കോവിഡിന് ശേഷം സ്കൂളുകൾ തുറക്കുമ്പോൾ

0
375
Sony Ammini

ലേഖനം
സോണി അമ്മിണി

ഒരു മഹാമാരി കാലത്തിനിടയിൽ തന്നെ കേരളത്തിൽ സ്കൂൾകൾ തുറക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഒരുവശത്ത് ഒന്നര വർഷത്തോളമായി സ്കൂളുകൾ അടഞ്ഞുകിടക്കുന്നു. മറുവശത്ത് പ്രതിദിനം ഏകദേശം 30,000 കേസുകൾ വീതം ഇപ്പോഴും റിപ്പോർട്ട് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു…കഴിഞ്ഞവർഷം സ്കൂളുകൾ അടച്ചു പൂട്ടുമ്പോൾ മധ്യവേനലവധിയോട് അടുത്ത് കാലമായിരുന്നു. പക്ഷേ ഇപ്പോൾ അവസ്ഥ അങ്ങനെയല്ല. ഒന്നര വർഷത്തോളമായി ഓൺലൈൻ മാത്രമാണ് വിദ്യാഭ്യാസം.

കോവിഡ് 19 മഹാമാരി കാലത്ത് ഏറ്റവും കൂടുതൽ പ്രയാസം അനുഭവിക്കുന്ന ഒരു വിഭാഗംആളുകൾ കുട്ടികളാണ്. ഒരു വർഷത്തിലേറെയായി കുട്ടികൾ സ്‌കൂളിൽ പോയിട്ടില്ല. ഒന്നാം ക്ലാസിൽ കഴിഞ്ഞ കൊല്ലം ചേരേണ്ടിയിരുന്ന കുട്ടികൾ സ്‌കൂൾ എന്തെന്ന് അറിയാതെ രണ്ടാം ക്ലാസിലേക്ക് പോകുകയാണ്. മുൻപൊരിക്കലും ഇല്ലാത്തവിധം വീട്ടിനുള്ളിൽ അടച്ചിരിക്കേണ്ടിവന്ന അവരിൽ പലരും വിനോദത്തിനായി മൊബൈൽ, ടിവി, കംപ്യൂട്ടർ എന്നിവയെ മാത്രമാണ് ആശ്രയിക്കുന്നത്. ഇത് അവരുടെ പഠനത്തെയും മനസികാരോഗ്യത്തെയും വളരെ സാരമായി സ്വാധീനിക്കുന്നുമുണ്ട്.

soni ammini

ഒന്നര വർഷത്തോളമായി സ്കൂളുകൾ അടഞ്ഞുകിടക്കുന്നത് വിദ്യാഭ്യാസത്തെ മാത്രമല്ല ബാധിക്കുന്നത്. വിദ്യാർഥികളുടെ സ്വാഭാവികമായ ഇടപെടലുകളെയും മാനസിക ഉല്ലാസത്തെയും അത് മോശമായി ബാധിക്കുന്നുണ്ട്. ആഹ്ലാദിക്കാനും ചർച്ച ചെയ്യാനുമുള്ള വിദ്യാർഥികളുടെ ഇടങ്ങളെയും സന്ദർഭങ്ങളെയും അത് ഇല്ലാതാക്കിയിട്ടുണ്ട്. ഇത് കുട്ടികളെ ഏതൊക്കെ രീതിയിൽ ദോഷകരമായി ബാധിക്കുമെന്ന് ഇപ്പോൾ നമുക്ക് തീർത്തു പറയാനാവില്ല. വളരെ ചെറിയ പ്രായത്തിലാണ് കുട്ടികളുടെ തലച്ചോറ് വികാസം പ്രാപിക്കുന്നത് എങ്കിലും സ്വഭാവരൂപീകരണവും വ്യക്തിത്വ വികാസവും സംഭവിക്കുന്നത് കൗമാരപ്രായത്തിലും വിദ്യാഭ്യാസ കാലഘട്ടത്തിലും ആണ്. ഇതിന് സാമൂഹ്യമായ ഇടപെടലുകൾക്ക് വളരെയധികം പ്രാധാന്യമുണ്ട്. ആ അവസരം ഇപ്പോൾ നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഇത് അവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്. ലോകത്തെല്ലായിടത്തുമുള്ള കുട്ടികളുടെ അവസ്ഥ ഇങ്ങനെയാണ്.
ലോകമാകെ പരിശോധിച്ചാൽ കോവിഡ് മൂലമുള്ള സങ്കീർണതകളും മരണവും ഏറ്റവും കൂടുതൽ ബാധിച്ചത് പ്രായമായവരെയും മറ്റ് അസുഖങ്ങൾ ഉള്ളവരെയും ആയിരുന്നു എന്ന് നമുക്കറിയാം. ഈ കാരണം കൊണ്ടുതന്നെ കുട്ടികളിൽ നിന്ന് മുതിർന്നവരിലേക്ക് പകരാതിരിക്കാൻ റിവേഴ്‌സ് ക്വാറന്റീൻ നടപ്പാക്കി. എന്നാൽ ഇന്നിപ്പോൾ നമ്മൾ വളരെ ഊർജ്ജിതമായി വാക്സിനേഷൻ നടപ്പാക്കി കൊണ്ടിരിക്കുകയാണ്. വയോധികരിൽ ബഹുഭൂരിപക്ഷം പേർക്കും രണ്ടു ഡോസ് ലഭിച്ചു കഴിഞ്ഞു. കേരളത്തിൽ ആകെയുള്ള മൂന്നരക്കോടിയോളം ജനസംഖ്യയിൽ 79 ലക്ഷത്തോളം പേർക്ക് രണ്ട് ഡോസ് വാക്സീൻ ലഭിച്ചുകഴിഞ്ഞു.ലോക്ഡൗൺ കാലത്ത് കുട്ടികളിൽ സങ്കടം, നിരാശ, ദേഷ്യം തുടങ്ങിയവ ഉണ്ടാകുന്നതായി രക്ഷാകർത്താക്കൾ പറയുന്നു. പുറത്ത് പോകാൻ കഴിയാതെ വീടിനുള്ളിൽ ഒതുങ്ങി കൂടുന്നതിൻറെ ബുദ്ധിമുട്ടുകളാണ് അവരെ അലട്ടുന്നത്. നേരത്തെ മാനസിക രോഗമോ മാനസിക സമ്മർദ്ദത്തിൽ ആയിരുന്നവരോ ആണെങ്കിൽ അവർക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാം. എവിടെയെങ്കിലും പോകാൻ സ്വയം തീരുമാനിക്കാൻ കഴിയില്ലെന്ന നിസഹായാവസ്ഥ ഉണ്ടാകുന്നതും മാനസിക പ്രശ്‌നങ്ങൾക്ക് കാരണമാണ്. രക്ഷാകർത്താക്കളെ അമിതമായി ആശ്രയിക്കുന്ന മനോഭാവം, ദേഷ്യം, നിസ്സഹകരണം, പേടി, എന്തിൽ നിന്നും ഉൾവലിയുന്ന സ്വഭാവം എന്നിവ അവർ പ്രകടിപ്പിക്കുന്നു. ചില കുട്ടികൾക്ക് ഉറക്കത്തിൽ ബുദ്ധിമുട്ടുകളോ ദു:സ്വപ്നങ്ങളോ കിടക്കയിൽ മൂത്രമൊഴിക്കുന്ന സ്ഥിതിയും ഉണ്ടായേക്കാം. കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകേണ്ട സമയമാണിത്. അവർ പറയുന്നത് ശ്രദ്ധാപൂർവം കേൾക്കുകയും മനസിലാക്കുകയും വേണം. അവരുമായുള്ള ആശയ വിനിമയങ്ങൾ സുതാര്യമാകണം. കുട്ടികൾ പലപ്പോഴും അവരുടെ വൈകാരിക പ്രകടനങ്ങൾ മുതിർന്നവരിൽ നിന്നാണ് പഠിക്കുന്നത് എന്നതിനാൽ അവരുടെ വിഷമങ്ങളെ കുറിച്ച് തുറന്ന് സംസാരിക്കാൻ അവസരം ലഭിക്കുന്നത് അവർക്ക് ആശ്വാസം പകരും.ദേഷ്യം, സങ്കടം മുതലായ വികാരങ്ങൾ ശരിയായ രീതിയിൽ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ ഒരുക്കണം.
സ്കൂൾ തുറന്നാൽ, ഒരുമിച്ചിരിക്കുമ്പോൾ സങ്കീർണ്ണതകൾ ഏറെ ആണ്.അടച്ചിട്ട റൂമുകളിൽ ആണ് രോഗവ്യാപനം കൂടുതൽ എന്ന് ഏവർക്കും അറിയാമല്ലോ. അക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധ വേണം.

ഉച്ചഭക്ഷണം പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. എല്ലാവരും ഒരുമിച്ച് കൂടിയിരുന്നുള്ള ഉച്ച ഭക്ഷണ രീതി നിരുത്സാഹപ്പെടുത്തണം. ശാരീരിക അകലവും മാസ്ക്കും ശീലമായി മാറണം.

സ്കൂളിലേക്കുള്ള യാത്രയിലും ശ്രദ്ധിക്കാം. സാധിക്കുമെങ്കിൽ നടന്ന് സ്കൂളിൽ പോകാൻ ശ്രമിക്കണം. കഴിഞ്ഞ ഒന്നര വർഷമായി കളികളും വ്യായാമവും ഇല്ലാതിരുന്ന കുട്ടികളുടെ ആരോഗ്യത്തിന് അത് വളരെ നല്ലതായിരിക്കും. വളരെ ദൂരെയുള്ള കുട്ടികൾ കിലോമീറ്ററുകൾ നടന്ന് സ്കൂളിൽ പോകണം എന്നല്ല പറയുന്നത്. സ്കൂൾ ബസ് പോലുള്ള വാഹനങ്ങളിലോ, ടാക്സി വാഹനങ്ങളിലോ പോകുമ്പോൾ ഡ്രൈവർ അഥവാ വാഹനത്തിലുള്ള മുതിർന്നവർ വാക്സീൻ സ്വീകരിച്ചവർ ആയിരിക്കണം എന്ന് ഉറപ്പാക്കണം.

ഒരു കാര്യം കൂടി അടിവരയിട്ടു പറയേണ്ടതുണ്ട്. കുട്ടികളിൽ കോവിഡ് ബാധിച്ചാൽ സങ്കീർണതകൾ താരതമ്യേന വളരെ കുറവാണെങ്കിലും ഇവരിൽനിന്ന് വാക്സീൻ സ്വീകരിക്കാത്ത മുതിർന്നവർക്ക് രോഗം ലഭിച്ചാൽ അവർക്ക് രോഗം സങ്കീർണമാവാം. ഇപ്പോഴും വാക്സീൻ സ്വീകരിക്കാൻ മടികാണിക്കുന്ന ഒരു ന്യൂനപക്ഷം ആൾക്കാരുണ്ട്. അശാസ്ത്രീയത വെടിഞ്ഞ് വാക്സീൻ സ്വീകരിക്കാൻ അവർ തയാറാവണം. കാരണം നിലവിലെ ഡെൽറ്റ വേരിയന്റിന് പകർച്ചാ ശേഷി കൂടുതലാണ്. കുട്ടികൾ വഴി മുതിർന്നവർക്ക് അസുഖം ഉണ്ടായി, അവർക്ക് സങ്കീർണത ആവുന്ന സാഹചര്യം ഉണ്ടാവരുത്. അതിനായി കുട്ടികൾക്കെല്ലാം വാക്സീൻ ലഭിക്കുന്നതു വരെ കാത്തിരിക്കുക അല്ല വേണ്ടത്. കുട്ടികളിലെ വാക്സീൻ ട്രയലുകളും കാര്യങ്ങളും ഒക്കെ നടന്നു വരുന്നതേയുള്ളൂ. അതുകൊണ്ട് മടി കാട്ടി നിൽക്കുന്ന മുതിർന്നവർ രണ്ട് ഡോസ് വാക്സീൻ സ്വീകരിക്കാൻ സന്നദ്ധരാവുകയാണ് വേണ്ടത്.

സോണി അമ്മിണി
സൈക്കോ സോഷ്യൽ കൗൺസിലർ, കേരള വനിത ശിശു വികസന വകുപ്പ്

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here