ശിവപ്രിയ സാഗര
ബാല്യം നിറച്ചുവെക്കുന്ന ഒരു കുട്ടി,
തന്റെ സഞ്ചിയിലേക്ക്
അടുക്കിപ്പെറുക്കി വെക്കുന്ന
ഓര്‍മ്മകള്‍.
നടന്നു നീങ്ങിയ വഴിയോരങ്ങളെ
വളച്ചൊടിച്ച് സഞ്ചിയിലാക്കുകയാണവള്‍.
എത്ര പെറുക്കിയിട്ടും
അടച്ചു തീരാത്ത ജനവാതിലുകള്‍
കൊട്ടിയടച്ച് ഉമ്മറക്കോലായിലേക്ക്
ഓടി പോകുന്ന ചവിട്ടുപടികള്‍
സഞ്ചിയില്‍ നിന്നിറങ്ങിയോടുന്ന
വീട്.
വീട്
ബാല്യം നിറയ്ക്കുന്ന
സഞ്ചിയിലില്ല
വീടിനെ തിരയുന്ന കുട്ടി
നിറമില്ലാത്ത
വീടിന്റെ ഉമ്മറത്ത്
അച്ഛാച്ചനിരുന്ന്
എഴുതാത്ത പത്രങ്ങളൊക്കെയും
വായിക്കുന്നു …
അടുക്കളയില്‍
അടുപ്പിനരികില്‍
അമ്മയിരിക്കുന്നു.
ഇല്ലായ്മയുടെ
കലത്തിലേക്ക്
വല്ലായ്മകള്‍
പുഴുങ്ങിയെടുക്കുന്നു
അടുത്ത
മുറിയില്‍
ജനാലകള്‍
തുറന്നിട്ട്
നാളെയുടെ
സ്വപ്നത്തില്‍
ഒരു കുഞ്ഞ് വിശന്നിരിക്കുന്നു…
നിശബ്ദമായ വഴിയില്‍
വീട് നിശ്ചലമായി
നില്‍ക്കുകയാണ്.
ഏതൊക്കെയോ
വഴികളിലൂടെ
ജീവിതത്തെ
ചവിട്ടി വരുന്ന അച്ഛന്‍
സൈക്കിള്‍
വീടിനോട് ചാരി വെച്ചു.
വീട്
അച്ഛന്റെ പോക്കറ്റിലേക്ക്
നെടുവീര്‍പ്പോടെ നോക്കി.
അടുക്കളയിലേക്ക് പോയി
അമ്മയുടെ കലത്തിലേക്ക്
നോക്കി.
അരിയില്ല
വെള്ളം തിളയ്ക്കുകയാണ്.
സഞ്ചിയുമായി
അമ്മയോടൊപ്പം
റേഷന്‍ കടയിലേക്കോടുന്ന വീട്
അരിയുമായി
തിരികെക്കയറുന്നു ….
വീടിന്റെ ഒരറ്റത്ത്
ജീവിതം തുന്നിവെക്കുന്നുണ്ട്
അച്ഛന്‍.
എത്ര ഉണങ്ങിയാലും
വറ്റാത്തൊരു
നീറ്റല്‍
ഉള്ളിലെപ്പോഴുമുണ്ട്.
വീട്
ആ വേദനയിലേക്ക്
ആഞ്ഞൊന്ന് ഊതും
ഹാവൂ …..
എന്നൊരു സമാധാനത്തോടെ
രാത്രി പിറക്കും
വീടില്ലാത്തവരുടെ
വേദനയ്ക്കുമുകളില്‍
ഒരു കുരുവി പറക്കും.
മഞ്ഞും
മഴയും
വെയിലും
തിന്ന് വീട് വളരുന്നതും
സ്വപ്നം കണ്ടുറങ്ങുന്ന
കുഞ്ഞിലേക്ക്
വീട് ചാഞ്ഞുറങ്ങും.
അടുപ്പിന്റെ
അറ്റത്തിരുന്ന്
ആ
സ്വപ്നം
ഫലിക്കുമെന്ന്
സ്വപ്നത്തിലിരുന്ന്
ഒരു പല്ലി
നിര്‍ത്താതെ
ചിലച്ചു
വീടുറങ്ങാതെ
ഞങ്ങളുറങ്ങി.
ബാല്യം നിറയ്ക്കുന്ന
കുട്ടിയുടെ
അരികിലൂടെ
അച്ഛന്റെ
സൈക്കിളിന്റെ
പിന്നിലിരുന്ന്
വീട്
ജീവിതത്തിന്റെ
രണ്ട്
അറ്റങ്ങളിലേക്കും
യാത്ര പോവുകയാണ്
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.