HomeTHE ARTERIASEQUEL 56O-ve കിഡ്നി (ഡാർക്ക് സ്കിൻഡ് !)

O-ve കിഡ്നി (ഡാർക്ക് സ്കിൻഡ് !)

Published on

spot_imgspot_img

കഥ

അജു അഷറഫ്

തൊട്ടുമുന്നിലായി ഇരമ്പിയോടുന്ന വെള്ള അംബാസിഡർ കാർ ഇടയ്ക്കിടെ പ്രസവിച്ചിടുന്ന കുഴികളിൽ നിന്നും വെട്ടിമാറാൻ അജയൻ ഏറെ പരിശ്രമിക്കേണ്ടി വന്നു. കാലാവസ്ഥാവകുപ്പിന് കൊടുത്ത വാക്ക് പാലിക്കാനെന്നവണ്ണം കഴിഞ്ഞ മൂന്ന് ദിവസങ്ങളായി മഴ നിർത്താതെ പെയ്ത്താണ്. ഹെൽമെറ്റിന്റെ ചില്ലിലൂടെ ഊർന്നിറങ്ങിക്കൊണ്ടിരുന്ന മഴവെള്ളവും ഡ്രൈവിംഗ് ദുഷ്കരമാക്കി. ബൈക്കുമായുള്ള ആത്മബന്ധമൊന്നുകൊണ്ട് മാത്രമാണ് താൻ വീഴാതിരിക്കുന്നതെന്ന് പലപ്പോഴുമവന് തോന്നി. മഴവെള്ളപ്പുഴയെ രണ്ടായി വകഞ്ഞുമാറ്റി, അരമണിക്കൂർ കൊണ്ടാ ബുള്ളറ്റ് ‘ഹോപ്‌’ മൾട്ടിനാഷണൽ ഹോസ്പിറ്റലിന്റെ മുന്നിലെത്തി. രണ്ടാം വരവായതിനാൽ ആശയക്കുഴപ്പമേതുമില്ല. നാലാം നിലയിലെ താരതമ്യേന ചെറിയ ഹാളിലേക്ക് അജയൻ സ്റ്റെപ്പുകൾ കയറിത്തുടങ്ങി.

ലിഫ്റ്റിലെന്തോ അറ്റകുറ്റപ്പണിയാണ്. ഇനി പ്രവർത്തനസജ്ജമാണെങ്കിലും, പടികളിലൂടെ കയറാനാണ് അജയനിഷ്ടം. ശരീരത്തിന് വ്യായാമമേകാറുള്ള ഏതൊരു കാര്യവും സന്തോഷത്തോടെ ചെയ്യാറാണ് പതിവ്. രണ്ട് വർഷം മുൻപ് ബൈക്ക് വാങ്ങിയതോടെ നടത്തങ്ങളുടെ എണ്ണം കുറഞ്ഞെങ്കിലും, ചെറിയ ദൂരങ്ങൾ വഴിക്കിരുവശത്തെയും കാഴ്ചകളിലേക്ക് കണ്ണെറിഞ്ഞുകൊണ്ടുള്ള നടത്തങ്ങൾ എന്നും പ്രിയപ്പെട്ടതാണ്. ഓഫീസിലേക്ക് മാത്രം ബൈക്കിനെ ആശ്രയിക്കും. ജോലി ഇല്ലാതായതോടെ ബൈക്കിനി എന്തിന് എന്ന ചിന്ത പലപ്പോഴുമുയർന്നതാണ്. ദിവസവും തേച്ചുമിനുക്കാറുള്ളത് കൊണ്ടാവണം, അതുമായി അത്രയ്ക്ക് ഇഴുകിച്ചേർന്നിരിക്കുന്നു. വിൽക്കാൻ വയ്യ. കാടുകയറിക്കൊണ്ടിരുന്ന ചിന്തകളെ ചെരിപ്പിനൊപ്പം പുറത്തഴിച്ചുവെച്ച് അജയൻ അകത്തേക്ക് കയറി ഇരുന്നു. ആദ്യവരവിൽ കണ്ട ചുറുചുറുക്കുള്ള യുവതി തന്നെയാണ് റിസപ്‌ഷനിൽ. പരിചയഭാവത്തിലൊന്ന് ചിരിച്ച ശേഷം അവളവന് അവിടെ തന്നെ കാത്തിരിക്കാൻ നിർദ്ദേശം നൽകി.

ഇത്ര പ്രശസ്തമായ ഒരു ആശുപത്രി എങ്ങനെയാണ് ഇത്തരമൊരു കച്ചവടത്തിന് അരങ്ങൊരുക്കുന്നത് എന്ന ചിന്ത അജയനിൽ വന്നു നിറഞ്ഞു. ആദ്യവരവിലും അതുണ്ടായിരുന്നെങ്കിലും നേരെ മെഡിക്കൽ ചെക്കപ്പിലേക്ക് കടന്നതിനാൽ പിന്നെ അതേപ്പറ്റി ചിന്തിച്ചതേയില്ല. അല്ലെങ്കിലും, ഇതിലെന്താണ് തെറ്റ്? ഇതെങ്ങനെയാണ് തെറ്റാവുന്നത്? ജീവിക്കാൻ ഒരു കിഡ്നി മതിയെന്ന് അത്രയ്ക്കുറപ്പുള്ളയാൾ, സ്വന്തമാരോഗ്യത്തിൽ അത്രയേറെ ആത്മവിശ്വാസമുള്ളൊരാൾ, കയ്യിലുള്ള ഒരെണ്ണം ആവശ്യക്കാരന് കൊടുക്കുന്നു. അതെങ്ങിനെ തെറ്റാവും? പൊതുബോധത്തിന്റെ എതിരെ ചിന്തിക്കാൻ രസം തോന്നി. ഒന്ന് മുരടനക്കി റിസപ്‌ഷനിസ്റ്റിന്റെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമം ദയനീയമായി പരാജയപ്പെട്ടതോടെ, മുൻപിലെ മാസികകളിലൊന്ന് അലസമായി മറിച്ചിടാൻ തുടങ്ങി. എന്തെങ്കിലുമൊന്ന് വായിച്ച കാലം മറന്നു. പണ്ടൊക്കെ പുസ്തകങ്ങളോട് ആർത്തിയായിരുന്നു. എം.എ പഠനകാലത്ത് പഠിക്കാനുള്ള കഥകളും കവിതകളും നോവലുകളും ആദ്യമേ വായിച്ചുതീർക്കുന്ന പതിവുണ്ടായിരുന്നല്ലോ എന്നതവൻ വെറുതേ ഓർത്തു. പഠിച്ച പാഠഭാഗങ്ങളിൽ മനസിലേറ്റവും തെളിമയോടെ നിൽക്കുന്നത് മഞ്ജുള പത്മനാഭന്റെ ‘ഹാർവെസ്റ്റ്’ എന്ന നാടകമാണ്. തന്റെ നിലവിലെ അവസ്ഥയുമായി തുലനം ചെയ്താൽ അത്രയേറെ അടുത്തുനിൽക്കുന്ന ഒന്ന്. ദാരിദ്ര്യത്തോട് പൊരുതാൻ വയ്യാതെ തന്റെ ശരീരവും അവയവങ്ങളും വിദേശകമ്പനിക്ക് വിറ്റ നായകൻ. പകരം നൽകിയ സുഖലോലുപതയിൽ മുഴുകിയ നായകന്റെ കുടുംബത്തിലെ ഓരോരുത്തരുടെയും അവയവങ്ങൾ അടിച്ചുമാറ്റുന്ന കമ്പനി. എന്തൊരസംഭവ്യമായ കഥയാണിത് മാഷേ എന്നൊരുത്തൻ ചോദിച്ചപ്പോൾ, ഡിസ്റ്റോപിയൻ കഥയാണിതെന്നും, (ഭാവിയിൽ സംഭവിച്ചേക്കാവുന്നത്) വിദൂരഭാവിയിൽ ഇങ്ങനെയൊക്കെ നടന്നേക്കാമെന്നും മാഷ്‌ മറുപടി നൽകിയതോർത്തു. വിദൂരഭാവിയിലേക്ക് നടന്നെത്താൻ തനിക്ക് വേണ്ടിവന്നത് എട്ട് വർഷങ്ങൾ മാത്രം..! അജയനൊന്ന് നെടുവീർപ്പിട്ടു. സുഖലോലുപതയല്ല, അതിജീവനമാണ് തന്റെ ലക്ഷ്യമെന്ന് മനസിനെ ഒരിക്കൽ കൂടി ബോധ്യപ്പെടുത്തി. അതിലാശ്വാസം കണ്ടെത്തി.

” ഈ ഫോമൊന്ന് ഫിൽ ചെയ്യണം” ഡോക്ടറുടെ നിർദേശം അജയനിൽ ആശയക്കുഴപ്പമുണ്ടാക്കി. മെഡിക്കൽ സമയത്ത് തന്നെ ഫോം ഫിൽ ചെയ്തതാണല്ലോ എന്ന മറുചോദ്യത്തിനൊപ്പം തന്നെ കീശയിൽ നിന്നും പൂരിപ്പിച്ച ഫോമിന്റെ പകർപ്പ് ഡോക്ടർക്ക് നേരെ നീട്ടുകയും ചെയ്തു. അല്ല, അതല്ല.. കൂടുതൽ വിവരങ്ങൾ ശേഖരിക്കേണ്ടതായുണ്ട്. ഇതുകൂടൊന്ന് ഫിൽ ചെയ്തേക്കൂ എന്നും പറഞ്ഞയാൾ നടന്നകന്നു. ചിത്രങ്ങൾ തമ്മിലെ വ്യത്യാസം കണ്ടുപിടിക്കാൻ പഴയ കഥാപുസ്തകങ്ങളിൽ കോളമുണ്ടായിരുന്നു. അജയന് അതാണ്‌ ഓർമ വന്നത്. ഒരുകയ്യിൽ പൂരിപ്പിച്ച ഫോമും, മറുകയ്യിൽ പുതിയ ഫോമുമായി അവൻ ഇരിപ്പുറപ്പിച്ചു. രണ്ട് കടലാസിലേക്കും കണ്ണ് മാറി മാറി പാഞ്ഞു. Father : ashokan എന്ന വരിയിൽ ഒരുനിമിഷം കണ്ണുടക്കി നിന്നു. നാലാം ക്ലാസിൽ വിപരീതപദങ്ങൾ പഠിപ്പിച്ച ദിവസം രാത്രി, അച്ഛൻ പണി കഴിഞ്ഞെത്താൻ കാത്തിരുന്നതോർമ്മ വന്നു. സുഖവും അസുഖവും, ഇഷ്ടവും അനിഷ്ടവും കുഞ്ഞുമനസിനെ വല്ലാതെ വേദനിപ്പിച്ചിരുന്നു. ഒരിക്കലും ജയിക്കാത്തവൻ എന്നാണോ അച്ഛാ എന്റെ പേരിന്റെ അർത്ഥമെന്ന ചോദ്യം കേട്ടപ്പോൾ അച്ഛൻ ചിരിക്കുകയാണ് ചെയ്തത്. ആരാലും തോല്പിക്കാൻ കഴിയാത്തവനാണ് “അജയൻ” എന്ന അച്ഛന്റെ മറുപടി കേട്ടതോടെ ഉള്ളിലെ സങ്കടം അഹങ്കാരത്തിന് വഴിമാറി. തലയെടുപ്പോടെയാണ് പിറ്റേന്ന് ക്ലാസിലേക്ക് ചെന്നത്. എവിടെയും തോൽക്കാതെയാണ് പീജി പഠനകാലം വരെ മുന്നേറിയതും. ജീവിതപ്പരീക്ഷയിൽ മാർക്കിന് നന്നേ ബുദ്ധിമുട്ടിയെന്ന് മാത്രം…

അച്ഛനമ്മമാരുടെ പേരിലോ, തന്റെ വിലാസത്തിലോ വ്യത്യാസങ്ങളില്ല. മത-ജാതി കോളങ്ങൾ ഇരുഫോമിലുമില്ല. നല്ലത്. വിദ്യാഭ്യാസയോഗ്യതയുടെ കോളം കണ്ടപ്പോൾ ചിരിപൊട്ടി. പഠിക്കുന്നത് കിഡ്‌നിയിൽ ശേഖരിച്ചു വെക്കാറില്ല മിസ്റ്റർ എന്നാ ഡോക്ടറോട് ഉറക്കെ വിളിച്ചുപറയണമെന്ന് ഒരുനിമിഷം അവന് തോന്നി. ചിരി മാഞ്ഞത് പെട്ടെന്നാണ്. പുതിയ ഫോമിൽ പുതുതായി കൂട്ടിച്ചേർത്ത അവസാന വരി അവൻ രണ്ട് വട്ടം വായിച്ചു. Name of your grandparents.. ! നിഷ്കളങ്കതയിൽ പൊതിഞ്ഞ ആ ക്രൂരമായ ചോദ്യത്തിന്റെ മുന എന്തിലേക്കാണ് നീളുന്നത് എന്ന് അനുഭവങ്ങൾ പഠിപ്പിച്ചിട്ടുണ്ടെങ്കിലും, ഒന്നുറപ്പുവരുത്താൻ ഡോക്ടറെ തേടിപ്പിടിച്ചു കണ്ടെത്തി. ഇതെന്തിനാണെടോ എന്ന ചോദ്യം ചോദിക്കും മുൻപ്, അവന്റെ മനസ് വായിച്ചിട്ടെന്ന പോലെ ഡോക്ടർ പതറാൻ തുടങ്ങി. സീ മിസ്റ്റർ അജയൻ, ദാതാവിനും സ്വീകർത്താവിനും ഇടയിലുള്ള കേവലമാധ്യമം മാത്രമാണ് ഞങ്ങൾ. അജയന്റെ ഫിറ്റ്നസിൽ അവർക്ക് തെല്ലും സംശയമില്ല. മെഡിക്കൽ റിപ്പോർട്ട് കണ്ട അവർ ഒത്തിരി ഹാപ്പിയായിരുന്നു. പിന്നാലെ ഞങ്ങൾ അവർ ആവശ്യപ്പെട്ടത് പ്രകാരം അജയന്റെ ഫോട്ടോസ് ഫോർവേഡ് ചെയ്തു. അതോടെയാണ് രണ്ടാമതൊരു ഫോം..പറയുന്നത് മുഴുവൻ കേൾക്കാതെ തന്നെ അജയൻ ഇറങ്ങി നടന്നു.

ഞൊടിയിട കൊണ്ട് ഓട്ടോയുടെ സഞ്ചാരപാതയുടെ ദിശ മാറ്റാൻ വല്ലാത്തൊരു കഴിവാണ് ഡ്രൈവർമാർക്ക്. ആശുപത്രി വളപ്പിലേക്കുള്ള വളവ് അപാരമായ മെയ് വഴക്കത്തോടെ ഡ്രൈവർ കൈകാര്യം ചെയ്തപ്പോൾ, പിന്നിലിരുന്ന അജയന്റെ തല ചെറുതായി വശത്തുചെന്നിടിച്ചു. ഓട്ടോ നിൽക്കുന്നതിന് മുൻപ് തന്നെ അജയൻ ധൃതിയിൽ ചാടിയിറങ്ങി. പോക്കറ്റിൽ ഭദ്രമായി സൂക്ഷിച്ചിരുന്ന നോട്ടുകൾ റിസപ്‌ഷനിലെ യുവതിക്ക് കൈമാറുമ്പോൾ അജയൻ പറഞ്ഞു, ” അഡ്വാൻസ് മുഴുവനുമുണ്ട്. ഇതാ ഡോക്ടറുടെ മുഖത്തേക്ക് വലിച്ചെറിയണമെന്ന ആഗ്രഹം ഉള്ളിൽ ഒതുക്കുകയാണ്. അയാളെ ഇനിയും കണ്ടാൽ തല്ലിപ്പോയേക്കും എന്ന ഒരൊറ്റ കാരണം കൊണ്ട്. ” മറുപടിക്ക് കാതോർക്കാതെ തന്നെ അവൻ തിരിഞ്ഞു നടന്നു. അപ്പോയിന്റ് ചെയ്യപ്പെട്ട ദിവസം മുതൽ മറക്കാതെ എടുത്തണിഞ്ഞിരുന്ന പുഞ്ചിരി ആദ്യമായി ആ ചെറുപ്പക്കാരിയുടെ മുഖത്ത് നിന്നും ഊർന്നുവീണുപോയി. ആശുപത്രി കോംബൗണ്ടിൽ നിന്നും മഴച്ചാറ്റലിനെതിരെ ഒരു കൈ ഉയർത്തി അജയൻ നടന്നിറങ്ങവേ റോഡിനപ്പുറത്ത് നിന്നും പരിചയക്കാരാരോ അവനെ കണ്ടു. റോഡ് മുറിച്ചു കടന്ന്‌ അവനടുത്തെത്താൻ മാത്രം ക്ഷമ ഇല്ലാത്തത് കൊണ്ടും, അതിന് മുൻപ് അവൻ കണ്ണിൽ നിന്ന് മറഞ്ഞാലോ എന്ന തോന്നൽ കൊണ്ടും അയാളവനെ ഉച്ചത്തിൽ വിളിച്ചു. അജയാ……

( ദളിത്‌ യുവാവിന്റെ കിഡ്നി വാങ്ങാൻ ആളില്ലെന്ന പത്രവാർത്തയെ ആസ്പദമാക്കി എഴുതിയത്)

https://m.timesofindia.com/city/agra/iit-pupil-tries-to-sell-kidney-to-repay-loan-but-no-takers-for-dalit-organ/articleshow/50691832.cms


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

7 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...