കവിത
അനീഷ് പാറമ്പുഴ
രാമക്കൽ മേടിന്റെ ഉച്ചിയിൽ
ഞാൻ
താഴെ കുട്ടികൾ കളം വെട്ടിക്കളിക്കുന്ന പോലെ
വയലുകൾ
ഭീമൻ കാറ്റാടികളെ കൃഷി ചെയ്യുന്ന കാറ്റാടി
പാടങ്ങൾ
സൂം ചെയ്താൽ
ഓരോ കുത്തിലും
ഒരു ചെറുപട്ടണം ഒളിഞ്ഞിരിപ്പുണ്ട്
അടുത്തേക്ക് വരുമ്പോൾ മാത്രം കാണാനാവുന്ന
തിയറ്റർ
ക്ഷേത്രം
മോസ്ക്
ബസ്
കാറ്
ഇളയ രാജയുടെ സ്റ്റുഡിയോ
അതിനിടയിൽ എവിടേയോ
അവിടെന്ന് എന്നെ നോക്കുന്ന
ജീൻസിലും കറുത്ത ടീഷർട്ടിലും
നീ
മലയ്ക് മുകളിൽ ഞാൻ
ഉടുമ്പിനെപ്പോലെ പറ്റിപ്പിടിച്ച്
മറഞ്ഞിരിക്കുന്നു
നിന്റെ സൂമിന് വെളിയിൽ
എന്റെയും നിന്റെയും ദൂരകാഴ്ച്ചകൾ
എത്ര മൊബൈൽ ടവറുകളെ
മറികടന്നാണ്
കാഴ്ചയുടെ സിൽവർ ലൈനിലൂടെ
കുതിക്കുന്നത്
ദൃശ്യങ്ങളെ സൂം ചെയ്യുന്നതിൽ
കണ്ണുകൾക്ക്, കാമറകൾക്ക്
വലിയ പങ്കൊന്നുമില്ല
അവ നിശ്ചയിക്കുന്നത്
മനസ് മാത്രമാണ്
വലിയ പർവ്വതങ്ങളെ പോലും
കീഴടക്കുന്നത്
കാലുകൾ അല്ല
നിശ്ചയദാർഢ്യം എന്ന
ക്ലീഷേ വാക്ക് ഒട്ടുമല്ല.
…
അനീഷ് പാറമ്പുഴ
കോട്ടയം പാറമ്പുഴ സ്വദേശി.സോഷ്യൽ മീഡിയയിലും ആനുകാലികങ്ങളിലും കവിത എഴുതുന്നു. പാപ്പാത്തി പുസ്തകങ്ങൾ ഉടൻ പുറത്തിറക്കുന്ന ചക്കക്കുരു മാങ്ങാ മണം ആദ്യബുക്ക്.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.