ഒരൊറ്റ രാത്രി മതി…  

1
433
sreejith vallikunnu

കവിത
ശ്രീജിത്ത് വള്ളിക്കുന്ന്

പാതിരാത്രിയിൽ ആ വീടിന് പോലീസുകാർ 
മുട്ടുമെന്ന് ആരും കരുതിയതല്ല
വീട്ടുകാരൻെറ പേര് വിനയനെന്നായിരുന്നു
പഠിപ്പ് പത്താം ക്ലാസ്സ്, അവിവാഹിതൻ.
 
വൈകുന്നേരമായാൽ ഒച്ചയനക്കമില്ലാത്ത വീടാണ്
ആരെങ്കിലും വന്നാലറിയിക്കാൻ ബെല്ല് പോലുമില്ല
മുറ്റം നിറയെ പൂത്തുനിൽക്കുന്ന ചെടിച്ചട്ടികൾ…
എല്ലാം ഇളക്കിമറിച്ച് പോലീസുകാരുടെ അട്ടഹാസം.
 
കഴുവേറിയെന്നും നാറിയെന്നും മാറിമാറി വിളിച്ചു
വാതിൽ ചവിട്ടിത്തുറന്നപ്പോൾ വിനയൻെറ കൂർക്കംവലി
ഉറക്കമുണരും മുമ്പ് കോൺസ്റ്റബിൾ മുഖത്തിനിട്ടിടിച്ചു
അന്തംവിട്ട് കലങ്ങിയ കണ്ണുമായി അയാളുണർന്നു.
 
പോലീസുകാരുടെ പരാക്രമങ്ങൾ കേട്ട് കോളനിക്കാ‍രെത്തി
വിനയനെയവർ വലിച്ചിഴച്ച് കൊണ്ടുപോയി
ചെടിച്ചട്ടികൾ പൊട്ടിച്ച്,  വീടിൻെറ ഗേറ്റടച്ച് പൂട്ടി,
ലോകം ജയിച്ചവരായി മടങ്ങി.
 
മോഷണമായിരുന്നു കുറ്റം, രാത്രിക്ക് രാത്രി പൊക്കി.  
എല്ലാം സമ്മ‍ർദ്ദങ്ങളുടെ കളി!
ചെടിച്ചട്ടികൾക്കിടയിൽ നിന്ന് തൊണ്ടി കിട്ടിയത്രേ
 
ലോക്കപ്പിൽ പോലീസുകാ‍ർ കൈത്തരിപ്പ് തീർത്തു
മോഷ്ടിച്ചിട്ടില്ലെന്ന് പറഞ്ഞപ്പോഴൊക്കെ കൂടുതൽ തല്ലി
കഷ്ടപ്പെട്ട് മിണ്ടാതിരുന്നപ്പോൾ നിർത്തി.
 
വിനയൻ മോഷ്ടിക്കില്ലെന്ന് അന്നാട്ടുകാർക്കുറപ്പായിരുന്നു.
പൂച്ചെടികൾ വാങ്ങുന്നത് മാത്രമായിരുന്നു ‘ദുശ്ശീലം’!
വീട്ടിൽ പൂച്ചകൾക്കും കോഴികൾക്കും
നായ്ക്കൾക്കും വന്ന് പോവാമായിരുന്നു.
 
അതിഥികൾക്ക് നാരങ്ങാവെള്ളമോ നന്നാറി സർബത്തോ
കൊടുക്കാതെ വിടാറുണ്ടായിരുന്നില്ല.
അവ‍ർക്കായി കിഷോർ കുമാറും പി ജയചന്ദ്രനും
മധുരനാരങ്ങ പോലെ പാടും.
 
രാത്രി മുഴുവൻ ലോക്കപ്പിൽ കഴിഞ്ഞു,
ആരും ചോദിച്ചില്ല, പറഞ്ഞില്ല!
ആളുമാറിയെന്ന ന്യായം പറഞ്ഞ് പിറ്റേന്ന് പോലീസ് കൈമലർത്തി!!
നീരുവന്ന് ചോര പൊട്ടിയ വിനയനെ വീട്ടിലെത്തിച്ചു.
 
ഹോ! പൂച്ചെടികൾ കയ്യും കാലുമൊടിഞ്ഞ് കിടന്നു,
വിനയന് കരച്ചിൽ വന്നു,
ശരീരത്തിലെ മുറിവുകൾക്ക് വേദനയില്ലെന്ന് തോന്നി.
ദൈന്യതയോടെ പോലീസുകാരെ നോക്കി,
ഒന്നും പറയാനില്ലായിരുന്നു!

sreejith vallikunnu
ചിത്രീകരണം ഹാറൂൺ അൽ ഉസ്മാൻ


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

1 COMMENT

  1. മനസ്സിൽ തട്ടുന്ന കവിത.

    ശ്രീജിത്തിന്.
    അഭിനന്ദനങ്ങൾ – ഉസ്മാന്റെ ചിത്രവും നന്നായി.

LEAVE A REPLY

Please enter your comment!
Please enter your name here