പാഗലിയിലെ കഫേ

0
375

കഥ

അനീഷ് ഫ്രാൻസിസ്

1.

ബൈപ്പാസ് സര്‍ജറിയുടെ തലേന്ന് രാത്രി ബാലചന്ദ്രന്‍ ആ കഫേ വീണ്ടും കണ്ടു. ഇരുപത്തിയഞ്ച് വര്‍ഷത്തിനുശേഷം ഒരു സ്വപ്നത്തില്‍ അയാള്‍ വീണ്ടും അവിടെയെത്തി. നീലയും പച്ചയും നിറമുള്ള ഭിത്തികളും, ശതാവരിയുടെ വള്ളികള്‍ പടര്‍ന്നു കയറിയ തടിജനാലകളുമുള്ള കഫേ. മഴവില്ലിന്റെ ഏഴു നിറങ്ങള്‍ ഏഴു നീളന്‍ ചതുരങ്ങളില്‍ വരച്ചു ചേര്‍ത്ത കഫെയുടെ മുന്‍ഭാഗത്തെ ഭിത്തി. അതിനു മുന്‍പില്‍ നിരന്നിരിക്കുന്ന ചെടിച്ചട്ടികള്‍.. തന്റെ ബുള്ളറ്റ് കഫെയുടെ മുന്‍പില്‍ വച്ച് ബാലചന്ദ്രന്‍ ഉള്ളിലേക്ക് കടന്നു.അതിനുശേഷം….

വെളുപ്പാന്‍കാലത്താണ് ബാലചന്ദ്രന്‍ ആ സ്വപ്നം കണ്ടത്. ഉണര്‍ന്നയുടന്‍ ആ സ്വപ്നം ഓര്‍മ്മയില്‍നിന്ന് മാഞ്ഞു. നീലഭിത്തിയിലെ തടിജനാലയും അതില്‍ രണ്ടായി പകുത്തിട്ട ജനാലവിരിയും ,ജനാലയില്‍ വച്ചിരുന്ന ചുവപ്പും വെളുപ്പും നിറമുള്ള പൂക്കളും ഒരു നിമിഷം കൂടി ഓര്‍മ്മയില്‍ തങ്ങിനിന്നു. ആ പൂക്കളില്‍ നിന്ന് സ്വപ്നത്തിലേക്ക് തിരിച്ചുപോകാന്‍ ബാലചന്ദ്രന്‍ ശ്രമിച്ചു. എന്നാല്‍, അതും ഒരു സ്വര്‍ണ്ണമത്സ്യം വഴുതിപ്പോകുന്നതുപോലെ മാഞ്ഞു. ഒന്ന് മാത്രം അവശേഷിച്ചു.
അകന്നകന്നു പോകുന്ന തന്റെ ബുള്ളറ്റിന്റെ ശബ്ദം. നെഞ്ചില്‍ വല്ലാത്ത ഒരു പിടച്ചില്‍ മാത്രം ബാക്കിനിന്നു. കുറ്റബോധവും നഷ്ടബോധവും ചേര്‍ന്ന ദു:ഖത്തിന്റെ പിടച്ചില്‍. അത് മായ്ക്കാന്‍ എന്നവണ്ണം അയാള്‍ നെഞ്ചില്‍ തടവി. സ്വപ്നത്തില്‍ കണ്ട തെരുവ് അയാള്‍ തിരിച്ചറിഞ്ഞു. ഡല്‍ഹിയിലെ ചമ്പാഗലി. കഫേകള്‍ മാത്രമുള്ള തെരുവ്..

അന്ന് ചമ്പാഗലിയില്‍ ധാരാളം കഫേകളുണ്ടായിരുന്നു. ബാരി ,റെഡ് ബ്രിക്സ്.. എട്ടോ ഒന്‍പതോ കഫേകള്‍..ഇരുപത്തിയഞ്ച് കൊല്ലം മുന്‍പ് ടൈംസില്‍ ജോലി ചെയ്യുമ്പോള്‍ ബാലചന്ദ്രന്‍ പലവട്ടം ചമ്പാഗലിയില്‍ പോയിട്ടുണ്ട്. ഭാര്യ അടുത്തുവന്നിരുന്നു. വിരലുകളില്‍ തടവി.

“വേദനയുണ്ടോ ?” മുഖത്തെ ഭാവവ്യതാസം കണ്ടാണ്‌ അവര്‍ക്ക് സംശയം.

“വേദനയില്ല..എന്തോ ഒരു സ്വപ്നം കണ്ടു.”

“എന്താ കണ്ടെ ?”അവര്‍ തിരക്കി.

“ഓര്‍ക്കുന്നില്ല.”

ഇപ്പൊ ഒന്നും ഓര്‍ക്കണ്ട.ഇതൊന്നു കഴിയട്ടെ..എല്ലാം ശരിയാകും.” അവരുടെ വിരലുകള്‍ വീണ്ടും മുറുകി.

ബാലചന്ദ്രന്‍ റിട്ടയര്‍ ചെയ്തിട്ട് രണ്ടു വര്‍ഷമായി. കാര്യമായ യാതൊരു പ്രശ്നവുമില്ലായിരുന്നു. രണ്ട് ദിവസം മുന്‍പ് ഒരു ചെറിയ നെഞ്ചുവേദന..പരിശോധനയില്‍ ബ്ലോക്കുകള്‍..

“ബാലചന്ദ്രന്‍ സര്‍ ,റെഡിയല്ലേ ?”

ചെറുപ്പക്കാരന്‍ ഡോക്ടര്‍ പുഞ്ചിരിച്ചുകൊണ്ട് അകത്തേക്ക് വന്നു. ഡോക്ടറുടെ ഉന്മേഷം നിറഞ്ഞ മുഖവും പുഞ്ചിരിയും കണ്ടപ്പോള്‍ തന്നെ ബാലചന്ദ്രനും ഭാര്യക്കും ആശ്വാസമായി. സര്‍ജറിക്ക് മുന്‍പുള്ള റുട്ടീന്‍ ചെക്കപ്പ്. ബാലചന്ദ്രന്‍ അപ്പോഴും ആ സ്വപ്നം ഓര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു.

“ടെന്‍ഷന്‍ ഉണ്ടോ ?” ഡോക്ടര്‍ ചോദിച്ചു.
അയാള്‍ ഇല്ലെന്നു തലയാട്ടി.

ഏതു സ്വപ്നത്തിന്റെ തീവ്രതയും ഉണര്‍ന്നു കുറച്ചു നേരം കഴിയുമ്പോള്‍ മായും. സ്വപ്നങ്ങള്‍ മറക്കാനാണ് പകല്‍ വരുന്നത് തന്നെ. ബാലചന്ദ്രന്‍ ആശ്വസിച്ചു.
എന്നാല്‍ ഇന്ന്..അല്‍പ്പനേരം കഴിഞ്ഞാല്‍ താന്‍ വീണ്ടും ഉറങ്ങും. ചിലപ്പോള്‍ ആ സ്വപ്നം വീണ്ടും കാണും. ബുള്ളറ്റില്‍ ചമ്പാഗലിയിലെ കഫേയിലേക്ക് വീണ്ടും പോകും.

അയാള്‍ ഭാര്യയെ നോക്കി.

“നീ അനിലിനെ ഒന്ന് വിളിക്കണം.” അയാള്‍ പറഞ്ഞു.

അനില്‍ അടുത്ത വീട്ടിലെ പയ്യനാണ്. അവര്‍ ചോദ്യഭാവത്തില്‍ അയാളെ നോക്കി.

“ബുള്ളറ്റ് ഇടയ്ക്കിടെ സ്റ്റാര്‍ട്ട് ചെയ്തു വയ്ക്കാന്‍ പറയണം.”

ഭാര്യ ഡോക്ടറെ നോക്കി. ഡോക്ടര്‍ ബാലചന്ദ്രനെ നോക്കി പുഞ്ചിരിച്ചു.

“അതൊന്നും ഓര്‍ത്ത്‌ വിഷമിക്കണ്ട. ഈ സര്‍ജറി കഴിഞ്ഞാല്‍ വേണമെങ്കില്‍ ഞാന്‍ തന്നെ പോയി സ്റ്റാര്‍ട്ട് ചെയ്യാം.”
നഴ്സ് പോലും ചിരിയമര്‍ത്തി.

ഇരുപത്തിയഞ്ചു കൊല്ലം മുന്‍പ് ഡല്‍ഹിയില്‍ വച്ച് വാങ്ങിയ ബുള്ളറ്റാണ് ബാലചന്ദ്രന്റെ സന്തതസഹചാരി..
മുന്നൂറ്റിയന്‍പത് സി.സി ക്ലാസിക് മോഡല്‍.

കുതിരയുടെ കരുത്ത്. നായയുടെ സ്നേഹം. ബാലചന്ദ്രനെ നീലയുടുപ്പ് അണിയിച്ചു സ്ട്രെച്ചറിലേക്ക് മാറ്റി. തിയേറ്ററിന്റെ വാതില്‍ക്കല്‍ ചെന്നപ്പോള്‍ അയാള്‍ വീണ്ടും ഭാര്യയെ നോക്കി. രണ്ടുപേര്‍ക്കും മക്കളില്ല.

അവരുടെ കണ്ണ് നിറഞ്ഞിരിക്കുന്നു.

“അനിലിനെ വിളിക്കണം.ബുള്ളറ്റ് സ്റ്റാര്‍ട്ട് ചെയ്യണം.” അയാള്‍ വീണ്ടും ഓര്‍മ്മിപ്പിച്ചു.
അവര്‍ ദുര്‍ബലമായി തലയാട്ടി.

അനസ്തേഷ്യ. തണുത്ത ഇരുട്ട് ബാലചന്ദ്രനെ ആശ്ലേഷിച്ചു. ഓര്‍മ്മകള്‍ സ്വപ്നങ്ങളാക്കുന്ന ആഴമേറിയ ഉറക്കത്തിന്റെ കയത്തിലേക്ക് അയാള്‍ വഴുതിയിറങ്ങി.

2.

ഡല്‍ഹിയിലെ പതിനഞ്ചു സ്ഥലങ്ങളില്‍ പ്രേതബാധയുള്ളതായി ആളുകള്‍ വിശ്വസിക്കുന്നു. പ്രണയനൈരാശ്യം മൂലം ആത്മഹത്യ ചെയ്ത നിക്കോളാസ് സായ്പ്പിന്റെ പ്രേതം അലയുന്ന ലോഥിയന്‍ സെമിത്തേരി, ജിന്നുകള്‍ നൃത്തം ചെയ്യുന്ന ഫിറോസ്‌ ഷാ കോട്ട്ല കോട്ട…

“തനിക്ക് ഇന്ന് പുതിയ ബുള്ളറ്റ് ഒക്കെ കിട്ടുമെന്ന് ഞാന്‍ അറിഞ്ഞു ..രണ്ടു ദിവസംകൊണ്ട് ഈ സ്ഥലങ്ങള്‍ ഒക്കെ ഒന്ന് കറങ്ങ്..നമുക്കൊരു ഫീച്ചര്‍ തയ്യാറാക്കണം…ഡല്‍ഹിയിലെ ടൂറിസം സാധ്യതകളെക്കുറിച്ച് മാത്രമായിട്ടാണ് അടുത്ത മാസത്തെ എഡിഷന്‍..അതില്‍ ഉള്‍പ്പെടുത്താം..”

പോവണ്ട സ്ഥലങ്ങളുടെ ലിസ്റ്റും ശേഖരിക്കേണ്ട വിവരങ്ങളുടെ ചുരുക്കവും അടങ്ങിയ കുറിപ്പ് എഡിറ്റര്‍ നല്‍കിയപ്പോള്‍ ബാലചന്ദ്രന്‍ ആവേശത്തിലായി. ടൈംസില്‍ ജൂനിയര്‍ റിപ്പോര്‍ട്ടറായി കയറിയിട്ട് ആറുമാസം കഴിഞ്ഞു. ഇത് വരെ സീനിയര്‍ റിപ്പോര്‍ട്ടര്‍മാര്‍ കൊണ്ടുവരുന്ന മാറ്റര്‍ മാസികയ്ക്കു വേണ്ടി എഡിറ്റ് ചെയ്യുന്ന പണിയായിരുന്നു. ആദ്യമായാണ് ഒരു സ്വതന്ത്ര അസൈന്‍മെന്റ് ലഭിക്കുന്നത്. അതും പുത്തന്‍ ബുള്ളറ്റില്‍ ഡല്‍ഹിയുടെ സിരകള്‍ തിരയാനുള്ള അവസരവും..

“തന്നെ സഹായിക്കാന്‍ ഒരാളെ ഏര്‍പ്പാടാക്കിയിട്ടുണ്ട്..ജയഭദ്ര. ലേഡി ശ്രീരാം കോളേജിലെ സൈക്കോളജി ഗവേഷകയാണ്. ഷീ ഈസ് ആന്‍ എക്സ്പെര്‍ട്ട് ഇന്‍ പാരാനോര്‍മല്‍ ആക്ടിവിറ്റീസ്..ഇത്തരം സ്ഥലങ്ങളില്‍ സഞ്ചരിക്കുകയാണ് പുള്ളിക്കാരിയുടെ വിനോദം.” ബാലചന്ദ്രന്‍ ജയഭദ്രയെ വിളിച്ചു. ചമ്പാഗലിയിലെ ബാരി എന്ന കഫെയില്‍ വച്ച് കാണാമെന്ന് ആ പെണ്‍കുട്ടി പറഞ്ഞു. ഡല്‍ഹിയിലെ പല കഫേകളിലും കയറിയിട്ടുണ്ടെങ്കിലും ബാലചന്ദ്രന്‍ ആദ്യമായാണ് ചമ്പാഗലിയിലെ ഒരു കഫെയില്‍ കയറുന്നത്. ചെടികളും പൂക്കളും പലനിറങ്ങളിലുള്ള കൊടിതോരണങ്ങളും കിളിക്കൂടുകള്‍ക്കുള്ളില്‍ മിന്നുന്ന വൈദ്യതവിളക്കുകളും നിറഞ്ഞ കഫേ. ഭിത്തികളില്‍ പടര്‍ന്നു കയറിയ ശതാവരിയിലകള്‍. അവയ്ക്കിടയില്‍ മിന്നാമിന്നികളെപോലെ പ്രകാശിക്കുന്ന നീല ബള്‍ബുകള്‍.

“ആദ്യമായാണോ ചമ്പാഗലിയില്‍ ?” ബാലചന്ദ്രന്റെ മുഖത്തെ അത്ഭുതഭാവം കണ്ടു ജയഭദ്ര ചോദിച്ചു.

“അതെ.”

“ഈ തെരുവില്‍ കഫേകള്‍ മാത്രമേ ഉള്ളു.ഓരോ കഫെയ്ക്കും വ്യതസ്ത തീമാണ്.” അവള്‍ വിശദീകരിച്ചു. ഓം എന്ന് ചുവന്ന നിറത്തില്‍ പ്രിന്റ്‌ ചെയ്ത കറുത്ത ടെക്നി കളര്‍ ടീഷര്‍ട്ടും ഇരുണ്ട ഡെനിം ജീന്‍സുമാണ് അവള്‍ ധരിച്ചിരുന്നത്. ബാലചന്ദ്രന്‍ വരുമ്പോള്‍ അവള്‍ ഒരു നോവല്‍ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു.

“ഇവിടെ മുന്‍പ് വന്നിട്ടുള്ളതല്ലേ..ജയഭദ്ര തന്നെ ഓര്‍ഡര്‍ ചെയ്യൂ....” വെയിറ്റര്‍ വന്നപ്പോള്‍ ബാലചന്ദ്രന്‍ അവളോട്‌ ചിരിച്ചുകൊണ്ട് പറഞ്ഞു.

“രണ്ടു ക്രാന്‍ബെറി മോഹിറ്റോ.ഒരു പ്ലേറ്റ് ഫ്രഞ്ച് ഫ്രൈസ്.” അവള്‍ പറഞ്ഞു.
ജയഭദ്ര വെയിറ്ററോട് സംസാരിക്കുന്നതിനിടയില്‍ ബാലചന്ദ്രന്‍ അവള്‍ വായിച്ചുകൊണ്ടിരുന്ന പുസ്തകം എടുത്തു നോക്കി.

മെമ്മറീസ് ഓഫ് എ ഗെയിഷ.
ആ വര്‍ഷം ഇറങ്ങിയ നോവലുകളില്‍ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം പിടിച്ച ജാപ്പനീസ് നോവല്‍.

“പാരനോര്‍മല്‍ റിസര്‍ച്ചു നടത്തുന്നയാളുകള്‍ ഇങ്ങനത്തെ ബുക്ക്സ് ഒക്കെ വായിക്കുവോ ?”
ബാലചന്ദ്രന്‍ തമാശയായി ചോദിച്ചു.

“അതില്‍ റിസര്‍ച്ച് ചെയ്യുന്നെങ്കിലും എനിക്കിഷ്ടം ലിറ്റററി ഫിക്ഷനും ഗസലും മൂവീസും ഒക്കെയാണ്.”
ജയഭദ്ര പറഞ്ഞു.

ക്രാന്‍ബറി ജ്യൂസ് കുടിക്കുന്നതിനിടയില്‍ അവര്‍ കൂടുതല്‍ പരിചയപ്പെട്ടു. ജയഭദ്രയുടെ മാതാപിതാക്കള്‍ ചെറുപ്പത്തില്‍ ഡല്‍ഹിയില്‍ വന്നതാണ്.

“നാട്ടില്‍ അപ്പൂപ്പന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അച്ഛന്റെ അച്ഛന്‍. ആള്‍ കഴിഞ്ഞ വര്‍ഷം മരിച്ചു.”

“പേരന്റ്സ് ഒക്കെ?”

“ഞാന്‍ ടെന്‍ത് പാസാകാന്‍ നോക്കിയിരിക്കുകയായിരുന്നു രണ്ടുപേരും പിരിയാന്‍. ഇപ്പോള്‍ ഒരാള്‍ ലണ്ടനില്‍. മറ്റെയാള്‍ അമേരിക്കയില്‍. രണ്ടാള്‍ക്കും വേറെ കുട്ടികളായി.”

അത് പറഞ്ഞ് ജയഭദ്ര ചിരിച്ചു.

പരിചയപ്പെടല്‍ മതിയാക്കി രണ്ടുപേരും കാര്യത്തിലേക്ക് കടന്നു. എഡിറ്റര്‍ ഏല്‍പ്പിച്ച ദൗത്യം ബാലചന്ദ്രന്‍ ജയഭദ്രയോട് വിശദീകരിച്ചു.

“നിങ്ങളുടെ എഡിറ്റര്‍ പറഞ്ഞ സ്ഥലങ്ങളൊക്കെ ഇവിടെ മിക്കവര്‍ക്കും അറിയാവുന്നതാണ്. മ്യൂട്ടിനി ഹൗസില്‍ രാത്രി കേള്‍ക്കുന്ന കരച്ചില്‍, കന്റോണ്‍മെന്റ് റോഡില്‍ ഇടയ്ക്കിടെ പ്രത്യക്ഷപെടുന്ന വെളുത്ത സാരിയുടുത്ത പ്രേതം , ഫിറോസ്‌ ഷാ കോട്ട്ല കോട്ടയിലെ ഇടനാഴികളില്‍ പൗര്‍ണ്ണമി രാത്രികളില്‍ പടരുന്ന വിചിത്രമായ സുഗന്ധം ….അങ്ങിനെ ഒരുപാട് കഥകളുണ്ട്..ബട്ട് ദേര്‍ ഈസ്‌ നത്തിംഗ് ന്യൂ.”

ജയഭദ്ര പറഞ്ഞു.

“അപ്പോള്‍ പിന്നെ..?”
ബാലചന്ദ്രന് ജയഭദ്ര ഉദ്ദേശിക്കുന്നത് മനസ്സിലായില്ല.

“ഈ പറഞ്ഞ സ്ഥലങ്ങളില്‍ പലയിടങ്ങളിലും പ്രേതബാധയൊന്നുമില്ല. ഒക്കെ ഇവിടുത്തുകാര് പറഞ്ഞുണ്ടാക്കുന്നതാണ്. അതിന്റെ പിന്നില്‍ കച്ചവടതാത്പര്യങ്ങളുമുണ്ടാകും.” അവള്‍ ഒന്ന് നിര്‍ത്തി.

“പ്രേതങ്ങളുടെ സാന്നിധ്യമുള്ള സ്ഥലങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. വളരെകുറച്ചു പേര്‍ക്ക് മാത്രമേ അത്തരം സ്ഥലങ്ങളെക്കുറിച്ച് അറിവുണ്ടാകൂ..ഒരു കൂട്ടര്‍ പ്രേതങ്ങള്‍. പിന്നെ ഒരു കൂട്ടര്‍ അവരെ നശിപ്പിക്കാന്‍ നടക്കുന്നവര്‍.”
ജയഭദ്രയുടെ ഭാവം മാറിയിരുന്നു. മുഖത്തും ശബ്ദത്തിലും ഗൗരവം.

“അത്തരം സ്ഥലങ്ങള്‍ ജയഭദ്രയുടെ അറിവില്‍..?” ബാലചന്ദ്രന്‍ ചോദിച്ചു.
ജയഭദ്ര അതിനു മറുപടി പറഞ്ഞില്ല. അവള്‍ ക്രാന്‍ബെറി മോഹിറ്റോ മെല്ലെ സിപ്പ് ചെയ്തുകൊണ്ടിരുന്നു.

“നിങ്ങള്‍ക്ക് പ്രേതത്തിലൊന്നും വിശ്വാസമില്ലല്ലോ..പിന്നെ എന്തിനാണ് ചോദിക്കുന്നത് ?” ജയഭദ്രയുടെ സ്വരത്തില്‍ പരിഹാസം കലര്‍ന്നു.

“എങ്ങിനെ മനസ്സിലായി,എനിക്ക് പ്രേതത്തില്‍ വിശ്വാസമില്ലെന്ന് ?” ബാലചന്ദ്രന്‍ അത്ഭുതത്തോടെ ചോദിച്ചു.

“നിങ്ങള്‍ക്ക് പ്രേതത്തില്‍ വിശ്വാസമില്ല. വെജിറ്റെറിയനാണ്. നിങ്ങള്‍ ഇന്ന് വലിയ സന്തോഷത്തിലുമാണ്. ഒന്നുകില്‍ പുതിയ ആഭരണം,വീട്,വാഹനം…ഇവ ഏതെങ്കിലും നിങ്ങള്‍ വാങ്ങിച്ചു. അല്ലെങ്കില്‍ ആരെങ്കിലും സമ്മാനം തന്നു. ശരിയല്ലേ ?” ജയഭദ്ര ചോദിച്ചു.

ബാലചന്ദ്രന്‍ അന്തം വിട്ടു.

“ഇതൊക്കെ എങ്ങിനെ മനസ്സിലായി ?” അയാള്‍ അത്ഭുതത്തോടെ ചോദിച്ചു.
“എനിക്ക് ടാരറ്റ് കാര്‍ഡ് റീഡിംഗ് വശമുണ്ട്. നിങ്ങളെ കാണാന്‍ വരുന്നതിനു മുന്‍പ് എങ്ങിനെയുള്ള ആള്‍ ആണെന്നറിയാന്‍ ഞാന്‍ കാര്‍ഡ് നോക്കിയിരുന്നു.”

അവള്‍ ഹാന്‍ഡ് ബാഗില്‍നിന്ന് ഒരു കെട്ടു ചീട്ട് എടുത്തു ടേബിളില്‍ വച്ചു.

“അപ്പൂപ്പന്‍ പഠിപ്പിച്ചതാണ്…ചെറുപ്പത്തില്‍ വീട്ടില്‍ ഒറ്റയ്ക്ക് ഇരിക്കുമ്പോള്‍ സമയം പോകാന്‍ വേണ്ടി..അപ്പൂപ്പനായിരുന്നു എന്റെ ഏറ്റവും വലിയ കൂട്ട്..’ അവള്‍ പറഞ്ഞു.

പിന്നെ മേശയില്‍ കാര്‍ഡുകള്‍ നിരത്തി .

“ഇത് കൊള്ളാമല്ലോ..ഇത് ഇംഗ്ലീഷ് കാരുടെ ടെക്നിക്കല്ലേ ? ഇത് വച്ച് ഭൂതവും ഭാവിയുമൊക്കെ പറയാന്‍ കഴിയുമോ ?”
ജയഭദ്ര ചീട്ട് ഒന്ന് കശക്കി. സ്ഥിരമായി അതുപയോഗിക്കുന്നതിന്റെ ഒരു വഴക്കം അവളുടെ കര ചലനങ്ങളില്‍ കാണാമായിരുന്നു.

“ഇത് ശരിക്കും അങ്ങിനെ ഉള്ള ഒരു സിസ്റ്റം അല്ല. നമ്മുടെ മനസ്സില്‍ ഉള്ളതെന്താണ് എന്ന് മനസ്സിലാക്കി ഉചിതമായ തീരുമാനം എടുക്കാന്‍ ഒരു സംവിധാനം .”
ജയഭദ്ര വിശദീകരിച്ചു.

“ശരി. എന്റെ മനസ്സില്‍ എന്താണ് എന്ന് പറയൂ…” ബാലചന്ദ്രന്‍ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
ജയഭദ്ര കൈ നീട്ടി ബാലചന്ദ്രന്റെ കരം കവര്‍ന്നു.

അവളുടെ മൃദുലമായ നീണ്ട വിരലുകള്‍ അയാളുടെ വിരലുകളെ പൊതിഞ്ഞു.
“ഇനി കണ്ണടയ്ക്കു..”
ജാള്യത തോന്നിയെങ്കിലും ബാലചന്ദ്രന്‍ കണ്ണടച്ചു.

പൊടുന്നനെ മഷിത്തണ്ട് കൊണ്ട് സ്ലേറ്റ്‌ മായ്ക്കുന്നത് പോലെ അയാളുടെ മനസ്സ് ശൂന്യമായി. ഉള്ളില്‍ വല്ലാത്തൊരു ശാന്തത നിറഞ്ഞു. കഫെയുടെ വെളിയിലെ കോര്‍ട്ട്യാര്‍ഡില്‍ ശതാവരിപ്പടര്‍പ്പുകള്‍ക്കിടയിലിരുന്നു പ്രാവുകള്‍ കുറുകുന്ന ശബ്ദം മാത്രം ബാലചന്ദ്രന്‍ കേട്ടു.

“ഇനി കണ്ണ് തുറന്നിട്ട്‌ ഒരു ചീട്ട് എടുത്തോ..” ജയഭദ്രയുടെ സ്വരം കേട്ടു.

അയാള്‍ കണ്ണ് തുറന്നപ്പോള്‍ അവള്‍ ചിരിച്ചുകൊണ്ട് നോക്കിയിരിക്കുകയായിരുന്നു. ബാലചന്ദ്രന്‍ അടുക്കി വച്ച ചീട്ടുകളില്‍ വിരലോടിച്ചു. പിന്നെ ഒരെണ്ണം വലിച്ചൂരിയെടുത്തു മേശയില്‍ മാറ്റി വച്ചു. ജയഭദ്ര ബാലചന്ദ്രന്റെ കൈ മെല്ലെ സ്വതന്ത്രമാക്കി. പിന്നെ മേശയില്‍ വച്ചിരുന്നു കാര്‍ഡ് നിവര്‍ത്തി .കാര്‍ഡില്‍ ഒരു ചിത്രമുണ്ടായിരുന്നു.

ശരീരമാകെ കരിമ്പടം മൂടി ഒരു റാന്തലും ഉയര്‍ത്തിപ്പിടിച്ചു തല കുനിച്ചു നില്‍ക്കുന്ന സന്യാസി.
“ദ ഹെര്‍മിറ്റ്.”

ജയഭദ്ര കാര്‍ഡിന്റെ പേര് പറഞ്ഞു.

“ഉള്‍വലിഞ്ഞ പ്രകൃതം. യൂവാര്‍ ഹോം സിക്ക്. നാട്ടില്‍ പോവാന്‍ ആഗ്രഹിക്കുന്നു. അതാണ്‌ നിങ്ങളുടെ ഉള്ളിലെ പ്രധാന ചിന്ത.”
ബാലചന്ദ്രന്റെ മുഖത്ത് അത്ഭുതം വിടര്‍ന്നു. പിന്നെ അയാള്‍ ദു:ഖപൂര്‍വം ചിരിച്ചു.

“ഏറെക്കുറെ ശരിയാണ്. പുറമേ എക്സ്സൈറ്റഡാണെങ്കിലും ഇവിടെ വന്നപ്പോള്‍ മുതല്‍ നാട്ടില്‍ പോവാന്‍ വല്ലാത്ത ഒരു കൊതി.”
പിന്നെയും അവര്‍ ഏറെ നേരം സംസാരിച്ചു.

വെയിറ്റര്‍ വന്നു. ഇത്തവണ അവര്‍ ഒരു ചോക്കലേറ്റ് കോഫി പറഞ്ഞു.
ബാലചന്ദ്രന്‍ വല്ലാത്ത ആവേശത്തിലായിരുന്നു. ഫീച്ചറിന്റെ കാര്യമൊക്കെ അയാള്‍ മറന്നു. കഫെയുടെ കോര്‍ട്ട്യാര്‍ഡില്‍ ഒരു സംഘം കോളേജ് വിദ്യാര്‍ത്ഥികള്‍ ഹാര്‍മോണിയവും തബലയുമൊക്കെയായി പാട്ട് തുടങ്ങിയിരിക്കുന്നു. മുറിയുടെ മൂലയില്‍ തൂക്കിയിട്ട റാന്തല്‍ വിളക്കിന്റെ മഞ്ഞവെളിച്ചത്തില്‍ മുന്‍പിലിരുന്നു ചീട്ടു കശക്കുന്നത് സുന്ദരിയായ ഒരു മന്ത്രവാദിനിയാണ് എന്ന് അയാള്‍ക്ക് തോന്നി.

“എന്റെ വിവാഹത്തെക്കുറിച്ച് പറയൂ..ലവ് ഓര്‍ അറേഞ്ച്ഡ് ”ബാലചന്ദ്രന്‍ ആകംക്ഷയോടെ ചോദിച്ചു. ജയഭദ്ര അയാളെ ഒരു നിമിഷം സൂക്ഷിച്ചുനോക്കി.പിന്നെ ഒരു കാര്‍ഡ് എടുത്തു.

“നിങ്ങള്‍ നാട്ടില്‍നിന്ന് വിവാഹം കഴിക്കും. അറേഞ്ച്ഡ്.”

“എനിക്ക് പ്രേമിച്ചു വിവാഹം കഴിക്കാനാ താല്പര്യം.”
ജയഭദ്ര ചിരിച്ചു.

“നമ്മുടെ താല്പര്യങ്ങള്‍ അല്ലല്ലോ ജീവിതം എപ്പോഴും തരുന്നത്. പിന്നെ…” അവള്‍ ഒരു നിമിഷം നിര്‍ത്തി.

“നിങ്ങള്‍ക്ക് ഒരാളെ ഇഷ്ടമാകും. അവള്‍ക്ക് നിങ്ങളെയും. എന്നാല്‍ വിവാഹം കഴിക്കില്ല.”

ബാലചന്ദ്രന്റെ മുഖത്ത് സങ്കടം നിറഞ്ഞു.

“വൈ..?’

“അതൊക്കെ പിന്നെ പറയാം. ഇനി ലേറ്റായാല്‍ ഹോസ്റ്റലില്‍ കേറ്റില്ല..നിങ്ങളുടെ ഫീച്ചറിന്റെ കാര്യം എന്ത് ചെയ്യണം ?

ജയഭദ്ര തിടുക്കത്തില്‍ കോഫി കുടിക്കുന്നതിനിടയില്‍ ചോദിച്ചു.

“എനിക്ക് റിയല്‍ ഹോണ്ടഡ് പ്ലേസില്‍ പോകണം. അങ്ങിനെ ഒരു സ്ഥലം ജയഭദ്രയ്ക്ക് അറിയാമോ ?” ബാലചന്ദ്രന്‍ ചോദിച്ചു.

“ഉണ്ട്. പക്ഷേ അവിടെ പോകുന്നത് അപകടമാണ്.”

“എന്താണെങ്കിലും ഞാന്‍ റെഡി.” ബാലചന്ദ്രന്‍ നല്ല ആവേശത്തിലായിരുന്നു.

അങ്ങിനെയാണ് ജയഭദ്ര മിര്‍ദാസ്പൂരിലെ വര്‍ക്ക് ഷോപ്പിനെക്കുറിച്ച് ബാലചന്ദ്രനോട് പറഞ്ഞത്.

3.

ഡല്‍ഹിയില്‍നിന്ന് മണാലി വരെ ഏകദേശം അറുനൂറു കിലോമീറ്റര്‍. സാഹസിക ബൈക്ക് യാത്രികരുടെ ഇഷ്ടപാത. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് ബുള്ളറ്റില്‍ മനിലയും ,ലേയും ലഡാക്കും സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ ഏറെ.
ഡല്‍ഹിയുടെ അതിര്‍ത്തിയില്‍ മണാലിയിലേക്കുള്ള വഴിയുടെ തുടക്കത്തിലുള്ള ഒരു ചെറിയ ഗ്രാമമാണ് മിര്‍ദാസ്പൂര്‍ .

ഹൈവേയുടെ ഇരുവശത്തും ചോളവയലുകള്‍. അപ്പ്രോച്ച് റോഡില്‍നിന്ന് ഏകദേശം ഒരുകിലോമീറ്റര്‍ ഉള്ളിലേക്ക് പോയാല്‍ ഒരു ബുള്ളറ്റ് വര്‍ക്ക് ഷോ പ്പുണ്ട്. ഭൂഷന്‍ കുമാര്‍ എന്നയാളുടെ വര്‍ക്ക് ഷോപ്പാണത്. ഭാര്യയും, പത്തും ഏഴും വയസ്സുള്ള രണ്ടു പെണ്‍കുട്ടികളും, ആറു വയസ്സുള്ള ഒരു ആണ്‍കുട്ടിയും. അതാണ്‌ അയാളുടെ കുടുംബം.

ഉയര്‍ന്ന ജാതിയായ ജാട്ടുകളും ദളിത് വിഭാഗമായ വല്‍മീകികളുമാണ് മിര്‍ദാസ്പൂരില്‍ അധിവസിക്കുന്നത്. രണ്ടു കൂട്ടരും നല്ല അകല്‍ച്ചയിലാണ്. വല്‍മീകി വിഭാഗത്തിലുള്ള ഒരു ചെറുപ്പക്കാരന്‍ ജാട്ട് യുവതിയുമായി ഒളിച്ചോടിയതോടെ സംഘര്‍ഷം മൂത്തു. ഒരു ദിവസം ഭൂഷന്‍കുമാറിന്റെ നായയെ, വഴിയിലൂടെ നടന്നുവരികയായിരുന്ന ഒരു സംഘം ജാട്ട് യുവാക്കള്‍ കല്ലെറിഞ്ഞു ഓടിക്കാന്‍ ശ്രമിച്ചു. സംഘത്തില്‍പ്പെട്ട ഒരു യുവാവിനെ നായ കടിച്ചു കുടഞ്ഞു.പേ ബാധിച്ചിരുന്ന നായയില്‍ നിന്ന് കടിയേറ്റ യുവാവ് രണ്ടു ദിവസത്തിനുള്ളില്‍ മരിച്ചു.

ജാട്ടുകള്‍ സംഘമായി വന്നു ഭൂഷന്‍കുമാറിനെ തല്ലിച്ചതച്ചു. വര്‍ക്ക് ഷോപ്പ് അഗ്നിക്കിരയാക്കി. അയാളുടെ ഭാര്യ ഇളയ ആണ്‍കുട്ടിയുമായി ഓടി രക്ഷപെട്ടു. പെണ്‍കുട്ടികളെ രണ്ടുപേരെയും ജാട്ടുകള്‍ തട്ടിക്കൊണ്ടുപോയി. മിര്‍ദാസ്പൂരില്‍ നിന്ന് കുറച്ചു അകലെയുള്ള, ജാട്ടുകളുടെ ശക്തികേന്ദ്രമായ മിര്‍ച്ച്പൂരിലേക്കാണ് കൊണ്ടുപോയത്. അവിടെ വിജനമായ ഗോതമ്പു വയലില്‍ വച്ച് രണ്ടു ആ രണ്ടു പിഞ്ചു പെണ്‍കുഞ്ഞുങ്ങളെ ജാട്ടുകള്‍ ദിവസങ്ങളോളം ബലാല്‍സംഗം ചെയ്തു. ഒടുവില്‍ എങ്ങിനെയോ ആ പെണ്‍കുട്ടികള്‍ അവിടെ നിന്ന് രക്ഷപെട്ടു. രാത്രി തങ്ങളുടെ വീട്ടിലെത്തിയ കുട്ടികള്‍ അച്ഛാ,അമ്മേയെന്ന് ഉറക്കെ കരഞ്ഞു വാതിലില്‍ മുട്ടി. എന്നാല്‍ ആരും വാതില്‍ തുറന്നില്ല. ഭൂഷന്‍കുമാറിന്റെ വീടിനു മുന്‍പില്‍ ഒരു പുളിമരമുണ്ട്. പിറ്റേന്ന് ഉറക്കമുണര്‍ന്ന മിര്‍ദാസ്പൂര്‍ ഗ്രാമം കാണുന്നത് പുളിമരത്തില്‍ തൂങ്ങി നില്‍ക്കുന്ന ഭൂഷന്‍കുമാറിന്റെ ഭാര്യയെയാണ്. ആണ്‍കുട്ടി കഴുത്തു ഞെരിച്ചു കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടു. ഭൂഷന്‍കുമാര്‍ വിഷം കഴിച്ച നിലയിലും.
ആ രണ്ടു പെണ്‍കുട്ടികള്‍ക്ക് എന്ത് സംഭവിച്ചു എന്ന് ആര്‍ക്കുമറിയില്ല.
മിര്‍ദാസ്പൂര്‍ വിജനമായി. ജാട്ടുകളുമായുള്ള സംഘര്‍ഷത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വല്‍മീകി വിഭാഗത്തില്‍പ്പെട്ട ദളിതര്‍ ആ ഗ്രാമം ഉപേക്ഷിച്ചു. അവിടെയിപ്പോള്‍ ജാട്ടുകളുടെ ഉടമസ്ഥതയിലുള്ള കൃഷിയിടങ്ങള്‍ മാത്രമായി. എന്നാല്‍ ഡല്‍ഹി -മനില റോഡിലൂടെ രാത്രിയില്‍ സഞ്ചരിക്കുന്ന ബുള്ളറ്റ് യാത്രികര്‍ റോഡിന്റെ നടുക്ക് നില്‍ക്കുന്ന ഒരു കറുത്ത നായയെ കണ്ടു ഭയപ്പെട്ടു. ചില രാത്രികളില്‍ ചോളവയലുകള്‍ക്കിടയില്‍ നിന്ന് നിലവിളി കേട്ടു.

4.

“ഭയമുണ്ടോ ?’ ജയഭദ്ര ചോദിച്ചു. അവളായിരുന്നു ബുള്ളറ്റോടിച്ചത്‌.

“ഹേയ് ,എനിക്കറിയാം ജയഭദ്ര ടാരറ്റ് കാര്‍ഡ് നോക്കിയിട്ടായിരിക്കും ഈ യാത്ര തീരുമാനിച്ചതെന്നു.” ബാലചന്ദ്രന്‍ പറഞ്ഞു.

ജയഭദ്ര ശബ്ദമില്ലാതെ ചിരിച്ചു. അവളുടെ കഴുത്തില്‍ ചുറ്റിയ നീല സില്‍ക്ക് സ്കാര്‍ഫ് കാറ്റില്‍ അയാളുടെ മുഖത്തു തട്ടി.

രാത്രി പത്തുമണി കഴിഞ്ഞാണ് അവര്‍ ഡല്‍ഹിയില്‍ നിന്ന് മിര്‍ദാസ്പൂരിലേക്ക് പോയത്. ഹൈവേ ഏറെക്കുറെ വിജനമായിരുന്നു. ഇടയ്ക്കിടെ ഹരിയാനയില്‍ നിന്ന് വരുന്ന ചരക്ക് ലോറികള്‍ അവരെ കടന്നുപോയി. കഫെയില്‍ വച്ച് ജയഭദ്രയെ കണ്ട രാത്രി ബാലചന്ദ്രന്‍ ഉറങ്ങിയില്ല. ജയഭദ്ര.ചീട്ടുകള്‍ കശക്കുന്ന അവളുടെ വിരലുകള്‍. മനസ്സു കാണുന്ന അവളുടെ കണ്ണുകള്‍. ചോളവയലില്‍ കാത്തിരിക്കുന്ന പ്രേതങ്ങള്‍. പായാന്‍ കാത്തിരിക്കുന്ന തന്റെ പുതിയ ബുള്ളറ്റ് പോലെ ബാലചന്ദ്രന്റെ ഓരോ അണുവും ആവേശം കൊണ്ട് ത്രസിച്ചു.

“ജയഭദ്ര നന്നായി ബുള്ളറ്റ് ഓടിക്കുന്നുണ്ടല്ലോ “ ബാലചന്ദ്രന്‍ പറഞ്ഞു.

“താങ്ക്സ്. എനിക്കും ഒരു ബുള്ളറ്റ് ഉണ്ട്. നിങ്ങളുടെ സെയിം ക്ലാസിക് മോഡല്‍..അതില്‍ രണ്ടു തവണ ഹിമാലയം പോയി. ഡല്‍ഹി റോയല്‍ മാവറിക്സ് എന്നൊരു റൈഡേയ്സ് ക്ലബില്‍ ഞാന്‍ അംഗമാണ്. ആ ക്ലബിലെ ഒണ്ലി വുമന്‍ മെമ്പര്‍. നമ്മളിപ്പോള്‍ പോകുന്ന ഭൂഷന്‍കുമാറിന്റെ വര്‍ക്ക് ഷോപ്പിനെക്കുറിച്ച് അങ്ങിനെയാണ് ഞാന്‍ കേട്ടത്.”

“എന്നിട്ട് ബുള്ളറ്റ് എവിടെ ?”

“നന്നാക്കാന്‍ കൊടുത്തിരിക്കുകയാണ്. നിങ്ങളുടെ പുത്തന്‍ ബൈക്ക് ഉള്ളപ്പോ വേറെ ബൈക്ക് എന്തിനാ ?” അവള്‍ ചിരിച്ചുകൊണ്ട് ചോദിച്ചു.

തെരുവ് വിളക്കിന്റെ മഞ്ഞ വെളിച്ചത്തില്‍ മിര്‍ദാസ്പൂര്‍ എന്ന് ഹിന്ദിയിലെഴുതിയ തുരുമ്പിച്ച ബോര്‍ഡ് അവര്‍ കണ്ടു. ഏകദേശം രണ്ടു കിലോമീറ്റര്‍കൂടി മുന്‍പോട്ട് പോയ ശേഷം ജയഭദ്ര ഹൈവേയുടെ ഓരം ചേര്‍ത്ത് ബുള്ളറ്റ് നിര്‍ത്തി.

“എവിടെ, കറുത്ത നായ എവിടെ ?” ബാലചന്ദ്രന്‍ ചിരിച്ചുകൊണ്ട് ചോദിച്ചു.
ജയഭദ്ര അതിനു മറുപടി പറഞ്ഞില്ല. അവളുടെ മുഖത്ത് ഗൗരവഭാവമായിരുന്നു.

പരന്നു കിടക്കുന്ന കറുത്ത നിശബ്ദത. കാറ്റിന് കരിഞ്ഞ ഗന്ധം. ഹൈവേയുടെ ഇരുവശത്തും വളര്‍ന്നു നില്‍ക്കുന്ന പാഴ്‌ച്ചെടികൾ. ചെടികള്‍ക്കിടയില്‍ യാത്രക്കാര്‍ ഉപേക്ഷിച്ചു കളഞ്ഞ മദ്യത്തിന്റെയും വെള്ളത്തിന്റെ കുപ്പികള്‍.

“നിങ്ങള്‍ക്ക് സ്വപ്നത്തില്‍ വിശ്വാസമുണ്ടോ ?” ജയഭദ്ര ചോദിച്ചു.

“ഇല്ല.” ബാലചന്ദ്രന്‍ ഒറ്റവാക്കില്‍ ഉത്തരം പറഞ്ഞു. കാരണമില്ലാത്ത ഒരു അസ്വസ്ഥത അയാളെ വലിഞ്ഞുമുറുക്കിത്തുടങ്ങിയിരുന്നു.

“എനിക്ക് വിശ്വാസമുണ്ട്‌.അങ്ങിനെയാണ് ഇവിടെ വരണം എന്ന് ഞാന്‍ തീരുമാനിച്ചത്. പക്ഷേ എനിക്ക് സംശയമുണ്ടായിരുന്നു. എന്നാല്‍ ഒരു നിമിത്തം പോലെ നിങ്ങള്‍ വന്നപ്പോള്‍ ഞാന്‍ ഉറപ്പിച്ചു.”

“എന്ത് ?”

കൃഷി ഉപേക്ഷിച്ച ചോളവയലിനിടയിലൂടെ അവര്‍ മെല്ലെ നീങ്ങി. ഏറ്റവും മുന്‍പില്‍ ടോര്‍ച്ചുമായി ജയഭദ്ര. ദൂരെ ഉണങ്ങി നില്‍ക്കുന്ന ഒരു മരമൊഴികെ പരന്നുകിടക്കുന്ന വയലില്‍ മറ്റു വൃക്ഷങ്ങള്‍ ഒന്നുമില്ല.

“ആ കുഞ്ഞുങ്ങളുടെ തിരോധാനം..ശരിക്കും ഭൂഷന്‍കുമാറിന്റെ വീട്ടില്‍ അന്ന് രാത്രി എന്തോ സംഭവിച്ചു. ജാട്ടുകളുടെ ഇടപെടല്‍ കാരണം മാത്രമല്ല അവിടെ ആ ദുരന്തമുണ്ടായത് എന്നൊരു തോന്നല്‍…”

ഒരു വൃദ്ധയുടെ ചുക്കിച്ചുളിഞ്ഞ വിരലുകള്‍ പോലെ ചാരനിറമാര്‍ന്ന ആകാശത്തേക്ക് പടര്‍ന്നുനില്‍ക്കുന്ന പുളിമരം. അതിനരികില്‍ തകര്‍ന്നുകിടക്കുന്ന വര്‍ക്ക് ഷോപ്പ്. പരിസരമാകെ ചൂഴ്ന്നുനില്‍ക്കുന്ന കനത്ത നിശബ്ദത.

ബാലചന്ദ്രന്‍ ആ പുളി മരത്തിലേക്ക് നോക്കി. എങ്ങിനെയാവും ആ സ്ത്രീ അതിന്റെ മുകളില്‍ വലിഞ്ഞുകയറിയത്?

“ഹൈവേയില്‍ നിന്നാല്‍ പുളിമരത്തിന്റെ മുകളില്‍ തൂങ്ങി നില്‍ക്കുന്ന ജഡം കാണാമായിരുന്നു. അതിന്റെ ചിത്രങ്ങള്‍ ജാതിക്കൊലപാതകങ്ങളെക്കുറിച്ച് ഫ്രണ്ട് ലൈന്‍ മാസികയില്‍ വന്ന ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.”
ജയഭദ്ര പറഞ്ഞു.

ബാലചന്ദ്രന്‍ അതൊന്നും ശ്രദ്ധിച്ചില്ല. അയാളുടെ ആദ്യത്തെ ആവേശം അണഞ്ഞു പോയിരുന്നു.പകരം ഉള്ളില്‍ വല്ലാത്ത അസ്വസ്ഥത ചുരമാന്തിയിരുന്നു.

വര്‍ക്ക് ഷോപ്പിന്റെ വാതില്‍ അടഞ്ഞുകിടക്കുകയായിരുന്നു.
“നമുക്ക് അകത്തു കയറാം.” അവള്‍ പറഞ്ഞു.

“എന്തിനാണ് അകത്തു കയറുന്നത് ?” ബാലചന്ദ്രന്‍ സംശയത്തോടെ ചോദിച്ചു.

ജയഭദ്ര അയാള്‍ക്കരികിലെക്ക് വന്നു.

“ഞാനൊരു സത്യം പറഞ്ഞാല്‍ എന്നോട് ദേഷ്യപ്പെടരുത്.” അവള്‍ പറഞ്ഞു.
“സത്യത്തില്‍ എനിക്ക് പാരാനോര്‍മല്‍ ഗവേഷണവും കുന്തവും ഒന്നുമില്ല. പ്രേതങ്ങള്‍ എന്നു പറഞ്ഞാലേ പേടിയാണ്.”
ബാലചന്ദ്രന്‍ അന്തം വിട്ടു അവളെ നോക്കി.

“അപ്പോള്‍..അന്ന് കഫേയില്‍ വച്ച് പറഞ്ഞതും ..എഡിറ്റര്‍ പറഞ്ഞതും ഒക്കെ..” അയാള്‍ക്ക് ഒന്നും മനസ്സിലായില്ല.

“എനിക്ക് യാത്ര ഭയങ്കര ഇഷ്ടമാ. എക്സ്സ്പെഷ്യലി ബുള്ളറ്റ് റൈഡുകള്‍ ..ഈ ഗവേഷണത്തിന്റെ പേരും പറഞ്ഞു കറങ്ങുക..അത് മാത്രമേ ഉദ്ദേശമുള്ളൂ..അതിനിടയ്ക്കാണ് എന്റെ ബുള്ളറ്റ് കേടായത്. ഈ വര്‍ക്ക് ഷോപ്പില്‍ നന്നാക്കാന്‍ ഏല്‍പ്പിച്ചു. ഇങ്ങോട്ട് വരാന്‍ എല്ലാവര്‍ക്കും പേടിയാണ്. പ്രേതങ്ങള്‍ മാത്രമല്ല ജാട്ടുകളും പ്രശ്നമാണ് …അതുകൊണ്ടാണ് നിങ്ങളെക്കൂട്ടി…”
ജയഭദ്ര പറഞ്ഞു.

ബാലചന്ദ്രന് കലി കയറി.

“എങ്കില്‍ വേഗം തിരിച്ചുപോകാം..ഡല്‍ഹിയില്‍ വന്നിട്ട് ചാകാന്‍ എനിക്ക് യാതൊരു ഉദ്ദേശ്യവുമില്ല.”

“പ്ലീസ് നമുക്ക് ജസ്റ്റ് അകത്തു കേറി നോക്കാം. ബുള്ളറ്റ് ഒന്ന് കണ്ടാല്‍ മതി.”

“ഇയാള്‍ക്ക് വട്ടുണ്ടോ ? തീ പിടിച്ച വര്‍ക്ക് ഷോപ്പില്‍ നിന്ന് കേടായ വണ്ടി കിട്ടിയിട്ട് എന്തിനാ ?”

“പ്ലീസ്..പ്ലീസ് “ ജയഭദ്ര കെഞ്ചി.
ബാലചന്ദ്രന്‍ എന്ത് ചെയ്യണം എന്നറിയാതെ അവളെ നോക്കി.

ഒടുവില്‍ ബാലചന്ദ്രന്‍ സമ്മതിച്ചു.

വലിയ ടിന്‍ ഷീറ്റ് കൊണ്ട് വര്‍ക്ക് ഷോപ്പിന്റെ മുന്‍ഭാഗം മറച്ചിരുന്നു. ഷീറ്റുകള്‍ ഒരു തുരുമ്പു പിടിച്ച ഇരുമ്പ് പട്ട കൊണ്ട് ബന്ധിച്ചിരുന്നു. ബാലചന്ദ്രന്‍ ചുറ്റുപാടും നോക്കി. ആരുമില്ല. ധൈര്യം സംഭരിച്ചു അയാള്‍ ഒരു കല്ലെടുത്ത്‌ കൊണ്ടുവന്നു ഇരുമ്പു പട്ട അടിച്ചിളക്കി. കിരുകിരാശബ്ദത്തോടെ ടിന്‍ഷീറ്റ് അകന്നുമാറി. അവര്‍ അകത്തുകടന്നു.

കരിഞ്ഞ ഓയിലിന്റെ രൂക്ഷഗന്ധം. ബാലചന്ദ്രന്‍ ടോര്‍ച്ചു തെളിച്ചു.

തുരുമ്പിച്ച ഡൈനാമോയും ഷോക്ക് അബ്സോര്‍ബര്‍ ഭാഗങ്ങളും ഒരിടത്തു കൂട്ടിയിട്ടിരിക്കുന്നു. നിലത്തു ചിതറിക്കിടക്കുന്ന നട്ട് ബോള്‍ട്ടുകളും വെല്‍ഡിംഗ് ബിറ്റുകളും. ഉള്‍ഭാഗത്ത്‌ തീ കയറിയിറങ്ങിയതിന്റെ അടയാളങ്ങള്‍. യുദ്ധത്തില്‍ പരിക്കേറ്റ പടയാളികളെപ്പോലെ ടയറുകള്‍ വേര്‍പെടുത്തിയ നാലഞ്ചു ബുള്ളറ്റുകള്‍ നിലത്തു വീണു കിടന്നു. അരണ്ടവെളിച്ചത്തില്‍ അവര്‍ മുന്‍പോട്ടു നീങ്ങി. അല്‍പ്പം മാറി മൂലയില്‍ ഒരു ബുള്ളറ്റ് ഇരിക്കുന്നത് ജയഭദ്ര കണ്ടു.

“അത്..അതെന്റെ വണ്ടിയാണെന്ന് തോന്നുന്നു.”

അവള്‍ ധൃതിയില്‍ അങ്ങോട്ടേക്ക് നീങ്ങി.
“മെറ്റല്‍ പാര്‍ട്ടുകള്‍ ഒക്കെ കിടപ്പുണ്ട്. കാലേല്‍ കൊണ്ട് കേറാതെ സൂക്ഷിച്ച് …”ബാലചന്ദ്രന്‍ പിന്നില്‍ നിന്ന് മുന്നറിയിപ്പ് നല്‍കി.

വായുവില്‍ കരിഞ്ഞ റബ്ബറിന്റെയും ഇരുമ്പിന്റെയും രൂക്ഷഗന്ധം തങ്ങിനിന്നിരുന്നു.

“ഇത്..ഇത് തന്നെയാണ് എന്റെ ബുള്ളറ്റ്.” ഇരുട്ടില്‍ ജയഭദ്രയുടെ ശബ്ദം.

ബാലചന്ദ്രന്‍ മൂക്ക് പൊത്തിപ്പിടിച്ചുകൊണ്ട് വര്‍ക്ക് ഷോപ്പിന്റെ മൂലയിലേക്ക് ചെന്നു.
ബുള്ളറ്റിന്റെ ടയറുകള്‍ ഉരുകി യന്ത്രഭാഗവുമായി ഒട്ടിയിരിക്കുന്നു. എല്ലാം കൂടി കറുത്തനിറമുള്ള ഒരു ഒറ്റ ഇരുമ്പുകഷ്ണം ആണെന്നെ തോന്നു. പെട്ടെന്ന് അന്തരീക്ഷത്തില്‍ എന്തോ മാറ്റം സംഭവിച്ചത് പോലെ അയാള്‍ക്ക് തോന്നി. തണുപ്പ് വല്ലാതെ കൂടിയത് പോലെ. ഒപ്പം ആദ്യമുണ്ടായിരുന്ന കത്തിക്കരിഞ്ഞ ഓയിലിന്റെയും ഇരുമ്പിന്റെയും ഗന്ധം മാറിയിരിക്കുന്നു.

പകരം…..വല്ലാത്ത മറ്റൊരു ഗന്ധം. ഭയം തോന്നിപ്പിക്കുന്ന പരിചിതമായ ഏതോ ഗന്ധം.

“കണ്ടില്ലേ..സമാധാനമായില്ലേ. ഇനി വേഗം പോകാം.” ബാലചന്ദ്രന്‍ ധൃതികൂട്ടി.

ജയഭദ്ര അയാള്‍ പറഞ്ഞത് ശ്രദ്ധിക്കാതെ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ ബുള്ളറ്റ് പരിശോധിക്കുകയായിരുന്നു. എഞ്ചിന്‍ടാങ്കിന്റെ അരികിലെ കരിഞ്ഞ ലെതര്‍ കവറിനുള്ളില്‍ കയ്യിട്ടു അവള്‍ എന്തോ പുറത്തെടുത്തു.
ഒരു വെള്ളിനിറമുള്ള ചെയിന്‍. അതിന്റെ അറ്റത്ത്‌ ഒരു ലോക്കറ്റ്.

“അച്ഛന്‍ റൈഡിനു പോകുമ്പോള്‍ ഉപയോഗിച്ചിരുന്ന ചെയിനാണ്. ഹിസ്‌ ലക്കി ച്ചാം. ഞാനിത് ബുള്ളറ്റില്‍ വച്ച് മറന്നു.” അവള്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞു.
മുറിയിലെ തണുപ്പ് കൂടിയിരിക്കുന്നു. ഒപ്പം ആ ഗന്ധവും.

പെട്ടെന്ന് ബാലചന്ദ്രന്‍ ആ ഗന്ധം തിരിച്ചറിഞ്ഞു.
ചോരയുടെ ഗന്ധം.

“നമുക്ക് പോകാം.” അയാള്‍ ജയഭദ്രയോട് പറഞ്ഞു.
“കൃപയാ മത് ജാവോ..” ഒരു പുരുഷന്റെ സ്വരം കേട്ടു.

[ദയവായി പോകരുത്)

ജയഭദ്രയുടെ ചുണ്ടില്‍നിന്നാണ് ആ സ്വരം വന്നത്.
അവള്‍ കൈകൂപ്പി അയാളെ നോക്കി നിന്നു. അവളുടെ ചുണ്ടുകള്‍ വിറച്ചു. അതിദയനീയമായ നോട്ടം.

“ജയഭദ്ര..എന്ത്..എന്താണ് പറ്റിയത് ?” ബാലചന്ദ്രന്‍ ഭയത്തോടെ ചോദിച്ചു.

ജയഭദ്ര അയാളെ രൂക്ഷമായി നോക്കി. തുടര്‍ന്ന് സ്പഷമായ ഹിന്ദിയില്‍ പുരുഷസ്വരത്തില്‍ അവള്‍ സംസാരിച്ചു.

“ഞാന്‍ ഭൂഷന്‍കുമാര്‍. നിങ്ങള്‍ എന്തിനാണ് ബഹളം വയ്ക്കുന്നത് ?”

ബാലചന്ദ്രന് ശബ്ദം പുറത്തു വന്നില്ല. അങ്ങിനെയൊരു അനുഭവം അയാള്‍ക്ക് ആദ്യമായിരുന്നു. ഭയം കൊണ്ട് താനിപ്പോള്‍ മരിക്കുമെന്ന് അയാള്‍ക്ക് തോന്നി.

“എന്റെ രണ്ടു പെണ്‍കുട്ടികള്‍..അവര്‍ എന്റെ മരിച്ചുപോയ ആദ്യഭാര്യയില്‍ ഉണ്ടായ മക്കളാണ്. അന്ന് രാത്രി ജാട്ടുകളില്‍ നിന്ന് രക്ഷപെട്ട എന്റെ മക്കള്‍ വീട്ടില്‍ വന്നപ്പോള്‍ വാതില്‍ തുറക്കാന്‍ എന്റെ ഭാര്യ സമ്മതിച്ചില്ല. ഇളയ ആണ്‍കുട്ടിയെയും കൂടി ജാട്ടുകള്‍ കൊല്ലുമെന്നായിരുന്നു അവളുടെ ഭയം. ജാട്ടുകള്‍ പിന്നാലെയുണ്ടായിരുന്നു. പുറത്തു നിന്ന് അവര്‍ കൊലവിളി നടത്തി. ഭാര്യ എന്നെ തടഞ്ഞു. ബഹളം കഴിഞ്ഞപ്പോള്‍ ഞാന്‍ പുറത്തു വന്നു. ഇളയകുട്ടിയുടെ ശവം മുറ്റത്തു കിടപ്പുണ്ടായിരുന്നു.അവള്‍ക്ക് ഏറെ ഇഷ്ടമുള്ള പുളിമരത്തിനു ചുവട്ടില്‍ ഞാന്‍ അവളെ കുഴിച്ചിട്ടു. അതിനുശേഷം എന്റെ കുട്ടികളെ രക്ഷിക്കുന്നതില്‍ നിന്നും,അവര്‍ക്കൊപ്പം മരിക്കുന്നതില്‍ നിന്നും തടഞ്ഞ ഭാര്യയെ ഞാന്‍ ആ മരത്തില്‍ തന്നെ കൊന്നു കെട്ടിത്തൂക്കി. അതിനുശേഷം ഞാനും വിഷം കഴിച്ചു. എന്റെ മൂത്തമകള്‍ ഇപ്പോഴും ജാട്ടുകളുടെ പിടിയിലാണ്. അവളെ രക്ഷിക്കണം. അതിനു പകരം….അതിനുപകരം..എനിക്കിനി തിരിച്ചുവരാന്‍ കഴിയില്ല. പക്ഷേ ഈ ബുള്ളറ്റിനു ജീവന്‍ നല്‍കാന്‍ എനിക്ക് സാധിക്കും. എന്റെ മകള്‍..എന്റെ മകളെ..”

ജയഭദ്ര വീണ്ടും ബാലചന്ദ്രനെ നോക്കി കൈകൂപ്പി. കണ്ണുകളില്‍ നിന്ന് പൈശാചികമായ തിളക്കം മാഞ്ഞു. അവളുടെ ശരീരം ഉലഞ്ഞു. ബുള്ളറ്റിനു മുകളിലേക്ക് കുഴഞ്ഞുവീഴുന്നതിനു മുന്‍പ് ബാലചന്ദ്രന്‍ അവളെ താങ്ങി.

“ജയഭദ്രെ …”ബാലചന്ദ്രന്‍ അവളുടെ കവിളില്‍ തട്ടി വിളിച്ചു. അവള്‍ കണ്ണുകള്‍ തുറന്നു.

“ഞാനയാളെ കണ്ടു. അയാള്‍ പറഞ്ഞത് മുഴുവന്‍ ഞാന്‍ കേട്ടു.” വിറയാര്‍ന്ന സ്വരത്തില്‍ ജയഭദ്ര പറഞ്ഞു.

“ആരെ?”

“ഭൂഷന്‍ കുമാര്‍…അയാള്‍ ഇവിടെ നില്‍ക്കുന്നത് ഞാന്‍ കണ്ടു.” ബുള്ളറ്റില്‍ നിന്നെടുത്ത ചെയിന്‍ കഴുത്തിലിടുന്നതിനിടയില്‍ അവള്‍ പറഞ്ഞു.

“നമുക്ക് വേഗം ഇവിടെ നിന്ന് പോകാം…” അയാള്‍ പറഞ്ഞു. അവര്‍ പുറത്തു കടന്നു.
പോകുന്നതിനു മുന്‍പ് അവള്‍ പുളിയുടെ ചുവട്ടിലേക്ക് ഒരിക്കല്‍കൂടി നോക്കി.
ഹൈവേയിലേയ്ക്ക് രണ്ടുപേരും ഓടുകയായിരുന്നു. നടന്നതെല്ലാം സത്യമോ മിഥ്യമോ എന്നറിയാത്ത ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലായിരുന്നു ബാലചന്ദ്രന്‍. ഹൈവേയിലെത്തി തന്റെ ബുള്ളറ്റില്‍ കയറിയപ്പോഴാണ് അയാള്‍ക്ക് സമാധാനമായത്. എന്നാല്‍ ജയഭദ്ര ബുള്ളറ്റ് അല്‍പ്പം ഓടിച്ച ശേഷം നിര്‍ത്തി.

“എന്ത് പറ്റി ?” അയാള്‍ ചോദിച്ചു.

“ഒരു മിസ്സിംഗ് പോലെ.”

അയാള്‍ വണ്ടിയില്‍ നിന്നിറങ്ങി.
പെട്ടെന്ന് ജയഭദ്ര ബുള്ളറ്റ് വട്ടം തിരിച്ചു.

“എനിക്കൊരു ട്രിപ്പ് പോകണം. ജസ്റ്റ് ഫൈവ് ഡെയ്സ്. അഞ്ചു ദിവസം കഴിഞ്ഞു ഞാന്‍ ബുള്ളറ്റ് തിരിച്ചു തരാം. അന്ന് ബാരി കഫെയില്‍ കഴിഞ്ഞ ദിവസം കണ്ട സമയത്ത് നമുക്ക് വീണ്ടും കാണാം.”

“ശ്ശെ എന്ത് പണിയാണീ കാണിക്കുന്നത് ..” അയാള്‍ അവളെ തടയാന്‍ ശ്രമിച്ചു.
അപ്പോഴേക്കും അവള്‍ ബുള്ളറ്റുമായി മുന്‍പോട്ടു കുതിച്ചിരുന്നു.

“പുളിയുടെ ചുവട്ടിലാണ് ഇളയ കുട്ടിയെ കുഴിച്ചിട്ടിരിക്കുന്നത് എന്ന കാര്യം പോലീസില്‍ അറിയിക്കണം.” അവള്‍ വിളിച്ചു പറഞ്ഞു.

ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ അവള്‍ അയാളുടെ കാഴ്ചയില്‍നിന്ന് മറഞ്ഞു. ബുള്ളറ്റിന്റെ കുടുകുടു ശബ്ദം മാത്രം അയാളുടെ കാതില്‍ പ്രതിധ്വനിച്ചു.
ഹൈവേയുടെ നടുക്ക് ഒറ്റയ്ക്ക് നില്‍ക്കുമ്പോള്‍ ബാലചന്ദ്രനു ഭയത്തെക്കാള്‍ കഠിനമായ ദേഷ്യമാണ് തോന്നിയത്….

ഒരു പച്ചക്കറി വണ്ടി അയാള്‍ക്ക് ലിഫ്റ്റ്‌ നല്‍കി. നഗരത്തിലെത്തുന്നത് വരെ അയാളുടെ തലച്ചോറില്‍ ആകെ പുകമയമായിരുന്നു.ആദ്യത്തെ ദേഷ്യം ഭയത്തിനു വഴിമാറി..അവള്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍..ഒന്ന് ഉറങ്ങി എഴുന്നേറ്റപ്പോള്‍ തലേന്ന് നടന്നത് ഒരു ദു:സ്വപ്നം പോലെ ബാലചന്ദ്രന് തോന്നി.

പിറ്റേന്ന് തന്നെ അയാള്‍ എഡിറ്ററുടെ അടുത്ത് ചെന്ന് സംഭവിച്ചതിനെക്കുറിച്ച് സൂചിപ്പിച്ചു. അദ്ദേഹം ഡല്‍ഹിയിലെ ഏതോ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു. പോലീസ് ഭൂഷന്‍കുമാറിന്റെ വര്‍ക്ക് ഷോപ്പിനു മുന്‍പിലെ പുളിയുടെ ചുവട്ടില്‍നിന്ന് അയാളുടെ ഇളയ പെണ്‍കുട്ടിയുടെ ശവം കണ്ടെടുത്തു.

പിറ്റേന്ന് ഭൂഷന്‍കുമാറിന്റെ മൂത്ത മകളെ ആരോ ജാട്ടുകളുടെ ഗ്രാമത്തില്‍ നിന്ന് രക്ഷപെടുത്തി സമീപത്തുള്ള മിഷനറി ഹോസ്പിറ്റലില്‍ എത്തിച്ചു എന്ന് അയാള്‍ അറിഞ്ഞു. ഒരു സ്ത്രീയാണ് ബൈക്കില്‍ അവളെ രാത്രിയില്‍ ആശുപത്രിയില്‍ എത്തിച്ചതെന്ന് അയാള്‍ അന്വേഷണത്തില്‍ മനസ്സിലാക്കി.

“അത് അവള്‍ തന്നെയാണ്. ഇത്തരം സാഹസികതകള്‍ ഒക്കെ അവള്‍ക്ക് പതിവാണ്. പക്ഷേ ജാട്ടുകളുടെ പിടിയില്‍പ്പെട്ടാല്‍ അവര്‍ ആ ബുള്ളറ്റ് സഹിതം അവളെ കത്തിക്കും.” എഡിറ്റര്‍ പറഞ്ഞു.

അഞ്ചാം ദിവസം വൈകുന്നേരം അയാള്‍ ചമ്പാഗലിയിലെ ബാരി കഫെയില്‍ ചെന്നു. കഫെയുടെ മാനേജര്‍ അയാളെ കണ്ട് അടുത്തു വന്നു.

“ഇത് നിങ്ങളുടെ ബുള്ളറ്റ് അല്ലെ.. ?” കഫെയുടെ അരികിലെ ഗാര്‍ഡനു മുന്‍പില്‍ പാര്‍ക്ക് ചെയ്ത ബുള്ളറ്റ് ചൂണ്ടിക്കാണിച്ചു അയാള്‍ ചോദിച്ചു.
ബാലചന്ദ്രന്‍ ഓടി ബുള്ളറ്റിന്റെ അരികിലെത്തി.

“അതെ.എന്റെ വണ്ടിയാണ്..”ബാലചന്ദ്രന്‍ പറഞ്ഞു.

“നിങ്ങള്‍ കഴിഞ്ഞ ദിവസം ഈ വണ്ടിയില്‍ അല്ലെ ഇവിടെ വന്നത് ? പുതിയ ബൈക്ക് ആയതുകൊണ്ടാണ് ഞാന്‍ ശ്രദ്ധിച്ചത്.”

“എന്റെ ഫ്രണ്ട് കൊണ്ടുപോയതാണ്.ആരാണ് കൊണ്ടുവന്നു വച്ചത് ?”

“അറിയില്ല. നേരം പുലര്‍ന്നപ്പോള്‍ മുതല്‍ ഇതിവിടുണ്ടായിരുന്നു. നിങ്ങളുടെ സുഹൃത്ത് രാത്രിയില്‍ കൊണ്ടുവന്നു വച്ചതായിരിക്കും .”

“ഉവ്വ്. അവളെ കാണാനാണ് ഞാനിങ്ങോട്ട്‌ വന്നത്.” ബാലചന്ദ്രന്‍ പറഞ്ഞു.

ശതാവരിയിലകള്‍ പടര്‍ന്ന ഭിത്തിക്കരികില്‍ ബാലചന്ദ്രന്‍ ജയഭദ്രയെ കാത്തിരുന്നു. അവള്‍ വന്നില്ല. പിന്നീടൊരിക്കലും അയാള്‍ അവളെ കണ്ടില്ല.

വര്‍ഷങ്ങള്‍ പോകെ മെല്ലെ മെല്ലെ അയാള്‍ ജയഭദ്രയെ മറന്നു. എങ്കിലും, ഓരോ തവണ ആ ബുള്ളറ്റില്‍ യാത്ര ചെയ്യുമ്പോഴും സ്നേഹമുള്ള ഏതോ ഒരു ഓര്‍മ്മയുടെ സാന്നിധ്യം അയാള്‍ അനുഭവിച്ചു. നിര്‍വചിക്കാനാകാത്ത ആ സാന്നിധ്യത്തെ പിരിയാന്‍ അയാള്‍ക്ക് കഴിയുമായിരുന്നില്ല. അതയാളുടെ പ്രാണന്റെ ഭാഗം തന്നെയായിരുന്നു.

5.

സര്‍ജറിക്ക് ശേഷം മൂന്നു ദിവസം വിശ്രമം. ക്ഷീണം തോന്നിയെങ്കിലും ശരീരത്തില്‍ നിന്ന് അസ്വസ്ഥതകള്‍ മാറിയത് പോലെ ബാലചന്ദ്രന് തോന്നി. ആശുപത്രിയിലെ അന്തരീക്ഷം അയാളെ മടുപ്പിച്ചു. എത്രയും വേഗം ഒന്ന് വീട്ടില്‍ പോയാല്‍ മതിയെന്നായി.

“അതിനെന്താ നാളെത്തന്നെ പോകാം. റെഗുലറായി വ്യായാമം ചെയ്യുക. മരുന്നുകള്‍ കൃത്യമായി മുടങ്ങാതെ കഴിക്കുക. മറ്റ് അസ്വസ്ഥതകള്‍ ഇല്ലെങ്കില്‍ പത്തു ദിവസം കഴിഞ്ഞു വന്നാല്‍ മതി.”
ഡോക്ടര്‍ പറഞ്ഞു.

പിറ്റേന്ന് വൈകുന്നേരത്തോടെ അവര്‍ വീട്ടിലെത്തി.അവര്‍ ചെല്ലുന്നതും കാത്തു ഒരു ചെറുപ്പക്കാരന്‍ വാതില്‍ക്കല്‍ കാത്തു നില്‍പ്പുണ്ടായിരുന്നു. ബാലചന്ദ്രനെ അകത്തു കൊണ്ടുപോയി കിടത്തിയതിനുശേഷം ഭാര്യ ചെന്ന് അയാളുമായി സംസാരിച്ചു.

“ആരാ അത്?”എന്തിനാണ് വന്നത് ?” ഭാര്യ മുറിയില്‍ തിരികെ വന്നപ്പോള്‍ അയാള്‍ ചോദിച്ചു.

അവര്‍ കിടക്കയില്‍ അയാളുടെ അരികില്‍ ഇരുന്നു. അവരുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

“നിങ്ങളുടെ അനുവാദമില്ലാതെ ഒരൂട്ടം ഞാന്‍ ചെയ്തു..”

“എന്താണെങ്കിലും പറയൂ..”

“ബുള്ളറ്റ് ഞാന്‍ വിറ്റു. അത് കൊണ്ടുപോകാനാണ്‌ ആ പയ്യന്‍ വന്നത്..”

ബാലചന്ദ്രന്‍ കട്ടിലില്‍ നിന്ന് ചാടി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. വേദനയുടെ ഒരു ചീള് അയാളുടെ നെഞ്ചിലൂടെ കടന്നുപോയി.

“നീ…നീ എന്ത് പണിയാണ് കാണിച്ചത്..ഇരുപത്തിയഞ്ച് കൊല്ലം എന്റെ കൂടെ ഉണ്ടായിരുന്ന വണ്ടിയാണ്…”
അവര്‍ പൊട്ടിക്കരഞ്ഞു.

“ആ വണ്ടി നമ്മുടെ മോനോ മോളോ അല്ല. നമുക്ക് വേറെയാരുമില്ല. നിങ്ങളാണ് എനിക്ക് വലുത്.ഇനി ബുള്ളറ്റ് ഓടിക്കാന്‍ ശ്രമിച്ചാല്‍ അപകടമാണെന്നു ഡോക്ടര്‍ പറഞ്ഞു.”

കരച്ചിലിനിടയില്‍ അവര്‍ പറഞ്ഞു.

ബാലചന്ദ്രന്‍ കട്ടിലില്‍ തളര്‍ന്നുകിടന്നു.

“സാരമില്ല.” അയാള്‍ മെല്ലെപ്പറഞ്ഞു.
അവര്‍ അയാളുടെ അരികിലിരുന്നു.

“വണ്ടി എപ്പോഴാണ് കൊണ്ടുപോകുന്നത് ?” അയാള്‍ ശാന്തമായി ചോദിച്ചു.

“ഉടനെ..” അവര്‍ പറഞ്ഞു. അയാള്‍ കട്ടിലില്‍നിന്ന് മെല്ലെ എഴുന്നേറ്റു. പുറത്തു ബുള്ളറ്റ് സ്റ്റാര്‍ട്ട് ചെയ്യുന്ന ശബ്ദം കേട്ടു.അതിന്റെ കുടുകുടു ശബ്ദം മെല്ലെ ഗേറ്റ് കടന്നു അകലേക്ക്‌ പോയി.

“സാരമില്ല..സാരമില്ല.”അവര്‍ അയാളുടെ ചുമലില്‍ തഴുകി.

“നീ ചെയ്തത് തന്നെയാണ് ശരി. ഞാനിനിയും ബുള്ളറ്റ് ഓടിക്കാന്‍ ശ്രമിച്ചേനെ..” അയാള്‍ പറഞ്ഞു.
ആഹാരവും മരുന്നും കഴിച്ചതിനുശേഷം അയാള്‍ ഉറങ്ങാന്‍ കിടന്നു. ഉറങ്ങുന്നതിനു മുന്‍പ് ചമ്പാഗലിയിലെ തെരുവ് അയാള്‍ വീണ്ടും ഓര്‍മ്മിക്കാന്‍ ശ്രമിച്ചു. ജയഭദ്രയെയും.

പിറ്റേന്ന് രാവിലെ ഉറക്കത്തില്‍നിന്ന് ഭാര്യ അയാളെ വിളിച്ചുണര്‍ത്തി.

“ആ ബുള്ളറ്റ് കൊണ്ടുപോയ കൂട്ടരാ..നിങ്ങളെ കാണണം എന്ന് പറയുന്നു.”
മുറ്റത്ത്‌ തലേന്ന് വന്ന ചെറുപ്പക്കാരനും ഒരു വൃദ്ധനും നില്‍പ്പുണ്ടായിരുന്നു.

“വണ്ടി വീട്ടില്‍ എത്തിച്ചതിനുശേഷം സ്റ്റാര്‍ട്ട് ആകുന്നില്ല. പിന്നെ ഞാന്‍ ഇദ്ദേഹത്തിന്റെ വര്‍ക്ക് ഷോപ്പില്‍ കൊണ്ടുപോയി.വണ്ടി ശരിയാക്കി. പുള്ളിക്കാരന് സാറിനെ ഒന്ന് പരിചയപ്പെടണം എന്ന് പറഞ്ഞിട്ട് കൂട്ടിക്കൊണ്ടു വന്നതാണ്.” പയ്യന്‍ പറഞ്ഞു.

നല്ല പൊക്കമുള്ള കപ്പടാമീശക്കാരന്‍ വൃദ്ധന്‍ സ്വയം പരിചയപ്പെടുത്തി. പേര് ഭാസ്ക്കരന്‍ നായര്‍. അയാള്‍ വര്‍ഷങ്ങളായി ഡല്‍ഹിയില്‍ ബുള്ളറ്റ് വര്‍ക്ക് ഷോപ്പ് നടത്തുകയായിരുന്നു.

“സാര്‍ ഡല്‍ഹിയില്‍ ഏതെങ്കിലും റൈഡേയ്സ് ക്ലബില്‍ ഉണ്ടായിരുന്നോ ?” അയാള്‍ ചോദിച്ചു.

“ഇല്ല.”ബാലചന്ദ്രന്‍ പറഞ്ഞു.

‘ആണോ..” അയാള്‍ ഒന്ന് സംശയിച്ചു.

“വണ്ടി അഴിച്ചപ്പോള്‍ എഞ്ചിന്റെ ഒരു വശത്ത് D.R.M എന്ന് എന്ഗ്രെവ് ചെയ്തിരിക്കുന്നത് കണ്ടു. ഡല്‍ഹി റോയല്‍ മാവറിക്സ് എന്നതിന്റെ ചുരുക്കപ്പേര്..ആ ക്ലബിലെ അംഗങ്ങള്‍ സ്വന്തം വണ്ടിയില്‍ അങ്ങിനെ ചെയ്യാറുണ്ട്.” അയാള്‍ പറഞ്ഞു.
തന്റെ ദേഹം തളരുന്നത് പോലെ ബാലചന്ദ്രന് തോന്നി.

അയാള്‍ മെല്ലെ ബുള്ളറ്റിനു അരികിലേക്ക് ചെന്നു. ആദ്യം കാണുന്നത് പോലെ അയാള്‍ ആ വാഹനത്തില്‍ സ്പര്‍ശിച്ചു. അടുത്ത നിമിഷം ദിവസങ്ങള്‍ക്ക് മുന്‍പ് താന്‍ കണ്ട സ്വപ്നം അയാള്‍ക്ക് ഓര്‍മ്മ വന്നു.

ചമ്പാഗലിയിലെ കഫേ.

ഒരിക്കല്‍ താന്‍ ജയഭദ്രയ്ക്ക് വേണ്ടി കാത്തിരുന്ന ശതാവരിയിലകള്‍ പടര്‍ന്ന ഭിത്തിക്കരികിലെ ഇരിപ്പിടം. അവിടെ തന്നെ കാത്തിരിക്കുന്നത് ജയഭദ്രയാണ്. അവള്‍ ടാരറ്റ് കാര്‍ഡുകള്‍ കശക്കുന്നു.

“ഒരെണ്ണം എടുക്കൂ..” അവള്‍ ആവശ്യപ്പെടുന്നു. മാന്ത്രികവടി ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന ഒരു മനുഷ്യന്റെ ചിത്രമുള്ള കാര്‍ഡ്.

“ദി മജീഷ്യന്‍.” അവള്‍ കാര്‍ഡിന്റെ പേര് വായിക്കുന്നു.

“എന്താ അതിന്റെ അര്‍ത്ഥം..?” അയാള്‍ ചോദിക്കുന്നു.

“നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട വസ്തു മറ്റൊരാളുടെയാണ് .”

“എന്ന് വച്ചാല്‍ ?”

“നിങ്ങളുടെ ബുള്ളറ്റ് എനിക്ക് തിരിച്ചു തരാന്‍ കഴിഞ്ഞില്ല. പകരം എന്റെ സ്വന്തം ബുള്ളറ്റ് ജീവന്‍ വയ്പ്പിച്ചു തന്നു.”

“എങ്ങിനെ ?”

“ഒരിക്കലും തുറന്നു പറഞ്ഞില്ലെങ്കിലും പ്രണയത്തിനു ശക്തിയുണ്ട്.” അവള്‍ ചിരിച്ചുകൊണ്ട് പറയുന്നു.

ബാലചന്ദ്രന്‍ മെല്ലെ ബുള്ളറ്റില്‍ കയറിയിരുന്നു. പിന്നെ കിക്കറില്‍ കാലമര്‍ത്തി. വണ്ടി മുന്‍പോട്ടു ഒന്ന് കുതിച്ചു.

മഞ്ഞുപടലങ്ങള്‍ വീണു കിടക്കുന്ന സ്വപ്നങ്ങളുടെ ഉള്ളിലെ ഒരു വഴി. അത് മാത്രമായിരുന്നു അപ്പോള്‍ അയാളുടെ മുന്നിലുണ്ടായിരുന്നത്….ചമ്പാഗലിയിലേക്കുള്ള വഴി.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here